Skip to main content

ബദലാണ് ബലം, മനുഷ്യത്വമാണ് അടിത്തറ

Rahul Gandhy’s Votadhikar Yatra

2025 ആഗസ്ത് 15ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നൂറുവര്‍ഷം തികയുന്ന ആര്‍എസ്എസിനെ പ്രശംസിച്ചുകൊണ്ട് പറഞ്ഞത് അത് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടനയുടെ അഭിമാനകരവും മഹത്വമുള്ളതുമായ യാത്രയാണെന്നായിരുന്നു. സേവനം, പ്രതിബദ്ധത, സംഘടന, സമാനതകളില്ലാത്ത അച്ചടക്കം എന്നിവയാണ് ആര്‍എസ്എസിന്റെ വ്യക്തിത്വമെന്നും നരേന്ദ്രമോദി വിശദീകരിച്ചു.

2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനിലും വോട്ടര്‍ പട്ടികയിലും ഉള്‍പ്പെടെ കൃത്രിമം നടത്തിയാണ് ബിജെപി ഭരണത്തില്‍ എത്തിയത് എന്ന പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിന്റെ കരിനിഴലില്‍ നിന്നുകൊണ്ടാണ് നരേന്ദ്രമോദി ആര്‍എസ്എസിന് പ്രശംസാപത്രം നല്‍കിയത്. സുദീര്‍ഘമായ സ്വാതന്ത്ര്യസമരകാലത്തുടനീളം ദേശീയപ്രസ്ഥാനത്തില്‍നിന്ന് ഒഴിഞ്ഞുനിന്ന് ബ്രിട്ടീഷുകാരെ സഹായിച്ച ഒരു സംഘടനയെക്കുറിച്ചും അതിന്റെ നേട്ടങ്ങളെകുറിച്ചും നരേന്ദ്രമോദി നടത്തിയ അവകാശവാദങ്ങള്‍ അങ്ങേയറ്റം പരിഹാസ്യമാണെന്നതില്‍ സംശയമില്ല. പക്ഷേ, ഫാസിസ്റ്റുകളുടെ സഹജമായ രീതിയില്‍ ഇത്തരം ഏത് അവകാശവാദവും ഉന്നയിക്കാന്‍ സംഘപരിവാറിന്റെ നേതൃത്വത്തിന് മടിയില്ല. ഒരിക്കല്‍ സംഘപരിവാറിന്റെ ഉറച്ച പിന്തുണക്കാരനും വാജ്‌പേയി മന്ത്രിസഭയില്‍ അംഗവുമായിരുന്ന അരുണ്‍ ഷൂരി സമീപകാലത്ത് സവര്‍ക്കറെ കുറിച്ച് എഴുതിയത് പ്രാധാന്യം നേടുന്നത് ഈ പശ്ചാത്തലത്തിലാണ്. സമീപവര്‍ഷങ്ങളില്‍ മഹാത്മാഗാന്ധിക്ക് മേലെ സവര്‍ക്കറെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് നേതൃത്വത്തിന്റെ മുഖത്തടിക്കുംവിധം അരുണ്‍ ഷൂറി എഴുതി. ”സവര്‍ക്കറിന്റെ ദ്വിരാഷ്ട്രവാദം ജിന്നയുടെ പാകിസ്താന്‍ വാദത്തിന് സഹായകമാവുകയാണ് ഉണ്ടായത്. ഗാന്ധിജിയുടെ പ്രാധാന്യത്തിലും ജനസമ്മതിയിലും നിരാശനായ സവര്‍ക്കര്‍ക്ക് അദ്ദേഹത്തോട് കടുത്ത വെറുപ്പായിരുന്നു. ബ്രിട്ടീഷുകാരുടെ പിന്തുണക്കാരനായെങ്കിലും ജനസമ്മതി കുറവാണെന്നും ഗാന്ധിജിയെ മറികടക്കാന്‍ സവര്‍ക്കര്‍ക്ക് കഴിയില്ലെന്നും മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ഉപേക്ഷിച്ചു. സവര്‍ക്കര്‍ ഹിന്ദുത്വയെക്കുറിച്ച് ധാരാളം പ്രസംഗിച്ചെങ്കിലും ഹിന്ദുക്കള്‍ ഇഷ്ടപ്പെട്ടത് ഗാന്ധിജിയെ ആയിരുന്നു. ഇതെല്ലാം സവര്‍ക്കറെ നിരാശനാക്കി.”

Mahatma Gandhi

ഗാന്ധിജിക്കും ജവഹര്‍ലാല്‍ നെഹ്‌റുവിനും അബുല്‍ കലാം ആസാദിനും പകരം വയ്ക്കാന്‍ സവര്‍ക്കറെയും വല്ലഭായി പട്ടേലിനെയും ഹെഡ്‌ഗെവാറെയും ഉപയോഗിക്കാനാവുമോ എന്നു പരീക്ഷിക്കുന്ന സംഘപരിവാര്‍ നേതൃത്വത്തിന് നിരാശരാകേണ്ടിവരുന്നു എന്നതാണ് ഇന്ത്യന്‍ സാഹചര്യത്തിന്റെ സവിശേഷത.100 വര്‍ഷം തികയുന്ന ഒരു സംഘടനയുടെ ചരിത്രാനുഭവങ്ങള്‍ അവരെത്തന്നെ ചോദ്യംചെയ്യുന്ന സ്ഥിതിയെ മറികടക്കാന്‍ നുണകളുടെ കൊട്ടാരം നിര്‍മിക്കുകയാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ചെയ്യുന്നത്. യാഥാര്‍ത്ഥ്യങ്ങളല്ല നുണകളാണ് തങ്ങള്‍ക്ക് പ്രിയങ്കരം എന്ന് പരസ്യപ്പെടുത്തുന്ന ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ക്കെതിരായ പ്രതിരോധത്തിന് ജനാധിപത്യവാദികള്‍ പുതിയ മാര്‍ഗങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. ആധുനിക സാങ്കേതികവിദ്യയെ തങ്ങളുടെ നുണപ്രചാരണത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലെ മികവാണ് പുതുതലമുറക്കാരെയും നഗരങ്ങളിലെ ഇടത്തരക്കാരെയും സംഘപരിവാറിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളിലൊന്ന്. ചരിത്രാനുഭവങ്ങളെ വക്രീകരിച്ചും വസ്തുതകളെ തമസ്‌കരിച്ചും മുന്‍വിധികളും നുണകളും സമൃദ്ധമായി പ്രയോജനപ്പെടുത്തിയുമാണ് സംഘപരിവാറിന്റെ പ്രചാരണതന്ത്രം മുന്നേറുന്നത്. ഇതിനെതിരേ ഫലപ്രദമായ ബദല്‍ പ്രചാരണ തന്ത്രങ്ങള്‍ വികസിപ്പിക്കാന്‍ മതനിരപേക്ഷവാദികള്‍ക്ക് ചുമതലയുണ്ട്.

ആഗോളീകരണം സൃഷ്ടിച്ചിട്ടുള്ള അരക്ഷിതമായ സാമൂഹ്യപരിസരത്തില്‍ നിന്ന് വെള്ളവും വളവും വലിച്ചെടുത്താണ് സംഘപരിവാറിന്റെ രാഷ്ട്രീയപ്രചാരണങ്ങള്‍ ഇന്ത്യയിലെങ്ങും സ്വാധീനം നേടിയത്. ജാതി, മതം, ദേശം, ഭാഷ, ഭക്ഷണം, വസ്ത്രം തുടങ്ങിയ എല്ലാ ഘടകങ്ങളെയും ഇതിനകം സംഘര്‍ഷം സൃഷ്ടിക്കാനുള്ള മാധ്യമങ്ങളാക്കാന്‍ സംഘപരിവാറിന് കഴിഞ്ഞിട്ടുണ്ട്. നിരന്തരം സംഘര്‍ഷം സൃഷ്ടിച്ച് സാമൂഹ്യജീവിതത്തെ അരക്ഷിതമാക്കിത്തീര്‍ക്കുകയും അതിന്റെ മറവില്‍ കോര്‍പറേറ്റുകള്‍ക്ക് വികസിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ഇപ്പോള്‍ ചെയ്യുന്നത്.

സാമാന്യബോധം

സാമാന്യബോധമാണ് സംഘപരിവാറിന്റെ ആയുധപ്പുരകളിലെ പ്രധാനപ്പെട്ട ആയുധങ്ങളിലൊന്ന്. മുസ്‌ലിംകള്‍ക്കെതിരേയും ക്രിസ്ത്യാനികള്‍ക്കെതിരേയും കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരേയും നിരന്തരമായി ഈ ആയുധം പ്രയോഗിക്കപ്പെടുന്നു. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന മനുഷ്യരെല്ലാവരും സംഘപരിവാറിന് ശത്രുപക്ഷത്തുള്ളവരാണ്. ഭരണവര്‍ഗത്തിന്റെ കാഴ്ചപ്പാടായി സംഘപരിവാറിന്റെ വീക്ഷണം മാറുന്നതോടെ ജനങ്ങള്‍ ഈ ആശയങ്ങള്‍ സ്വാംശീകരിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. ജനങ്ങളാകട്ടെ സ്വയം കെട്ടിയുയര്‍ത്തിയ മതിലുകള്‍ക്കുള്ളിലാണ് ജീവിക്കുന്നത്. യൂറോപ്യന്‍ പരിതഃസ്ഥിതികളില്‍ പ്രവര്‍ത്തിച്ച രീതിയിലല്ല ഇന്ത്യയില്‍ സാമാന്യബോധത്തിന്റെ പ്രവര്‍ത്തനം. യൂറോപ്യര്‍ വളര്‍ന്ന ചുറ്റുപാടിലല്ല ഇന്ത്യക്കാരുടെ ജീവിതം രൂപപ്പെടുന്നത്. ഇന്ത്യയില്‍ ഒരു വ്യക്തി ജനിക്കുന്നതിന് മുമ്പ് തന്നെ അയാളുടെ ജീവിതത്തിന്റെ അജണ്ട നിശ്ചയിക്കപ്പെടുന്നുണ്ട്. അതാകട്ടെ മരണാനന്തരവും തുടരുന്ന പ്രക്രിയയാണ്. മുജ്ജന്‍മകര്‍മങ്ങളാണ് ഹിന്ദു ജീവിതത്തെ നിര്‍ണയിക്കുന്നതെന്ന കാഴ്ചപ്പാട് യൂറോപ്യരെ സംബന്ധിച്ച് വിസ്മയകരമായ കാര്യമായിരിക്കും.

