Feminist Short Story Writer
അന്തരിച്ച് അരനൂറ്റാണ്ടു പിന്നിട്ട സരസ്വതിയമ്മയുടെ എഴുത്തുകളുടെ ഇന്നത്തെ പ്രസക്തിയെന്താണ്? ഈ ചോദ്യം അഭിമുഖീകരിക്കുന്ന ഏതൊരാളും സരസ്വതിയമ്മയുടെ രാഷ്ട്രീയമായ സംവാദാത്മകതയെയാണ് കണ്ടെത്തുക. അവരുടെ ജീവിതകാലത്തെ ലിംഗരാഷ്ട്രീയത്തോടു നടത്തുന്ന ഈ സംവാദം പലതരത്തില്‍ തത്വചിന്താപരവും തുടര്‍ച്ചകളുള്ളതുമാണ്. ഒരു പക്ഷേ ഇതേകാരണങ്ങളാല്‍ തന്നെയാണ് അവര്‍ തന്റെ കാലത്തു നിരന്തരം അവഗണന നേരിട്ടതും. ഇന്നും അവരുടെ കഥാലോകത്തെ ചലനംകൊള്ളിക്കുന്നത് അവര്‍ സ്വാംശീകരിച്ചു സാക്ഷാല്‍ക്കരിച്ച, ആശയ അനുഭവലോകങ്ങളുടെ ചരിത്രപരമായ പ്രസക്തി തന്നെയാണ്. എന്നാല്‍ കേവലവും സാമാന്യവുമായ ഒരു വിമോചനദര്‍ശനമല്ല അവര്‍ തന്റെ സ്ത്രീവാദചിന്തയില്‍ പുലര്‍ത്തിയത്. ലിംഗാധികാരത്തെ സ്ത്രീകള്‍ക്കെതിരെയുള്ള പദ്ധതിയായി കാണുന്നതിലുപരി അതിന്റെ വ്യവഹാരങ്ങളെയും ബലതന്ത്രങ്ങളെയും മനുഷ്യാവസ്ഥയുടെ അനുഭവപരമായ അടരുകള്‍ക്കകത്തുവച്ചുകൊണ്ട് തിരിച്ചറിയുന്നു ഈ കഥകള്‍. അവരുടെ കഥാപാത്രങ്ങളും കഥനത്തിന്റെ ശൈലിയും അതു സാധൂകരിക്കുന്നവയാണ്.
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟
പ്രബലസാഹിത്യമൂല്യങ്ങളെ ചൊടിപ്പിക്കുന്ന മട്ടില്‍ തുറന്നതും വാചാലമായതുമായ റിയലിസ്റ്റ് ശൈലിയെയാണ് തന്റെ രചനകള്‍ക്കായി പൊതുവേ അവര്‍ ആശ്രയിച്ചത്. അക്കാലത്തെ കാല്പനികസാഹിത്യഭാവുകത്വത്തിന്റെ സ്ത്രീവിരുദ്ധത തുറന്നു കാട്ടാന്‍ ധൈര്യപ്പെട്ട ഒരു എഴുത്തുകാരിയാണ് സരസ്വതിയമ്മ. തന്റെ എഴുത്തിന്റെ തുടക്കക്കാലത്ത് കവിതകളെഴുതാന്‍ ശ്രമിച്ചിരുന്നതായി സരസ്വതിയമ്മ, സുഹൃത്തും എഴുത്തുകാരനുമായിരുന്ന ജയചന്ദ്രനോടു നടത്തുന്ന സംഭാഷണത്തില്‍ അവര്‍ പറയുന്നുണ്ടെങ്കിലും അതിലവര്‍ക്കു കാര്യമായ സംഭാവനകളുണ്ടായില്ലെന്നു വേണം കരുതാന്‍. അതിലുപരി ഗദ്യരീതിക്കു അനുയോജ്യമായ റിയലിസ്റ്റ് ശൈലിയാണവരുടെ എഴുത്തിനെ മുഖ്യമായും പ്രതിഫലിപ്പിച്ചത് എന്നതും കാരണമാകാം.
