നൂറ് വര്‍ഷങ്ങള്‍ എടുത്തെങ്കിലും ഏറെക്കുറെ അസാധ്യം എന്ന് കരുതിയിരുന്ന ആഗ്രഹം സാധിക്കാന്‍ ആര്‍എസ്എസിന് സാധിച്ചു. ഭാരതാംബയെ കാവിയുടുപ്പിച്ചു. സിന്ദൂരം ചാര്‍ത്തിച്ചു. ഹിന്ദുക്കളുടെ ഒരു പാകിസ്താന്‍ ഇവിടെയുണ്ടാക്കി. ഇന്ത്യയും പാകിസ്താനുമായി നടന്ന യുദ്ധം ഹിന്ദുരാജ്യവും മുസ്‌ലിംരാജ്യവും തമ്മിലുള്ള യുദ്ധമാണെന്ന് വരുത്തിതീര്‍ക്കുകയും അതിന്റെ ദൂതനായി കോണ്‍ഗ്രസിലെ ഒരു പ്രമുഖനേതാവിനെ ലോകാന്തരങ്ങളിലേക്ക് അയക്കുകയും ചെയ്തു. ഗാന്ധിയുടെ ആദര്‍ശങ്ങള്‍ നിര്‍മൂലനം ചെയ്തു. നെഹ്റുവിനെ മുസ്‌ലിമാക്കാനുള്ള പുതിയ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മതേതരത്വവും സോഷ്യലിസവും തങ്ങളുടെ പദ്ധതികളല്ലെന്നും ഭരണഘടനയില്‍നിന്ന് അവ നീക്കംചെയ്യുമെന്നും തീരുമാനിച്ചു. രാജ്യസ്നേഹികളൊക്കെ രാജ്യദ്രോഹികളായി. രാജ്യദ്രോഹികളൊക്കെ രാജ്യസ്നേഹികളുമായി. കെ അരവിന്ദാക്ഷന്റെ ‘രാജ്യദ്രോഹി V/S രാജ്യസ്നേഹി’ എന്ന മനോഹരമായ പുസ്തകത്തില്‍ ഈ മാറ്റം അതിവിശദമായി പ്രതിപാദിക്കുന്നുണ്ട്.

ആര്‍എസ്എസിന്റെ വലിയ വിജയം അടിയന്തരാവസ്ഥ എന്ന് പ്രഖ്യാപിക്കാതെ അടിയന്തരാവസ്ഥ നടപ്പാക്കി എന്നതാണ്. യഥാര്‍ത്ഥ അടിയന്തരാവസ്ഥ രണ്ടരവര്‍ഷമേ നീണ്ടുള്ളൂ എങ്കിലിത് ഒമ്പതു വര്‍ഷമായി അഭംഗുരം തുടരുന്നു, മാത്രമല്ല, അത് ശക്തിപ്പെട്ടുകൊണ്ടേയിരിക്കുന്നു. യഥാര്‍ത്ഥ അടിയന്തരാവസ്ഥ അധികാരിവര്‍ഗത്തിന്റെ അഹംഭാവമായിരുന്നുവെങ്കില്‍ ഇപ്പോഴത്തേതില്‍ പല അജണ്ടകളുമുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഹിന്ദുക്കളുടെ ഒരു പാകിസ്താന്‍ സ്ഥാപിക്കുക എന്നതുതന്നെയാണ് അതില്‍ ഏറ്റവും മുഖ്യം. അതിനുള്ള ശ്രമങ്ങള്‍ എല്ലാമേഖലയിലും നടന്നുകൊണ്ടിരിക്കുന്നു. അടിയന്തരാവസ്ഥയ്ക്ക് അങ്ങനെ വിദൂരവ്യാപിയായ ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല.
അതിനുപിന്നില്‍ വര്‍ഗീയത ഉണ്ടായിരുന്നില്ല. ശരിയായിരുന്നില്ലെങ്കിലും, ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത ഒരു ദുരന്തമായിരുന്നു എങ്കിലും, അത് ഭാരതത്തിന്റെ ജനാധിപത്യബോധത്തെ ഉണര്‍ത്തി എന്നുപറയണം. ഇന്ത്യയില്‍ ഒരുപാടുപേരെ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യത്തിലേക്ക് ഉയര്‍ത്തുകയും ഉണര്‍ത്തുകയും ചെയ്തു. ബുദ്ധിജീവികള്‍ സജീവമായി പ്രതികരിക്കാന്‍ തുടങ്ങി. അടിയന്തരാവസ്ഥയുടെ ഘട്ടം തീര്‍ന്നു. ഈ പുതിയ അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ ഇങ്ങനെ ഒരു വിജയം സാധ്യമേയല്ല. അഥവാ ഭരണത്തില്‍നിന്ന് പോയാലും അവര്‍ ഇന്ത്യയില്‍ ഉണ്ടാക്കിയിട്ടുള്ള ഒട്ടും സുഖകരമല്ലാത്ത മാറ്റങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇനി ഒരിക്കലും ഹിന്ദു, ഹിന്ദുവല്ലാതാകുകയോ, മുസ്‌ലിം, മുസ്‌ലിംമല്ലാതാവുകയോ, ക്രിസ്ത്യാനി, ക്രിസ്ത്യാനിയല്ലാതാവുകയോ ചെയ്യില്ല. ആ വിധത്തിലുള്ള ഒരു പരിണാമം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. വളരെ ദീര്‍ഘ വീക്ഷണമുള്ള ഒരു പരിണാമം സാക്ഷാത്കരിക്കാന്‍ ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.