എതിരിടുന്നതിനെ പോലും തങ്ങളുടേതാക്കിമാറ്റുന്ന പ്രവര്‍ത്തനശൈലി ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ സവിശേഷതയാണ്. ഇവിടത്തെ സാമാന്യബോധത്തിന്റെ കാന്തികമണ്ഡലത്തിലാണ് ഇത് നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ രാമായണത്തിന്റെ 300ലേറെ പാഠങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. രാമായണം പലരീതിയില്‍ വായിക്കപ്പെടുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട.് എന്നാല്‍ ടെലിവിഷന്‍ രാമായണത്തിന്റെ വരവോടെ മറ്റെല്ലാ പാഠങ്ങളും അപ്രസക്തമാക്കപ്പെട്ടു. ഏകമാത്രസ്വഭാവമുള്ള, അധികാരോന്‍മുഖമായ ഒരു പുതിയ രാമായണപാഠം നിര്‍മിക്കപ്പെട്ടു. 1990കള്‍ക്കു ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് ഈ രാമായണപാഠം വലിയ സഹായമാണ് ചെയ്തത്.

ദക്ഷിണേന്ത്യയില്‍ രാമനേക്കാള്‍ പ്രാധാന്യത്തോടെ രാവണനെയും താടകയെയും മേഘനാഥനെയുമൊക്കെ ചിത്രീകരിച്ചിട്ടുള്ള രാമായണകൃതികളും അവയെ ഉപജീവിച്ചിട്ടുള്ള നിരവധി രചനകളും പ്രചാരത്തിലുണ്ട്. കവിതകളായും നാടകങ്ങളായും രാവണകഥ പ്രാധാന്യം നേടിയിട്ടുണ്ട.് എന്നാല്‍ രാവണകഥകള്‍ക്കുമേലെ രാമന്റെ കഥയ്ക്ക് എന്തോ സവിശേഷ പ്രാധാന്യമുണ്ടെന്ന തോന്നല്‍ കേരളത്തിലെ വിഗ്രഹഭഞ്ജകരായ ചിന്തകര്‍ക്ക് പോലുമുണ്ടായിരുന്നു. സാമാന്യബോധത്തിന്റെ സ്വാധീനത്തിന് നിദര്‍ശനമാണിത്. ‘മിശ്രകാന്തി’ പോലുള്ള കൃതികള്‍ എഴുതിയ പള്ളത്ത് രാമന് കേസരി ബാലകൃഷ്ണപിള്ള നല്‍കിയ ഉപദേശം കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’യുടെ മാതൃകയില്‍ വേണം രചനകളെന്നും ‘രാവണായനമല്ല’ എഴുതേണ്ടതെന്നുമായിരുന്നു. രാമായണവും മഹാഭാരതവുമൊക്കെ ചുട്ടെരിക്കേണ്ട കാലമായെന്ന് പി കേശവദേവ്് അഭിപ്രായപ്പെട്ടത് കേരളത്തില്‍വെച്ചാണ് എന്നതുകൂടി ഇവിടെ ഓര്‍ക്കാവുന്നതാണ്.

കേരളീയ നവോത്ഥാനത്തിന്റെ പതാക വാഹകനായിരുന്ന കുമാരനാശാന്‍ ‘ചണ്ഡാലഭിക്ഷുകിയില്‍ ബുദ്ധമതത്തിന്റെ ആശയങ്ങളാണ് പ്രാധാന്യത്തോടെ അവതരിപ്പിച്ചത്. പഴയ ആന്ധ്രയിലെ പ്രഗല്‍ഭ ചിന്തകനും മദ്രാസ് സര്‍വകലാശാലയില്‍ അധ്യാപകനുമായിരുന്ന ലക്ഷ്മി നരസുവിന്റെ (1861 -1931) ആശയങ്ങള്‍ കുമാരനാശാനെ സ്വാധീനിച്ചിരുന്നു. 1929ല്‍ മദ്രാസില്‍ ബുദ്ധിസ്റ്റ് സൊസൈറ്റി സ്ഥാപിച്ച പ്രഫ. ലക്ഷ്മി നരസുവിന്റെ ‘ The essence of Buddism, A study of caste1 തുടങ്ങിയ കൃതികള്‍ ഏറെ പ്രശസ്തി നേടിയവയാണ്. ഇന്ത്യയിലെ ജാതിക്രമത്തെക്കുറിച്ച് നിശിതമായ ഭാഷയിലാണ് ലക്ഷ്മി നരസു വിമര്‍ശനമുന്നയിച്ചത്. ”ഇന്ത്യയിലെപ്പോലെ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞുകയറുന്നതും പാരമ്പര്യാധിഷ്ഠിത സവിശേഷതകള്‍ അടിച്ചേല്‍പ്പിക്കുന്നതുമായൊരു സമ്പ്രദായം ലോകത്ത് മറ്റൊരിടത്തും നമുക്ക് കണ്ടെത്താനാവില്ല” എന്ന് അദ്ദേഹം രേഖപ്പെടുത്തി.

ഇന്ത്യന്‍ സമൂഹത്തിലെ ജാതി മേല്‍ക്കോയ്മയെക്കുറിച്ച് അദ്ദേഹം സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ”ഏതു നേരത്തും ഏതു തൊഴിലും ബ്രാഹ്മണര്‍ക്ക് തുറന്നിട്ടിരിക്കുന്നു. വിശുദ്ധഗ്രന്ഥങ്ങള്‍ പഠിക്കുന്നതില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ അവര്‍ രാജാക്കന്‍മാരായും യോദ്ധാക്കളായും വ്യാപാരികളായും പാചകക്കാരായും കൃഷിക്കാരായും തൊഴിലാളികളായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരുടെ ഉപരിവര്‍ഗസ്ഥിതിപോലും അവര്‍ക്ക് സാധാരണക്കാര്‍ക്കുള്ളതിലധികം അവസരങ്ങള്‍ തുറന്നുകൊടുത്തു. ഏതു തൊഴിലില്‍ വ്യാപൃതനായാലും ഒരു ബ്രാഹ്മണനെ വളരെ ദിവ്യനായി ഗണിക്കണമെന്ന് മനു പ്രഖ്യാപിച്ചിട്ടുണ്ട.് ഒരുവന്‍ ജാതി ശ്രേണിയില്‍ ഉയരുന്നതിനനുസരിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ അവനു തുറന്നുകിട്ടുന്നു”.

മനു പറയുന്നു; അറിവില്ലാത്തവനോ പണ്ഡിതനോ ആയിരുന്നാലും ഒരു ബ്രാഹ്മണന്റേത് ശ്രേഷ്ഠമായ ദിവ്യത്വമാണ്. പറയന്റെ പരിപൂര്‍ണ്ണമായ നീചത്വം ചോദ്യം ചെയ്യാനാവാത്തതാണ് എന്നതുപോലെതന്നെയാണ് ബ്രാഹ്മണന്റെ ഔന്നത്യവും. ഈ രണ്ട് ധ്രുവങ്ങള്‍ക്കുമിടയില്‍ ഓരോന്നിനും വ്യത്യസ്തമായ സ്ഥാനവും അവകാശങ്ങളുമുള്ള അസംഖ്യം ജാതികള്‍ നിലയുറപ്പിച്ചിരിക്കുന്നു. ഒരു ജാതിയുടെ സ്ഥാനം നിര്‍ണയിക്കുന്നത് രക്തത്തിന്റെ സംശുദ്ധി, മുന്‍ഗാമികളുടെ തൊഴിലിന്റെ മാഹാത്മ്യം, വര്‍ജ്യമായ ഭക്ഷണപാനീയങ്ങളില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ തുടങ്ങിയ പരിഗണനകളാലാണ്.

ഈ ജന്‍മത്തില്‍ ഓരോ വ്യക്തിഗത ആത്മാവും അനുഭവിക്കുന്നത് മുന്‍ജന്‍മങ്ങളിലെ അതിന്റെ സ്വന്തം ചെയ്തികളുടെ ഫലങ്ങളാണ്. ഛാന്ദോഗ്യോപനിഷത് പറയുന്നു ”നല്ല ജീവിതം നയിക്കുന്നവര്‍ക്ക് ഒരു ബ്രാഹ്മണ മാതാവിനോ ക്ഷത്രിയയ്‌ക്കോ അതല്ലെങ്കില്‍ വൈശ്യയ്‌ക്കോ പിറക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. അതേസമയം ചീത്തയായ ജീവിതം നയിക്കുന്നവര്‍ ഒരു പട്ടിയുടെയോ പെണ്‍പന്നിയുടെയോ അല്ലെങ്കില്‍ ഒരു ചണ്ഡാള സ്ത്രീയുടെയോ ഗര്‍ഭത്തില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.”