മലയാളസാഹിത്യപാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം കവിത എന്ന രചനാരൂപവും അതിലുപരി ആദ്യകാലകാല്പനികകവികളായ ആശാന്‍, ചങ്ങമ്പുഴ, ജി തുടങ്ങിയവര്‍ മുന്നോട്ടുവച്ച കാവ്യസംസ്‌കാരവും ചെലുത്തുന്ന അധീശത്വം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു ‘രമണി’ പോലുള്ള പല കഥകളും വെളിവാക്കുന്നു.അത്തരം കാവ്യാവിഷ്‌കാരങ്ങളുടെയും അവയുടെ ആസ്വാദനവിമര്‍ശനമണ്ഡലങ്ങളുടെയും ആഭ്യന്തരസ്വഭാവം, വ്യാവഹാരികരീതികള്‍, വിനിമയസമ്പ്രദായങ്ങള്‍ എല്ലാം തന്നെ പുരുഷകേന്ദ്രിതമായിരുന്നു എന്നു തിരിച്ചറിയുന്നുണ്ട് ഈ കഥാകാരി. കേരളത്തിന്റെ നവോത്ഥാന ആധുനികതയെ സംബന്ധിച്ച ആണ്‍പെണ്‍ വാര്‍പ്പു മാതൃകകളിലൂന്നിയ ലിംഗഘടനയാണവയിലും സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. ആദ്യകാല കാല്പനിക സാഹിത്യകാരന്മാര്‍ പൊതുവെ തങ്ങളുടെ കൃതികളുടെ വൈകാരികമണ്ഡലത്തെ ഈ ലിംഗമൂല്യങ്ങള്‍ക്കകത്താണ് സ്വരൂപിച്ചെടുക്കുന്നത്. ആണിനെയും പെണ്ണിനെയും വെവ്വേറെ മൂല്യസദാചാര സങ്കല്പങ്ങളിലും വ്യാവഹാരിക സ്ഥലികളിലും തളച്ചിടുകയും വ്യത്യസ്ത (ആന്തരിക)ഗുണങ്ങളുടെയും ചോദനകളുടെയും കടമകളുടെയും ചേരുവകളോടെ സവിശേഷമായി പുനര്‍നിര്‍വചിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ലിംഗഭേദ കല്പനയുടെ പിന്നിലെ തത്വം.
സാഹിത്യമണ്ഡലത്തില്‍ പ്രത്യേകരീതിയില്‍ ഉറച്ചുപോയ പെണ്ണടയാളങ്ങളെയും അവയെ ആധികാരികമാക്കുന്ന കാല്പനികവും അയഥാര്‍ത്ഥവുമായ മിഥ്യകളെയും തകര്‍ത്തു കളയാന്‍ പാകത്തിലുള്ള ഒരു പ്രത്യയശാസ്ത്രസന്നാഹം തന്നെയായിരുന്നു സരസ്വതിയമ്മയ്ക്ക് കഥാരചന. കാല്പനികതയുടെ വഴുവഴുപ്പന്‍ യുക്തിയുടെയും വൈകാരികാഖ്യാനങ്ങളുടെയും ബദല്‍മാതൃകയെന്ന നിലയില്‍ വേണം അവരുടെ റിയലിസ്റ്റ് ശൈലിയെ വിലയിരുത്തേണ്ടത്.

