സിപിഐ (മാവോയിസ്റ്റ്), അഥവാ ‘മാവോയിസ്റ്റുകള്‍’ എന്ന് പൊതുവില്‍ വിളിക്കപ്പെടുന്ന നക്സലൈറ്റ് വിഭാഗത്തിന് നേരിട്ട തിരിച്ചടികളുടെ റിപോര്‍ട്ടുകള്‍ ദിനപ്രതി പ്രത്യക്ഷപ്പെട്ടുകൊണ്ടണ്ടിരിക്കുമ്പോള് ഇതുമയി ബന്ധപ്പെടുത്തി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നു. ഇത് സ്വാഭാവികമാണ്. ആദ്യമായിട്ടല്ലല്ലോ ഇത് സംഭവിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഉദ്ധരിച്ചുകൊണ്ട് ‘2026 മാര്‍ച്ച് മാസത്തോടെ നക്സലിസത്തിനും മാവോയിസത്തിനും അന്ത്യം കുറിക്കു’മെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നു. ഒരിക്കല്‍ക്കൂടി ‘മാര്‍ക്സിസത്തിന്റെ അന്ത്യമായി’ എന്ന പ്രചാരണം ഭരണവര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുമ്പോള്‍, ചിന്താക്കുഴപ്പത്തിലായ ചില മുന്‍ കമ്മ്യൂണിസ്റ്റുകളുടെ ‘ഞാന്‍ മാര്‍ക്സിസ്റ്റ് അല്ല’ തുടങ്ങിയ മുറവിളികളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഈ സാഹചര്യത്തില്‍, ആരാണ് ഈ മാവോയിസ്റ്റുകള്‍, അവര്‍ക്ക് ഇന്നത്തെ അടിച്ചമര്‍ത്തലിനെ അതിജീവിക്കുവാന്‍ കഴിയുമോ, കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാവിസാധ്യതകള്‍ എന്താണ് തുടങ്ങിയ പ്രശ്നങ്ങള്‍ ഗൗരവപൂര്‍വ്വമായ ഒരു അവലോകനം ആവശ്യപ്പെടുന്നു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറവിയെടുത്ത കാലം മുതലേ, അത് നാനാ രൂപങ്ങളില്‍ നിരന്തരം ആക്രമിക്കപ്പെട്ടിട്ടുണ്ട്. ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യുടെ ആരംഭത്തില്‍ തന്നെ, അതിനെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്: ‘യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു കമ്മ്യൂണിസമെന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധ ഒഴിപ്പിക്കാന്‍ വേണ്ടി പഴയ യൂറോപ്പിലെ ശക്തികളെല്ലാം മാര്‍പ്പാപ്പയും, സാര്‍ ചക്രവര്‍ത്തിയും, മെറ്റെര്ണിക്കും, ഗിസോയും, ഫ്രഞ്ച് റാഡിക്കല്‍ കക്ഷിക്കാരും, ജര്‍മ്മന്‍ പോലിസ് ചാരന്മാരുമെല്ലാം ഒരു പാവനസഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.’
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

Karl Marx
‘അധികാരത്തില്‍ ഇരിക്കുന്ന എതിരാളികളാല്‍ കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ച് അധിക്ഷേപിക്കപ്പെടാത്ത പ്രതിപക്ഷപാര്‍ട്ടികള്‍ എവിടെയാണുള്ളത്? തങ്ങളെക്കാള്‍ പുരോഗമനവാദികളായ പ്രതിപക്ഷ പാര്‍ട്ടികളുടെ നേര്‍ക്കെന്നപോലെതന്നെ, പിന്തിരിപ്പന്മാരായ തങ്ങളുടെ പ്രതിയോഗികളുടെ നേര്‍ക്കും കെട്ടഴിച്ചുവിടപ്പെടുന്ന കമ്മ്യൂണിസ്റ്റെന്നു മുദ്രയടിച്ചുകൊണ്ടുള്ള ഈ ശകാരം കേട്ടിട്ടില്ലാത്ത പ്രതിപക്ഷം എവിടെയാണുള്ളത്?’