ഇതേക്കുറിച്ച് പ്രഫ. ലക്ഷ്മി നരസു അഭിപ്രായപ്പെടുന്നത് ശ്രദ്ധേയമാണ്. ”മനുഷ്യന്റെ കാര്യകാരണ വിചാരത്തിന് വഴങ്ങാത്ത ഈ തത്ത്വമനുസരിച്ച് മുന്‍ജന്‍മത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അളവറ്റ നന്‍മകള്‍ മൂലമാണ് ഒരു ആത്മാവ് ബ്രാഹ്മണനായി പിറന്നതെങ്കില്‍ മുന്‍ജന്‍മത്തില്‍ ചെയ്തുകൂട്ടിയ തിന്‍മകളുടെ ഭാരത്താലാണ് ഒരാത്മാവ് ശ്വാനനായോ, പന്നിയായോ, ചണ്ഡാളനായോ പിറന്നിട്ടുള്ളത്. മറ്റൊരിടത്തും സമാനതയില്ലാത്ത കര്‍മത്തിന്റെ അല്ലെങ്കില്‍ ആത്മാവിന്റെ ദേഹാന്തരപ്രാപ്തിയുടെ ഹിന്ദു പ്രമാണം ആണിത്”2

ഇന്ത്യയിലെ ജാതി മേല്‍ക്കോയ്മയുടെ തത്ത്വചിന്ത സാധാരണക്കാരെ ബോധ്യപ്പെടുത്താന്‍ ഉതകുന്ന എണ്ണമറ്റ കഥകളും കവിതകളുമൊക്കെ പുരാണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. മൂഷികസ്ത്രീയെ സംബന്ധിച്ചുള്ള കഥ ഇക്കാര്യത്തിലെ മികച്ച ഉദാഹരണമാണ.് ഒരിക്കല്‍ ഗംഗാതീരത്ത് തപസ്സില്‍ മുഴുകിയ യാജ്ഞവല്‍ക്യന്റെ ദേഹത്ത് പതുപതുത്ത എന്തോ വസ്തു വന്നു പതിച്ചു. ഏകാഗ്രത നഷ്ടപ്പെട്ട യാജ്ഞവല്‍ക്യന്‍ കണ്ണു തുറന്നപ്പോള്‍ കണ്ടത് ഒരു എലിക്കുഞ്ഞ് തന്റെ മടിയില്‍ കിടക്കുന്നതാണ്. തപഃശക്തികൊണ്ട് യാജ്ഞവല്‍ക്യന്‍ എലിക്കുഞ്ഞിനെ ഒരു പെണ്‍കുട്ടിയാക്കി മാറ്റി. തന്റെ മകളെപ്പോലെ പരിഗണിച്ചു വളര്‍ത്തി. വിവാഹപ്രായമെത്തിയപ്പോള്‍ അനുയോജ്യനായ വരനുവേണ്ടി തിരച്ചില്‍ തുടങ്ങി. കരുത്തരും സുന്ദരന്‍മാരുമായ പലരും പെണ്‍കുട്ടിയെ കാണാനെത്തി. ആദ്യമെത്തിയത് സൂര്യനായിരുന്നു. സൂര്യന്‍ തന്റെ കരുത്തിനെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ പെണ്‍കുട്ടി ചോദിച്ചത് നിന്നെക്കാള്‍ കരുത്തുള്ള ആരുണ്ട് എന്നായിരുന്നു. മേഘത്തിനുമാത്രമേ തന്നെ മറയ്ക്കാനാവൂ എന്നായിരുന്നു സൂര്യന്റെ മറുപടി. പിന്നെ മേഘത്തിന്റെ ഊഴമായി. മേഘത്തെ തടഞ്ഞുനിര്‍ത്താന്‍ ആരുണ്ട് എന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിന് പര്‍വ്വതത്തിനേ അതു കഴിയൂ എന്ന് മേഘം മറുപടി നല്‍കി. പിന്നീട് പര്‍വ്വതം പെണ്‍കുട്ടിയെ കാണാനെത്തിയപ്പോള്‍ പര്‍വ്വതത്തെ ദുര്‍ബലപ്പെടുത്തുന്നത് ആരാണെന്നായി പെണ്‍കുട്ടിയുടെ ചോദ്യം. അതിന് എലികള്‍ക്കേ കഴിയൂ എന്നായിരുന്നു ഉത്തരം. തുടര്‍ന്ന് എലിയുടെ ഊഴമായിരുന്നു. എലിയെ കണ്ടപ്പോള്‍ പെണ്‍കുട്ടി യാതൊരു എതിര്‍പ്പുമില്ലാതെ സമ്മതമറിയിച്ചു എന്നാണ് കഥാന്ത്യത്തില്‍ പറയുന്നത്. മുജ്ജന്‍മത്തിലെ കാര്യങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായി എന്ന ശൈലിയുടെ സ്ഥാനമിവിടെയാണ്. ഏത് ഉന്നതസ്ഥാനത്തെത്തിയാലും ജന്‍മസ്വഭാവത്തില്‍ മാറ്റമുണ്ടാവില്ല എന്ന പാഠമാണ് ഈ കഥ നല്‍കുന്നത്.

കുയിലിന്റെ കുഞ്ഞുങ്ങളെ തിന്നാനെത്തിയ കാക്കയുടെ കഥയും ഇതോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. കാക്കയോട് കുയില്‍ ആവശ്യപ്പെട്ടത് നീ കുളിച്ച് ശുദ്ധിയോടെ വരൂ എന്നാണ്. കുളിക്കാന്‍ പുഴയിലെത്തിയപ്പോള്‍ കാക്കയോട് പുഴ പറഞ്ഞത് നീ കുളിച്ചാല്‍ ഞാന്‍ അഴുക്കാകും. അതുകൊണ്ട് കുശവന്റെ അടുത്ത് പോയി ഒരു കുടം വാങ്ങി അതില്‍ വെള്ളമെടുത്ത് കുളിച്ചോളൂ എന്നാണ്. കാക്കയോട് കുശവന്‍ പറഞ്ഞത് പുതിയ മണ്ണുകൊണ്ടുവന്നാലേ കുടമുണ്ടാക്കാന്‍ പറ്റൂ എന്നാണ്. മണ്ണ് ഇളക്കിയെടുക്കാന്‍ മാനിന്റെ കൊമ്പ് സംഘടിപ്പിക്കാന്‍ കൊല്ലന്റെ പണിയാലയില്‍ എത്തിയ കാക്ക ലോഹായുധത്തിന്റെ ചൂട് ഏറ്റ് ചത്തുപോയി. ഇതിഹാസങ്ങളില്‍ നിറയെ ജാതിമേല്‍ക്കോയ്മ ഉറപ്പിക്കുന്ന ഇത്തരം കഥാഖ്യാനങ്ങളുണ്ട്. ഇതിഹാസപുരാണങ്ങളെ സൗന്ദര്യാനുഭവങ്ങള്‍ എന്ന നിലയില്‍ സമീപിക്കാനേ കഴിയൂ. ഇന്ത്യക്കാരുടെ ജീവിതത്തിന് വഴികാട്ടുന്ന പുസ്തകങ്ങളാണ് അവയെന്നോ അതെല്ലാം ഇന്ത്യന്‍ ജീവിതത്തിന്റെ ആവിഷ്‌കാരമാണെന്നോ കണക്കാക്കുന്നത് അബദ്ധമായിരിക്കും. കര്‍ക്കിടക മാസത്തില്‍ സവര്‍ണഹിന്ദുക്കള്‍ മാത്രം വായിച്ചിരുന്ന രാമായണം ഇപ്പോള്‍ ദലിതര്‍ക്കുള്‍പ്പെടെ സ്വീകാര്യമാവുകയും രാമായണമാസം ആചരിക്കപ്പെടുകയും ചെയ്യുന്നതിന്റെ പിന്നില്‍ സവര്‍ണ മേല്‍ക്കോയ്മ ഉറപ്പിച്ചെടുക്കാനുള്ള തന്ത്രങ്ങളാണുള്ളത്.

കേരളീയ സാമൂഹിക ജീവിതത്തിലെ നവോത്ഥാന മുന്നേറ്റത്തിന് പിന്‍ബലമായിത്തീര്‍ന്നത് അയ്യങ്കാളിയുടെയും നാരായണഗുരുവിന്റേയും പൊയ്കയില്‍ അപ്പച്ചന്റേയും പണ്ഡിറ്റ് കറുപ്പന്റേയും സഹോദരന്‍ അയ്യപ്പന്റേയുമൊക്കെ ഇടപെടലുകളാണ്. ഇത്തരം ഇടപെടലുകള്‍ സവര്‍ണമേല്‍ക്കോയ്മയ്‌ക്കെതിരേ ഉയര്‍ന്നുവന്ന കീഴാളമുന്നേറ്റത്തിന്റെകൂടി പ്രതിഫലനമായിരുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ 26ാം സമ്മേളനം 1928ല്‍ കോട്ടയത്ത് ചേര്‍ന്നപ്പോള്‍ മുഖ്യാതിഥിയായി എത്തിയ മദന്‍ മോഹന്‍ മാളവ്യ രാമന് ജയ് വിളിക്കാന്‍ സദസ്സിനോട് ആവശ്യപ്പെട്ടപ്പോള്‍ രാവണന് സിന്ദാബാദ് വിളിച്ച് പ്രതികരിച്ച സഹോദരന്‍ അയ്യപ്പന്‍ ഈ കീഴാള മുന്നേറ്റത്തിന്റെ പ്രതീകമായിരുന്നു.

