‘മതത്തില്‍ ഭക്തി ആത്മീയമോക്ഷത്തിലേക്കുള്ള പാതയായിരിക്കാം. എന്നാല്‍ രാഷ്ട്രീയത്തില്‍, ഭക്തിയോ നായകാരാധനയോ അധഃപതനത്തിലേക്കും ആത്യന്തികമായി സ്വേച്ഛാധിപത്യത്തിലേക്കുമുള്ള ഉറപ്പായ പാതയാണ്.’ അംബേദ്കര്‍ (25 നവംബര്‍ 1949).
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟
ഭരണഘടനാ അസംബ്ലിയിലെ തന്റെ അവസാന പ്രസംഗത്തിലാണ് അംബേദ്കര്‍ മേല്പറഞ്ഞ മുന്നറിയിപ്പ് നല്‍കുന്നത്. ഭരണഘടനയുടെ ആധികാരികവും സ്വാഭാവികവുമായ ചൈതന്യത്തെ ഉള്‍ക്കൊള്ളാനായില്ലെങ്കില്‍, അത് കേവലമൊരു ഔദ്യോഗികരേഖ മാത്രമായി അവശേഷിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. വിമര്‍ശനബുദ്ധിയുള്ള പൗരന്മാര്ക്ക് പകരം ‘അന്ധവിശ്വാസി’കളായ അനുയായികളെയാണ് രാഷ്ട്രീയസംവിധാനം സൃഷ്ടിക്കുന്നതെങ്കില്‍ അത് ജനാധിപത്യ പങ്കാളിത്തത്തിന്റെ അടിത്തറ തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഏതാണ്ട് എഴുപതിലധികം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, ഈ ഭീഷണി നിര്‍ഭാഗ്യവശാല്‍ ഒരു ഭീകരയാഥാര്‍ത്ഥ്യമായി നമ്മുടെ മുമ്പില്‍ പത്തി വിടര്‍ത്തിയാടുന്നുണ്ട്. എന്നാലത് സംഭവിച്ചത് ഒറ്റയടിക്കുള്ള നാടകീയ തകര്‍ച്ചയായിട്ടല്ല; മറിച്ച് അകമേ നിന്നുള്ള ഘട്ടം ഘട്ടമായ ഒരു ക്ഷയിക്കലായിട്ടായിരുന്നു. അതിന്റെയവസാനം ഇവിടുത്തെ പൗരത്വവും ജനാധിപത്യ പങ്കാളിത്തവുമെല്ലാം അങ്ങേയറ്റം ദുര്ബലമാക്കപ്പെടുന്ന ഒരു പ്രതിസന്ധി ഉണ്ടായിരിക്കുന്നു. അതേസമയം, ഔപചാരികമായ എല്ലാ മാനങ്ങളിലും ഇന്ത്യ ഒരു ജനാധിപത്യ സംവിധാനമായി തന്നെ തുടരുന്നുമുണ്ട്. പൗരന്മാര് വോട്ടു ചെയ്ത് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുകയും അധികാരകൈമാറ്റം ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ഔപചാരിക നടപടിക്രമങ്ങള്‍ക്കപ്പുറത്ത്, ഭരണഘടന വിഭാവനം ചെയ്തതെല്ലാം കീഴ്മേല്‍ മറിക്കുന്ന രീതിയില്‍ ഈ രാജ്യത്തെ പൗരത്വവും ജനാധിപത്യപ്രക്രിയയുമെല്ലാം മാറി മറിയുകയാണ്. അതിനപ്പുറത്ത്, നമ്മുടെ ജനാധിപത്യ സംസ്കാരം ഉള്ളു പൊള്ളയായ പ്രകടനപരതയായി പരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നുള്ള വിരോധാഭാസവും സംഭവിച്ചിരിക്കുന്നു. ഉദാഹരണത്തിന് വര്‍ത്തമാനകാലത്തെ ഏറ്റവും സ്പഷ്ടവും ഭയാനകവുമായ ചിത്രം നോക്കുക. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനം അഭൂതപൂര്‍വമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പങ്കാളിത്തം കൂടിക്കൂടി വരുന്നു. വോട്ടര്‍ പട്ടിക മുഴുവനായും ഡിജിറ്റല്‍ ആക്കിയിരിക്കുന്നു. കൂടാതെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റാബേസ്, ബയോമെട്രിക് തിരിച്ചറിയല്‍, തല്‍സമയ വോട്ടര്‍ പരിശോധന, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ അങ്ങനെയെന്തൊക്കെ! പക്ഷെ, പൗരത്വം തെളിയിക്കാനുള്ള രേഖകളുടെ അഭാവം വലിയൊരു കൂട്ടം മനുഷ്യര്‍ക്ക് മുമ്പില്‍ നിയമഭീഷണിയായി മാറിയിരിക്കുന്നു. തലമുറകളായി ഇവിടെ ജീവിച്ചവര്‍ക്കും പല തിരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്തവര്‍ക്കും ഒക്കെ പൗരത്വം തെളിയിക്കേണ്ടി വരുന്നു. പൗരത്വം തെളിയിക്കേണ്ട രേഖകള്‍ ഈ സമൂഹത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന പുതിയൊരു വിഭജനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ടു വയ്ക്കുന്നത്.