രമണനും രമണിയും
അക്കാലത്തെ ചിന്തയും രാഷ്ട്രീയവും രൂപപ്പെടുത്തുന്നതില്‍ സാഹിത്യം സുപ്രധാനമായ പങ്കു വഹിച്ചിരുന്നു. പൊതുമണ്ഡലത്തിലെ നിരന്തരസാന്നിദ്ധ്യമായിരുന്നു പല എഴുത്തുകാരും. പക്ഷേ, പലപ്പോഴും അത് ആണ്‍മാത്രലോകമായി പരിമിതപ്പെട്ടു തന്നെ കിടന്നിരുന്നു. നവോത്ഥാനകാലവും അതിനുമുമ്പുള്ള കാലവും മുതല്‍ ഉറച്ചുപോയ സ്ത്രീവിരുദ്ധമൂല്യങ്ങളെ സ്ഥിരീകരിക്കുന്ന വിചാരങ്ങളാണ് ഈ പൊതുമണ്ഡലത്തില്‍ തളംകെട്ടി നിന്നത്. ഇവിടേക്കാണ് പതറാത്ത കാല്‍വെയ്പ്പുകളുമായി സരസ്വതിയമ്മ എത്തുന്നത്. 19ാം വയസ്സില്‍ ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ് ‘സീതാഭവനം’ എന്ന കഥയുമായി അവര്‍ സാഹിത്യലോകത്തില്‍ അടയാളപ്പെടുന്നത്. 1942 മുതല്‍ 1958 വരെയുള്ള കാലത്താണ് സരസ്വതിയമ്മ ഏറെയും എഴുതിയത്. കുടുംബബന്ധങ്ങളുടെ ഉലച്ചില്‍, ഒറ്റപ്പെടല്‍, വ്യക്തിപരമായ പ്രതിസന്ധികള്‍ ഒക്കെ സരസ്വതിയമ്മയുടെ എഴുത്തിനെ പല ഘട്ടങ്ങളിലും തടസ്സപ്പെടുത്തിയിട്ടുണ്ട് എന്നത് അവരെക്കുറിച്ചുള്ള മറ്റുള്ളവരുടെ എഴുത്തുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പെണ്‍ബുദ്ധി, കനത്ത മതില്‍, കീഴ്ജീവനക്കാരി, ചോലമരങ്ങള്‍, ഒരുക്കത്തിന്റെ ഒടുവില്‍, വിവാഹസമ്മാനം, സ്ത്രീജന്മം, ചുവന്ന പൂക്കള്‍, കലാമന്ദിരം, പ്രേമപരീക്ഷണം, എല്ലാം തികഞ്ഞ ഭാര്യ, ഇടിവെട്ടുതൈലം തുടങ്ങിയവ കഥാസമാഹാരങ്ങളാണ്. പ്രേമഭാജനം, പൊന്നിന്‍കുടം എന്നീ നോവലുകളും ദേവദൂതി എന്ന നാടകവും പുരുഷന്‍മാരില്ലാത്ത ലോകം എന്ന ലേഖനസമാഹാരവും സരസ്വതിയമ്മയുടേതായുണ്ട്.
സരസ്വതിയമ്മക്കഥകളിലെ പ്രധാന കഥാപാത്രം പലപ്പോഴും പ്രബുദ്ധയായ ഒരു യുവതിയാണ്. സാഹിത്യവായനയുടെയും കലാസ്വാദനത്തിന്റെയും അനുഭവത്തെ തന്റെ അനുഭവങ്ങളുമായി ചേര്‍ത്തുവെച്ചു ചിന്തിക്കുന്നവളുമായിരിക്കും അവര്‍. ഉദാഹരണത്തിന് ‘രമണി’ എന്ന കഥയിലെ കോളജ് വിദ്യാര്‍ത്ഥിനികളായ ശാന്തിയും സുഷമയും ചങ്ങമ്പുഴയുടെ പ്രശസ്തമായ ‘രമണ’നെക്കുറിച്ചുള്ള ചര്‍ച്ചയിലൂടെയാണ് താന്താങ്ങളുടെ ജീവിതവീക്ഷണവും സ്വത്വനിലപാടുകളും വെളിപ്പെടുത്തുന്നത്. സ്ത്രീപുരുഷബന്ധത്തിലെ സത്യമെന്ത് എന്ന അന്വേഷണമാണ് ഈ കഥയുടെ മുഖ്യപ്രമേയം. സാഹിത്യം എന്ന സാംസ്‌കാരികസംവര്‍ഗത്തിനകത്ത് കാലാകാലങ്ങളായി അടിഞ്ഞുകൂടിയ ലിംഗഭേദചിന്തകളെ കല്‍പനയും ഭാഷയും ചേര്‍ന്ന് സവിശേഷ പരിചരണങ്ങളിലൂടെ നീതിമല്‍ക്കരിച്ചെടുക്കുന്നതെങ്ങനെയെന്ന് ഈ കഥ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. സാഹിത്യം/ സാഹിത്യേതരം എന്നീ വേര്‍തിരിവുകളെത്തന്നെ അപ്രസക്തമാക്കുന്ന പലേ ഘടനകളും ഈ എഴുത്തുകാരിയുടെ വേറെയും പല രചനകളില്‍ നിന്നും കണ്ടെടുക്കാം.
