വെളുപ്പിനായിരുന്നു നാസറിന്റെ യാത്ര. ഉമ്മയും പെങ്ങന്മാരും ഈറന്‍മിഴികളോടെ വിടനല്‍കി നില്‍ക്കെ തോള്‍ബാഗും പെട്ടിയുമായി മഞ്ഞിന്‍തണുപ്പിനെ തടുക്കാന്‍ മഫഌകൊണ്ട് ചെവിയടച്ച് മൂടികെട്ടിയ പിതാവിനോടൊപ്പം. മിലിട്ടറി റിക്രൂട്ടിങാഫീസിന്റെ മുന്നില്‍ കൃത്യനേരത്തെത്തി.
അവര്‍ ഇരുപത് യുവാക്കളായിരുന്നു. കരപറ്റിയതിന്റെ സന്തോഷം പതയുന്ന മനസ്സോടെ ജംഗമങ്ങളും പേറി വന്നവര്‍. ഒരു സാര്‍ജന്റ് വന്ന് ലിസ്റ്റ് നോക്കി യുവാക്കളെമാത്രം അകത്തേയ്ക്ക് വിളിച്ച് രണ്ടാംനിലയിലേയ്ക്ക് വരിവരിയായി നടത്തിക്കൊണ്ടുപോയി.
വെയില്‍മൂത്ത് തണുപ്പലിഞ്ഞു. ഉഷ്ണം പെരുകി. പുറത്തു കാത്തുനില്‍ക്കുന്നവരില്‍ വിരസത അരിച്ചുകയറാന്‍ തുടങ്ങി. ആകാംക്ഷാഭരിതനായ ഏതോ ഒരു പയ്യന്റെ പിതാവ് നീളന്‍ മീശക്കാരനായ ഗേറ്റ് കീപ്പറോട് അകത്തേയ്ക്ക് പോയവരുടെ കാര്യം തിരക്കി. ഗേറ്റ് കീപ്പര്‍ പറഞ്ഞു: ”ഡോക്ടര്‍ റ്വന്ന് എല്ലാര്‌ടേം പരിശോധന കഴിയണം. എപ്പഴാ നേവി യൂണിറ്റീന്ന് അദ്ദേഹം വര്യാന്ന് പറയാമ്പറ്റില്ല. റിക്രൂട്ടിംഗ് ഓഫീസറും പരിവാരങ്ങളും ഡോക്ടറെ കാത്തിരിക്യാ.”
ആറുമാസങ്ങള്‍ക്കുമുമ്പ് റിക്രൂട്ടിംഗ് കടമ്പകള്‍ കടന്ന് സോള്‍ജറാവാനുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് ഇനിയും ഡോക്ടറുടെ പരിശോധനയോ? നാസറിന്റെ പിതാവ് കുഞ്ഞുമുഹമ്മദ് പിറുപിറുത്തു.
റിക്രൂട്ടിങ് ഓഫീസറുടെ കല്പന വരും വരുമെന്ന് കാത്തിരിക്കുകയായിരുന്നു മറ്റിരുപത് ചെറുപ്പക്കാരുടേതുപോലെ നാസറിന്റെ കുടുംബവും. ഒടുവില്‍ അറിയിപ്പ് കിട്ടി. ഭോപ്പാലിലെ ട്രെയിനിങ്ങ് സെന്ററിലേക്ക് പോകാന്‍ നാളെത്തന്നെ ഹാജരാവണം. കൂടെ ലൈറ്റ് ബെഡ്ഡും അനുസാരികളും കരുതിയിരിക്കണം.

അതോടെ വീട്ടില്‍ തിരക്കായി. നാസറിന്റെ വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിടല്‍. അപ്പവും അവലോസുണ്ടയും ഉണ്ടാക്കി ഭദ്രമായി പൊതിഞ്ഞു കെട്ടല്‍.
ഏക മകന്‍ തണല്‍ പറ്റിയല്ലോ!
