Skip to main content

‘ചട്ടുകാലി’

ഷീറിന്റെ മികച്ച കഥകളിലൊന്നല്ല ‘ചട്ടുകാലി‘, ജീനിയസ്സായ ഒരെഴുത്തുകാരന്റെ എല്ലാ രചനകളും മികച്ചതായിക്കൊള്ളണമെന്നില്ല? പിന്നെയെന്താണീ പ്രണയകഥയുടെ പ്രത്യേകത?

അതിമനോഹരമായ പ്രണയകഥകളെഴുതിയിട്ടുള്ള കഥാകാരനാണ് ബഷീര്‍. ജീവിതം യൗവ്വനതീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായ അസുലഭ കാലഘട്ടത്തെ അസംബന്ധ സമൃദ്ധവും കാല്‍പ്പനികവുമായി ഭാവനകളാല്‍ ഉദാത്തമാക്കിയ കഥാകാരന്‍ സ്ത്രീ സാമീപ്യത്തിനു വേണ്ടിയുള്ള പുരുഷമനസ്സിന്റെ (മറിച്ചും) ദാഹം ‘മതിലുകളി’ല്‍ മനോഹരമായി ബഷീര്‍ വരച്ചുകാണിക്കുന്നു. വിഷക്കല്ലു ചവിട്ടി മജീദിന്റെ കാലിലുണ്ടാവുന്ന പരുക്ക്, ഒരു ചുംബനത്തിന്റെ ചൂടുകൊണ്ട് സുഹറ പൊട്ടിക്കുമ്പോള്‍ അത് നിഗൂഢമായ രതിവാഞ്ഛയുടെ ധന്യാത്മകശ്രുതിയായി മാറുന്നു. ‘അനുരാഗത്തിന്റെ ദിനങ്ങളി’ല്‍ ദേവിയുമായുള്ള ബന്ധം കൂടുതല്‍ പ്രകടമായ ലൈംഗികതയിലേക്ക് കടക്കുന്നുണ്ട്. കാമുകനായ മണ്ടന്‍ മത്തുപയ്ക്ക് പുട്ടില്‍ ആരും കാണാതെ, പുഴങ്ങിയ കോഴി മുട്ട വച്ചുകൊടുക്കുന്ന സൈനബയുടെ പ്രേമത്തിനു നാട്ടിന്‍പുറത്തിന്റെ ലാളിത്യവും നര്‍മഭംഗിയുമുണ്ട്.

❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്
Google Pay / UPI
9400058466
Maruvakku Monthly A/C
A/C: 38213106039
IFSC: SBIN0070576
Puthiyara, Kozhikode

🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

‘ചട്ടുകാലി’യുടേതും പ്രേമകഥതന്നെയാണ്. ഒരു ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റരുടെ മകളും കവിയും തമ്മിലുള്ള പ്രണയം. തന്റെ പുസ്തകങ്ങള്‍ വില്‍ക്കാനാണ് കവി സ്‌കൂളിലെത്തുന്നത്. ഹെഡ്മാസ്റ്റര്‍ അയാളുടെ ആരാധനകാണ്. കടലാസുകെട്ടില്‍ പപ്പടമായിരിക്കുമെന്നു പറഞ്ഞ്, ഹെഡ്മാസ്റ്ററുടെ മകള്‍ കവിയെ പരിഹസിക്കുന്നു. അയാളതിനു ശക്തമായ മറുപടി നല്‍കുന്നു. കൂടുതല്‍ പ്രകോപിപ്പിക്കാനായി മറ്റൊരു വിദ്യാര്‍ത്ഥിനി അയാളുടെ ഉടുപ്പിലേക്ക് മഷി കുടഞ്ഞു. അയാളവളുടെ ഫൗണ്ടന്‍ പേന പിടിച്ചുപറിച്ച് ദൂരെയെറിഞ്ഞു. മറ്റു പെമ്പിള്ളേരെല്ലാം കൂടി കവിയെ കടിക്കുകയും മാന്തുകയും ചെയ്തു. അയാളവരില്‍ ചിലരെ മുടിക്കു ചുറ്റിപ്പിടിച്ചു. ഹെഡ്മാസ്റ്ററുടെ മകളെ തള്ളിത്താഴെയിട്ടു. അവളുടെ കാലൊലിടിഞ്ഞു. അതോടെയാണവള്‍ ചട്ടുകാലിയായത്.

