ഒരേ വഴിയിലൂടെ
അങ്ങനെയങ്ങനെ സഞ്ചരിക്കേ
ഇരു ഭാഗത്തേക്കും അനേകം വഴികള്‍
ഒന്നിച്ചുയാത്ര ചെയ്യുന്നവര്‍ പല വഴി പിരിയുന്നു.
(ആരുടെതെന്നോര്‍ക്കുന്നില്ല
പഴയൊരു വാര്‍ഷികപ്പതിപ്പ് കഥയില്‍
ഓരോ വഴിയും വളവും എണ്ണുന്ന
ഇരട്ടക്കുട്ടികളുടെ ഒരു തുടക്കമുണ്ട്)
ഇപ്പോഴും
ബസ് യാത്രയില്‍
വഴികളെ, വളവുകളെ,
പാസുചെയ്യുന്ന വാഹനങ്ങളെ
കുഞ്ഞുങ്ങള്‍ എണ്ണുന്നത് കാണാം.
ഒന്ന്, രണ്ട്, അഞ്ച്… പത്ത്…
ഇത് എണ്ണത്തെപ്പറ്റിയുള്ള കവിതയൊന്നുമല്ല.
എണ്ണമില്ലാത്ത
വഴികളെക്കുറിച്ചുള്ള പിടയ്ക്കുന്ന ആധിയുമല്ല.
കവിത ഒന്ന് പൊലിപ്പിച്ചാല്‍
ഏത് വഴി, എത് യാത്ര എന്നൊക്കെയുമാവാം.
പല വഴികള്‍ ചേര്‍ന്ന വഴിയില്‍
മിഴിച്ചുനിന്ന ചില നേരമുണ്ട്
എന്നും നടന്ന വഴിയില്‍
കാലിടറി വീണ അത്ഭുതാനുഭവങ്ങളുണ്ട്.
വഴിയിലെ പല വഴികളെന്ന പോലെ
കവിതയേയും പല വഴികളിലങ്ങനെ നടത്താം.
എങ്കിലും കവിതയിലങ്ങനെ
ഭാരം കയറ്റിവയ്ക്കുന്നത് മനുഷ്യത്വമല്ല.

നോക്കൂ,
തിരിച്ചുവരുമ്പോള്‍
പഴയ കാസറ്റ് പിന്നിലേക്ക് ഓടിക്കുംപോലെ
ഓരോ സ്റ്റോപ്പില്‍ നിന്നും
യാത്രക്കാര്‍ തിരിച്ചു കയറുന്നത് കാണാം.
ഉള്ളില്‍ തിയ്യായിരിക്കാം, ആകെ നനഞ്ഞിരിക്കാം
എന്നിരുന്നാലും ചിരിച്ച്, കൈപിടിച്ച്
ഓരോ സീറ്റിലും അന്യോന്യം മുട്ടിമുട്ടി…
ഇതാ, ഇങ്ങനെ
മുട്ടിയിരിക്കുമ്പോഴാണ്, ഓരോ കവിതയും
ജീവന്‍ തുടിച്ചു തുടങ്ങുന്നത്.
വഴികളെല്ലാം സഞ്ചാരയോഗ്യമാവുന്നത്,
പിരിഞ്ഞുപോകുമ്പോഴും
ഹൃദയത്തില്‍ ബാക്കിയാവുന്നത്!



No Comments yet!