Skip to main content

‘ഷോലെ’ക്ക് 50 വയസ്സ്

 

ന്ത്യന്‍ പ്രേക്ഷകര്‍ പതിറ്റാണ്ടുകളായി ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ‘ഷോലെ’ സിനിമയ്ക്ക് 50 വയസ്സായി. 1975 ആഗസ്ത് 15നാണ് പടം റിലീസ് ചെയ്തത്. അക്കാലം എനിക്ക് കൃത്യമായി ഓര്‍മയുണ്ട്. പുറത്ത് അടിയന്തരാവസ്ഥയുടെ നിഷ്ഠുരതകള്‍ അരങ്ങേറുന്നതിനിടയിലായിരുന്നു തിയേറ്ററിനകത്ത് ഷോലെ പ്രേക്ഷകരെ അമ്മാനമാടിയത്. ചിത്രത്തിന്റെ ശീര്‍ഷകത്തിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ പിന്തുടര്‍ന്നു ‘ഷോലായ്’  (Sholay)    എന്നാണ് ഞാനും കൂട്ടുകാരും ആദ്യം വിളിച്ചിരുന്നത്. പിന്നീടാണ് അതു തെറ്റാണെന്ന് മനസ്സിലായത്. ഷോലെ സിനിമ ബോളിവുഡില്‍ തരംഗമായത് വേഗത്തിലാണ്.

ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ The Godfather എന്ന ഹോളിവുഡ് ചിത്രത്തിനുശേഷം ലോകവ്യാപകമായി തിയേറ്ററില്‍ പ്രകമ്പനം സൃഷ്ടിച്ച സിനിമയായിരുന്നു ഷോലെ. ഷോലെ എന്നാല്‍ ‘തീപ്പൊരി’ എന്നാണര്‍ത്ഥം. സഞ്ജീവ്കുമാര്‍, ഹേമമാലിനി, ധര്‍മ്മേന്ദ്ര, അമിതാഭ്ബച്ചന്‍, ജയഭാദുരി, അംജദ്ഖാന്‍, അസ്രാനി തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു. നന്‍മയും തിന്‍മയും തമ്മിലുള്ള പോരാട്ടമാണ് ഷോലെയുടെ അടിസ്ഥാന പ്രമേയം. രാംഗഡ് എന്ന ഗ്രാമത്തിന് ഭീഷണിയായ ഗബ്ബര്‍സിങ് എന്ന കൊള്ളക്കാരന്റെ സംഘത്തെ തകര്‍ത്ത് ഗ്രാമത്തെ, ചില്ലറ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന രണ്ട് ചെറുപ്പക്കാര്‍ രക്ഷിക്കുന്നതാണ് കഥ. സലിംജാവേദ് തിരക്കഥയെഴുതി രമേശ്‌സിപ്പി സംവിധാനം ചെയ്ത ഷോലെ പ്രേക്ഷകര്‍ (അവര്‍ മാത്രം) വന്‍വിജയത്തിലെത്തിച്ച സിനിമയാണ്. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റര്‍.

 