ആഹ്ലാദത്തിന്റെ ആധികാരികത
സരസ്വതിയമ്മയുടെ കഥാപാത്രങ്ങളുടെ ഘടന സ്‌െ്രെതണതയെ സംബന്ധിച്ച വാര്‍പ്പുമാതൃകകളെ പൊളിച്ചെഴുതുന്ന രീതിയിലാണ്. കരയുകയും ഭയന്നു ഒതുങ്ങിക്കൂടുകയും ചെയ്യുന്നതിനു പകരം തങ്ങളുടെ എതിര്‍പ്പുകളെയും ചിന്തകളെയും സധൈര്യം തുറന്നിടുന്ന സ്ത്രീകളാണിവര്‍. ചിരിക്കുകയും തമാശ പറയുകയും പരിഹസിക്കുകയും തര്‍ക്കിക്കുകയും പ്രസ്താവന നടത്തുകയും ചെയ്യുകയാണ് ഈ കഥാപാത്രങ്ങളിലധികവും. തങ്ങളുടെ കൂട്ടായ്മയെ വികാരവിചാരങ്ങളുടെ പങ്കുവെക്കലിനുളള വേദിയെന്നതിനൊപ്പം സ്വതന്ത്രമായ ആഹഌദനര്‍മവേളകള്‍ കൂടിയാക്കി അവര്‍ മാറ്റുന്നുണ്ട്. സ്ത്രീകളും സ്ത്രീകളും തമ്മിലുള്ള ഉത്സവീകരിക്കപ്പെട്ട ഈ സഖീത്വത്തിനും പാരസ്പര്യത്തിനും വലിയ പ്രാധാന്യമാണ് ഈ കഥാകാരി നല്‍കിയിരിക്കുന്നത്. പരസ്പരം ഇണങ്ങിയും പിണങ്ങിയുമുള്ള സജീവമായ വൈകാരികതയില്‍ പുലരുമ്പോഴും ബൗദ്ധികമായ പങ്കുവെക്കലുകള്‍ വേണ്ടുവോളമുണ്ട്. സാഹിത്യത്തിലന്നുവരെ കണ്ടിട്ടില്ലാത്ത പുതിയൊരുതരം സ്‌െ്രെതണതയുടെ സമര്‍ത്ഥനമായി വേണം അതിനെ കാണാന്‍.