ഗാന്ധിയെ നിര്‍മൂലനംചെയ്യുക എന്നതായിരുന്നു കോണ്‍ഗ്രസ് നിര്‍മൂലനത്തെക്കാള്‍ അവര്‍ക്ക് വേണ്ടിയിരുന്നത്. ഗാന്ധിയെ കൊന്നത് ആര്‍എസ്എസുകാരല്ല എന്നുതെളിവുകള്‍ നിരത്തി അവര്‍ പറയുമായിരുന്നു. എന്നാല്‍, എന്തുകൊണ്ട് താനതുചെയ്തു എന്ന് ഗോഡ്സെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ആവര്‍ത്തിക്കുകയാണ് എല്ലാ ഘട്ടങ്ങളിലും ആര്‍എസ്എസ് ചെയ്തുകൊണ്ടിരിക്കുന്നത്. അവരുടെ ആവശ്യമായിരുന്നു അതെന്ന് ഗോഡ്സേതന്നെ പറയുന്നുണ്ട്. ഗാന്ധി എത്രതവണ പുനര്‍ജനിച്ചാലും അപ്പോഴൊക്കെ പുനര്‍ജനിച്ച് അദ്ദേഹത്തെ ഓരോ നിമിഷവും താന്‍ കൊന്നുകൊണ്ടിരിക്കുമെന്ന് ഗോഡ്സെ പറയുന്നു. അങ്ങനെ ഓരോ നിമിഷവും ഗാന്ധിയെ കൊന്നുകൊണ്ടിരിക്കുന്ന ഒരു ശക്തി ഇവിടെ ഭരണാധികാരത്തില്‍ വരുകയും ഗാന്ധി, മനസ്സുകളില്‍നിന്ന് മങ്ങിത്തുടങ്ങുകയും ചെയ്തു. അങ്ങനെ ഗാന്ധിയുടെ ഒരു നിര്‍മൂലനമാണ് അവര്‍ സാധിച്ചത്.
ഗാന്ധി നമ്മുടെ വിമോചകനായിരുന്നു, ആര്‍എസ്എസ് ഞങ്ങളുടെ വിമോചകനായിരുന്നു എന്നതാണ് മൗലികമായ വ്യത്യാസം. കോണ്‍ഗ്രസും കമ്മ്യൂണിസവുമൊക്കെ വന്നിട്ടുള്ളത്, പിന്നീട് അവയ്ക്ക് എന്തു സംഭവിച്ചു എന്നതല്ല, നമ്മുടെ വിമോചനത്തിനു വേണ്ടിയിട്ടാണ്. ആ നമ്മള്‍ ആള്‍ ഇന്‍ക്ലൂസീവ് ആണ്. ഞങ്ങളാകട്ടെ എക്സ്‌ക്ലൂസീവ് ആണ്. അങ്ങനെ എക്സ്‌ക്ലൂസീവ് ആയി പ്രത്യക്ഷപ്പെടുകയും ആ എക്സ്‌ക്ലൂസീവ്നസിന്റെ ഒരു ഭരണം ഇവിടെ സ്ഥിരപ്പെടുത്തുകയും ചെയ്യുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. ഗാന്ധി എല്ലാവരെയും ഉള്‍ക്കൊണ്ടു. ഗാന്ധി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ തമ്മിലുണ്ടായ സംഭാഷണം ശ്രദ്ധിക്കൂ. എന്തൊരു സംവാദാത്മകതയായിരുന്നു ഗാന്ധിയില്‍ ഉണ്ടായിരുന്നത്. എന്താണ്, എങ്ങനെയാണ് എന്നൊക്കെ വളരെ വിനീതനായി ചോദിക്കുന്ന ഒരു ദേശീയനേതാവിനെയാണ് നാം ഗുരുവിന്റെ മുമ്പില്‍ കണ്ടത്.