വോട്ടര്‍പട്ടിക പരിഷ്കരിക്കുന്നത് തികച്ചും സാങ്കേതികമായ ഒരു പ്രവൃത്തിയാണ്. അത് വേണ്ടത് തന്നെയാണ് എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. എന്നാല്‍, എങ്ങനെ പരിഷ്കരിക്കും? എത്ര കാലത്തിനകം അത് പൂര്‍ത്തിയാക്കും? അതിനേക്കാളും, പുതുക്കിയ പട്ടികയിലെത്ര പേരാകാമെന്ന് നേരത്തേ തിരുമാനിച്ചിട്ടുണ്ടോ? കഴിയുന്നത്ര പേരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് കമ്മീഷന് പട്ടിക പുതുക്കുന്നതിന് പുലര്‍ത്തുന്ന അനാവശ്യ തിടുക്കവും ധാര്‍ഷ്ട്യവും കാണുമ്പോള്‍ കാര്യങ്ങളത്ര സ്വാഭാവികമല്ലെന്നുറപ്പാണ്. അതിവേഗം തിരക്കു കൂട്ടി ചെയ്യേണ്ട പ്രവൃത്തിയാണോ ഇത്? അതുപോലെ നിഷ്കര്ഷിക്കപ്പെട്ട പൗരത്വരേഖകളുടെ അഭാവം കൊണ്ട് ഏതെങ്കിലും വ്യക്തി രാജ്യദ്രോഹിയോ വിദേശചാരനോ ഒക്കെയായി മാറുന്നെങ്കില്‍, ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് അതത്ര ഭൂഷണമല്ല. ഔദ്യോഗികരേഖകള്‍ നൂറു ശതമാനം ജനങ്ങളുടെയും കൈവശമുള്ള ഒരു സമൂഹമായി നമ്മുടെ നാട് ഇപ്പോഴും ആധുനികവല്ക്കരിക്കപ്പെട്ടിട്ടില്ലല്ലോ!
ഇതിന്റെ ഫലമായി ‘നിങ്ങള്‍ക്ക് വോട്ടുചെയ്യാമോ?’ എന്ന ചോദ്യം ‘നിങ്ങള്‍ക്ക് പൗരത്വം തെളിയിക്കാമോ?’ എന്നായി മാറിയിരിക്കുന്നു. തിരഞ്ഞെടുപ്പുപ്രക്രിയ ഒഴിവാക്കലിന്റെ മാര്‍ഗം കൂടിയായി മാറുന്നു. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (ചഞഇ) പ്രക്രിയ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. ഒന്നിലധികം തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്ത 1.9 ദശലക്ഷം ആളുകള്‍ക്ക് പെട്ടെന്ന് രേഖാമൂലമുള്ള തെളിവുകളിലൂടെ തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ കഴിയാതെ വന്നു. അവരെ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്ത അതേ ഭരണകൂടം അവരുടെ പൗരത്വം തന്നെ നിരാകരിച്ചു.