ഒരു മാസത്തോളം അവള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആ ദിവസങ്ങളില്‍ അടുത്തിരുന്ന് അയാളവളെ ശുശ്രൂഷിച്ചു! ‘ഓമനയുടെ വീഴ്ച’ എന്ന മിസ്റ്റിക് കാവ്യവും രചിച്ചുവെന്ന നര്‍മോക്തിയോടെയാണിത് ബഷീര്‍ വിവരിക്കുന്നത്. അവള്‍ നടക്കാറായപ്പോള്‍ വിവാഹം ചെയ്യുകയും ചെയ്തു. നാലു വര്‍ഷമായി ആ ദാമ്പത്യബന്ധം തുടരുന്നു.

 

ഇതിലെന്താണിത്ര വിശേഷം? നര്‍മമധുരമായ ആവിഷ്‌കാരം തന്നെയാണ് ‘ചട്ടുകാലി’യുടെ പ്രത്യേകത.

‘നീണ്ടുനിവര്‍ന്ന്, നെഞ്ചുതള്ളി ഞാന്‍ ഇനിയും ഇടിക്കും’ എന്ന ഭാവത്തില്‍ നടക്കുന്ന പുരുഷന്റെ പിന്നാലെ, ‘ഓ! അതിനു ഞാനൊന്നും പറഞ്ഞില്ലല്ലൊ!’ എന്ന ഭാവത്തില്‍ അയാളുടെ ഒപ്പം നടന്നെത്താന്‍ പണിപ്പെടുന്ന ചട്ടുകാലിയെ കണ്ട് പാര്‍ക്കിലിരുന്നവരൊക്കെ ചിരിച്ചു’ എന്ന തുടക്കത്തില്‍ തന്നെ ഇരു കഥാപാത്രങ്ങളുടെയും ഭാവാന്തരങ്ങളും അവരോട് സമൂഹത്തിനുള്ള പുച്ഛവും, ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിലെന്നോണം തെളിയുന്നു. ഫെമിനിസ്റ്റുകളെ പ്രകോപിപ്പിക്കാവുന്ന ഒരു ദൃശ്യം.

ദാമ്പത്യജീവിതത്തിലെയും സ്ത്രീപുരുഷബന്ധത്തിലെയും രാഗദ്വേഷങ്ങളെ (Love & Hate)
കുറിച്ച് ബഷീര്‍ സരസമായി പലപ്പോഴും എഴുതിയിട്ടുണ്ട്. ‘പൂവന്‍പഴം’ എന്ന കഥതന്നെ ഉദാഹരണം. ഗര്‍ഭിണിയായ ജമീലാബീവി രണ്ട് പൂവന്‍പഴം തിന്നാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. കാര്യം നിസ്സാരം. പക്ഷെ, കടയില്‍ ചെന്നപ്പോള്‍ എല്ലാത്തരം പഴങ്ങളുമുണ്ട്, പൂവനൊഴികെ. അബ്ദുല്‍ഖാദര്‍ ഒരു ഡസന്‍ ഓറഞ്ചും വാങ്ങി, കോരിച്ചൊരിയുന്ന മഴയത്ത്, നദി നീന്തിക്കടന്നു വീട്ടിലെത്തുമ്പോള്‍ ജമീലബീവി, ‘ബുസ്‌ക്’ എന്നു പറയുന്നതുപോലെ ഇരിക്കുന്നു. ചൂരല്‍കൊണ്ട് നല്ല അടികൊടുത്തപ്പോഴാണവള്‍ ഓറഞ്ചു തിന്നാന്‍ തയ്യാറാകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പടുവൃദ്ധരായിട്ടും അവര്‍ അക്കഥ പറഞ്ഞ് ചിരിക്കുന്നു.