ഗുരുവിനെ പൂര്‍ണമായി അംഗീകരിച്ച ഒരാള്‍. ബ്രിട്ടീഷുകാരുടെയും നന്മകളെ പൂര്‍ണമായി ഉള്‍ക്കൊണ്ടുമാത്രമാണ് ഗാന്ധി അവരെ വിമര്‍ശിച്ചിരുന്നത്.
ഗാന്ധിയുടെ എല്ലാ തീരുമാനങ്ങള്‍ക്കു പിന്നിലും വലിയ തത്ത്വചിന്തയുണ്ടായിരുന്നു. മാഞ്ചസ്റ്ററില്‍നിന്നും വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുവേണ്ടി ഇന്ത്യയിലെ കൈത്തറി പ്രവര്‍ത്തകരുടെ പെരുവിരല്‍ മുറിച്ചുകളഞ്ഞിട്ടുണ്ട്. ഇവിടെ കൈത്തറി ഉല്‍പ്പാദിപ്പിക്കാതിരിക്കാന്‍ വേണ്ടി മുറിച്ചുകളഞ്ഞ ആ പെരുവിരലുകള്‍ നര്‍മദയില്‍ ഒഴുകികൊണ്ടിരുന്നു. അത്രമേല്‍ അവരെ അപമാനിക്കുകയും അവരുടെ തൊഴില്‍ ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. ആനന്ദ് പറയുന്നത് അവര്‍ അഭിമാനബോധം കൊണ്ട് പെരുവിരല്‍ മുറിച്ചുകളഞ്ഞു എന്നാണ്. അവിടെയാണ് ഗാന്ധി ചര്‍ക്കകൊണ്ട് മറുപടി പറഞ്ഞത്. എവിടെയോ ഉപേക്ഷിക്കപ്പെട്ട ആ യന്ത്രം, ദേശീയമായ യന്ത്രം അദ്ദേഹം കണ്ടെത്തുകയും അത് ഉപയോഗിക്കുകയും അങ്ങനെ ഉപയോഗിക്കുന്നതിലൂടെ ഒരു പ്രതീകമായി അതിനെ മാറ്റുകയും ചെയ്തു. മുന്‍കൂട്ടി തീരുമാനിച്ചതല്ലാത്ത ഒരു ജീവിതമാണ് ഗാന്ധി എന്നും നയിച്ചിരുന്നത്. നിരന്തരമായി അദ്ദേഹം സ്വയം നവീകരിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഭാവി യിലേക്ക് സഞ്ചരിക്കുകയായിരുന്നു.
മറുവശത്താകട്ടെ ഭൂതകാല ആരാധനയാണ് കാണുന്നത്. എന്നും ഒരേ അഭിപ്രായത്തില്‍ നില്‍ക്കുന്നവരാണ് അവര്‍. യാതൊരു നവീകരണവും ഇല്ല. ലിറ്ററലിസമാണ് അവരുടെ രീതി. എന്താണ് ലിറ്ററലിസം? അവര്‍ രാമായണത്തെ വ്യാഖ്യാനിക്കുകയല്ല ചെയ്യുന്നത്. അക്ഷരാര്‍ത്ഥത്തില്‍ മുമ്പ് ഏതോകാലത്ത് സങ്കല്‍പ്പിക്കപ്പെട്ട ഒരു കൃതിയെ അതേപടി സ്വീകരിക്കുകയാണ് ചെയ്യുന്നത്. ആരണ്യകാണ്ഡത്തില്‍ സീത രാമനോട് ചോദിക്കുന്നുണ്ട്, എന്തിനാണ് അങ്ങ് ഈ ആയുധം ധരിച്ചിരിക്കുന്നത്? ഈ മൃഗങ്ങളൊന്നും നമ്മളെ ഉപദ്രവിക്കുന്നില്ലല്ലോ. അപ്പോള്‍ രാമന്‍ പറയുന്നത് താന്‍ ആയുധം ധരിച്ചിരിക്കുന്നത് ബ്രാഹ്മണരക്ഷയ്ക്ക് വേണ്ടിയാണ് എന്നാണ്.