മാര്‍ക്സിസം, മുതലാളിത്തത്തിന് ഒരു ബദല്‍ അന്വേഷിച്ചുകൊണ്ടുള്ള പ്രയോഗത്തിന്റെ സിദ്ധാന്തമാണ്. അത് ആവിഷ്കരിക്കപ്പെടുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ സ്വതന്ത്ര മത്സരത്തിന്റെ അടിസ്ഥാനത്തിലുള്ള മുതലാളിത്തത്തിന്റെ യൂറോപ്യന്‍ സാഹചര്യങ്ങളിലാണ്. അത് വിഭാവനം ചെയ്ത തൊഴിലാളിവര്‍ഗ ഭരണകൂടം ആദ്യമായി ആവിര്‍ഭവിക്കുന്നത് 1871ല്‍ പാരിസ് കമ്മ്യൂണിലാണ്. വളരെ ഹ്രസ്വകാലം കൊണ്ട് മഹത്തായ സംഭാവനകള്‍ നല്കിയ അതിനെ യൂറോപ്പിലെ പിന്തിരിപ്പന്മാരെല്ലാം കൈകോര്‍ത്ത് രക്തരൂക്ഷിതമായി അടിച്ചമര്‍ത്തി. എന്നിട്ട് മാര്‍ക്സിസത്തിന്റെ ചരമഘോഷയാത്ര നടത്തി. കമ്മ്യൂണിസ്റ്റ് ലീഗിന്റെ തുടര്‍ച്ചയായി രൂപീകരിച്ച ഒന്നാം ഇന്റര്‍നാഷണല്‍ നിശ്ചലമായപ്പോഴും ശത്രുക്കള്‍ ആഘോഷിച്ചു. എങ്കിലും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളുടെ സാര്‍വ്വദേശീയ വേദിയായി രണ്ടാം ഇന്റര്‍നാഷണല്‍ രൂപമെടുത്തു. ചിക്കാഗോയിലെ തൊഴിലാളികളുടെ മെയ് ദിന ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉള്‍പ്പെടെ പല ജനകീയ മുന്നേറ്റങ്ങളും ഉണ്ടായി.

Vladimir Lenin
19ാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും മുതലാളിത്തം കുത്തക മുതലാളിത്തമായി, സാമ്രാജ്യത്വമായി, രൂപാന്തരപ്പെടുകയും, സാമ്രാജ്യത്വ രാജ്യങ്ങള്‍ ലോകത്തെ തങ്ങള്‍ക്കിടയില്‍ വിഭജിച്ചെടുക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഈ സമയത്ത്, സാമ്രാജ്യത്വത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിനെയും, അതിനെതിരായ സമരതന്ത്രം വികസിപ്പിക്കുന്നതിനെയും, ലോകത്തെ പുനര്‍വിഭജനം ചെയ്യുന്നതിനായി സാമ്രാജ്യത്വ ശക്തികള്‍ 1914ല്‍ ഒന്നാം ലോകയുദ്ധത്തിന് തുടക്കം കുറിച്ചപ്പോള്‍ അതിനോട് വിപ്ലവകരമായ നിലപാട് സ്വീകരിക്കുന്നതിനെയും കുറിച്ചെല്ലാം ഉണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ മൂലം രണ്ടാം ഇന്റര്‍നാഷണല്‍ ശിഥിലമായി. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ വര്‍ഗസഹകരണത്തിന്റെ പര്യായങ്ങളായി ജീര്‍ണ്ണിച്ചു. ഈ സമയത്താണ് ലെനിന് സാമ്രാജ്യത്വത്തെ ശാസ്ത്രീയമായി വിലയിരുത്തി; സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവര്‍ഗ വിപ്ലവങ്ങളുടെയും ആയ പുതിയ യുഗത്തിലെ വിപ്ലവതന്ത്രവും അടവുകളും ആവിഷ്കരിച്ച്, ലോകത്തെ പിടിച്ചു കുലുക്കിയ റഷ്യയിലെ ഒക്ടോബര്‍ വിപ്ലവത്തെ വിജയത്തിലേക്ക് നയിച്ചത്.
ഒക്ടോബര്‍ വിപ്ലവത്തിലേക്ക് നയിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍, ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ക്ക് വലതുപക്ഷ അവസരവാദികളായിരുന്ന മെന്ഷെവിക്കുകള്ക്കെതിരെ എന്നപോലെ, ഇടത് തീവ്രവാദ, അരാജകവാദ നിലപാടുകാരായിരുന്ന നരോദനായ വോളിയ (നരോദനിക്കുകള്‍) ക്കെതിരെയും നിശിതമായ ആശയസമരം നടത്തേണ്ടി വന്നു. 1887ല്‍ ലെനിന്റെ ജ്യേഷ്ഠ സഹോദരന് അലക്സാണ്ടര്‍, റഷ്യന്‍ ചക്രവര്‍ത്തിക്കെതിരായ വധശ്രമത്തിന്റെ പേരില്‍ മറ്റ് നാല് നരോദനിക് പ്രവര്‍ത്തകരോടൊപ്പം തൂക്കിക്കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം വിദ്യാര്‍ത്ഥിയായിരുന്ന ലെനിനില്‍ വലിയ സ്വാധീനം ചെലുത്തി. പക്ഷേ തന്റെ ജ്യേഷ്ഠന്റെ രക്തസാക്ഷിത്വത്തെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ, അദ്ദേഹവും കൂട്ടുകാരും പിന്തുടര്‍ന്ന തീവ്രവാദപാത പൂര്‍ണ്ണമായും തിരസ്കരിച്ചുകൊണ്ട്, യുവാക്കളായ മറ്റ് സോഷ്യല്‍ ഡെമോക്രാറ്റുകളോടൊപ്പം ലെനിന് പിന്തുടര്ന്നത് മറ്റൊരു പാതയാണ്, തൊഴിലാളിവര്‍ഗ വിപ്ലവത്തിന്റെ ജനകീയപാത. ആ പാതയിലൂടെയുള്ള പ്രയാണം ഒക്ടോബര്‍ വിപ്ലവത്തിന്റെ വിജയത്തിലേക്കും, മുതലാളിത്തത്തിന് എതിരെ സോഷ്യലിസ്റ്റ് ബദല്‍ കെട്ടിപ്പടുക്കുന്നതിലേക്കും മുന്നേറാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ദിശാബോധം നല്കി.