കുഞ്ഞിമുഹമ്മദിന് പെരുത്ത് സന്തോഷംതോന്നി. അല്പംകൂടി ഉറപ്പുള്ളതും സുന്ദരവുമായൊരു വീട്, പഠിപ്പ് കഴിഞ്ഞാല്‍ രണ്ടു പെണ്‍മക്കളുടേയും വിവാഹം. എല്ലാത്തിനും ഒരു കൈത്താങ്ങായി. അന്യനാട്ടില്‍ ആരുണ്ടാവും മകന്റെ സഹായത്തിന് എന്നോര്‍ത്ത് ഉറങ്ങാതെ നെടുവീര്‍പ്പിട്ട് കിടക്കുന്ന ഭാര്യയെ കുഞ്ഞിമുഹമ്മദ് സമാധാനിപ്പിച്ചു: ”ഒറപ്പൊള്ള കോട്ടേലിക്കാ, അവന്‍ പോണത്. അവിടെ ഒന്നിനും ഒര് കൊറവുണ്ടാവില്ല.
നീ ബേജാറാവാണ്ട് ഒറങ്ങാന്‍ നോക്ക്.”
”കണ്‍വെട്ടത്ത്ന്ന് മോന്‍ പോണ കാര്യോര്‍ക്കുമ്പ മനസ്സിലൊരു നീറ്റല്‍.” ഉമ്മ ആര്‍ദ്രയായി.
പടയോട്ടങ്ങളുടെ നാടായ പഞ്ചാബിലും രാജസ്ഥാനിലും യൗവനവര്‍ഷങ്ങള്‍ ചിലവഴിച്ച് നാട്ടിലെത്തിയ ഓള്‍ഡ് സോള്‍ജറാണ് ഹവീല്‍ദാര്‍ കുഞ്ഞിമുഹമ്മദ്. ലോകയുദ്ധങ്ങളില്‍ പങ്കെടുത്ത കൊമ്പന്‍മീശക്കാരുടെ നാട്ടില്‍. വിക്‌ടോറിയ ക്രോസ് നേടിയതിന്റെ പെരുമ മനസ്സില്‍ സൂക്ഷിക്കുന്ന ചിലരുമായി പരിചയപ്പെടാനിടയായ പ്രവാസജീവിതം.
തൊള്ളായിരത്തി എഴുപത്തൊന്നിലെ യുദ്ധത്തില്‍ വടക്കന്‍ അതിര്‍ത്തിയിലെ അട്ടാരി മേഖലയിലായിരുന്നു കുഞ്ഞിമുഹമ്മദിന്റെ പീരങ്കി ബറ്റാലിയന്‍ വിന്യസിച്ചിരുന്നത്. ബുള്ളറ്റുകളുടെ സീല്‍ക്കാരം നിലയ്ക്കാത്ത ഒരു യുദ്ധമുനമ്പാണ് അട്ടാരി. ഏഴാം ഇന്‍ഫന്ററി ഡിവിഷനാണവിടത്തെ കാവല്‍ ഡ്യൂട്ടിയില്‍ പ്രധാനി. രണശൂരരായ പത്താന്‍ സൈന്യത്തിന്റെ പത്തി താഴ്ത്താന്‍ നിയോഗിക്കപ്പെട്ട കാലാള്‍പ്പട. ആകാശസീമകള്‍ മുറിച്ചുവരുന്ന ശത്രുവിന്റെ കഴുകന്‍ വിമാനങ്ങള്‍ ബോംബുകള്‍ വിതച്ചിരുന്നൊരു രാത്രിയില്‍ കൂട്ടാളികളില്‍ പലരും മണ്ണില്‍വീണു പിടഞ്ഞിട്ടും മനസ്സ് പതറാതെ പീരങ്കി ജ്വലിപ്പിച്ചുനിന്ന സോള്‍ജറാണ് കുഞ്ഞിമുഹമ്മദ്.
കുഞ്ഞുമുഹമ്മദിന്റെ കര്‍മ്മധീരതയില്‍ ഫീല്‍ഡ് ഓഫീസര്‍ മേജര്‍ കര്‍ത്താര്‍ സിംഗിന് മതിപ്പുതോന്നി. അദ്ദേഹം മേലാവിലേയ്ക്ക് സോള്‍ജറെപ്പറ്റി നല്ല വാക്കുകള്‍ എഴുതി. പട്ടാളമുറയില്‍ രഹസ്യമെന്നു പറയാവുന്ന ഫീല്‍ഡ് ഓഫീസറുടെ ആ കത്തായിരുന്നു കുഞ്ഞിമുഹമ്മദിന് വീരചക്രം ലഭിക്കാന്‍ തുണയായത്. ബറ്റാലിയനില്‍ പ്രത്യേകം ചേര്‍ന്ന ദര്‍ബാറില്‍വച്ച് വീരചക്രം ഇടംനെഞ്ചില്‍ അണിയിക്കുമ്പോള്‍ ഹവീല്‍ദാര്‍ കുഞ്ഞിമുഹമ്മദിനെച്ചൊല്ലി രാഷ്ടം അഭിമാനിക്കുന്നു എന്നായിരുന്നു കമാന്റിങ് ഓഫീസര്‍ ചൊരിഞ്ഞ പ്രശംസാവചനങ്ങള്‍.