Poykayil Appachan

കേരളത്തില്‍ സമീപകാലത്ത് വിവാദംവിതച്ച സരസ്വതീപൂജ, ഭാരതാംബ, ഗുരുപൂജ തുടങ്ങിയ പദങ്ങളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമൊക്കെ സംഘപരിവാറിന്റെ ആസൂത്രിത പദ്ധതി ഇവിടെ പ്രയോഗിക്കപ്പെടുന്നതിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. ഇന്ത്യയിലെ സവര്‍ണരുടെ അനുഷ്ഠാനമായ സരസ്വതീപൂജ ഇതര സാമൂഹിക വിഭാഗങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള ശ്രമമാണിത്. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ആദ്യപഥികനായ ജ്യോതിബാ ഫൂലെ 1873ല്‍ സത്യശോധക് സമാജ് സ്ഥാപിച്ചപ്പോള്‍ കീഴാള സമൂഹത്തിന്റേതായ ‘കറുത്ത സരസ്വതി’യെക്കൂടി പ്രതിഷ്ഠിക്കുകയുണ്ടായി. ഇന്ത്യക്കാര്‍ക്കുമുന്നില്‍ ”ഞങ്ങളുടെ വിദ്യാദേവത സരസ്വതിയല്ല സാവിത്രിയാണ്” എന്ന സ്‌ഫോടകാത്മകമായ മുദ്രാവാക്യം സത്യശോധക് സമാജ് അവതരിപ്പിച്ചു. ജ്യോതിബാ ഫൂലെയുടെ പങ്കാളി സാവിത്രി ആയിരുന്നു ഈ വിദ്യാദേവത. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി ജീവിതം സമര്‍പ്പിച്ച സാവിത്രി ഭായ് ഫൂലെയെ ‘കറുത്ത സരസ്വതി’ എന്നാണ് ദലിതര്‍ വിശേഷിപ്പിച്ചത.് ബ്രാഹ്മണരുടെ സവര്‍ണ സങ്കല്‍പ്പത്തെയാണ് സത്യ ശോധക് സമാജ് വെല്ലുവിളിച്ചത്.

ഗുരുക്കന്‍മാരെ ബഹുമാനിക്കാനെന്ന പേരില്‍ കുട്ടികളെക്കൊണ്ട് പാദപൂജ ചെയ്യിക്കുന്നത് കുഞ്ഞുങ്ങളില്‍ അടിമ മനോഭാവം സൃഷ്ടിക്കാനുള്ള നീക്കമാണ്. ചന്തുമേനോന്‍ ‘ഇന്ദുലേഖ’യില്‍ നായകനായ മാധവനെ കൊണ്ട് പറയിപ്പിച്ച ഒരു വാക്യം കേരളീയ നവോത്ഥാനവുമായി ബന്ധപ്പെട്ട താക്കോല്‍ വാക്യങ്ങളില്‍ പ്രധാനപ്പെട്ടതാണ.് ‘ഗുരുത്വക്കേട്’ എന്ന വാക്കിനെപ്പറ്റി തനിക്കറിയില്ല എന്നാണ് മാധവന്‍ പറയുന്നത്. മനുഷ്യര്‍ക്കിടയില്‍ തുല്യത വേണമെന്ന ആശയത്തിന്റെ ബഹിര്‍സ്ഫുരണം ആയിരുന്നു അത്. ഗുജറാത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദലിതരുടെ കാലുകഴുകുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരുന്നു. ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കാലുകഴുകപ്പെടുന്നവന്റെ ഉള്‍പ്പുളകം പ്രകടമായിരുന്നു. തോട്ടിപ്പണി ഇപ്പോഴും നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്താണ് ഹിന്ദുത്വ രാഷ്ട്രീയ നേതൃത്വത്തിന്റെ ഈ വിനയപ്രകടനം എന്നത് കൗതുകകരമാണ്. ഒരു ദിവസം തോട്ടിയുടെ കാലുകഴുകി തുടച്ചിട്ട് ജീവിതകാലം മുഴുവന്‍ നിങ്ങള്‍ ഈ തൊഴില്‍ ചെയ്ത് ഞങ്ങളെ സേവിക്കുക എന്നാണ് ഹിന്ദുത്വ രാഷ്ട്രീയ നേതൃത്വം ദളിതരോട് ആവശ്യപ്പെടുന്നത്.

വെജ് മുതല, യോഗ

കാസര്‍കോട് ജില്ലയിലെ ഒരു ക്ഷേത്രക്കുളത്തില്‍ സാമ്പാറും അവിയലും ചോറും കഴിച്ച് ജീവിച്ചുപോന്ന ഒരു മുതലയെക്കുറിച്ച് വാര്‍ത്തകള്‍ വരികയുണ്ടായി. മാംസാഹാരം ഉപേക്ഷിച്ച ഈ മുതലയ്ക്ക് അത് മൃതിയടഞ്ഞപ്പോള്‍ ഹൈന്ദവ ആചാര പ്രകാരമുള്ള ശവസംസ്‌കാര കര്‍മങ്ങളും സംഘടിപ്പിക്കുകയുണ്ടായി. മാംസാഹാരികള്‍ക്ക് ലഭിക്കാന്‍ ഇടയില്ലാത്ത ആദരവാണ് വെജിറ്റേറിയന്‍ മുതലയ്ക്ക് ലഭിച്ചത.് സമീപകാലത്ത് വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ കേമത്തം പരസ്യപ്പെടുത്താന്‍ കിട്ടിയ അവസരമായിരുന്നു ഈ മുതലയുടെ ചരമം. മനുഷ്യരുടെ ആഹാരരീതികളെ പോലും നിയന്ത്രിക്കാനും ആഹാരരീതിയെ ആസ്പദമാക്കി മനുഷ്യരില്‍ ധ്രുവീകരണം സൃഷ്ടിക്കാനും നടക്കുന്ന തീവ്രശ്രമത്തിന്റെ ഇരയായിരുന്നു ഈ വെജിറ്റേറിയന്‍ മുതല,

ഭക്ഷണം, വസ്ത്രം, ഭാഷ, ദേശം എന്നിവയെല്ലാം വര്‍ഗീയ ധ്രുവീകരണത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റപ്പെടുന്ന കാലമാണിത.് സസ്യാഹാരം വേണോ മാംസാഹാരം വേണോ എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പല്ലാതായി മാറുകയാണ്. ബീഫ് നിരോധനമുള്‍പ്പെടെ മുസ്‌ലിംകളെയും ദലിതരെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയമായ ആക്രമണമായിത്തീരുന്നു. സവര്‍ണമേല്‍ക്കോയ്മ മാംസാഹാരം ഇഷ്ടപ്പെടുന്നില്ല എന്നതിനാല്‍ ദലിതരും മുസ്‌ലിംകളും ഹിന്ദുക്കളില്‍ മാംസാഹാരം ഇഷ്ടപ്പെടുന്നവരും അത് കഴിക്കേണ്ടതില്ല എന്ന് ഹിന്ദുത്വ ശക്തികള്‍ തീരുമാനിക്കുന്നു. പശു സംരക്ഷണത്തിന്റെ പേരില്‍ ഗോവധം നിരോധിക്കുന്ന ഘട്ടത്തില്‍ തന്നെ ബീഫ് കയറ്റുമതിയില്‍ ഇന്ത്യ വലിയ കുതിപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു. മൂലധനശക്തികളുടെ താല്‍പ്പര്യങ്ങള്‍ സാമൂഹ്യമായി ഇടപെടുന്നതിന്റെ ദൃഷ്ടാന്തമാണിത്. മാംസാഹാരം കഴിക്കുന്നതിനെക്കുറിച്ച് പുരാണങ്ങളിലും രാമായണത്തിലും പരാമര്‍ശങ്ങളുണ്ട് എന്നു കണ്ടെത്തി ഈ പ്രശ്‌നത്തെ മറികടക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഒരു ജനാധിപത്യ രാജ്യത്തില്‍ പൗരന്‍മാര്‍ ഏതുതരം ഭക്ഷണം കഴിക്കണം എന്ന് നിശ്ചയിക്കാന്‍ പുരാണങ്ങളുടെ പിന്തുണ ആവശ്യമില്ല. ശ്രീരാമന്‍ മാംസം ഭക്ഷിച്ചിരുന്നു. അതിനാല്‍ എല്ലാവര്‍ക്കും മാംസം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന് വാദിക്കുന്നവര്‍ മറന്നുപോകുന്നത് മമ്മദിന് മാംസം ഭക്ഷിക്കാന്‍ രാമന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന പ്രാഥമിക പാഠമാണ്. ശ്രീരാമന്‍ ഭക്ഷിച്ചതെല്ലാം ശ്രീരാമവിശ്വാസികള്‍ ഭക്ഷിക്കണമെന്നില്ല. ഇത് രാമന്റെ പ്രശ്‌നമല്ല, ജനാധിപത്യവ്യവസ്ഥയിലെ പൗരന്‍മാരുടെ പ്രശ്‌നമാണ്.

സംഘപരിവാറിന്റെ മാംസാഹാരവിരുദ്ധത കാലങ്ങളായി മാംസാഹാരം കഴിക്കുന്നവരെപോലും സ്വാധീനിക്കുന്നുണ്ട്. മാംസാഹാരം കഴിക്കുന്ന പലരും പുറമേക്ക് തങ്ങള്‍ വെജിറ്റേറിയന്‍ മാരാണ് എന്ന് പറയുന്ന സ്ഥിതി കേരളത്തില്‍ പോലും രൂപപ്പെടുന്നുണ്ട്.