October Revolution
സോഷ്യലിസ്റ്റ് പാതയില്‍ സോവിയറ്റ് യൂണിയന് കെട്ടിപ്പടുത്ത്, ലോകവിപ്ലവത്തിന്റെ താവളപ്രദേശമായി അതിനെ മാറ്റുന്നതിനും, ജനകീയ രാഷ്ട്രീയാധികാരത്തിന്റെ ബീജരൂപങ്ങളായി സോവിയറ്റുകള്‍ കെട്ടിപ്പടുക്കുന്നതിനും ലെനിന് തുടക്കമിട്ടു. 1919ല്‍ രണ്ടാം ഇന്റര്‍നാഷണലിനെ മൂന്നാം, അഥവാ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലായി (കോമിന്റേണ്‍) പുനഃസംഘടിപ്പിച്ചു. ലോക തൊഴിലാളിവര്‍ഗ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ രണ്ട് ധാരകളായി മുതലാളിത്ത രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് വിപ്ലവങ്ങളും കൊളോണിയല്‍ ആധിപത്യത്തിന് കീഴിലുള്ള രാജ്യങ്ങളിലെ ജനകീയ ജനാധിപത്യ വിപ്ലവങ്ങളും നയിക്കുന്നതിനുള്ള തന്ത്രപരമായ കാഴ്ചപ്പാടും വികസിപ്പിച്ചു. സോവിയറ്റ് യൂണിയനെ സാമ്പത്തികമായി ഉപരോധിച്ചും സൈനികമായി വളഞ്ഞാക്രമിച്ചും നശിപ്പിക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങള്‍ പരാജയപ്പെടുത്തി.
ലെനിനുശേഷം മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, 1950കളുടെ തുടക്കമാകുമ്പോഴേക്കും, മാവോ ചൂണ്ടിക്കാട്ടിയ പോലെ ‘സോഷ്യലിസത്തിന്റെ കിഴക്കന്‍ കാറ്റ് സാമ്രാജ്യത്വത്തിന്റെ പടിഞ്ഞാറന്‍ കാറ്റിനെ മറികടക്കാന്‍ കെല്പുണ്ടെന്ന് തോന്നിക്കും വിധം’ ശക്തിപ്പെട്ടിരുന്നു. സോവിയറ്റ് യൂണിയനെ തുടര്‍ന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും ഉള്‍പ്പെടെ, ലോകജനസംഖ്യയുടെ മൂന്നിലൊരു ഭാഗം അധിവസിക്കുന്ന 13 രാജ്യങ്ങളില്‍ തൊഴിലാളിവര്‍ഗം അധികാരത്തില്‍ വന്നിരുന്നു. അതേസമയം, ഈ കാലയളവില്‍, സാമ്രാജ്യത്വ ചേരി യു.എസ്. നേതൃത്വത്തില്‍ ബ്രെട്ടന്‍വുഡ് സമ്മേളന തീരുമാനങ്ങള്‍ പ്രകാരം ഐ.എം.എഫും ലോകബാങ്കും ഐക്യരാഷ്ട്ര സംഘടനയും രൂപീകരിച്ചുകൊണ്ടും, കൊളോണിയല്‍ ചൂഷണത്തിന്റെയും നേരിട്ടുള്ള കൊള്ളയുടെയും സ്ഥാനത്ത്, മൂലധനവും സാങ്കേതികവിദ്യയും യുദ്ധോപകരണങ്ങളും കയറ്റുമതി ചെയ്യുന്നതില്‍ ഊന്നുന്ന പുത്തന്‍ കൊളോണിയല്‍ ചൂഷണ വ്യവസ്ഥയും, അതിന് അനുരൂപമായിട്ടുള്ള പിന്തിരിപ്പന് സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ ഇടപെടലുകളും ശക്തിപ്പെടുത്തിയിരുന്നു.

Deng Xiaoping
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ടത് അളവുപരമായും ഗുണപരമായും തീക്ഷ്ണമായ വെല്ലുവിളികളായിരുന്നു. ഇവയെ നേരിടാന്‍ കഴിയാത്ത വിധം തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്, ലെനിനുശേഷം സോവിയറ്റ് യൂണിയനെ ലോകവിപ്ലവത്തിന്റെ താവളപ്രദേശമായി സോഷ്യലിസ്റ്റ് പാതയില്‍ കെട്ടിപ്പടുക്കുന്നതിന് തടസ്സമായിത്തീര്‍ന്ന പല ദൗര്‍ബല്യങ്ങളും പ്രകടമായിരുന്നു. ഇവയുടെ ഫലമായി 1956ല്‍ ചേര്‍ന്ന സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ്സില്‍, സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവര്‍ത്തനത്തിനും, സാമ്രാജ്യത്വവുമായി സമാധാനപരമായ സഹവര്‍ത്തിത്വത്തിനും, സമാധാനപരമായ മത്സരത്തിനും വേണ്ടി വാദിക്കുന്ന മുതലാളിത്തപാതക്കാര്‍ ക്രൂഷ്ചേവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലും ഭരണകൂടത്തിലും ആധിപത്യം സ്ഥാപിച്ചു.