എന്നാല്‍, ഈയൊരു സാഹചര്യത്തെ ന്യായീകരിക്കുന്ന വലിയൊരു സംഘം ഇവിടെയുണ്ട്. നിര്‍ഭാഗ്യവശാല്‍, മതപരമായ മുന്‍വിധിയുടെ ആധാരത്തില്‍ സംഘടിക്കപ്പെട്ട ഒരു ഭക്തജനസംഘമാണത്. അംബേദ്ക്കര്‍ സൂചിപ്പിച്ച ഭക്തി നിലവിലെ രാഷ്ട്രീയബന്ധത്തിന്റെ സ്വഭാവത്തില്‍ വരുത്തിയ അടിസ്ഥാനപരമായ പരിവര്‍ത്തനത്തിന്റെ ബാക്കിപത്രമാണത്. പൗരന്മാര് ഭക്തന്മാരോ ആരാധകരോ ആയി മാറുമ്പോള്‍, പൗരനും ഭരണകൂടവും തമ്മിലുള്ള ബന്ധം അവകാശങ്ങളുടെയും കടമകളുടെയും ബന്ധത്തില്‍ നിന്ന് വിശ്വാസത്തിന്റെയും വിധേയത്വത്തിന്റെയും ബന്ധത്തിലേക്ക് മാറുന്നു. ഇതൊരു സൈദ്ധാന്തിക പ്രശ്നം മാത്രമല്ല. ജനാധിപത്യത്തെ ഉള്ളില്‍നിന്ന് രൂപാന്തരപ്പെടുത്തുന്ന മൂര്‍ത്തമായ സ്ഥാപനപ്രവര്ത്തനങ്ങളുടെ അടിസ്ഥാനസ്വഭാവത്തില്‍ സംഭവിക്കുന്ന മാറ്റത്തിന്റെ പ്രത്യക്ഷത്തിലുള്ള പ്രതിഫലനങ്ങള്‍ ആണിതെല്ലാം.

ഇത് പുതിയ പൗരത്വവ്യവസ്ഥയുടെ ഘടനാപരമായ സവിശേഷത കൂടിയാണ്. 2019ലെ പൗരത്വ ഭേദഗതി നിയമം (CAA) സ്വാതന്ത്ര്യാനന്തര ഇന്ത്യയിലാദ്യമായി പൗരത്വനിയമത്തിലേക്ക് മതപരമായ മാനദണ്ഡം കൊണ്ടുവന്നു. ഇതില്‍ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംകള് ഒഴികെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് വേഗത്തിലുള്ള പൗരത്വം വാഗ്ദാനം ചെയ്തു. എന്‍ആര്‍സിയുടെ ഭീഷണിയോടൊപ്പം ഇത് കൂടി ചേരുമ്പോള്‍ പൗരത്വം സോപാധികവും താല്ക്കാലികവും ആയി മാറുന്നു. അത് അടിസ്ഥാന പദവിയെന്നതിലുപരി ആവര്‍ത്തിച്ച് തെളിയിക്കേണ്ടതായി മാറുന്ന ഒരു വ്യവസ്ഥിതി സൃഷ്ടിക്കപ്പെടുന്നു. തെളിവിന്റെ ഭാരം അനുപാതരഹിതമായി പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ മേല്‍ വീഴുന്നു. സ്വത്തുരേഖകളോ ജനന സര്‍ട്ടിഫിക്കറ്റുകളോ ഇല്ലാത്തവര്‍ അവരാരാണെന്ന് തെളിയിക്കേണ്ടി വരുന്നു. എല്ലാവരും തുല്യ പൗരന്മാര് എന്ന ഭരണഘടനാപരമായ വാഗ്ദാനത്തിന് പകരം ചിലര്‍ ‘യഥാര്‍ത്ഥ പൗരന്മാര്’ എന്നും ചിലര്‍ ‘സംശയാസ്പദര്’ എന്നുമുള്ള ശ്രേണീകൃത മാതൃക വരുന്നു.