ബ്രാഹ്മണരക്ഷയ്ക്കുവേണ്ടി ആയുധം ധരിച്ച രാമന്‍, ശംഭുകനെപോലെ ജാതികൊണ്ട് തപസ്സ് ചെയ്യാന്‍ അനര്‍ഹനായ ഒരാളെ കൊന്ന രാമന്‍. ഭരണത്തില്‍നിന്ന് സ്ത്രീയായ സീതയെ മാറ്റിനിര്‍ത്തിയ രാമന്‍. അങ്ങനെയുള്ള ഒരാളാണ് ആര്‍എസ്എസിന്റെ രാമായണത്തിലെ രാമന്‍. താന്‍ എന്തുകൊണ്ട് ഗാന്ധിയെ കൊന്നു എന്നതിന് അദ്ദേഹം ഇന്ത്യക്കാരെ ആണത്തമില്ലാത്തവരാക്കി, അഹിംസാവാദികളാക്കി, നപുംസകങ്ങളാക്കി എന്നൊക്കെയാണ് ഗോഡ്സെ പറഞ്ഞത്. അതിന്റെ പ്രതിവിധിയായി ആണത്തമുള്ള ഒരു രാമനെ സൃഷ്ടിക്കണം എന്നവര്‍ തീരുമാനിക്കുകയായിരുന്നു.
മറുവശത്ത് ഗാന്ധിയുടെ രാമന്‍ ലിറ്ററേച്ചറിലെ രാമനായിരുന്നു. രാമനില്‍നിന്ന് അദ്ദേഹം പാഠം ഉള്‍ക്കൊണ്ടു. അതിനുകാരണം അദ്ദേഹത്തിന്റെ ഫൗണ്ടേഷണല്‍ ലിറ്ററേച്ചര്‍ എന്നുപറയുന്നത് ഹരിശ്ചന്ദ്ര കഥയായിരുന്നു. ഹരിശ്ചന്ദ്രന്റെ നാടകം കണ്ട് രൂപംകൊണ്ട ഒരു മനസ്സിന്റെ വളര്‍ച്ചയാണ് സത്യാന്വേഷിയായ ഗാന്ധിയുടെ വളര്‍ച്ച. ആ ഹരിശ്ചന്ദ്ര ശിഷ്യന്റെ കാഴ്ചപ്പാടാണ് നിരാഹാരസമരവും സത്യാഗ്രഹവുമൊക്കെ ആയുധമായി സ്വീകരിക്കാന്‍ ഗാന്ധിയെ പ്രേരിപ്പിച്ചത്. ഹരിശ്ചന്ദ്രന്റെ രണ്ടാം ജന്മമായിട്ടാണ് രാമനെ ഗാന്ധി കാണുന്നത്. അദ്ദേഹത്തിന് രാജ്യം നഷ്ടപ്പെട്ടു. പക്ഷെ, അതില്‍ ഖേദിച്ചില്ല. അദ്ദേഹം ബഹുജനങ്ങളുടെ പ്രേരണയ്ക്ക് വഴങ്ങി ഭാര്യയെ ഉപേക്ഷിച്ചു. അദ്ദേഹത്തിന് സീതയില്‍ സംശയം ഇല്ലായിരുന്നെങ്കിലും ഉപേക്ഷിക്കേണ്ടിവന്നു. ദുഃഖാകുലനായി ഭരിച്ചുകൊണ്ടിരുന്ന, സത്യത്തെ അടിസ്ഥാനമായി സ്വീകരിച്ചിരുന്ന രണ്ടാം ഹരിശ്ചന്ദ്രനായിരുന്നു ഗാന്ധിയുടെ രാമന്‍.
ഗാന്ധിയുടെ ഭഗവത്ഗീതാ വ്യാഖ്യാനവും വ്യത്യസ്ഥമാണ്. അവരെ സംബന്ധിച്ച് ഭഗവത്ഗീത കേവലം യുദ്ധാഹ്വാനമാണ്. യുദ്ധംചെയ്യുമ്പോള്‍ ഏതോ പ്രാചീനമായ താല്‍പ്പര്യങ്ങളെ തങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും സാധൂകരിക്കുന്നുവെന്നും അവര്‍ വിചാരിച്ചു. ഗാന്ധി അങ്ങനെയല്ല അതിനെ വ്യാഖ്യാനിച്ചത്. അഹിംസയുടെ ഒരു മാര്‍ഗം യുദ്ധത്തില്‍ അടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം കണ്ടു. ഈര്‍ഷ്യയില്ലാതെ യുദ്ധംചെയ്യുക എന്നതായി ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഭഗവത്ഗീതയുടെ ആദര്‍ശം. ആ ഭഗവത്ഗീത അവര്‍ വായിച്ചിട്ടേയില്ല. അവര്‍ ലിറ്ററല്‍ ആയിട്ടാണ് എല്ലാ കൃതികളും വായിക്കുന്നത്. അതുകൊണ്ട് ഒരു ആര്‍എസ്എസ്‌കാരനില്‍നിന്നോ അവരെ പിന്തുണയ്ക്കുന്ന ഒരാളില്‍ നിന്നോ മഹാഭാരതത്തിനോ ഭാഗവതത്തിനോ ഉപനിഷത്തുകള്‍ക്കോ ശരിയായ ഒരു വ്യാഖ്യാനം കിട്ടുകയേയില്ല എന്നുറപ്പ്.