കര്‍ണാടകയില്‍ പാറക്കെട്ടുകള്‍ നിറഞ്ഞ രാമനഗരയിലായിരുന്നു ഷൂട്ടിങ്. ചിത്രീകരണത്തിനായി ബംഗളൂരു ഹൈവെയില്‍ നിന്ന് ഗ്രാമത്തിലേക്ക് റോഡ് വെട്ടേണ്ടിവന്നു. അവിടെ ടൗണ്‍ഷിപ്പും നിര്‍മിച്ചു. രണ്ടര വര്‍ഷക്കാലം നീണ്ട ഷൂട്ടിങ് 1973ഓക്ടോബറിലാണ് ആരംഭിച്ചത്. ഷോലെ സിനിമയിലെ എല്ലാവരും മല്‍സരിച്ചഭിനയിച്ചവരാണ്. കൊള്ളക്കാരനായ ഗബ്ബര്‍സിങിനെ അംജദ്ഖാനും പോലിസ് ഓഫിസറായി സഞ്ജീവ്കുമാറും അവിസ്മരണീയമാക്കി. ഗബ്ബറിനെതിരേ പൊരുതുന്ന ചെറുപ്പക്കാരായി ധര്‍മ്മേന്ദ്രയും അമിതാഭ്ബച്ചനും തകര്‍ത്തു. രാംഗഡ് ഗ്രാമത്തിലെ കുതിരക്കാരിയായി ഹേമമാലിനിയും സഞ്ജീവ്കുമാറിന്റെ മരുമകളായി ജയഭാദുരിയും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നവരാണ്. അസ്രാനിയുടെ ജയിലര്‍ക്ക് ചാര്‍ലിചാപ്ലിന്റെ  The Great Dictator   എന്ന ചിത്രത്തിലെ ക്ഷുരകനുമായി നന്നെ സാമ്യമുണ്ട്. അകിരകുറസോവയുടെ  Seven samurai എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് ഷോലെ സിനിമ.  Once upon a Time in the West, The Magnificent Seven   എന്നീ ചിത്രങ്ങളുടെ സ്വാധീനവും ഇതില്‍ പ്രകടമാണ്. 1950കളില്‍ ഗ്വാളിയറിന് സമീപമുള്ള ഗ്രാമങ്ങളില്‍ ഭീതിവിതച്ച യഥാര്‍ത്ഥ കൊള്ളക്കാരന്‍ ഗബ്ബര്‍സിങ് ഗുജ്ജാറിന്റെ തല്‍സ്വരൂപമാണ് അംജദ്ഖാന്റെ ഗബ്ബര്‍. ശത്രുക്കളായ പോലിസുകാരുടെ ചെവിയും മൂക്കും അരിഞ്ഞുകളയുകയായിരുന്നു ഗുജ്ജാറിന്റെ രീതി. ഷോലെയില്‍ ബദ്ധശത്രുവായ പോലിസ് ഓഫിസര്‍ താക്കൂറിന്റെ കൈകള്‍ വെട്ടിമാറ്റുകയാണ് ഗബ്ബര്‍സിങ്. ഷോലെ ചിത്രീകരണത്തിനിടയില്‍ തമാശകളുമുണ്ടായിരുന്നു. ധര്‍മ്മേന്ദ്രയും ഹേമമാലിനിയും പ്രണയത്തിലാകുന്നത് ഷൂട്ടിങിനിടെയായിരുന്നു. ചിത്രത്തിലെ പ്രണയരംഗങ്ങളുടെ റീടേക്കുകള്‍ ഉറപ്പാക്കാന്‍ ധര്‍മ്മേന്ദ്ര ലൈറ്റ്‌ബോയ്‌സിന് ‘കോഴ’ നല്‍കും. അവര്‍ സമര്‍ത്ഥമായി ഷോട്ട് നശിപ്പിക്കും. അതുവഴി ധര്‍മ്മേന്ദ്രയ്ക്ക് ഹേമമാലിനിയുമൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാനാകും. അഞ്ചുവര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം.