‘ഡബിള്‍ ആക്റ്റ്’, ‘സ്വാതന്ത്രവാദക്കാരി’, ‘ഒരേയൊരു രാത്രി’ മുതലായ കഥകളില്‍ സ്ത്രീയും പുരുഷനും തമ്മിലാണ് സംവാദം നടക്കുന്നത്. തികച്ചും ഭിന്നവര്‍ഗഘടനയിലാണ് അതിന്റെ അന്തരീക്ഷമെങ്കിലും സ്ത്രീയനുഭവിക്കുന്ന സാമൂഹ്യസമ്മര്‍ദ്ദങ്ങള്‍ അവിടെ ഉന്നയിക്കപ്പെടാതിരിക്കുന്നില്ല. ‘ഒരേയൊരു രാത്രി’യിലെ ചിത്രയുടെ സംഭാഷണവിഷയം തന്നെ തന്റെ പുരുഷസൗഹൃദങ്ങളാണ്. തുല്യനിലയില്‍ അടുത്തിടപഴകുന്ന ആണ്‍/പെണ്‍സൗഹൃദങ്ങളെക്കുറിച്ചുള്ള വിഭാവനമാണ് ‘പെണ്‍ബുദ്ധി’യിലെ വിലാസിനിയെപ്പോലെ ചിത്രയും ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍ അവര്‍ക്ക് നിരാശപ്പെടേണ്ടിവരുന്നു. തന്റെ ഒരേയൊരു നാടകത്തിലെ അഭിനയം കണ്ടിട്ട് തന്നോട് സൗഹൃദവും ആരാധനയും കാട്ടിയ ദാസും അവളിലെ സ്ത്രീയെത്തന്നെയാണ് അഭിലഷിക്കുന്നത് എന്നവള്‍ ബോധ്യപ്പെടുന്നു. ഇത്തരം അവസ്ഥകളോടുള്ള പ്രതികരണം തന്നെയാണ് സ്ത്രീകള്‍ തമ്മില്‍ പുലര്‍ത്തുന്ന പാരസ്പര്യത്തിലും പ്രകടമാവുന്നത്.
ശരീരം, ലൈംഗികത, പ്രണയം
പ്രണയം, ലൈംഗികത തുടങ്ങിയവയെ സംബന്ധിച്ച വൈകാരികതകളെ യുക്തിപരമായി പ്രതിരോധിക്കുന്ന ഒരു തലം ഈ കഥകളിലെ നായികമാരില്‍ പൊതുവെ കാണാം. ‘ഒരുക്കത്തിന്റെ ഒടുവില്‍’ ‘ഒരേയൊരു രാത്രി’, ‘രമണി’ എന്നീ കഥകളിലൊക്കെയും ഈ യുക്തിവിചാരണ കാണാം. സരസ്വതിയമ്മയുടെ കഥകളെക്കുറിച്ചുള്ള ഏതൊരു സാമാന്യവായനയും ആ നായികമാരുടെ വേറിട്ട ധീരമായ നിലനില്പായും വ്യക്തിത്വമായും ഒരു പടികൂടി കടന്ന് വിമോചകവീര്യമായും ഈ നിലയെ വ്യാഖ്യാനിക്കാറുണ്ട്. അത്തരം വ്യാഖ്യാനങ്ങള്‍ ആവേശകരമായ കൈയടി നേടാറുമുണ്ട്. എന്നാല്‍ ആ നായികമാര്‍ ഉല്പാദിപ്പിക്കുന്നത് നവോത്ഥാന ആധുനികത മുന്നോട്ടുവെച്ച ആണ്‍/ പെണ്‍ ദാമ്പത്യഘടനയ്ക്ക് അനുയോജ്യമായ പ്രണയവൈകാരികതയോ അതിന്റെ പ്രതിരോധമോ എന്നത് വേറിട്ടു ത്‌ന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത്തരം പ്രതിരോധങ്ങള്‍ക്ക് അടിസ്ഥാനമായി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിമര്‍ശനാത്മകതയും അതിന്റെ പ്രസക്തിയും നാമറിയേണ്ടതുണ്ട്. അതിലുപരി, പൂര്‍ണമായ പ്രണയലൈംഗികതാ നിരാസങ്ങള്‍ക്കപ്പുറം ഈ കൃതികളില്‍ ചിതറിക്കിടക്കുന്ന വൈരു(വി)ദ്ധ്യമാര്‍ന്ന ലൈംഗികാഭിരുചികളെ നാം അഭിമുഖീകരിക്കേണ്ടതുണ്ട്. ‘തെറ്റും ശരിയും’, ‘പ്രഥമരാത്രി’, ‘സ്വപ്‌നമണ്ഡലം’ തുടങ്ങിയ കഥകള്‍ക്കുള്ള പ്രാധാന്യം അവിടെയാണ്. തിരശ്ചീനവും ലംബവുമായ തീര്‍പ്പുകള്‍ക്കുപരിയായി ഇത്തരം ചെരിഞ്ഞ ആലോചനകള്‍ക്കും നോട്ടങ്ങള്‍ക്കുമാണ് ഇനി പ്രസക്തി.