അതിനുമപ്പുറത്ത്, ഇവിടുത്തെ രാഷ്ട്രീയ പങ്കാളിത്തം തന്നെ പുനര്‍നിര്‍വ്വചിക്കപ്പെടുന്ന രീതിയിലുള്ള പരിവര്‍ത്തനം സംഭവിക്കുന്നുണ്ട്. ആ ‘ഔപചാരിക’ ജനാധിപത്യം പ്രജകളെ പൗരന്മാരാക്കി മാറ്റുക എന്ന ഭരണഘടനാ ദര്‍ശനം സാക്ഷാത്ക്കരിക്കുന്നതിന് പകരം പൗരന്മാരെ വീണ്ടും പ്രജകളാക്കി മാറ്റുന്ന തല തിരിഞ്ഞ സംവിധാനമായി മാറി കഴിഞ്ഞു. തിരഞ്ഞെടുപ്പുകളോട് ബന്ധപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും ആ രാഷ്ട്രീയ പങ്കാളിത്തത്തിന്റെയും പ്രവര്‍ത്തനത്തിന്റേയും സ്വഭാവം അടിമുടി മാറിയിരിക്കുന്നു. ഭക്തിരാഷ്ട്രീയം വോട്ടിങ് ഇല്ലാതാക്കുന്നതിന് പകരം വിശ്വസ്തത സ്ഥിരീകരിക്കുന്ന ആചാരമാക്കി അതിനെ പരിവര്‍ത്തനം ചെയ്യുന്നു. അതിന്റെ തുടര്‍ച്ചയില്‍ വിയോജിപ്പ് രാജ്യവിരുദ്ധമെന്ന് മുദ്രകുത്തപ്പെടുന്നു. പാര്‍ട്ടി നയങ്ങളെ ചോദ്യം ചെയ്യുന്നത് രാഷ്ട്രത്തെ തന്നെ ചോദ്യം ചെയ്യലായി വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ ജനാധിപത്യപരമായ ചര്‍ച്ചയാകാതെ പ്രകടനാത്മകമായ ഭക്തിയായി മാറുന്നു. പ്രതിപക്ഷമെന്നത് വ്യവസ്ഥാപിതം മാത്രമാകുന്നു.
സാമൂഹിക വിപ്ലവത്തിനുള്ള മാധ്യമമായി അംബേദ്കര്‍ ഭരണഘടനയെ വിഭാവനം ചെയ്തിരുന്നു. എന്നാല്‍ അങ്ങനെയൊരു വിപ്ലവത്തിന് നിലമൊരുക്കേണ്ടതുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ തുടര്‍ച്ചയില്‍, ഇവിടെയുണ്ടായിരുന്ന ഔപചാരിക രാഷ്ട്രീയനേതൃത്വം ജാതിയും മതവും പുരുഷാധിപത്യവും ജന്മിത്വവും കൂടിക്കലര്‍ന്ന പാരമ്പര്യ ശ്രേണിയുടെ വേരുകളറുക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. സത്യത്തില്‍, ഭരണഘടനാ നിര്‍മ്മാണസഭയിലെ മിക്ക അംഗങ്ങളും അത്തരമൊരു ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ സാധ്യത പ്രതീക്ഷിച്ചിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍, വെറും ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതിനപ്പുറത്ത് വൈവിധ്യമാര്‍ന്ന പൗരന്മാര്ക്കിടയില് അര്‍ത്ഥപൂര്‍ണ്ണമായ സമത്വം ഉറപ്പു വരുത്തുന്ന ജനാധിപത്യ പ്രക്രിയയായത് പരിവര്‍ത്തനപ്പെടുമായിരുന്നു.
പൗരത്വം മതപരമായ സ്വത്വത്തിലോ പ്രകടമാക്കിയ വിശ്വസ്തതയിലോ സോപാധികമാകുമ്പോള് ജനാധിപത്യത്തിന്റെ ആധാരമായ മതേതരമായ പരസ്പരവിശ്വാസം തകര്‍ന്നു വീഴും. അവശേഷിക്കുക ജനാധിപത്യസാധുതയോടെ ശക്തിയാര്‍ജ്ജിക്കുന്ന വിധ്വംസക സാമൂഹികരാഷ്ട്രീയ സ്ഥാപനങ്ങളും സംഘങ്ങളുമാണ്. മാത്രമല്ല, ഭൂരിപക്ഷ വിശ്വാസം യഥാര്‍ത്ഥ പൗരത്വത്തിന്റെ അടയാളമാകും. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിന്റെ മുമ്പില്‍ നിഷ്പ്രഭരാകും. തങ്ങളുടെ ദേശഭക്തി, തങ്ങളുടെ വിശ്വസ്തത, ഈ രാജ്യത്തിന്റെ ഗതിവിഗതികളില്‍ ഭാഗഭാക്കാകാനുള്ള തങ്ങളുടെ അവകാശം എന്നിവ തെളിയിക്കാന്‍ നിത്യേന അവര്‍ നിര്‍ബന്ധിതരാകുന്നു. അങ്ങനെ ജനാധിപത്യം അതിന്റെ വിപര്യാസത്തിന്റെ ചക്രം പൂര്‍ത്തീകരിക്കേണ്ടി വരും.