ബാരക്കില്‍ പെരുമയോടെ ജീവിച്ചെങ്കിലും കാലമെത്തിയപ്പോള്‍ ഒലീവ്ഗ്രീന്‍ യൂണിഫോം കുഞ്ഞിമുഹമ്മദിന് ഊരിവയ്‌ക്കേണ്ടിവന്നു. കളിച്ചുവളര്‍ന്ന തട്ടകത്തിലേയ്ക്ക് പടനിലങ്ങള്‍ തന്ന കഠിനസഹനസ്മരണകളുമായി യാത്രയായി. മഹിതമായ വാര്‍മുദ്രകളില്‍ അഭിഷിക്തനായ സോള്‍ജറെ നാട്ടിലാരും തിരിച്ചറിയില്ല. നല്ല വാക്കുകള്‍ കൊണ്ടുപോലും ആരും വാഴ്ത്തിയില്ല.
കുട്ടികളുടെ പഠിപ്പിനും വീട്ടുചെലവിനും പെന്‍ഷന്‍ തികയാതായപ്പോള്‍ കുഞ്ഞുമുഹമ്മദ് മറ്റൊരു ലാവണം തേടിയിറങ്ങി. നഗരത്തില്‍ ഒരു സ്റ്റാര്‍ ഹോട്ടലിലെ മുറ്റം കാവല്‍ക്കാരന്റെ വേഷം നന്ദിയോടെ സ്വീകരിച്ചു.
ഉച്ചഭക്ഷണത്തിന് നേരമായി. ഗേയ്റ്റ് തുറന്നു. ചെറുപ്പക്കാരോടൊപ്പം പുറത്തു വന്ന നാസര്‍ വാടിയ സ്വരത്തില്‍ പിതാവിനോട് പറഞ്ഞു:
”ഞങ്ങള്‍ക്ക് തന്നിരുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറു മാസമായിരുന്നു. ഇന്നേക്ക് ആറുമാസോം രണ്ടു ദിവസോം ആയിരിക്കുന്നു. അതോണ്ടാണത്രേ പട്ടാളമൊറയനുസരിച്ച് വീണ്ടും മെഡിക്കല്‍ ടെസ്റ്റ് നടത്താമ്പോണത്.”

മകന്റെ മനസ്സു വാടരുതെന്നു കരുതുന്ന കുഞ്ഞിമുഹമ്മദ് പറഞ്ഞു: ”ഡോക്ടര്‍ വീണ്ടും വരുന്നതോണ്ട് വെഷമിക്ക്യൊന്നും വേണ്ട. സര്‍ക്കാര്‍ കാര്യങ്ങള് മൊറപോലെതന്നെ പോണം. നെയമം നേരെചൊവ്വേ പോണതല്ലേ നല്ലത്?”
വെയില്‍ ചാഞ്ഞുതുടങ്ങിയ നേരത്ത് വിരസമായ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ജീപ്പില്‍ ഡോക്ടര്‍ വന്നിറങ്ങി. സങ്കല്‍പത്തില്‍ എയര്‍മാന്റെ കുപ്പായം ധരിച്ചുവന്നിരിക്കുന്ന ചെറുപ്പക്കാരെ ധൃതിയോടെ പരിശോധിക്കാന്‍ തുടങ്ങി. ആറുമാസംമുമ്പ് മറ്റൊരു ഡോക്ടര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ കൂട്ടരാണാ ചെറുപ്പക്കാര്‍ എന്ന പരിഗണന തെല്ലുമില്ലാതെ…..!