ഇതേ പരിതഃസ്ഥിതിയാണ് നരേന്ദ്രമോദി അധികാരമേറ്റതിനുശേഷം യോഗാഭ്യാസത്തിന് ലഭിച്ച സാര്‍വദേശീയ പ്രാധാന്യത്തിലുള്ളത്. ഇന്ത്യയില്‍ നിന്ന് ലോകകമ്പോളത്തില്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള ഉല്‍പ്പന്നമായി യോഗ മാറുന്നത് നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു ശേഷമാണ.് പതഞ്ജലി മഹര്‍ഷി ചിട്ടപ്പെടുത്തിയ യോഗാഭ്യാസങ്ങള്‍ നൂറ്റാണ്ടുകളായി ഇന്ത്യയിലെ മനുഷ്യര്‍ പരിശീലിച്ചുകൊണ്ടിരുന്ന വ്യായാമമുറയാണ്. എത്രയോ കാലമായി യോഗാഭ്യാസം ഇവിടെയുണ്ട്. യോഗയെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായപ്രകടനം നടത്തുന്ന പതിവും ഉണ്ടായിരുന്നു. നല്ലൊരു യോഗാഭ്യാസിയായിരുന്ന നാരായണഗുരു തമാശയായി യോഗയെക്കുറിച്ച് പറഞ്ഞിട്ടുള്ള സന്ദര്‍ഭങ്ങളുണ്ട്. യോഗയുടെ ഗുണങ്ങളില്‍ ഒന്ന് നല്ല ശോധന കിട്ടുമെന്നതാണെന്ന് ശിഷ്യരിലാരോ വിവരിച്ചപ്പോള്‍ ‘അതിന് ആവണക്കെണ്ണ പോരെ’ എന്ന് ചോദിച്ച സന്യാസിവര്യനാണ് നാരായണഗുരു. ഇപ്പോള്‍ യോഗയ്ക്ക് കിട്ടുന്ന മഹത്വവല്‍ക്കരണത്തിനടിസ്ഥാനം സവര്‍ണര്‍ക്ക് വ്യായാമമുറകളെക്കുറിച്ചുള്ള അറിവില്ലായ്മയുമായി ബന്ധപ്പെട്ടതാണ്. മരം കയറുകയും കിണര്‍ കുഴിക്കുകയും കടലില്‍ പോവുകയും പാടത്ത് പണിയെടുക്കുകയും ചെയ്യുന്ന ദലിതര്‍ക്ക് മറ്റൊരു വ്യായാമത്തിന്റെയും ആവശ്യമില്ല. ശാരീരികാധ്വാനമില്ലാത്ത സവര്‍ണര്‍ക്ക് യോഗ പോലുള്ള വ്യായാമമുറകള്‍ ആവശ്യമാണ്. അവരെ സംബന്ധിച്ച് അത് അധികമായ ഒരു അധ്വാനമാണ്. ഈ പ്രശ്‌നത്തെ ഭരണകൂടത്തിന്റെ കയ്യൊപ്പോടെ പരിഹരിക്കാനാണ് യോഗ ദിനാചരണത്തിലൂടെ ശ്രമിക്കുന്നത്. ഒരു വ്യായാമമുറ എന്നതിനേക്കാള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുദ്രയുള്ള ഒരു ഉല്‍പ്പന്നം എന്ന നിലയിലാണ് യോഗ ദിനവും പ്രചാരം നേടുന്നത്. ചേരിചേരായ്മ, സാമ്രാജ്യത്വ വിരുദ്ധത, വിമോചന പ്രസ്ഥാനങ്ങള്‍ക്കുള്ള പിന്തുണ തുടങ്ങി ഇന്ത്യ ഉയര്‍ത്തിപ്പിടിച്ചിരുന്ന മുന്‍കാല രാഷ്ട്രീയനിലപാടുകളെയെല്ലാം ഒറ്റയടിക്ക് റദ്ദാക്കാന്‍ യോഗ പ്രചാരണത്തിലൂടെ സാധിച്ചു എന്നതാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നേട്ടം. സാമാന്യബോധത്തിന് എതിര്‍പ്പുകള്‍ ഇല്ലാതെ ഇതെല്ലാം സ്വാംശീകരിക്കാനാകുന്നു എന്നതാണ് പ്രത്യേകത.

വെറുപ്പിന്റെ വൈറസ്

ഇന്ത്യന്‍ സമൂഹത്തില്‍ വെറുപ്പിന്റെ വൈറസിനെ വ്യാപിപ്പിക്കുന്നതിലാണ് സമീപകാലത്ത് സംഘപരിവാര്‍ കെട്ടഴിച്ചുവിട്ട പ്രചാരണ പദ്ധതികളെല്ലാം ലക്ഷ്യംവയ്ക്കുന്നത്. ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് വെറുപ്പിന്റെ വൈറസിനെ ഉപയോഗപ്പെടുത്തുന്നത്. വെറുപ്പിന്റെ വൈറസ് ഭാഷയില്‍ നിറഞ്ഞു കഴിഞ്ഞാല്‍ ആവിഷ്‌കാര സാധ്യതകുറയും, സംഭാഷണവും മനുഷ്യര്‍ക്കിടയിലെ സൗഹൃദവും കുറയും. പ്രതിരോധിക്കുന്നില്ലെങ്കില്‍ ഈ പ്രവണത കൂടി വരും.

ആര്‍എസ്എസ,് വിഎച്ച്പി, ബജ്‌രംഗ്ദള്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ത്യയിലെങ്ങും വ്യാപിക്കുന്ന വെറുപ്പിന്റെ വൈറസിനെ തടയാനുള്ള മനുഷ്യസ്‌നേഹികളുടെ കൂട്ടായ്മകള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. ഇസ്രയേലും അമേരിക്കയും നേതൃത്വം നല്‍കി വികസിപ്പിച്ച ഇസ്‌ലാമോഫോബിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് എണ്ണമറ്റ ദൃഷ്ടാന്തങ്ങളുണ്ട്. അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ 2020 മെയ് മാസത്തില്‍ ഡെറിക് ഷോവിന്‍ എന്ന വെള്ളക്കാരനായ വംശീയവാദി ശ്വാസംമുട്ടിച്ച് കൊന്ന സംഭവം നടുക്കത്തോടെയാണ് ലോകം മുഴുവന്‍ കണ്ടത്. കറുത്ത വര്‍ഗക്കാരും വെള്ളക്കാരും ഈ ക്രൂരതയ്‌ക്കെതിരേ ഒരേപോലെ പ്രതിഷേധിച്ചു. ലോകരാജ്യങ്ങളിലെല്ലാം പ്രതിഷേധപ്രകടനങ്ങളുണ്ടായി. കുറ്റവാളിയായ ഡെറിക് ഷോവിന് 22 വര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ടു. ഇതേക്കുറിച്ച് ജോര്‍ജ് ഫ്‌ളോയിഡിന്റെ മകള്‍ പ്രതികരിച്ചത് ‘അച്ഛന്‍ ലോകത്തെ മാറ്റി’ എന്നായിരുന്നു. ഏതാണ്ട് ഇതേകാലത്താണ് (2020 ഫെബ്രുവരിയില്‍) വന്ദേമാതരം ചൊല്ലാന്‍ ആവശ്യപ്പെട്ട് ഫൈസാന്‍ എന്ന ചെറുപ്പക്കാരനെ സംഘപരിവാര്‍ ഇന്ത്യയില്‍ കൊലപ്പെടുത്തിയത്. ഈ ആള്‍ക്കൂട്ടക്കൊല ഇന്ത്യയില്‍ യാതൊരു പ്രതിഷേധവും ഉയര്‍ത്തിയില്ല. പോലിസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ ഫൈസാന്റെ കൊലയാളികളുടെ പേര് പോലും ഇല്ലായിരുന്നു. അമേരിക്കയിലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം ലോകത്തെങ്ങും പ്രതിഷേധം വിതച്ചുവെങ്കില്‍ ഫൈസാന്റെ അരുംകൊല ഇന്ത്യയില്‍ പോലും ആരുടെയും രോഷം ഉയര്‍ത്തിയില്ല. യൂറോപ്പിനെ സംബന്ധിച്ച് ഫാസിസം ഭൂതകാല അനുഭവമാണെങ്കില്‍ ഇന്ത്യയിലത് വര്‍ത്തമാനകാല അനുഭവമാണ്. യൂറോപ്പിലെ നവനാസികള്‍ക്ക് സാംസ്‌കാരിക അടിസ്ഥാനമില്ല. ഇന്ത്യയിലാകട്ടെ ജാതിമേല്‍ക്കോയ്മയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫാസിസ്റ്റുകള്‍ക്ക് ആഴത്തില്‍ വേരുകളുണ്ട്. ഇവിടെ പുരോഗമനവാദികള്‍ക്ക് പോലും സാമാന്യബോധത്തിലെ ജാതി മേല്‍ക്കോയ്മയ്ക്ക് മുന്നില്‍ കാലിടറി പോകുന്നുണ്ട്. മലയാളത്തിലെ ഒരു പുരോഗമന കവി മുസ് ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്തെ ‘പാകിസ്താന്‍ മുക്കെ’ന്നും ഹിന്ദുക്കള്‍ താമസിക്കുന്നിടത്തെ ‘ഗുജറാത്ത് മുക്ക്’ എന്നും വിശേഷിപ്പിച്ച് കവിതയെഴുതിയിട്ടുണ്ട്. പാകിസ്താന്‍ മുക്ക് എന്ന വിശേഷണം സംഘപരിവാര്‍ നല്‍കുന്നതാണ്. എന്നാല്‍, ഗുജറാത്ത് മുക്ക് അവര്‍ സ്വയം സ്വീകരിക്കുന്നതാണ്. വെറുപ്പിന്റെ വൈറസ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നറിയാന്‍ മറ്റ് ഉദാഹരണങ്ങള്‍ ഒന്നും വേണമെന്നില്ല.