1956 അവസാനം ചേര്‍ന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എട്ടാം കോണ്‍ഗ്രസ്സില്‍, ‘പൂച്ച കറുത്തതായാലും വെളുത്തതായാലും വേണ്ടില്ല, എലിയെ പിടിച്ചാല്‍ മതി’ എന്ന് വാദിക്കുന്ന, ലിയു ഷാവോചിയും ഡെങ് സിയാവോപിങ്ങും നയിച്ചിരുന്ന മുതലാളിത്ത പാതക്കാരുടെ ‘ഉല്‍പ്പാദന ശക്തികളുടെ സിദ്ധാന്ത’ത്തിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. ഈ വലതുപക്ഷ വ്യതിയാനത്തെ പിന്തുണച്ചുകൊണ്ട് സോവിയറ്റ് തിരുത്തല്‍വാദികള്‍ കരുക്കള്‍ നീക്കി. ഈ സാഹചര്യത്തില്‍, സോഷ്യലിസ്റ്റ് തെറ്റുതിരുത്തല്‍ പ്രസ്ഥാനത്തിലൂടെ വലതുപക്ഷക്കാര്ക്കെതിരേ മാവോ ഉള്‍പ്പാര്‍ട്ടി സമരം ശക്തിപ്പെടുത്തി. 1957ലും 1960ലും ചേര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാര്‍വ്വദേശീയ സമ്മേളനങ്ങളില്‍ സോവിയറ്റ് നേതൃത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച തിരുത്തല്‍വാദ ലൈനിനെതിരേ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചു പോരാടി. ഇതേ തുടര്‍ന്ന് ക്രൂഷ്ചേവും കൂട്ടരും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിലെ സമരം ഭരണകൂട തലത്തിലേക്ക് വ്യാപിപ്പിച്ചു; മാവോയെയും ചൈനീസ് പാര്‍ട്ടിയെയും പരസ്യമായി വിമര്‍ശിച്ചു. ഇതിന് മറുപടിയായിട്ടാണ് ‘സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ (ഐ.സി.എം.) പൊതു ലൈന്‍’ ഉള്‍പ്പെടെ മഹാസംവാദ രേഖകള്‍ മാവോയുടെ നേതൃത്വത്തില്‍ 1963ല്‍ പ്രസിദ്ധപ്പെടുത്തിയത്.
പക്ഷേ, സാര്‍വ്വദേശീയ പ്രസ്ഥാനത്തെ ക്രൂഷ്ചേവും കൂട്ടരും ഇതിനോടകം പിളര്ത്തിക്കഴിഞ്ഞിരുന്നു. മുന്‍പേതന്നെ, 1943ല്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ പിരിച്ചുവിട്ടിരുന്നു. 1960കളില്‍ മാര്‍ക്സിസം ലെനിനിസം മാവോ ചിന്തകളും തൊഴിലാളിവര്‍ഗ സാര്‍വ്വദേശീയതയും ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനകള്‍ രൂപം കൊള്ളാന്‍ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍, മഹാസംവാദ രേഖകളുടെ അടിസ്ഥാനത്തില്‍ ഒരു സാര്‍വ്വദേശീയ സമ്മേളനം വിളിച്ചുകൂട്ടാനും ഒരു സാര്‍വ്വദേശീയ വേദി രൂപീകരിക്കാനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) മുന്‍കൈ എടുക്കേണ്ടിയിരുന്നു. പക്ഷേ അതുണ്ടായില്ല. കാരണം, ലിയുവും ഡെങ്ങും, മധ്യപാതക്കാരനായിരുന്ന പ്രധാനമന്ത്രി ചൗ എന്‍ലായിയും ഉള്‍പ്പെടെയുള്ളവര്‍ അതിന് എതിരായിരുന്നു. ഒരു ഇന്റര്‍നാഷണല്‍ ഉണ്ടാക്കുന്നത് വിപ്ലവത്തെ ക്ഷീണിപ്പിക്കുമെന്നു വരെ അവര്‍ വാദിച്ചു. ഈ സാഹചര്യത്തില്‍, പുതുതായി രൂപംകൊണ്ട എല്ലാ വിപ്ലവ സംഘടനകളും ചൈനയില്‍ നിന്നു വരുന്ന പ്രസ്താവനകളെല്ലാം മാവോയുടെ നിലപാടുകളായി കാണാന്‍ തുടങ്ങി. ഈ സമയത്ത് സിപിസിയിലെ ഉള്‍പ്പാര്‍ട്ടി സമരം അതീവ തീവ്രമായിക്കഴിഞ്ഞിരുന്നു.