‘എടി’ എന്നു വിളിച്ച മജീദിനെ പാരപോലുള്ള നഖങ്ങളാല്‍ മാന്തുന്ന സുഹറയെ ഓര്‍മിക്കുക. ‘മധുരമീ പ്രേമകലഹങ്ങള്‍’ എന്ന ഈ ഭാവം പല ബഷീര്‍ കഥകളിലും കാണാം. സ്ത്രീസ്വത്വത്തിന്റെ പല ഭാവാന്തരങ്ങള്‍ അവയില്‍ ചിതറിക്കിടക്കുന്നുണ്ട്. സ്ത്രീയെ അവയൊന്നും സാമാന്യവല്‍ക്കരിക്കുന്നില്ല. തന്റെ ആദ്യകഥയായ ‘തങ്ക’ത്തില്‍ തന്നെ, ആര്‍ക്കും വേണ്ടാത്ത കറമ്പിക്കൂനിയെ കഥാനായികയാക്കാന്‍ ബഷീര്‍ മടിക്കുന്നില്ല. അവളുടെ മുഖത്തെ ബഷീര്‍ ഉപമിക്കുന്നത് ‘കറുത്ത ചിമ്മിനിയില്‍ നിന്നും പരക്കുന്ന വെളിച്ചത്തിന്റെ കാളിമ’ എന്നാണ്. വെളിച്ചത്തിന്റെ വെളിച്ചം എന്ന പ്രയോഗംപോലെത്തന്നെ അമ്പരിപ്പിക്കുന്ന മറ്റൊരു പ്രയോഗം. ‘പാത്തുമ്മയുടെ ആട് അഥവാ പെണ്ണുങ്ങളുടെ ബുദ്ധി’ എന്ന തമാശക്കഥയില്‍ സ്ത്രീകളുടെ സഹനവും അതിജീവനതന്ത്രവുമാണ് ബഷീര്‍ പറയുന്നത്. പുരുഷന്മാര്‍ക്ക് ചോറും കറിയുമുണ്ടാക്കിക്കൊടുത്തിട്ട് കപ്പക്കിഴങ്ങും കഞ്ഞിവെള്ളവും കുടിച്ച് അവര്‍ തൃപ്തരാകുന്നു. ആ നോവലിലൊരിടത്ത് ഉമ്മ ചോദിക്കുന്നു: ”നിനക്ക് വീടിനെപ്പറ്റി എന്തറിയാം? ഒറ്റാന്തടി, മുച്ചാം വയറ്”.

വീട്, കുടുംബം, സന്താനങ്ങള്‍ എന്ന ലോകമാണ് ജീവതത്തെ ധന്യമാക്കുന്നതെന്ന ഒരു ധ്വനി അതിലുണ്ട്. വിവാഹിതനാകുന്നതിനു മുമ്പ് വിവാഹിതരെല്ലാം അജ്ഞാനികളാണെന്നു കളിയാക്കി പറഞ്ഞിരുന്ന ബഷീര്‍ വിവാഹിതനായതിനുശേഷം അവിവാഹിതരെയെല്ലാം അജ്ഞാനികളായി മുദ്രകുത്തിയപ്പോള്‍, അതില്‍ അല്‍പ്പം കാര്യവുമുണ്ടായിരുന്നു. വിവാഹിതനാകുന്നതിനു എത്രയോ മുമ്പ്, എഴുതിയ ‘ചട്ടുകാലി’യില്‍ ചിത്രീകരിക്കുന്നത് അവിവാഹിത ജീവിതത്തിലെ കൊടിയ ഏകാന്തതയാണ്. നിശ്ചലമായ തടാകം പുഴയെക്കുറിച്ച് ഓര്‍ത്ത് നെടുവീര്‍പ്പിടുന്നതുപോലെയാണ് ബഷീര്‍ അവതരിപ്പിക്കുന്നത്. വാസ്തവത്തില്‍ പ്രണയദാമ്പത്യമൊ, ദാമ്പത്യപ്രണയമോ ഒന്നുമല്ല ഇതിന്റെ പ്രമേയം. ഏകാന്തത തന്നെയാണ്. അതിന് ബഷീര്‍ ഉപയോഗിക്കുക്കുന്നത് ഉത്തരാധുനിക കഥയിലെ ടെക്‌നിക്കാണ്!