ലോകം നിലനില്‍ക്കുന്നത് ഹിംസ വഴിയല്ല അഹിംസ വഴിയാണെന്ന് ഗാന്ധി വിചാരിച്ചു. അഥവാ അഹിംസയുടെ ഒരു ചരിത്രമാണ് യഥാര്‍ത്ഥചരിത്രമെന്ന് ഗാന്ധി കരുതി. ഈ ജീവജാലങ്ങളൊക്കെ മനുഷ്യനെപ്പോലെ വിശപ്പുമാറിയിട്ടും ഭക്ഷിച്ചുകൊണ്ടിരുന്നാല്‍ ഈ ലോകത്തില്‍ ഒരു ജീവജാലവും അതിജീവിക്കുമായിരുന്നില്ല. മറിച്ച്, പ്രകൃതിയുടെ ഏതോ നീതിയനുസരിച്ച് അഹിംസ അറിയാതെ ഉള്‍ക്കൊണ്ട് ജീവിച്ചതുവഴിയാണ് ഇന്ന് ലോകത്തില്‍ ജീവജാലങ്ങള്‍ ഉണ്ടായിരിക്കുന്നത്. അഹിംസക്കാകട്ടെ യുദ്ധരംഗത്ത് മാത്രമല്ല ജീവിതത്തിന്റെ എല്ലാമേഖലകളിലും അര്‍ത്ഥമുണ്ട്. മറ്റൊരുമേഖലയിലും അര്‍ത്ഥമില്ലാത്ത ഒരായുധവും ഗാന്ധി എടുത്തിട്ടില്ല. ഏതൊരുമേഖലയിലും പ്രസക്തിയില്ലാത്ത ആയുധങ്ങള്‍ മാത്രമേ ആര്‍എസ്എസ് എടുത്തിട്ടുള്ളൂ. അപ്പോള്‍ ഗാന്ധിയെ ഉന്മൂലനം ചെയ്യുക എന്നുപറഞ്ഞാല്‍ സമാധാനത്തോട് പ്രിയമുള്ള ഒരാളെ ഉന്മൂലനം ചെയ്യുക, യുദ്ധത്തോട് പ്രിയമില്ലാത്തത് മോശം കാര്യമാണ് എന്നുവരുത്തുക. അതിലൊക്കെ ഉപരിയായി ഗാന്ധിയുടെ ആള്‍ ഇന്‍ക്ലൂസീവ്നസ് നമുക്ക് പറ്റുകയില്ല. നമുക്ക് അദര്‍ വേണം. നമുക്കൊരു ശത്രു വേണം. ശത്രുവാണ് നമ്മുടെ ബലം. അങ്ങനെ ശത്രുവാണ് നമ്മുടെ ബലം എന്ന് വിചാരിച്ചതുകൊണ്ട് ശത്രുക്കളും വളര്‍ന്നു എന്നതാണ് ഇന്ത്യയിലെ അവസ്ഥ. തീവ്രവാദികളെ സൃഷ്ടിച്ചത് ആര്‍എസ്എസ് ആണ്. ആര്‍എസ്എസ് സ്വയം തീവ്രവാദിയായി മാറിയതിന്റെ ഫലമായിട്ടാണ് വാസ്തവത്തിലത് സംഭവിച്ചതെന്നും കാണണം. അങ്ങനെ ആര്‍എസ് എസ് സ്വയം വളരുക മാത്രമല്ല, ഇന്ത്യയില്‍ തീവ്രവാദികള വളര്‍ത്തുകയും ചെയ്തു. ഇതത്ര പെട്ടെന്ന് അവസാനിക്കുകയില്ല. കാരണം അവര്‍ക്കെപ്പോഴും ശത്രുവേണം. അമേരിക്കയ്ക്ക് ബിന്‍ലാദന്‍ എങ്ങനെ ആവശ്യമായിവന്നുവോ അതുപോലെ ഇവര്‍ക്ക് തീവ്രവാദികള്‍ വേണം നിലനില്‍ക്കാന്‍. അതാണ് അവരുടെ ഊര്‍ജ്ജം. അതാണ് മറ്റുള്ളവരുടെ മുമ്പില്‍ അവര്‍ക്കുള്ള ഡിഫന്‍സ്. അതാണ് അവര്‍ക്കുള്ള നീതീകരണം. ഈ നീതീകരണം നിലനിര്‍ത്തണമെങ്കില്‍ ഇവിടെ തീവ്രവാദികള്‍ ഉണ്ടായേപറ്റൂ. ഒരു സമാധാനവുമില്ലാത്ത ഇന്ത്യ ഉണ്ടായേ പറ്റൂ. അതുകൊണ്ടാണ് ഈ അടിയന്തരാവസ്ഥ പിന്‍വലിക്കുകയില്ല എന്നുപറയുന്നത്. അതങ്ങനെ വളര്‍ന്നുകൊണ്ടേയിരിക്കും. അങ്ങനെ തികഞ്ഞ അസമാധാനമുള്ള, വിഭാഗീയതകളുള്ള ഒരിന്ത്യ അവര്‍ക്ക് പടുത്തുയര്‍ത്താന്‍ കഴിയും. ഒരര്‍ത്ഥത്തില്‍ പടുത്തുയര്‍ത്തിയിരിക്കുന്നു.