ഈ സന്ദര്‍ഭത്തില്‍ നിഷ്ക്കളങ്കമായി ഒരു ചോദ്യം ഉന്നയിക്കാം. എല്ലാ ജനാധിപത്യങ്ങളിലും (ഒരു ഘട്ടത്തിലല്ലെങ്കില്‍ മറ്റൊരിടത്ത്) സേച്ഛാധിപത്യ പ്രവണതകള്‍ ഉണ്ടായിട്ടില്ലേ? ശരിയാണ്; പക്ഷെ ഇന്ത്യന്‍ സാഹചര്യം താരതമ്യമില്ലാത്തതാണ്. ഇവിടെ ജനാധിപത്യ ക്രമങ്ങള്ക്കെതിരായിട്ടല്ല; മറിച്ച് അവയെ അങ്ങേയറ്റം ഉപയോഗപ്പെടുത്തിയാണ് മേല്പറഞ്ഞ ശോഷണങ്ങളെല്ലാം സംഭവിച്ചിരിക്കുന്നത്. അട്ടിമറിയില്ല, തിരഞ്ഞെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തലില്ല, ഭരണഘടനയുടെ ഔപചാരികമായ റദ്ദാക്കലില്ല. പകരം, ഭരണഘടന പുനര്‍വ്യാഖ്യാനിക്കപ്പെടുന്നു, അതിന്റെ മതേതരസ്വഭാവം ക്രമേണ മതാത്മകമാകുന്നു. സമത്വത്തോടുള്ള അതിന്റെ പ്രതിബദ്ധത സോപാധികമാക്കപ്പെടുന്നു. ഈ പരിവര്‍ത്തനങ്ങളെല്ലാം സംഭവിക്കുന്നത് ജനാധിപത്യരൂപങ്ങള് ഉപയോഗിച്ചായതു കൊണ്ടു തന്നെ അവ ജനാധിപത്യസാധുത കൂടി നേടുന്നുണ്ട്. വോട്ടെടുപ്പില്‍ മതധ്രുവീകരണം വിജയിക്കുമ്പോള്‍, നിയമനിര്‍മാണത്തിലൂടെ ‘ഒഴിവാക്കല്‍’ നടപ്പാക്കപ്പെടുമ്പോള്‍, ജനകീയാംഗീകാരത്തിലൂടെ വിയോജിപ്പ് നിശ്ശബ്ദമാക്കപ്പെടുമ്പോള്‍, ജനാധിപത്യത്തില്‍ നിന്ന് സ്വേച്ഛാധിപത്യത്തെ വേര്‍തിരിക്കുന്നത് വെല്ലുവിളിയാകും. മാത്രമല്ല, അങ്ങനെ സംഭവിച്ചാല്‍ അവിടെ നഷ്ടപ്പെടുന്നത് എളുപ്പം വീണ്ടെടുക്കാനാവില്ല. ഭരണഘടനാ മാനദണ്ഡങ്ങള്‍, ഒരിക്കല്‍ ശിക്ഷയില്ലാതെ ലംഘിക്കപ്പെട്ടാല്‍, അവയുടെ നിയാമകശക്തി പടിപടിയായി നഷ്ടപ്പെടും. വൈദേശികശക്തികള്ക്കെതിരെയുള്ള നീണ്ട സ്വാതന്ത്ര്യസമരത്തിലൂടെ കെട്ടിപ്പടുത്തു കൊണ്ടുവന്ന ജനാധിപത്യ സംസ്കാരം വെറും വാചാടോപമായി അധഃപതിച്ചാല്‍, അതിന്റെ പുനരുജ്ജീവനം ക്ലേശകരമാകും. പൗരന്മാരില് നിന്ന് പ്രജകളിലേക്കുള്ള പരിവര്‍ത്തനം വെറും നിയമപരമോ സംവിധാനപരമോ അല്ല; അത് മാനസികവും സാംസ്കാരികവും ദൈനംദിന പ്രവൃത്തികളില്‍ പതിഞ്ഞതാണ്. ഒരിക്കല്‍ ഈ പരിവര്‍ത്തനം പൂര്‍ത്തിയായാല്‍, തിരിച്ചുവരവിന് തലമുറകള്‍ വേണ്ടിവരും.