ദൃക്‌സാക്ഷികളിലൂടെ അല്ലെങ്കില്‍ നിരീക്ഷീക്ഷകരിലൂടെ കഥ പറയുക എന്നത് ആധുനികമോ ഉത്തരാധുനികമോ ആയ സങ്കേതമാണല്ലൊ. എം മുകുന്ദന്റെ ‘ദല്‍ഹി 1981’ എന്ന കഥയില്‍ ഈ ടെക്‌നിക്കാണ് പ്രയോഗിച്ചിരിക്കുന്നത്. ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തുകയും പിഞ്ചുകുഞ്ഞിനെ ഞെരിച്ചുകൊല്ലുകയും ചെയ്തശേഷം ഒരു യുവതിയെ നഗരമൈതാനത്തുവച്ച് രണ്ട് ഗുണ്ടകള്‍ ബലാല്‍സംഗം ചെയ്യുന്നത് അടുത്തുള്ള ലോഡ്ജ്മുറിയിലിരുന്ന് ആസ്വദിക്കുന്ന ചെറുപ്പക്കാര്‍. ഗുണ്ടകളിലാരാണ് ആദ്യം യുവതിയെ പ്രാപിക്കുക എന്നതിനെക്കുറിച്ചാണ് ബുദ്ധിജീവികളായ രണ്ടു ദൃക്‌സാക്ഷികളുടെ ചര്‍ച്ചാവിഷയം. കരുണാരഹിതവും വികാരശൂന്യവുമായ നഗരജീവിതത്തെ വരച്ചുകാണിക്കാന്‍ മുകുന്ദന്‍ ഉപയോഗിക്കുന്ന സങ്കേതം തന്നെയാണ് ‘ദൂരക്കാഴ്ചകള്‍’ എന്ന കഥയില്‍ സേതുവും പ്രയോഗിക്കുന്നത്. തെരുവില്‍ മരിച്ചുകിടക്കുന്ന യുവതിയുടെ ജഡം, ഭഗ്യനാഥന്‍ എന്ന വീട്ടുകാരനിലും അയാളുടെ ഭാര്യയിലും മകനിലും ഉളവാക്കുന്ന വ്യത്യസ്തമായ പ്രതികരണങ്ങളാണ് സേതു ആവിഷ്‌കരിക്കുന്നത്. ഭാഗ്യനാഥന്റെ സഹാനുഭൂതിയും കാരുണ്യവുമല്ല അയാളുടെ ഭാര്യക്കും മകനുമുള്ളത്. പെണ്ണിന്റെ ശവത്തിന്റെ മുകളിലൂടെ ബൈനോക്കുലേഴ്‌സ് റേസ്‌കോഴ്‌സിലേക്ക് പായിച്ച് ഹരംകൊള്ളുകയാണ് ഭാര്യ. മകനാവട്ടെ ടിവിയിലെ ക്രിക്കറ്റ് കണ്ട് രസിക്കുന്നു. നഗരജീവിതത്തിന്റെ ഊഷരതതന്നെയാണ് സേതുവിനേയും മഥിക്കുന്നത്.

എന്നാല്‍ ബഷീര്‍ ഇവിടെ ശ്രമിക്കുന്നത്, അവിവാഹിത ജീവിതത്തിന്റെ ഏകാന്തത ചിത്രീകരിക്കാനാണ്. പ്രണയകഥ അതിന്റെ കഥാവസ്തുമാത്രമാണ്. സംഭാഷണത്തിലൂടെയാണീ മാനസികഭാവം വികസിക്കുന്നത്. കഥ പറയുന്നത് വിഷാദാത്മകതയും പ്രതികരിക്കുന്നത് തൈക്കിഴവിയും (ആരുടേയും പേര് പറയുന്നില്ല, ബഷീര്‍). ഈ സംഭാഷണത്തില്‍ പ്രകടമായ പരദൂഷണ പ്രവണതയുണ്ട്. ‘ആ തങ്കക്കുട്ടന് ആ ചട്ടുകാലിശവത്തിനെയല്ലാതെ മറ്റൊന്നിനേം കിട്ടില്ലേ’ എന്നാദ്യം ചോദിക്കുന്ന തൈക്കിഴവി കഥാനായികയെ കവി തള്ളിട്ട് കാലൊടിച്ച സംഭവമറിയുമ്പോള്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. ”രാക്ഷസന്‍! നിശാചരന്‍! കോടി റാസ്‌കല്‍” അവള്‍ (കഥാനായിക) പറയുന്നതു ഭാര്യയെ തല്ലാത്ത ഭര്‍ത്താവ്, ഭര്‍ത്താവിനെ സ്‌നേഹിക്കാത്തവനാണ് എന്നാണ്- വിഷാദാത്മകത ഇങ്ങനെ വിവരിക്കുമ്പോള്‍ തൈക്കിഴവിയുടെ പ്രതികരണം: ”നമ്മുടെ മുടിക്ക് കുത്തിപ്പിടിച്ച് നമ്മുടെ പള്ളയ്ക്ക് ഇടിക്കാനെങ്കിലും ഒരാള്‍ ഉണ്ടെന്നത് ഒരാശ്വാസമല്ലെ?” ആ ചോദ്യം തന്നെയാണ് കഥയുടെ കേന്ദ്രബിന്ദു. ഒരു ജീവിതം മുഴുവന്‍ വ്യര്‍ത്ഥമായിപ്പോയതിന്റെ ഖേദവും ഏകാന്തതാബോധവും ആ ചോദ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. കഥപറയുന്നത് വിഷാദാത്മകതയാണ്. അവളെന്തുകൊണ്ട് വിഷാദാത്മകയായി സ്‌കൂളില്‍വച്ച് കഥാനായികയോടൊപ്പം കവിയെ കളിയാക്കിയ പെണ്‍കുട്ടികളുടെ കൂട്ടത്തിലൊരുവളായിരുന്നവള്‍. മഷി കുടഞ്ഞതിനു കവി ആദ്യം പിടികൂടിയത് അവളെയാണ്; ഫൗണ്ടന്‍ പേന പിടിച്ചുപറിച്ചെറിയുന്നതും അവളുടേതാണ്. കഥാനായികയെപ്പോലെ അവളും കവിയെ സ്‌നേഹിച്ചിരുന്നോ? അയാള്‍ കഥാനായികയെ വിവാഹം ചെയ്തതില്‍ അവള്‍ക്ക് നഷ്ടബോധമുണ്ടായിരിക്കുമൊ? അതൊന്നും കഥാകൃത്ത് വ്യക്തമാക്കുന്നില്ല.