എം എഫ് ഹുസൈന്റെ പെയിന്റിങ്ങുകള്‍ക്കെതിരേ സംഘപരിവാര്‍ രംഗത്തിറങ്ങിയപ്പോള്‍ ഹിന്ദുത്വവാദികളുടെ നേതാവ് ഉമാഭാരതി പ്രഖ്യാപിച്ചത് എം എഫ് ഹുസൈന്‍ പെയിന്ററല്ല, ബുച്ചറാണ് (കശാപ്പുകാരന്‍) എന്നായിരുന്നു. ബുച്ചര്‍ക്ക് പെയിന്ററാവുന്നതിന് യാതൊരു തടസ്സവുമില്ല. ഏതൊരാള്‍ക്കും ഏതു തൊഴിലും ചെയ്യാം. എന്നാല്‍, അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് പ്രതിഭകളാകാന്‍ കഴിയില്ല എന്ന സവര്‍ണബോധമാണ് ഉമാഭാരതിയിലൂടെ പുറത്തുവന്നത്. പ്രതിഭകളായാലും അവര്‍ ജാതി സ്വഭാവം പുറത്തെടുക്കുമെന്നാണ് അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കെതിരായ പരിഹാസം. പഴഞ്ചൊല്ലുകളും മിത്തുകളും ഒക്കെ സവര്‍ണരുടെ ആധിപത്യം ഉറപ്പിക്കുന്ന വിധത്തിലാണ് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത്. ‘ജാത്യാലുള്ളത് തൂത്താല്‍ പോവുമോ’ എന്ന ചോദ്യത്തില്‍ ഇത് കാണാനാകും.

വെറുപ്പിന്റെ വൈറസിന്റെ പ്രവര്‍ത്തനപദ്ധതികള്‍ സാമൂഹ്യജീവിതത്തില്‍ എത്രത്തോളം ആഴ്ന്നിറങ്ങിയിരിക്കുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ക്കെതിരേ നിലപാടെടുത്ത കലാകാരന്മാരോടും എഴുത്തുകാരോടും സാമൂഹ്യപ്രവര്‍ത്തകരോടും സംഘപരിവാര്‍ സ്വീകരിച്ച നിലപാട്. 2014ല്‍ നരേന്ദ്രമോദി വിജയിച്ചാല്‍ ജനാധിപത്യവ്യവസ്ഥയ്ക്ക് പരിക്കുകള്‍ ഏല്‍ക്കുമെന്നും താന്‍ ഇന്ത്യ വിട്ടുപോകേണ്ടി വരുമെന്നും പ്രഖ്യാപിച്ച വിഖ്യാത എഴുത്തുകാരന്‍ യു ആര്‍ അനന്തമൂര്‍ത്തിയെ സംഘപരിവാര്‍ വേട്ടയാടിയരീതി ഉദാഹരണമാണ്. രോഗബാധിതനായിരുന്ന യു ആര്‍ അനന്തമൂര്‍ത്തിയുടെ വീടിനുമുമ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരം പ്രകടനങ്ങള്‍ നടത്തുകയും മധുരപലഹാരവിതരണം നടത്തുകയുമൊക്കെ ചെയ്ത സംഘപരിവാര്‍ അനന്തമൂര്‍ത്തിയോട് പാകിസ്താനിലേക്ക് പോകാന്‍ വിസ നല്‍കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അനന്തമൂര്‍ത്തിക്ക് എഴുത്തുകാരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പിന്തുണ ലഭിച്ചില്ല. മതനിരപേക്ഷ വാദികളുടെ ജാഗ്രതയില്ലായ്മ ഇക്കാര്യത്തില്‍ പ്രകടമായിരുന്നു.

മതപരിവര്‍ത്തനം, ലൗ ജിഹാദ്

ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ സാമാന്യബോധത്തില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള ചില മുന്‍വിധികള്‍ പ്രണയവിവാഹങ്ങള്‍ സംബന്ധിച്ചും മതംമാറ്റം സംബന്ധിച്ചുമുള്ളതാണ.് ഛത്തീസ്ഗഡില്‍ 2025 ആഗസ്തില്‍ ആദിവാസികളെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്ത സംഭവം ഇന്ത്യയിലാകെ വാര്‍ത്താ പ്രാധാന്യം നേടി. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ദുര്‍ഗിലെ കോടതി ഇവരുടെ ജാമ്യാപേക്ഷ പോലും പരിഗണിക്കാന്‍ തയ്യാറായില്ല. മതപരിവര്‍ത്തനം വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്ന് തിരിച്ചറിയാന്‍പോലും ഹിന്ദുത്വവാദികള്‍ക്ക് കഴിയുന്നില്ല. മതം മാറാനോ മതത്തില്‍ നിന്നുതന്നെ മാറാനോ ഉള്ള അവകാശം വ്യക്തികള്‍ക്കുണ്ട്. ജനാധിപത്യത്തിന്റെ സ്പന്ദിക്കുന്ന ഹൃദയമാണ് ഈ സ്വാതന്ത്ര്യങ്ങളെല്ലാം. മതവൈകാരികതയില്‍ നിന്നുള്ള വിമോചനംകൂടിയാണത്. എന്നാല്‍, സാമാന്യബോധത്തിന് ഇതംഗീകരിക്കാനാവില്ല. കേരളത്തിലും ഇന്ത്യയിലും നടന്നിട്ടുള്ള മതപരിവര്‍ത്തനങ്ങളെ ചരിത്രപരമായ പ്രക്രിയ എന്ന നിലയില്‍ കാണുന്നതിന് പകരം ബലപ്രയോഗത്തിലൂടെ മതംമാറ്റം നടത്തുന്നു എന്ന പ്രചാരണമാണ് സംഘപരിവാര്‍ നടത്തുന്നത്. അയിത്താചരണം ഉള്‍പ്പെടെയുള്ള അനാചാരങ്ങളില്‍ നിന്ന് വിടുതല്‍ നേടാനും തുല്യതയുള്ള സാമൂഹ്യപദവി നേടിയെടുക്കാനും കീഴാളജനസമൂഹങ്ങള്‍ മതംമാറ്റത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന വസ്തുത മറച്ചുവയ്ക്കപ്പെടുകയാണ്. മിഷണറിമാര്‍ അധഃസ്ഥിതജനതയെ തേടിച്ചെല്ലുകയല്ല ഉണ്ടായതെന്നും അധഃസ്ഥിത സമൂഹം മിഷണറിമാരെ തിരഞ്ഞു ചെല്ലുകയായിരുന്നുവെന്നും റോബിന്‍ ജെഫ്രി രേഖപ്പെടുത്തിയത് ഇവിടെ ഓര്‍ക്കാവുന്നതാണ്.

ഇന്ത്യയിലെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ‘ലൗജിഹാദ്’ എന്ന പ്രചാരണം സംഘപരിവാര്‍ ഇപ്പോഴും ഇന്ത്യയിലാകെ തുടരുന്നുണ്ട്. പുരോഗമനവാദികള്‍ക്ക് പോലും പ്രണയത്തെ അംഗീകരിക്കുക എളുപ്പമല്ല. രണ്ട് ജാതികളിലോ മതത്തിലോ ഉള്‍പ്പെട്ടവരാണെങ്കില്‍ ഈ പ്രശ്‌നം കുറേക്കൂടി സങ്കീര്‍ണമാവും. പ്രണയത്തെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയില്‍ ഉള്ളവര്‍ക്കും ഉള്ളാലെ പ്രണയത്തെ എതിര്‍ക്കുന്നവര്‍ക്കും സ്വീകാര്യമായ ആശയമായി ലൗ ജിഹാദ് മാറുന്നത് ഈ പശ്ചാത്തലത്തിലാണ്. വ്യത്യസ്ത മതങ്ങളിലും ജാതികളിലും ഉള്ളവരുടെ പ്രണയത്തെയും വിവാഹത്തെയും എതിര്‍ക്കുന്നവര്‍ക്ക് അവര്‍ ഇടതുപക്ഷമായാലും വലതുപക്ഷമായാലും ഇക്കാര്യത്തില്‍ യോജിക്കാനാകും. വലതുപക്ഷത്തെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വീടിന്റെ അകവും പുറവും പൊരുത്തപ്പെടുത്തുക എളുപ്പമാണ്. ഇടതുപക്ഷത്തിന് ബദല്‍ ഉല്‍പ്പാദിപ്പിക്കാനാവുന്നില്ലെങ്കില്‍ വീടിന്റെ അകവും പുറവും പൊരുത്തപ്പെടുത്തുക എളുപ്പമല്ല.