ലിഞ്ചിങ് പോലുള്ള അത്യന്തം അപകടകരവും ഭീകരവുമായ ഒന്ന് ഗ്രാമങ്ങള്‍ തോറും നടപ്പാക്കാന്‍ സാധിക്കുന്നു എന്നത് ഭയപ്പെടുത്തുന്നതല്ലേ? അവര്‍ക്ക് ഗാന്ധിയോടുള്ള വലിയ ആക്ഷേപം, അവര്‍ ശത്രുവായി കാണുന്ന മുസ്‌ലിമിനെ ഗാന്ധി പ്രീണിപ്പിച്ചു, ആ 55 കോടി കൊടുക്കാന്‍ ഗാന്ധി നിരാഹാരം കിടന്നു, അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാലയത്തില്‍ ഖുര്‍ആനും ബൈബിളും സിഖ് മതഗ്രന്ഥങ്ങളും ഹിന്ദുമതഗ്രന്ഥങ്ങളും ആലപിക്കപ്പെട്ടു, പ്ലൂരലിസത്തിന്റെ വക്താവായി ഗാന്ധി നിലകൊണ്ടു എന്നതൊക്കെയാണ്. ഗാന്ധി ഇല്ലാതാകുമ്പോള്‍ ഇന്ത്യക്കില്ലാതാകുന്നത് ആ പ്ലൂരലിസമാണ്. അതോടെ മെജോറിറ്റിയുടെ മതമല്ലാത്ത മറ്റെല്ലാം അനാഥമായിത്തീരുന്നു. അങ്ങനെ ന്യൂനപക്ഷങ്ങള്‍ ദുര്‍ബലരായിത്തീരുന്നു. ദുര്‍ബലരായ ന്യൂനപക്ഷത്തോട് പക്ഷപാതം കാണിക്കുക എന്ന ശരിയായ മാര്‍ഗം മാത്രമാണ് ഗാന്ധി സ്വീകരിച്ചിരുന്നത്. അതുകൊണ്ടാണ് അരലക്ഷം പട്ടാളക്കാര്‍ക്ക് പഞ്ചാബില്‍ ചെയ്യാനാകാത്തത് ഗാന്ധിക്ക് ഒറ്റയ്ക്ക് കൊല്‍ക്കൊത്തയില്‍ ചെയ്യാന്‍ സാധിച്ചത്. അത് സാധ്യമായത് ആദര്‍ശംകൊണ്ട്, പ്രവര്‍ത്തനരീതികൊണ്ട്, ആത്മാര്‍ത്ഥതകൊണ്ട്, ജീവിതത്തില്‍ അദ്ദേഹം കാണിച്ച ത്യാഗം കൊണ്ടായിരുന്നു. ഇതിനോടൊന്നും ഒരുവിധത്തിലുള്ള ബഹുമാനവും ആര്‍എസ്എസിനില്ല.