സ്ത്രീ ശരീരത്തിനു മേല്‍ ആരോപിതമായ പുരുഷാധികാരത്തെ ചോദ്യം ചെയ്യാന്‍ കിട്ടുന്ന ഒരവസരവും സരസ്വതിയമ്മ പാഴാക്കുന്നില്ല. സ്ത്രീകളുടെ അണിഞ്ഞൊരുങ്ങലിനെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുമുള്ള വിരുദ്ധവും ശക്തവുമായ നിലപാടുകള്‍ പുലര്‍ത്തുന്ന കഥകളാണ് ‘ഒരുക്കത്തിന്റെ ഒടുവില്‍’, ‘രൂപമിച്ഛന്തി’ എന്നിവ. സ്ത്രീയുടെ രൂപഭംഗിയും സൗന്ദര്യബോധവും പുരുഷനെ ആകര്‍ഷിക്കാനുള്ളതല്ല; അതിലുപരി തനിക്കു തന്നെക്കുറിച്ചു തന്നെയുള്ള സ്വപ്രമാണിത്തപരമായ ഒരു അഭിരുചിയാണതിനെ നിര്‍ണ്ണയിക്കുന്നത് എന്ന് ഈ കഥ പറയുന്നു.
സൗന്ദര്യം എന്നത് ഒറ്റപ്പെട്ട സ്വയം പൂര്‍ണമായ ഒരു ആശയസത്തയല്ല സരസ്വതിയമ്മയില്‍. വ്യക്തിയുടെ സ്വേച്ഛയുമായി അതിനു ബന്ധമുണ്ട്. പെണ്‍ബുദ്ധി പോലുള്ള കഥകളില്‍ അതു ബുദ്ധിശക്തിയുമായി ലയിച്ച മേധയായി തീരുന്നു. ‘ഒരുക്കത്തിന്റെ ഒടുവില്‍’ ‘രൂപമിച്ഛന്തി’ മുതലായ കഥകളില്‍ സ്ത്രീയുടെ സ്വാധികാരപരമായ സ്വയംപ്രാപ്തിയും സ്വയംഭരണശേഷിയുമായെല്ലാം അതിനു ബന്ധമുണ്ട്. ഇപ്രകാരം ബഹുലമായ വിവക്ഷകളുള്ള സംവാദസാധ്യമായ ഒരു ബഹുസ്വരആശയമണ്ഡലമാണ് ഈ കഥകളിലെ രൂപസൗന്ദര്യപരിഗണന.
ഇപ്രകാരം ജീവിച്ചിരുന്ന കാലത്തും വരും കാലത്തും എഴുത്തിന്റെയും ചിന്തയുടെയും വേറിട്ട രൂപമായാണ് സരസ്വതിയമ്മ. മലയാളി സ്ത്രീയുടെ സ്വത്വപരമായ വളര്‍ച്ചയെയും പടര്‍ച്ചയെയും ഇത്രയേറെ രാഷ്ട്രീയമായി ഉള്‍ക്കൊള്ളാന്‍ ആ തലമുറയിലെ മറ്റേതെങ്കിലും സ്ത്രീയെഴുത്തുകാരി ശ്രമിച്ചിരുന്നോ എന്നത് സംശയമാണ്. വരാനിരിക്കുന്ന സ്ത്രീവാദരാഷ്ട്രീയത്തിനും ആലോചനകള്‍ക്കും അവര്‍ നല്‍കിയ നീക്കിയിരിപ്പുകള്‍ ഇനിയും കണ്ടെത്തേണ്ടതാണ്.

No Comments yet!