Nikita Khrushchev
മുതലാളിത്ത പാതക്കാര്‍ പാര്‍ട്ടിയിലും ഭരണകൂടത്തിലും ആധിപത്യം സ്ഥാപിക്കാന്‍ ശ്രമം ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍, അവര്‍ക്കെതിരെ മാവോ മുന്‍പേ തന്നെ ആരംഭിച്ചിരുന്ന, സോവിയറ്റുകളുടെ ചൈനീസ് രൂപമായ ജനകീയ കമ്മ്യൂണ്‍ പ്രസ്ഥാനം ശക്തിപ്പെടുത്തുകയും, മഹത്തായ തൊഴിലാളിവര്‍ഗ സാംസ്കാരിക വിപ്ലവം കെട്ടഴിച്ചുവിടുകയും ചെയ്തു. വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടെ കോടിക്കണക്കിന് പേര് അണിനിരക്കുകയും, 1965ല്‍ ലിയുവും ഡെങ്ങും ഉള്‍പ്പെടെ മുതലാളിത്ത പാതക്കാര്‍ അധികാര സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.
‘പക്ഷേ, സാംസ്കാരിക വിപ്ലവത്തിന്റെ ബാനര്‍ ഉയര്‍ത്തിക്കൊണ്ടുതന്നെ, ഈ സമയത്ത് പ്രതിരോധ മന്ത്രിയായിരുന്ന ലിന് ബിയാവോയും കൂട്ടരും ഇടത് തീവ്രവാദ, അരാജകവാദ ലൈനുമായി സിപിസിയില്‍ ആധിപത്യം സ്ഥാപിച്ചു. 1969ല്‍ ചേര്‍ന്ന സിപിസിയുടെ ഒന്‍പതാം കോണ്‍ഗ്രസ്സില്‍ ഉള്‍പ്പെടെ, 1971ല്‍ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നതുവരെ ലിന്നിന്റെ ആധിപത്യം തുടര്‍ന്നു. ഇക്കാലത്താണ്, നക്സല്‍ബാരി ഉയിര്ത്തെഴുന്നേല്പ്പിനെത്തുടര്ന്ന് സിപിസിയുടെ പീപ്പിള്‍സ് ഡെയ്ലിയില്‍ വന്ന ‘ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്ക’വും ഒന്‍പതാം കോണ്‍ഗ്രസ്സ് രേഖകളും ഉള്‍പ്പെടെ പുറത്തുവരുന്നത്. ഇവയെല്ലാം മാവോയുടെ നിലപാടുകളായി കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളില്പ്പെട്ട എല്ലാവരും അംഗീകരിച്ചു. പക്ഷേ, ഈ രേഖകളിലെ നിലപാടുകള്‍ ‘മഹാസംവാദ’ത്തിലൂടെയും മറ്റ് കൃതികളിലൂടെയും മുന്നോട്ടുവെക്കപ്പെട്ടിരുന്ന മാവോയുടെ യഥാര്‍ത്ഥ നിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.’
1967 ജൂലൈ 5ന്റെ പീപ്പിള്‍സ് ഡെയ്ലി മുഖപ്രസംഗത്തില്‍ ഇന്ത്യന്‍ വിപ്ലവം പിന്തുടരേണ്ട പാതയെപ്പറ്റി വിശദീകരിച്ചത് ഇപ്രകാരമാണ്: ‘ഇന്ത്യന്‍ വിപ്ലവം ഏത് പാതയാണ് സ്വീകരിക്കേണ്ടത് എന്ന കാര്യം വിപ്ലവത്തിന്റെ വിജയത്തെയും പരാജയത്തെയും ബാധിക്കുന്ന ഒരു മൗലിക പ്രശ്നമാണ്. കര്‍ഷകരെ ആശ്രയിക്കുകയും നാട്ടിന്‍പുറങ്ങളില്‍ താവളപ്രദേശങ്ങള്‍ സ്ഥാപിക്കുകയും ദീര്‍ഘകാല സായുധസമരത്തില്‍ അടിയുറച്ചു നില്‍ക്കുകയും, നഗരങ്ങളെ വലയം ചെയ്യാനും അവസാനമായി പിടിച്ചെടുക്കാനും വേണ്ടി നാട്ടിന്‍പുറങ്ങളെ ഉപയോഗിക്കുകയും ചെയ്യുക എന്ന പാത ഇന്ത്യന്‍ വിപ്ലവം സ്വീകരിച്ചേ തീരൂ. ഇതാണ് മാവോ സെതൂങ്ങിന്റെ പാത, ചൈനീസ് വിപ്ലവത്തെ വിജയത്തിലേക്ക് നയിച്ച പാത. എല്ലാ മര്‍ദ്ദിത രാഷ്ട്രങ്ങളുടെയും ജനതകളുടെയും വിപ്ലവവിജയത്തിലേക്കുള്ള ഒരേയൊരു പാത.’ തുടര്‍ന്ന് അത് പ്രസ്താവിച്ചു: ‘ഇന്ത്യ ഒരു അര്‍ദ്ധ കൊളോണിയല്‍, അര്‍ദ്ധ ഫ്യൂഡല്‍ രാജ്യമാണ്.’