ആദ്യം പല്ലുകള്‍, പിന്നെ ചര്‍മ്മം, ചെവി, കണ്ണ്, വൃഷണം, ഗുദം, വിരലുകള്‍. ഒടുവില്‍ ഹൃദയഭാഗത്തെത്തി. അവിടെയാണ് കിളിയിരിക്കുന്നത്. ജീവന്റെ കേന്ദ്രസ്ഥാനം. ആദ്യത്തെ ഇരയുടെ പേരിനുനേരെ ഡോക്ടര്‍ കുറിച്ചു: ”കാര്‍ഡിയാക് മര്‍മ്മറിങ് ക്രമത്തിലല്ല” അണ്‍ഫിറ്റ് ഫോര്‍ ഡിഫന്‍സ് സര്‍വ്വീസ്!
ചെറുപ്പക്കാരന്‍ റിക്രൂട്ടിങ് ഓഫീസര്‍ നീട്ടിത്തന്ന കടലാസ് അരിശത്തോടെ കാല്‍ചുവട്ടിലിട്ട് ഞെരിച്ചു. വേഗത്തില്‍ വസ്ത്രങ്ങള്‍ ധരിച്ച് കൊടുങ്കാറ്റുപോലെ പുറത്തേയ്ക്കു പാഞ്ഞുപോയി.
നിരന്നുനില്‍ക്കുന്ന പതിനായിരങ്ങളില്‍നിന്ന് നൂറെണ്ണത്തിനെ തെരഞ്ഞെടുത്താല്‍ മതി സൈന്യത്തിലേക്കെന്നുണ്ട്. ശരീരയോഗ്യതകളില്‍ പരിപൂര്‍ണ്ണരായവരെ! പടനിലങ്ങളില്‍ പയറ്റാന്‍ പ്രാപ്തരായവരെ!
പതിനേഴാം നമ്പറുകാരനായ തന്റെ പേരിനുനേരെ അണ്‍ഫിറ്റ് എന്നു കുറിച്ച ഡോക്ടറോട് നാസര്‍ മനസ്സില്‍ കയര്‍ത്തു. മഞ്ഞക്കടലാസ് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് വേഗം ഇറങ്ങിപ്പോന്നു. പടിവാതില്‍ കടന്നുവരുന്ന നാസറിന്റെ വിളറിയ മുഖം കണ്ടപ്പോള്‍ കുഞ്ഞിമുഹമ്മദിന്റെ
മനസ്സൊന്നുലഞ്ഞു. എന്നാലും ഒരു സോള്‍ജറുടെ കരുത്തോടെ മകനെ സാന്ത്വനിപ്പിച്ചു.
”പരാജയങ്ങളെ ധൈര്യത്തോടെ നേരിടാനല്ലേ നമ്മളെ പഠിപ്പിച്ചിരിക്ക്ണത്? ഇനിം നിനക്ക് അവസരങ്ങള്ണ്ട്. ഒന്നിനോടും തോററുകൊടുക്കരുതെന്ന് പ്രതിജ്ഞയെടുക്കേണ്ട നേരമാ.”
”കാര്‍ഡിയാക് മര്‍മ്മറിംഗ് എന്ത് സൂക്കേടാ വാപ്പ? ഡോക്ടറ് ഞങ്ങള് ഏഴെട്ട്‌പേരെ പൊറന്തള്ളീത് അതാണെന്ന് പറഞ്ഞാ” നാസര്‍ ചോദിച്ചു.
”കോഴ കൊടുത്ത ചെറുപ്പക്കാരെ ചെലപ്പോ റിക്രൂട്ടിംഗ് ഓഫീസര്‍മാര് പൊറത്താക്കാനും ഓരോരോ സൂത്രം പ്രയോഗിക്കാറ്ണ്ട്. അതല്ലാതെ നിങ്ങള് ഏഴെട്ട്‌പേരെ അണ്‍ഫിറ്റാക്കാന്‍ മറ്റൊരു കാരണോം ഞാന്‍ കാണുന്നില്ല.” കുഞ്ഞിമുഹമ്മദ് പറഞ്ഞു.