സ്വാഭാവികമായും ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഉണ്ടായിരിക്കുന്ന അത്യന്തം അപകടകരമായ ഈ പിരിമുറുക്കത്തെ എങ്ങനെ അഭിസംബോധന ചെയ്യാം? ജനാധിപത്യം അതിന്റെ ഉള്ളില്‍ നിന്നു തന്നെ ക്ഷയിക്കുമ്പോള്‍, പരമ്പരാഗത മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിച്ചാണ് പ്രതിരോധിക്കുന്നതെങ്കില്‍ പ്രതീക്ഷിക്കുന്ന ഫലം ഉളവാകണമെന്നില്ല. നമ്മള് മുകളില്‍ തിരിച്ചറിഞ്ഞ പ്രശ്നം ജനാധിപത്യ സംവിധാനത്തിന്റെ തകര്‍ച്ചയല്ല; ആ സംവിധാനം പൂര്‍വ്വാധികം ശക്തിയായി നിലകൊള്ളുമ്പോള്‍ തന്നെ അതിന്റെ സാരാംശം പൊള്ളയാകുന്നതാണ്. അപ്പോള്‍ കൂടുതല്‍ കാര്യക്ഷമമായ തിരഞ്ഞെടുപ്പുകളോ ഇനിയും മികച്ച സാങ്കേതികവിദ്യയോ ഒന്നുകൂടി വര്‍ദ്ധിച്ച വോട്ടര്‍ പങ്കാളിത്തമോ ഒന്നും അടിസ്ഥാനപരമായ പ്രതിസന്ധിയെ അഭിസംബോധന ചെയ്യില്ല.
ഇവിടെ ആവശ്യമായത് ജനാധിപത്യ പങ്കാളിത്തം എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതിന്റെ സങ്കല്പ്പപരവും പ്രായോഗികവുമായ പുനര്‍ക്രമീകരണമാണ്. രാഷ്ട്രീയപങ്കാളിത്തം വെറും വോട്ടു ചെയ്യലായി ചുരുങ്ങുമ്പോള്‍, ജനാധിപത്യം അതിന്റെ പരിവര്‍ത്തനശേഷി നഷ്ടപ്പെടുത്തുന്നു. അംബേദ്കര്‍ സ്വപ്നം കണ്ട സാമൂഹികവിപ്ലവം വാസ്തവമാകണമെങ്കില്‍, പങ്കാളിത്തം ദൈനംദിന ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിക്കണം. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, തൊഴില്‍ സംഘടനകള്‍, സാമൂഹിക സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയെല്ലാം ജനാധിപത്യ പരിശീലനത്തിന്റെ ഇടങ്ങളാകണം. അവിടെയാണ് പൗരന്മാര് വിയോജിക്കാനും, ചര്‍ച്ച ചെയ്യാനും, തീരുമാനങ്ങളില്‍ പങ്കുചേരാനും പഠിക്കുന്നത്. എന്നാല്‍ ഇതിന് ഒരു മുന്വ്യവസ്ഥയുണ്ട്: പൗരബോധത്തിന്റെ പുനര്‍നിര്‍മാണം. ഇന്നത്തെ സാഹചര്യത്തില്‍ പൗരത്വം ഒരു പദവിയോ അവകാശങ്ങളുടെ കൂട്ടമോ മാത്രമല്ല; അത് ഒരു സജീവമായ പരിശീലനമാണ്. ഭരണഘടനാ മൂല്യങ്ങള്‍ നിയമപുസ്തകങ്ങളില്‍ മാത്രമല്ല, ദൈനംദിന ഇടപെടലുകളിലും പ്രതിഫലിക്കണം. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ വെറും അമൂര്‍ത്ത ആശയങ്ങളല്ല; അവ പരസ്പരബന്ധങ്ങളിലും, സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലും, അസമത്വങ്ങള്‍ക്കെതിരായ പ്രതിരോധത്തിലും ജീവസ്പന്ദനം നേടണം.
ഇതോടൊപ്പം തന്നെ, വിമര്‍ശനാത്മക ബോധത്തിന്റെ സംസ്കാരം പുനഃസ്ഥാപിക്കലും അത്യാവശ്യമാണ്. ഭക്തിരാഷ്ട്രീയം വിയോജിപ്പിനെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ ജനാധിപത്യത്തില്‍ വിമര്‍ശനം ദേശസ്നേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണ്. സംവാദത്തിന്റെ തുരുത്തുകള്‍ തിരിച്ചു പിടിക്കണം. പ്രത്യേകിച്ചും സര്‍വ്വകലാശാലകള്‍. ഈയടുത്തിറങ്ങിയ കെ ആര് മീരയുടെ ‘എല്ലാ വിധ പ്രണയവും’ എന്ന നോവലില്‍ ഈയൊരു സാഹചര്യം പ്രതിഫലിപ്പിക്കുന്നത് നോക്കൂ.