അത് തുടര്‍ന്ന് പ്രസ്താവിച്ചു: ‘മഹാനായ നമ്മുടെ നേതാവ് ചെയര്മാന് മാവോ നമ്മെ പഠിപ്പിക്കുന്നു: സായുധശക്തികൊണ്ട് അധികാരം പിടിച്ചുപറ്റുക, യുദ്ധം കൊണ്ട് പ്രശ്നം പരിഹരിക്കുക ഇത് വിപ്ലവത്തിന്റെ കേന്ദ്രകടമയും ഏറ്റവും ഉയര്‍ന്ന രൂപവുമാണ്. വിപ്ലവത്തിന്റെ ഈ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് സിദ്ധാന്തം ചൈനയ്ക്കും മറ്റെല്ലാ രാജ്യങ്ങള്‍ക്കും സാര്‍വത്രികമായി ബാധകമാണ്.’
1969 ലെ ഒന്‍പതാം കോണ്‍ഗ്രസ്സ് രേഖകളില്‍, സാര്‍വദേശീയ സാഹചര്യം വിലയിരുത്തിക്കൊണ്ട് ഇങ്ങനെ പ്രസ്താവിച്ചു: ‘ലോകം സാമ്രാജ്യത്വത്തിന്റെ പൂര്‍ണ്ണ പരാജയത്തിന്റെയും സോഷ്യലിസത്തിന്റെ സമ്പൂര്‍ണ്ണ വിജയത്തിന്റെയും ആയ പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു; ഈ യുഗത്തിലെ മാര്‍ക്സിസം ലെനിനിസം ആണ് മാവോ ചിന്തകള്‍.’

Mao Zedong
1963ല്‍ മഹാസംവാദത്തിന്റെ ഭാഗമായ, ഐസിഎംന്റെ (കഇങ) പൊതുലൈന്‍ സംബന്ധിച്ച രേഖയിലും അതിന്റെ അനുബന്ധമായി പ്രസിദ്ധീകരിച്ച ‘പുത്തന്‍ കൊളോണിയലിസത്തിന്റെ മാപ്പുസാക്ഷികള്‍’ തുടങ്ങിയ രേഖകളിലും, അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള മാവോയുടെ തെരഞ്ഞെടുത്ത കൃതികളിലും ഉന്നയിച്ചിട്ടുള്ള അടിസ്ഥാന നിലപാടുകളില്‍നിന്ന് വ്യത്യസ്തമായിരുന്നു ലിന് ബിയാവോയുടെ ഈ വ്യാഖ്യാനങ്ങള്‍. എങ്കിലും 1960 കളില്‍ ആഗോളതലത്തില്‍, ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ രൂപംകൊണ്ട മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടികളും സംഘടനകളും, സ്വന്തം രാജ്യത്തെ സമൂര്‍ത്ത സാഹചര്യം വിലയിരുത്താനും സ്വാംശീകരിക്കാനും ശ്രമിക്കാതെ, ഇവയെയെല്ലാം മാവോയുടെ നിലപാടുകളായി ഉയര്‍ത്തിപ്പിടിക്കുകയും യാന്ത്രികമായി നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇക്കാലത്ത് ഇവയെയെല്ലാം സ്വാധീനിച്ച ഇടത് തീവ്രവാദ, അരാജകവാദ വ്യതിയാനങ്ങള്‍ക്കുള്ള അടിസ്ഥാന കാരണം ഇതായിരുന്നു.
1971 ലെ സി സിയുടെ തിരോധാനത്തോടെ, സിപിസിയിലെ ഉള്‍പാര്‍ട്ടി സമരം ഒരു പുതിയ ഘട്ടത്തിലെത്തി; വലതുപക്ഷക്കാരും മധ്യപാതക്കാരും ചേര്‍ന്ന് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. ഈ സമയത്താണ്, പിങ്പോങ് നയതന്ത്രത്തില്നിന്ന് തുടങ്ങി ചൈന യുഎസ് ബന്ധം മെച്ചപ്പെടാന്‍ തുടങ്ങുന്നതും, മൂന്നാം ലോക സിദ്ധാന്തത്തിന് തുടക്കം കുറിക്കുന്നതും, പൂര്‍വ്വ പാകിസ്താന് ബംഗ്ലാദേശായി മാറിയ കലാപസമയത്ത് യുഎസിനൊപ്പം ചൈനയും യാഹ്യാഖാനെ പിന്തുണയ്ക്കുന്നതും. ഇക്കാലത്ത് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവശക്തികള്ക്കെതിരായ, പ്രത്യേകിച്ചും സിപിഐ (എംഎല്)നെതിരായ ഭരണകൂട അടിച്ചമര്‍ത്തല്‍ പൊതുവില്‍ ഉച്ചസ്ഥായിയിലായിരുന്നു.