ആര്‍എസ്എസിന് പ്രിയം ധനികരോടാണ്. കോര്‍പറേറ്റുകളോടാണ്. കുറഞ്ഞ ആളുകളുടെ കേമമായ അതിജീവനവും കൂടിയ ആളുകളുടെ ദാരിദ്ര്യവുമാണ് തങ്ങളെ നിലനിര്‍ത്തുക എന്നവര്‍ വിചാരിക്കുന്നു. അഴിമതി നിര്‍ത്തലാക്കി എന്നാണ് അവരുടെ ഒരവകാശവാദം. വാസ്തവത്തില്‍ വിലക്കുവാങ്ങിയ എംഎല്‍എമാര്‍ക്ക് അവര്‍ കൊടുത്തിട്ടുള്ള ധനം, എംപിമാര്‍ക്ക് കൊടുത്തിട്ടുള്ള പണം… ഇതെല്ലാം നോക്കിയാല്‍ ഇത്രമേല്‍ അഴിമതി പുരണ്ട ഒരു ഭരണവും ഇന്ത്യ കണ്ടിട്ടില്ല. സ്വജനപക്ഷപാതത്തിന്റെ രൂപത്തിലുള്ള ഭീകരമായ അഴിമതി. അതുകൊണ്ട് അഴിമതിയെക്കുറിച്ചുള്ള വാക്കുകള്‍ ഒന്നും സത്യമല്ല. ഈ കോര്‍പറേറ്റുകള്‍ക്ക് കൊടുക്കുന്ന നികുതിയിളവുകള്‍ മാത്രംമതി അവരുടെ അഴിമതിയുടെ മുഖംകാണിക്കാന്‍. ഗാന്ധി കറപുരളാത്ത ഒരാളായിരുന്നു എന്നത് കറനിറയേയുള്ള അവര്‍ക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. തങ്ങളുടെ ആദര്‍ശത്തിന്റെ യഥാര്‍ത്ഥശത്രു ഗാന്ധിയാണ് എന്നതിനാല്‍ അദ്ദേഹം ഇല്ലാതാകണം എന്നവര്‍ ആഗ്രഹിച്ചു. ഗാന്ധി, ശരീരത്തില്‍ നിന്ന് ഇല്ലാതായി. ശരീരത്തില്‍നിന്ന് ഇല്ലാതാകുമ്പോള്‍ ഗാന്ധി സ്വതന്ത്രനായി കൂടുതല്‍ പ്രവര്‍ത്തിക്കുകയായിരിക്കുമോ ചെയ്യുക എന്നവര്‍ ഭയപ്പെട്ടു. ആ ഭയം ഇല്ലാതിരിക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഗാന്ധി ക്രമേണ ക്ഷയിച്ചുതുടങ്ങി. സത്യമാണ്, അവര്‍ക്ക് ബുദ്ധിജീവികളുടെ പിന്തുണയില്ല. പക്ഷേ, പത്രങ്ങളെയെല്ലാം അവര്‍ വിലയ്ക്ക് വാങ്ങിയിരിക്കുന്നു. ശബ്ദിക്കുന്ന എല്ലാവരെയും നിശബ്ദരാക്കാന്‍, ഒന്നുകില്‍ പാരിതോഷികങ്ങള്‍ നല്‍കി, അല്ലെങ്കില്‍ ഭീഷണിമുഴക്കി, അവര്‍ക്ക് സാധിച്ചിരിക്കുന്നു. നിശബ്ദതയുടെ ഒരന്തരീക്ഷം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെതന്നെ സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. ഞാനൊരു കവിതയില്‍ പറയുന്നതുപോലെ തുപ്പാന്‍ പേടിച്ച് ഞാന്‍ ഇറക്കിയത് വിഷമായിരുന്നു. ഇന്ത്യയിലെ എല്ലാ ആളുകളും ഇറക്കുന്നത് വിഷമാണ്.
ഒരു കാര്യംകൂടി പറയാം. ഭാരതമാതാവിനെക്കുറിച്ച് പറഞ്ഞിട്ടല്ലേ നമ്മള്‍ തുടങ്ങിയത്. ഭാരതമാതാവ് ദേവതയായിട്ടുള്ള ഒരു ക്ഷേത്രം 1936ല്‍ കാശി യൂണിവേഴ്സിറ്റിയോട് അനുബന്ധിച്ച് ഉണ്ടാക്കിയിരുന്നു. ആ ക്ഷേത്രം ഇപ്പോഴും അവിടെയുണ്ട്. ആ ഭാരതമാതാവ് മാര്‍ബിളില്‍ പണിത ഇന്ത്യയുടെ ഭൂപടമായിരുന്നു. നദിയും മലകളും എല്ലാമുള്ള ഇന്ത്യയെ പ്രതിനിധീകരിക്കുന്ന, ഭൂമിദേവിയുടെ ഭാരതത്തിന്റെ ഒരു ഖണ്ഡം അതിമനോഹരമായി പണിതിരിക്കുന്ന ആ ക്ഷേത്രത്തെ കോണ്‍ഗ്രസുകാര്‍ മറന്നു എന്നത് വലിയൊരു അപരാധമാണ്. ആ സെക്യുലര്‍ ഭാരതമാതാവ് എല്ലാവരാലും എല്ലാ വര്‍ഷവും ആദരിക്കപ്പെട്ടിരുന്നുവെങ്കില്‍ മറ്റൊരു ഭാരതമാതാവ് രാജ്ഭവനില്‍ കാവിയുടുത്തു നില്‍ക്കുമായിരുന്നില്ല. അന്നതിന്റെ ഉദ്ഘാടനദിവസം അതിനു ചുറ്റും പ്രദക്ഷിണം ചെയ്തത് അതിര്‍ത്തിഗാന്ധിയും മഹാത്മാഗാന്ധിയും ചേര്‍ന്നാണ്. എല്ലാ മതങ്ങളുടെയും പ്രതിനിധികള്‍ അവിടെ ഉണ്ടായിരുന്നു. ആ ഭാരതമാതാവിനെ പുനരുല്‍പാദിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെങ്കില്‍ അവര്‍ വിജയിക്കും.