സംവാദപാരമ്പര്യം

കേരളീയ സംസ്‌കാരത്തിലെ സംവാദപാരമ്പര്യത്തിന് മഹത്തായ സംഭാവന നല്‍കിയത് ശ്രീനാരായണ ഗുരുവാണ്. വിദ്യാഭ്യാസ, തൊഴില്‍ മണ്ഡലങ്ങളില്‍ നിലനിന്ന അവഗണനയ്‌ക്കെതിരേ നിരന്തരം പൊരുതിയ ഡോക്ടര്‍ പല്‍പ്പുവും, ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന ആധ്യാത്മിക കാഴ്ചപ്പാട് മുന്നോട്ടുവെച്ച ശ്രീനാരായണഗുരുവും ഒരേ വേദിയിലുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ എന്ന ഭൗതിക സമീപനം ഉയര്‍ത്തിപ്പിടിച്ച സഹോദരന്‍ അയ്യപ്പനും സവര്‍ണപീഡനത്തില്‍നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം മതപരിവര്‍ത്തനമാണെന്ന് വാദിച്ച സി വി കുഞ്ഞുരാമനും ഒരു സമുദായത്തെ സംബന്ധിച്ചിടത്തോളം മതപരിവര്‍ത്തനം ഒരു മോചനമാര്‍ഗം ആകുന്നില്ലെന്ന് വാദിച്ച കുമാരനാശാനും, മതം മാറുകയല്ല, മറിച്ച് ഈഴവര്‍ ഒരു സ്വതന്ത്ര സമുദായമായി മാറുകയാണ് വേണ്ടത് എന്ന് വാദിച്ച ഇ മാധവനുമുണ്ടായിരുന്നു. ദേശീയ പ്രസ്ഥാനത്തില്‍ ഉറച്ചുനിന്ന് സവര്‍ണവിരുദ്ധ പ്രക്ഷോഭങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ച ടി കെ മാധവനും, ‘നശിച്ച കേരളം, പുഴുത്ത ഭാരതം’ എന്ന് ഹൃദയവേദനയോടെ പാടിയ പള്ളത്ത് രാമനും കാള്‍ മാര്‍ക്‌സിനെ ‘ഭഗവാന്‍ മാര്‍ക്‌സ്’ എന്ന് വിശേഷിപ്പിച്ച സി കേശവനും ഉള്‍പ്പെടെ സാമൂഹ്യപരിവര്‍ത്തനത്തെ സംബന്ധിച്ച് വിശദാംശങ്ങളില്‍ മാത്രമല്ല, മൗലികനിലപാടുകളില്‍ പോലും ഭിന്നിപ്പുള്ളവരെ അധഃസ്ഥിത വിമോചനം എന്ന മഹത്തായ മുദ്രാവാക്യത്തിന്റെ കീഴില്‍ ഐക്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രവിജയം.

Sree Narayana Guru

ബ്രാഹ്മണാധികാരത്തിന്റെ ജ്ഞാനകുത്തക പൊളിക്കാന്‍ ചട്ടമ്പിസ്വാമികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പരാമര്‍ശിക്കേണ്ടതുണ്ട്. ജാതിവിമോചനത്തെ എതിരിടുന്നതില്‍ അദ്ദേഹത്തിന്റെ ‘വേദാധികാരനിരൂപണം’, ‘പ്രാചീന മലയാളം’ എന്നീ കൃതികള്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ബാദരായണന്റെ ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികരണത്തിന് ശങ്കരാചാര്യര്‍ എഴുതിയ ഭാഷ്യത്തിന്റെ യുക്തിയെ വെല്ലുവിളിക്കുകയും സ്ത്രീക്കും ശൂദ്രര്‍ക്കും വേദാധികാരമില്ലെന്ന വാദം തകര്‍ക്കുകയും ചെയ്ത ചട്ടമ്പിസ്വാമികള്‍ കേരളം പരശുരാമന്‍ സൃഷ്ടിച്ചതാണെന്ന മിത്തിനെ ‘പ്രാചീന മലയാളം’ എന്ന കൃതിയിലൂടെ തകര്‍ക്കുകയും ചെയ്തു.

അയ്യങ്കാളി നേതൃത്വം നല്‍കിയ കര്‍ഷകതൊഴിലാളി പണിമുടക്കും സാധുജന പരിപാലന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളും ദരിദ്രര്‍ക്ക് വിദ്യാഭ്യാസത്തിനു വേണ്ടിയും മാന്യമായി വസ്ത്രം ധരിക്കാനും വഴി നടക്കാനുമുള്ള പോരാട്ടങ്ങളും കേരളത്തെ പരിവര്‍ത്തിപ്പിച്ച സാമൂഹിക ഇടപെടലുകളാണ്. പൊയ്കയില്‍ അപ്പച്ചന്‍ ജാതി വിവേചനത്തിനെതിരേ നടത്തിയ പ്രക്ഷോഭങ്ങളും പ്രചാരണപ്രവര്‍ത്തനങ്ങളും ചരിത്രപ്രധാനമാണ്. പണ്ഡിറ്റ് കറുപ്പന്‍, വേലുക്കുട്ടി അരയന്‍, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ അധഃസ്ഥിതരായിരുന്ന ജനതയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു. മന്നത്ത് പത്മനാഭനും വി ടി ഭട്ടതിരിപ്പാടും സാമൂഹ്യതുല്യതയ്ക്കുള്ള പോരാട്ടങ്ങളെ ഊര്‍ജ്ജസ്വലമാക്കി. മലബാറില്‍ വാഗ്ഭടാനന്ദനും ബ്രഹ്മാനന്ദ ശിവയോഗിയും സ്വതന്ത്ര ചിന്തയുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. വൈകുണ്ഠസ്വാമി(1809-1851)കളില്‍നിന്നാരംഭിക്കുന്ന കേരളീയ നവോത്ഥാനത്തിന്റെ ഈ പ്രവാഹം കടപുഴക്കിയത് സവര്‍ണ മേധാവിത്വത്തിന്റെ വന്‍മരങ്ങളെത്തന്നെയായിരുന്നു. തൈക്കാവ് അയ്യാവിനെപ്പോലുള്ളവര്‍ ഈ പ്രക്രിയയ്ക്ക് വലിയ ഊര്‍ജ്ജം പകര്‍ന്നു.

Mahatma Ayyankali

വെളിയങ്കോട് ഉമര്‍ ഖാസി മുതല്‍ വക്കം മൗലവി വരെ നീളുന്ന വലിയൊരു നിര സാമൂഹ്യപ്രവര്‍ത്തകര്‍ മുസ്‌ലിംകള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളീയ നവോത്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് വലിയ സംഭാവന നല്‍കിയിട്ടുണ്ട്. 1930കള്‍ക്ക് ശേഷം ജാതി മേധാവിത്വത്തിനും മതപൗരോഹിത്യത്തിന്റെ ഇടപെടലുകള്‍ക്കുമെതിരേ പൊന്‍കുന്നം വര്‍ക്കിയും പി കേശവദേവും എം പി പോളും ബഷീറും തകഴിയുമടക്കമുള്ള തലമുറ സാഹിത്യപ്രവര്‍ത്തനത്തിലൂടെ നടത്തിയ പ്രതിരോധവും ശ്രദ്ധേയമായിരുന്നു.

ജാതിമേധാവിത്വത്തില്‍ അമര്‍ന്നിരുന്ന പഴയ കേരളത്തെ നവോത്ഥാന കേരളമാക്കി മാറ്റിയതില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വലിയ സ്വാധീനമുണ്ട്. രാഷ്ട്രീയരംഗത്ത് നവോത്ഥാനാശയങ്ങളെ പിന്‍പറ്റുകയും മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും സോഷ്യലിസ്റ്റ് ആശയങ്ങളുടെയും അടിത്തറ ശക്തിപ്പെടുത്തും വിധം ഉയര്‍ന്നുവരികയും ചെയ്ത കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും വ്യത്യസ്ത വിഭാഗം തൊഴിലാളികളുടെയും സമരപരമ്പരകളും ചരിത്ര പ്രധാനമാണ്.

പ്രതിരോധത്തിന്റെ വഴികള്‍

ഫാസിസത്തിന്റെ ഇരുണ്ടകാലത്ത് മനുഷ്യത്വത്തിന്റെയും വിപുലമായ സാമൂഹിക കൂട്ടായ്മയുടെയും ദീപശിഖ ഉയര്‍ത്തിപ്പിടിക്കേണ്ടത് എല്ലാ മനുഷ്യരുടെയും പ്രാഥമികമായ ചുമതലയാണ്. ഫാസിസ്റ്റുകളുടെ അതിക്രമങ്ങള്‍ക്കെതിരേയും നുണപ്രചാരണങ്ങള്‍ക്കെതിരേയും പ്രതിരോധമൊരുക്കാന്‍ ശേഷിയുള്ള ശക്തമായ പൗരാവകാശപ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും ഫാസിസ്റ്റുകള്‍ക്കെതിരായ ഐക്യനിര ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മലയാളികള്‍ പുലര്‍ത്തുന്ന ഉദാസീനസമീപനം മാപ്പര്‍ഹിക്കുന്നതല്ല. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട ആള്‍ക്കൂട്ടക്കൊലപാതകങ്ങളില്‍, മുഹമ്മദ് അഖ്‌ലാഖിന്റേതടക്കമുള്ള ക്രൂരമായ കൊലപാതകങ്ങളില്‍, പ്രതിഷേധിക്കാന്‍ മുന്നില്‍ നിന്നവരില്‍ പലരും, മംഗലാപുരത്ത് മലയാളിയായ അഷ്‌റഫിനെ തല്ലിക്കൊന്നപ്പോള്‍ പുലര്‍ത്തിയ നിശബ്ദത അപകടകരമായ സൂചനയാണ്. സംഘപരിവാറിന്റെ ആള്‍ക്കൂട്ടക്കൊലപാതകത്തിനിരയായ ആദ്യത്തെ മലയാളിയായിരുന്നു മലപ്പുറം പറപ്പൂര്‍ സ്വദേശിയായ അഷറഫ്. 2025 ഏപ്രില്‍ 27ന് ഹിന്ദുത്വവാദികളായ ചെറുപ്പക്കാര്‍ ക്രിക്കറ്റ് കളിക്കുന്നിടത്ത് നോക്കിനിന്ന അഷ്‌റഫിനെ പാകിസ്താന്‍ സിന്ദാബാദ് വിളിച്ചു എന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. മൃതദേഹം രണ്ടുമണിക്കൂറോളം തെരുവില്‍ കിടന്നു. ഈ സമയമത്രയും കൊലയാളികളായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്രിക്കറ്റ് കളി തുടര്‍ന്നു എന്നാണ് പോലിസ് വെളിപ്പെടുത്തിയത്. അഷ്‌റഫ് പാകിസ്താന്‍ സിന്ദാബാദ് എന്നു വിളിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കര്‍ണാടക പോലിസ് വെളിപ്പെടുത്തി. നിഷ്ഠുരമായ ഈ സംഭവം കേരളത്തില്‍ ആരുടെയും ഉറക്കം കെടുത്തിയില്ല. മുഖ്യധാരാമാധ്യമങ്ങള്‍ക്കും ഇത് വാര്‍ത്തയായില്ല. കര്‍ണാടകയിലെ മനുഷ്യാവകാശപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും നടത്തിയ ഇടപെടലാണ് പോലിസിനെ കേസെടുക്കാനും കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും പ്രേരിപ്പിച്ചത്. സംഘപരിവാര്‍ ആക്രമണങ്ങളോട് മലയാളി സമൂഹത്തിനുള്ള മനോഭാവം പ്രകടമാക്കുന്ന ലിറ്റ്മസ്‌ടെസ്റ്റായി ഈ കൊലപാതകത്തെ കാണാവുന്നതാണ്.