സിപിസിയില്‍ നടന്നുകൊണ്ടിരുന്ന ഉള്‍പാര്‍ട്ടി സമരത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകള്‍ പ്രസ്ഥാനത്തില്‍ ശിഥിലീകരണത്തിന് ആക്കം കൂട്ടി. ഈ അവസരത്തില്‍, പൂര്‍വ്വ ബംഗാള്‍ കലാപത്തെ വിപ്ലവദിശയില് വികസിപ്പിക്കാന്‍ പൂര്‍വ്വ ബംഗാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാലെ) നടത്തിയിരുന്ന ശ്രമങ്ങളെ പിന്തുണച്ചുകൊണ്ടുള്ള ചാരു മജുംദാറുടെ ആഹ്വാനം സ്വതന്ത്ര വിപ്ലവമുന്കൈ വികസിപ്പിക്കാനുള്ള തുടക്കമായിരുന്നു. ഈ ആഹ്വാനത്തിന്റെ ചരിത്രപ്രാധാന്യം ഉള്ക്കൊണ്ടവര് സജീവമായപ്പോള്‍, ഒരു കൂട്ടര് സിപിസിയുടെ നിലപാടിനെ പിന്തുണയ്ക്കുകയും മറ്റു പലരും കാഴ്ചക്കാരായി മാറുകയും ചെയ്തു. സിപിഐയും സിപിഎമ്മും ഭരണവര്‍ഗ പാര്‍ട്ടികള്‍ക്കൊപ്പം ബംഗ്ലാദേശ് സൃഷ്ടിക്കാനുള്ള ഇന്ദിരാ സര്‍ക്കാരിന്റെ സൈനിക നീക്കങ്ങള്‍ക്ക് പിന്നില്‍ അണിനിരന്നപ്പോള്‍, വിപ്ലവശക്തികള്‍ ഒറ്റക്കെട്ടായി സി.എമ്മിന്റെ (ചാരു മജുംദാര്‍) ആഹ്വാനം അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അതൊരു നിര്‍ണ്ണായക വഴിത്തിരിവാകുമായിരുന്നു. പക്ഷേ, അതുണ്ടായില്ലെന്ന് മാത്രമല്ല, സിപിഐ (എംഎല്)ല്‍ ഒരു വിഭാഗം വലതുപക്ഷ നിലപാടുമായി പിളര്‍ന്നുപോയപ്പോള്‍, മറ്റൊരു കൂട്ടര് ലിന് ബിയാവോ നിലപാടിനെ പിന്തുണയ്ക്കാന്‍ തുടങ്ങിയിരുന്നു.
ഈ സന്ദര്‍ഭത്തിലാണ്, 1972 ജൂലൈ ആദ്യം പാര്‍ട്ടിയുടെ മുഖപത്രമായിരുന്ന ‘ലിബറേഷനില്‍’ സി.എമ്മിന്റെ അവസാന ലേഖനം, ‘ജനങ്ങളുടെ താല്‍പ്പര്യമാണ് പാര്‍ട്ടിയുടെ താല്‍പ്പര്യം’, പ്രസിദ്ധീകരിക്കപ്പെട്ടത്. സിഎം എഴുതി: ‘നമ്മുടെ രാജ്യത്തെ സായുധസമരം ഒരു ഘട്ടം വരെ മുന്നോട്ടുപോയ ശേഷം നമുക്കൊരു തിരിച്ചടി നേരിട്ടിരിക്കുന്നു. ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. പാര്‍ട്ടിയെ സംരക്ഷിക്കുന്നതിന്, അതിനെ തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള വിശാല ജനവിഭാഗങ്ങള്‍ക്കിടയില്‍ കെട്ടിപ്പടുക്കണം. രാഷ്ട്രീയമായി ഐക്യപ്പെട്ട രീതിയില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ കഴിയുകയാണെങ്കില്‍, തിരിച്ചടികളെ മറികടക്കാനും സമരത്തെ കൂടുതല്‍ ഉയര്‍ന്ന ഒരു ഘട്ടത്തിലേക്ക് എത്തിക്കാനും നമുക്ക് കഴിയും. ചുരുങ്ങിയ കാലയളവിനുള്ളില്‍ നമുക്കിത് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’
‘ചുരുങ്ങിയ കാലയളവിനുള്ളില്‍ നമ്മുടെ രാജ്യത്ത് ഒരു സ്വയംപ്രചോദിതമായ പൊട്ടിത്തെറി ഉണ്ടാകും…

Lin Biao