70 mm-ലും 35 mmലും     ഷോലെക്ക് പ്രിന്റുകളുണ്ടായിരുന്നു. നിഷേധാത്മകമായ നിരൂപണങ്ങള്‍ മൂലം ആദ്യത്തെ രണ്ടാഴ്ച കളക്ഷന്‍ തീരെ മോശമായിരുന്നു. പക്ഷെ, പ്രേക്ഷകരുടെ വാമൊഴിയിലൂടെ ചിത്രത്തിന്റെ പരസ്യം അവിശ്വസനീയമായ വിധം പ്രചരിച്ചപ്പോള്‍ സംഗതി സൂപ്പര്‍ഹിറ്റായി. കോഴിക്കോട്ട് ആദ്യമെത്തിയത് സിനിമയുടെ  35 mm പ്രിന്റാണ്. രാധയിലും അപ്‌സരയിലുമായിരുന്നു കളിച്ചിരുന്നത് എന്നാണോര്‍മ. ഞാന്‍ രാധയില്‍ നിന്നാണ് പടം കണ്ടത്. പിന്നീട് സംഘം തിയേറ്ററില്‍ 70 mmലും    കണ്ടു. സിനിമയുടെ ക്ലൈമാക്‌സില്‍, ഇരുവശവും ഒരുപോലെയിരിക്കുന്ന, കഥാപാത്രമായ ജെയുടെ (അമിതാഭ്ബച്ചന്‍) സന്തതസഹചാരിയായ നാണയം വീരു (ധര്‍മ്മേന്ദ്ര) വലിച്ചെറിയുന്ന രംഗമുണ്ട്. 70 mm-ലെ    ആ നാണയത്തിന്റെ മുഴക്കം ഇപ്പോഴും കാതുകളിലുണ്ട്. ആനന്ദ്ബക്ഷി എഴുതി ആര്‍ ഡി ബര്‍മ്മന്‍ സംഗീതം പകര്‍ന്ന ഇതിലെ ഗാനങ്ങളും ഹൃദയഹാരിയാണ്. ആര്‍ ഡി ബര്‍മ്മന്‍ ഇതില്‍ പാടിയിട്ടുമുണ്ട് (മെഹബൂബ്… മെഹബൂബ). നിരവധി അക്രമരംഗങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കത്രികവച്ചതിനുശേഷമാണ് ചിത്രം തിയേറ്ററിലെത്തിയത്. എന്നിട്ടും സിനിമ മൂന്ന് മണിക്കുറിലേറെ നീണ്ടു. ഷോലെ ബോംബെ (ഇപ്പോള്‍ മുംബൈ) യിലെ ഒരു തിയേറ്ററില്‍ അഞ്ചുവര്‍ഷം കളിച്ചു. ഇപ്പോഴും ഇടയ്ക്കിടെ യുട്യൂബില്‍ ഞാന്‍ ഷോലെ കാണാറുണ്ട്. പക്ഷെ, യുട്യൂബില്‍ ഒരു ‘ഗുമ്മ്’ കിട്ടുന്നില്ല.

കമ്പോളച്ചേരുവകള്‍ വേണ്ടത്രയുള്ള സിനിമയാണ് ഷോലെ. പക്ഷെ, അത് സംവിധായകന്റ സമര്‍ത്ഥമായ കൈയടക്കം കൊണ്ട് പ്രേക്ഷകരുടെ ഹൃദയംകവരുന്നു. കലയും വാണിജ്യവും സുന്ദരമായി ലയിക്കുന്ന സിനിമയാണ് ഷോലെ. ഇത്രയേറെ ജനപ്രീതി നേടിയ ചിത്രം ഇന്ത്യന്‍ സിനിമയില്‍ ഏറെയൊന്നുമില്ല. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2002ലെ വോട്ടെടുപ്പില്‍ എക്കാലത്തെയും 10 ഇന്ത്യന്‍ സിനിമകളില്‍ ഷോലെ സ്ഥാനം പിടിച്ചിരിക്കുന്നു. ഷോലെക്ക് അരനൂറ്റാണ്ട് തികയുന്ന ഈ സന്ദര്‍ഭത്തില്‍ വീണ്ടും ചിത്രം തിയേറ്ററിലെത്തുകയാണ്. അമ്പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പുതുതലമുറയെ ത്രസിപ്പിക്കാന്‍. ചെറുപ്പക്കാരോടൊപ്പം ഞാനും ഒരിക്കല്‍ക്കൂടി കാണാന്‍ കാത്തിരിക്കുന്നു. ആ നൊസ്റ്റാള്‍ജിയ വിട്ടുപോകുന്നില്ല.

No Comments yet!

Your Email address will not be published.