ഫാസിസത്തിനെതിരേ ബദല്‍ ഉയരും എന്ന് പ്രതീക്ഷിക്കുന്ന പ്രദേശങ്ങളെ ലക്ഷ്യമാക്കി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംഘപരിവാര്‍ ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിക്കുന്നുണ്ട്. ഫാസിസ്റ്റുകളുടെ കൂടപ്പിറപ്പായ യുദ്ധവെറി കേരളത്തിലെ മാധ്യമങ്ങളില്‍ നിറയുന്നതിന് മറ്റു കാരണങ്ങള്‍ തിരയേണ്ടതില്ല. യുദ്ധം ജനങ്ങള്‍ക്ക് ദുരന്തം മാത്രം നല്‍കുന്നതിനാല്‍ എക്കാലത്തും യുദ്ധത്തിനെതിരേ നിലപാടെടുക്കുന്നവര്‍ പോലും ഇപ്പോള്‍ യുദ്ധങ്ങളില്‍ പക്ഷം ചേരുന്ന കാഴ്ച സാധാരണമായിട്ടുണ്ട.് രാജ്യസ്‌നേഹം, ദേശീയത തുടങ്ങിയ ആശയങ്ങളുടെ മറപിടിച്ചാണ് യുദ്ധാസക്തി പ്രകടമാകുന്നത്.

ദൈനംദിനജീവിതത്തില്‍ മരണാനന്തരചടങ്ങുകള്‍, വിവാഹം, ഗൃഹപ്രവേശം, കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ എന്നിവയിലെല്ലാം മുമ്പില്ലാത്തവിധം മതപരതയും സവര്‍ണ താല്‍പ്പര്യങ്ങളും വര്‍ദ്ധിച്ചുവരുന്നതും, ജാതകപരിശോധനയും മന്ത്രവാദവും ജ്യോത്സ്യന്‍മാരെ സന്ദര്‍ശിക്കലുമൊക്കെ എല്ലാ സമുദായങ്ങളുടെയും ശീലമായിമാറുന്നതും കേരളീയ നവോത്ഥാനത്തിന്റെ അടിസ്ഥാനശിലകളെത്തന്നെ കടപുഴക്കാന്‍പോന്ന പ്രവണതകളാണ്. പൊതുപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തനത്തേയും അപഹസിക്കുന്ന പ്രവണതയും ജാതി മേധാവിത്വത്തിന്റെയും മതമേധാവിത്വത്തിന്റെയും അവകാശവാദങ്ങളും സാമൂഹിക ഇടപെടലുകളും കേരളീയ സമൂഹത്തിന്റെ മാറുന്ന പ്രവണതകള്‍ക്ക് ദൃഷ്ടാന്തമാണ്.

സംഘപരിവാര്‍ നേതൃത്വം കേരളീയ ജീവിതത്തിലെ സവിശേഷതകളെയെല്ലാം മായ്ച്ചു കളയാനുള്ള ആസൂത്രിത പ്രവര്‍ത്തനപദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. മലയാളികളുടെ ഉത്സവമായ ഓണത്തെ സംബന്ധിച്ച് അമിത് ഷാ നടത്തിയ പരാമര്‍ശം ഇതിന്റെ സൂചനയാണ്. മഹാബലിയെ മഹത്വവല്‍ക്കരിക്കുന്നതിനെ സംഘപരിവാര്‍ എതിര്‍ത്തു തുടങ്ങിയിട്ടുണ്ട്. ഒരു അസുര ചക്രവര്‍ത്തി ദേവന്മാര്‍ക്കുപോലും അസൂയ ഉണ്ടാകുന്നവിധം ക്ഷേമൈശ്വര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയതും ദേവേന്ദ്രന്‍ വാമനനായി അവതരിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും, തിരുവോണത്തിന് മഹാബലി പ്രജകളെ കാണാന്‍ തിരിച്ചെത്തുന്നതുമായ മിത്ത് സംഘപരിവാറിന് ഇഷ്ടപ്പെടുന്നില്ല. ഓണമല്ല, വാമനജയന്തിയാണ് ആഘോഷിക്കേണ്ടത് എന്ന സംഘപരിവാറിന്റെ പ്രഖ്യാപനം കേരളീയ ജീവിതത്തിന്റെ സഹവര്‍ത്തിത്വ സംസ്‌കാരത്തെ ലക്ഷ്യം വയ്ക്കുന്നതാണ്. മഹാരാഷ്ട്രയില്‍ ജ്യോതിബാ ഫൂലെ, ബാലിചക്രവര്‍ത്തിയുടെ കഥ ബ്രാഹ്മണരുടെ ചതിക്കു ദൃഷ്ടാന്തമായി ഉയര്‍ത്തിക്കാണിച്ചതും മലയാളിയുടെ ഓണത്തിന്റെ ഐതിഹ്യവും തമ്മിലുള്ള സാമ്യവും ചിന്തനീയമാണ്. ബ്രാഹ്മണവിരുദ്ധ മുന്നേറ്റത്തില്‍ ബാലിയെ ഒരു സൂചകമാക്കുകയാണ് ഫൂലെ ചെയ്തത്.

ഫാസിസ്റ്റുകളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തന പദ്ധതിയില്‍ നിരവധി സൂക്ഷ്മതലപ്രയോഗങ്ങള്‍ ആവശ്യമുണ്ട്. എണ്ണമറ്റ ബദല്‍ പ്രയോഗങ്ങള്‍ ജനകീയ പിന്തുണയോടെ ഇതിനായി രൂപപ്പെടുത്തണം. സാംസ്‌കാരികവും സാമൂഹ്യവും രാഷ്ട്രീയവുമായ നിരവധി ഇടപെടലുകള്‍ ഇതിനായി വികസിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ബഹുസ്വരതയുടെ അടിസ്ഥാനത്തിലുള്ള പ്രതിരോധകൂട്ടായ്മകള്‍ രൂപപ്പെടുത്തുകയാണ് ആവശ്യം. കേരളീയ സമൂഹത്തിലും ഇന്ത്യന്‍ സമൂഹത്തിലും ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പ്രധാനമായി കാണുന്ന വ്യക്തികളുടെയും സംഘടനകളുടെയും ഐക്യവും യോജിച്ച പ്രവര്‍ത്തനങ്ങളുമാണ് ഇതിന് ആവശ്യം. വിശാലമായ ഉള്ളടക്കത്തോടെയും ഇച്ഛാശക്തിയോടെയും ത്യാഗപൂര്‍ണ്ണമായും നിരന്തരമായും പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത ഇത്തരം കൂട്ടായ്മകള്‍ക്ക് ആവശ്യമാണ്. നമ്മുടെ കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ കടമയാണിത്. മനുഷ്യത്വവും തുല്യതയും പുലരുന്ന ഭാവി സമൂഹത്തിനുവേണ്ടി ഈ കടമ ഏറ്റെടുക്കാന്‍ മുഴുവന്‍ മതേതരവാദികള്‍ക്കും ജനാധിപത്യവാദികള്‍ക്കും ഉത്തരവാദിത്തമുണ്ട്. സര്‍വ്വനാശത്തില്‍ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല.

കുറിപ്പ്:

1. Arun Shourie: The new Icon Savarker and the Facts.

2. ലക്ഷ്മി നരസു: ജാതി ഒരു പഠനം. ചിന്താ പബ്ലിഷേഴ്‌സ്

(‘ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരിണാമം’ പുതിയ പതിപ്പില്‍ നിന്നുള്ള അധ്യായം. പുസ്തകം അടുത്തു തന്നെ പ്രസിദ്ധീകരിക്കുന്നു-
കെഇഎന്‍, കെഎസ്ഹരിഹരന്‍)

No Comments yet!

Your Email address will not be published.