തൈക്കിഴവിയെപോലെ അത്രയും ചീത്തയല്ല, അവള്‍. കുറേക്കൂടി സംസ്‌കാരവും പക്വതയും അവളുടെ സംഭാഷണത്തില്‍ പ്രകടമാകുന്നുണ്ട്.

ഇരുവര്‍ക്കുമുള്ള സമാനത, അവിവാഹിതജീവിതവും അതിന്റെ ഊഷരതയും തന്നെയാണ്. അത്യധികം വൈകാരികതീക്ഷ്ണതയാര്‍ന്ന ഭാവവും പ്രമേയവും നര്‍മംനിറഞ്ഞ ഭാഷയിലാണ് ബഷീര്‍ അവതരിപ്പിക്കുന്നതെന്നുമാത്രം.

വാസ്തവത്തില്‍ എണ്‍പതുകളിലെ ആ കഥാവിഷ്‌കാരതന്ത്രം, നാല്‍പ്പതുകളില്‍ത്തന്നെ പ്രയോഗിക്കുകയായിരുന്നു, ബഷീര്‍. കഥ പറച്ചിലിലെ പുതിയ ടെക്‌നിക്കുകള്‍ മറ്റു പലകഥകളിലും ബഷീര്‍ പ്രയോഗിച്ചിട്ടുണ്ട്. പൂര്‍ണമായും രണ്ടുപേരുടെ സംഭാഷണങ്ങളിലൂടെ ‘ശബ്ദങ്ങള്‍’ അവതരിപ്പിച്ചപ്പോള്‍ അത് ഒരു നൂതനതന്ത്രമായിരുന്നു. കഥാസാഹിത്യത്തിന് അതേവരെ അന്യമായിരുന്ന ഒരു ജനവിഭാഗത്തിന്റെ വാമൊഴിയും ജീവിതവും പരിചയപ്പെടുത്തിയ ബഷീര്‍ സ്ഥലകഥകളിലൂടെ ആദ്യമായി കാരിക്കേച്ചറുകള്‍ വരച്ചുകാണിച്ചു. ‘അമ്മ’ എന്ന കഥ നോക്കുക: ആ കഥയുടെ തൊണ്ണൂറ്റഞ്ചു ശതമാനവും കഥാകാരന്റെ രാഷ്ട്രീയാനുഭവങ്ങളാണു പറയുന്നത്; ഒടുവിലത്തെ ഏതാനും ഖണ്ഡികകളിലാണ് ‘അമ്മ’യുടെ സ്വത്വം അനാവരണം ചെയ്യുന്നത്. ‘മതിലുകളി’ല്‍ ഒരിക്കലും പരസ്പരം കാണാതെയാണ് ജയില്‍ഭിത്തിക്കപ്പുറവുമിപ്പുറവും നിന്നു, നായികാനായകന്മാര്‍ പ്രണയിക്കുന്നത്. ഇത്രമാത്രം അനുബന്ധമായ വാക്കുകള്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന മറ്റൊരു കഥാകാരനില്ല.

ഉന്മാദാവസിയില്‍ അദ്ദേഹം സ്വന്തം കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ‘പാത്തുമ്മയുടെ ആട്’ കഥപറച്ചിലിന്റെ അതിസാധാരണതയിലൂടെ, അസാധാരണ തലങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകാന്‍ കഴിവുള്ള കഥാകാരനെ നമുക്ക് കാട്ടിത്തരുന്നു. ‘ചട്ടുകാലി’ശ്രദ്ധേയമാകുന്നത് അതിന്റെ കഥാവസ്തുവില്‍ അല്ല, ആവിഷ്‌കാര വൈഭവത്തിലാണ്. ‘കലയ്ക്കുള്ളില്‍ കലയെ ഒളിപ്പിക്കുന്ന കലാകാരന്‍’ എന്ന് ആര്‍ ഇ ആഷര്‍ വിശേഷിപ്പിച്ചത് വെറുതെയല്ല.

 

No Comments yet!

Your Email address will not be published.