ബിജെപിയെ പോലെയല്ലെങ്കിലും പുതിയകാലത്ത് കോണ്‍ഗ്രസിനൊപ്പവും ബുദ്ധിജീവികളില്ല. അതുകൊണ്ടാണ് ഒരു ശശിതരൂരിനെ പുറത്താക്കാന്‍ അവര്‍ ഭയപ്പെടുന്നത്. നേരാണ്, മറുവശത്ത് ബുദ്ധിയുള്ള ഒരാളും ആര്‍എസ്എസിനെ പിന്തുണയ്ക്കുകയില്ല. അതുപക്ഷേ കോണ്‍ഗ്രസിന് ഒഴികഴിവായിക്കൂട. ബുദ്ധിയുള്ളവരെ ആകര്‍ഷിക്കാന്‍ സാധിക്കണം. കാരണം കോണ്‍ഗ്രസിന്റെ ആദ്യത്തെ പാര്‍ലമെന്റ് അംഗങ്ങളെ നോക്കിയാല്‍ മതിയാകും. എത്ര പണ്ഡിതന്മാരായിരുന്നു അവരേറെപ്പേരും. എസ് രാധാകൃഷ്ണനും ജവഹര്‍ലാല്‍ നെഹ്റുവും, മഹാത്മാഗാന്ധിതന്നെയും. ആയിരക്കണക്കിന് പുസ്തകങ്ങളാണ് ആഫ്രിക്കയില്‍ നിന്നുവരുമ്പോള്‍ ഗാന്ധിയുടെ കപ്പലില്‍ ഉണ്ടായിരുന്നത് എന്നാണ് എം ഗംഗാധരന്‍ പറയുന്നത്.
ചിന്തിക്കുന്നവരുടെയൊക്കെ അഭയമായി മാറാതെ കോണ്‍ഗ്രസിന് അതിജീവിക്കാന്‍ സാധിക്കുകയില്ല. ജനാധിപത്യത്തിന് അതിജീവിക്കാന്‍ സാധ്യമല്ല. ജനാധിപത്യത്തിന്റെ അതിജീവനത്തിന് സൂക്ഷ്മമായ യുദ്ധങ്ങള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. സ്ഥൂലമായ യുദ്ധങ്ങളല്ല വേണ്ടത്. സൂക്ഷ്മതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇപ്പോഴത്തെ അടിയന്തരാവസ്ഥയെ തോല്‍പ്പിക്കാന്‍ അങ്ങനെയേ സാധിക്കൂ.
കേവലം പ്രഫഷണലുകളെ മാത്രം അഡ്രസ്സ് ചെയ്തുകൊണ്ട്, വന്‍കമ്പനികള്‍ക്കുവേണ്ട ജീവനക്കാരെമാത്രം സൃഷ്ടിക്കുന്ന ഒരു വിദ്യാഭ്യാസപദ്ധതി സ്വീകരിച്ചുകൊണ്ട്, വിദ്യാഭ്യാസത്തെ അര്‍ത്ഥരഹിതമാക്കാന്‍ പുതിയ അടിയന്തരാവസ്ഥയില്‍ ആര്‍എസ്എസിന് സാധിച്ചിരിക്കുന്നു. അതുകൊണ്ട് വിദ്യാഭ്യാസം ഉള്ളവരൊക്കെ സി ജെ തോമസ് പറഞ്ഞതുപോലെ ഇല്ലിറ്ററേറ്റ് ഗ്രാജ്വേറ്റ്സ് ആണ്. അങ്ങനെയുള്ള ഇല്ലിറ്ററേറ്റ് ഗ്രാജ്വേറ്റ്സിന് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. അതുകൊണ്ട് എന്തുസംഭവിക്കുന്നു എന്നാണെങ്കില്‍ അകമേ ഒരു രാജ്യം അനാഥമായികൊണ്ടിരിക്കുന്നു. അതാണ് നാം തിരിച്ചറിയേണ്ടത്.
(ദി ക്രിട്ടിക് പുറത്തിറക്കിയ ആര്‍എസ്എസ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ 100 വര്‍ഷങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)




No Comments yet!