‘രാജ്യത്തിന്റെ യുവത്വത്തിന്റെ സ്പന്ദനമായി അറിയപ്പെട്ടിരുന്ന ഞങ്ങളുടെ യൂണിവേഴ്സിറ്റി ശത്രുരാജ്യം പിടിച്ചെടുത്ത യുദ്ധക്കുതിരയെപ്പോലെ നാലു കാലിലും ചങ്ങലയുമായി തല താഴ്ത്തി നിന്നു. ഞാന്‍ പഠിക്കുന്ന കാലത്ത് അത് കാറ്റിനേക്കാള്‍ വേഗത്തില്‍ പായുന്ന അറബിക്കുതിരയെപ്പോലെ മുന്‍കാലുകള്‍ ആകാശത്തേക്കുയര്‍ത്തി ഏതു യുദ്ധത്തിലും പന്തയത്തിലും ആരെയും ജയിക്കാന്‍ ആത്മവിശ്വാസവും ആവേശവും പ്രകടിപ്പിച്ചിരുന്നു. കാലം മനുഷ്യരെ മാത്രമല്ല; സ്ഥാപനങ്ങളേയും ദുര്‍ബലരാക്കുമെന്ന് ഞാന്‍ ഓര്‍ത്തു’.
അതെ; സര്‍വ്വകലാശാലകള്‍ അച്ചടക്കത്തിന് വിധേയമാകുമ്പോള്‍, മാധ്യമങ്ങള്‍ പ്രചാരണോപകരണങ്ങളായി മാറുമ്പോള്‍ വോട്ടിങ്ങ് പൊള്ളയായ ആചാരമായി മാറുന്നു. ജനാധിപത്യ സാരാംശം പുനരുജ്ജീവിപ്പിക്കുക എന്നാല്‍ ഈ തര്‍ക്കസ്ഥലങ്ങള്‍ വീണ്ടെടുക്കുക എന്നാണ്. വിയോജിപ്പ് അവിശ്വസ്തതയല്ല, വിമര്‍ശനം രാജ്യദ്രോഹമല്ല, ജനാധിപത്യത്തിന് തെറ്റാകാനുള്ള, വിയോജിക്കാനുള്ള, ഇതര ഭാവികള്‍ സങ്കല്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം ആവശ്യമാണ് എന്ന് നിര്‍ബന്ധിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നാലതിനേക്കാളെല്ലാം പ്രധാനമാണ് സ്ഥാപനങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കുമപ്പുറം ജനാധിപത്യത്തെ സുസ്ഥിരമാക്കുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ പുതിയ ചട്ടക്കൂടുകള്‍ നമുക്ക് ആവശ്യമാണ് എന്ന് തിരിച്ചറിയുന്നത്. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും പ്രധാനമാണ്. എന്നാലവയെ പ്രസക്തമാക്കി നിലനിര്‍ത്തുന്നത് ജനാധിപത്യസംസ്കാരവും നിരന്തരജാഗ്രതയുമാണ്. മറ്റുള്ളവരുടെ (the Other ) തുല്യമായ മാന്യത തിരിച്ചറിയുന്ന, എതിര്വീക്ഷണങ്ങളുടെ നിയമസാധുത അംഗീകരിക്കുന്ന, രാഷ്ട്രീയ വിയോജിപ്പുകളെ തുറന്ന വിരോധമാക്കി മാറ്റാനുള്ള പ്രലോഭനത്തെ ചെറുക്കുന്ന ചിന്തയുടെയും സംവാദത്തിന്റേയും ഇടങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കേണ്ടതുണ്ട്. നിയമനിര്‍മാണം കൊണ്ടോ മറ്റെന്തെങ്കിലും ഔദ്യോഗിക നടപടികള്‍ കൊണ്ടോ സാധ്യമാകുന്നതല്ല അതൊന്നും. അത് സാധ്യമാകണമെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്കാരിക ഇടങ്ങളും സ്വതന്ത്രവും സജീവവുമായിരിക്കണം എന്നു മാത്രമല്ല, സാമൂഹിക പ്രസ്ഥാനങ്ങളിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും ദൈനംദിന ഇടപെടലുകളിലൂടെയും അത് യാഥാര്‍ത്ഥ്യമാകുകയും വേണം.

No Comments yet!