നേരം ഇരുട്ടിത്തുടങ്ങി. രാത്രി ഒന്‍പതിനാണ് ഗുരുവായൂര്‍ വഴി കോട്ടയ്ക്കലിലേയ്ക്ക് പോകുന്ന ഫാസ്റ്റ്. ഇനിയും രണ്ടു മണിക്കൂര്‍ കഴിഞ്ഞ്. വൃശ്ചികക്കാറ്റ് ശല്യംചെയ്യാത്ത ചുമരോരംനോക്കി ചാരുബഞ്ചില്‍ കുഞ്ഞിമുഹമ്മദ് ഇരുന്നു. ബാഗ് തുറന്ന് കമ്പിളി സ്വെറ്റര്‍ എടുക്കുന്ന മകനെ അയാള്‍ വിലക്കി:
”സ്വെറ്ററിടാനുള്ള തണുപ്പ് തോന്ന്ണില്ല കുട്ടി. ഈ മഫഌറ്തന്നെ ധാരാളം. നീ ചെന്ന് കാന്റീനീന്ന് എന്തെങ്കിലും വാങ്ങിക്കഴിക്കാന്‍ നോക്ക്. പോരുമ്പോ ചൂടോടെ നീക്കൊര് ചായേം കൊണ്ടന്നൊ.”
നാസറിന് വിശപ്പില്ല. ആകെയൊരു മടുപ്പായിരുന്നു. കളിക്കൂട്ടുകാര്‍ നല്‍കിയ വിടനല്‍കല്‍ വിരുന്നിന്, ലീവിന് വരുമ്പോള്‍ ബിരിയാണിപ്പാര്‍ട്ടി നല്‍കി അടിപൊളിയാക്കാം എന്ന വാഗ്ദാനം തട്ടിത്തൂളിപ്പോയല്ലോ എന്ന സങ്കടം.
പിതാവിന് ചായ കൊണ്ടുകൊടുത്ത് തിരിച്ച് കാന്റീനിലെത്തിയ നാസറിന് കുറേനേരം തനിച്ചിരിക്കാനാണ് തോന്നിയത്.
ഈറന്‍ മനസ്സും ചായ്ച്ച് ഏകാന്തനായി അല്പനേരം. നേരം ഒത്തിരിയായി. നാസറിന് തന്റെ ശിരസ്സില്‍ മെല്ലെയാരോ തഴുകുന്നതുപോലെ തോന്നി, ശിരസ്സുയര്‍ത്തി.
വാപ്പ!
”എന്തിനാ മോനെ ഒറ്റയ്ക്കിര്ന്ന് മനസ്സ് പുണ്ണാക്ക്ണത്? നിന്റെകൂടെ വേറേം അഞ്ചെട്ട് തരക്കാര്ണ്ടായിര്ന്നില്ലേ? അവരെപ്പോലല്ലേ നിയ്യും? നഷ്ടങ്ങളെപ്പറ്റിത്തന്നെ ഓര്‍ത്തിരുന്നാ നമക്ക് മുന്നോട്ട് പോകാനൊക്ക്വൊ” കുഞ്ഞിമുഹമ്മദ് മകന്റെ തളര്‍ന്ന മനസ്സിന് കരുത്ത് നല്‍കാന്‍ ശ്രമിച്ചു.
ബസ്സ്‌വന്നുനിന്നപ്പോള്‍ കുഞ്ഞിമുഹഹമ്മദ് വേഗം ജംഗമങ്ങള്‍ എടുത്തു പിടിച്ചു. അതൊക്കെ ഞാനെടുക്കാം വാപ്പ എന്നു പറഞ്ഞ മകനോട് അദ്ദേഹം പറഞ്ഞു:
”യാത്രക്കാര്‌ടെ തിക്കും തിരക്കും നീ കാണിണില്ലേ? നാടോടുമ്പ നടുവേന്ന് പറഞ്ഞപോലെ ആ തെരക്കീക്കൂടെ അകത്ത് കടന്ന് നീ രണ്ട് സീറ്റ് പിടിക്കാന്‍ നോക്ക്. അപ്പോഴേയ്ക്കും ഈ ബാഗും പെട്ടീംകൊണ്ട് ഞാനങ്ങെത്താം. ഇല്ലെങ്കി ബസ്സില് ഒറ്റക്കാലില് നിന്നാവും നമ്മടെ യാത്ര!”
പിതാവിന്റെ വാക്കുകള്‍ കേട്ടപാടെ നാസര്‍ ബസ്സിന്റെ വാതില്‍ മുഖത്ത് തിങ്ങിനില്‍ക്കുന്നവരുടെ ഇടയിലേയ്ക്ക് പാഞ്ഞുചെന്ന് അകത്തേയ്ക്ക് കുത്തിക്കയറാന്‍ ശ്രമിച്ചു. വല്ലാത്തൊരു കരുത്തായിരുന്നു അപ്പോഴവന്!



No Comments yet!