ഇന്ന് നമ്മുടെ പാര്‍ട്ടിയുടെ കടമ അടിസ്ഥാന വര്ഗങ്ങള്ക്കിടയില് പാര്‍ട്ടി കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുകയും, വിശാല ജനവിഭാഗങ്ങളോട് ചേര്‍ന്ന് സമരാധിഷ്ഠിതമായ സംയുക്ത മുന്നണി കെട്ടിപ്പടുക്കുകയുമാണ്. കോണ്‍ഗ്രസ് ഭരണത്തിനെതിരായി ഏറ്റവും വിശാലമായ സംയുക്ത മുന്നണി കെട്ടിപ്പടുക്കാനുള്ള സാധ്യതയുണ്ട്. ഇന്ന് കോണ്‍ഗ്രസ് അടിച്ചേല്‍പ്പിക്കുന്ന മര്‍ദ്ദക ഭരണത്തിനെതിരെയുള്ള സാധാരണ ജനങ്ങളുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്കാന് ‘ഇടതുപക്ഷ’ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. അതുകൊണ്ട് അവയുടെ നേതൃത്വങ്ങളോട് അവയില്‍ അണിചേര്‍ന്നിട്ടുള്ള തൊഴിലാളി കര്‍ഷക ജനവിഭാഗങ്ങള്‍ക്ക് അമര്‍ഷമുണ്ട്. സംയുക്ത സമരത്തിന്റെ അടിസ്ഥാനത്തില്‍ അവരുമായി ഐക്യപ്പെടാന്‍ നമ്മള് ശ്രമിക്കണം. ഒരിക്കല്‍ നമ്മളോട് ശത്രുതാപരമായി പെരുമാറിയവര്‍ പോലും ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍ നമ്മോട് ഐക്യപ്പെടാന്‍ മുന്നോട്ട് വരും. അത്തരം ശക്തികളോട് ഐക്യപ്പെടാന്‍ നമുക്ക് ഹൃദയവിശാലതയുണ്ടാകണം. ഹൃദയവിശാലത കമ്മ്യൂണിസ്റ്റുകാരുടെ ഒരു സ്വഭാവഗുണമാണ്. ഇന്ന് ജനങ്ങളുടെ താല്പര്യം സംയുക്ത സമരങ്ങള്‍ ആവശ്യപ്പെടുന്നു. ജനങ്ങളുടെ താല്പര്യമാണ് പാര്‍ട്ടിയുടെ താല്‍പ്പര്യം.’
‘സിഎം ചൂണ്ടിക്കാട്ടിയതുപോലെ അധികം താമസിയാതെ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായി; പക്ഷേ അതിനുമുമ്പേ സഖാവ് രക്തസാക്ഷിയായി. സി.എമ്മിന്റെ ആഹ്വാനം ചെവിക്കൊണ്ട് തെറ്റുകള്‍ തിരുത്താനും, വരാനിരിക്കുന്ന ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കഴിയുംവിധം പാര്‍ട്ടി കെട്ടിപ്പടുക്കാനും നിരവധി ഗ്രൂപ്പുകളായി ശിഥിലമായ പ്രസ്ഥാനത്തിന് കഴിഞ്ഞില്ല. 1976ല്‍ മാവോ നിര്യാതനായി. വളരെ പെട്ടെന്ന് മുതലാളിത്ത പാതക്കാര്‍ ചൈനയില്‍ പാര്‍ട്ടിയിലും ഭരണകൂടത്തിലും പൂര്‍ണ്ണമായും ആധിപത്യം സ്ഥാപിച്ചു. മുതലാളിത്ത പാതക്കാര്‍ക്കെതിരെ ജനകീയ കമ്മ്യൂണുകളും സാംസ്കാരിക വിപ്ലവവും വഴി പോരാടിയ മാവോ, ചൈനയില്‍ പ്രതിവിപ്ലവകാരികള്‍ അധികാരം കവര്‍ന്നെടുത്താല്‍ അവര്‍ക്കെതിരെ ആഗോളതലത്തില്‍ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റുകള്‍ സമരം ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
പക്ഷേ, സിപിഐയും സിപിഎമ്മും മാത്രമല്ല, പല നക്സലൈറ്റ് ഗ്രൂപ്പുകള്‍ പോലും ഇതിന് തയ്യാറായില്ല. വലതുപക്ഷ വ്യതിയാനത്തിനടിപ്പെട്ട ഇക്കൂട്ടര്‍ പുത്തന്‍ കോളനിവല്‍ക്കരണത്തിന്റെ മാപ്പുസാക്ഷികളായെന്ന് മാത്രമല്ല, നവലിബറല്‍ (നവഉദാര) നയങ്ങളുടെയും സമര്ത്ഥകരായി മാറി.’
അടിയന്തരാവസ്ഥയെത്തുടര്‍ന്ന് 198090കളില്‍ പല ഗുരുതരമായ സംഭവവികാസങ്ങളും ഇന്ത്യയിലുണ്ടായി. ഐഎംഎഫ്, ലോകബാങ്ക്, ലോകവ്യാപാര സംഘടന ത്രയങ്ങളുടെ കീഴില്‍ നവലിബറല്‍ നയങ്ങള്‍ക്കൊപ്പം കാര്‍ഷിക മേഖലയില്‍ മുതലാളിത്തവല്‍ക്കരണവും, എല്ലാ മണ്ഡലങ്ങളിലും കോര്‍പറേറ്റ്വല്‍ക്കരണവും അടിച്ചേല്‍പ്പിക്കപ്പെട്ടു. മണ്ഡല് കമ്മീഷന് റിപോര്‍ട്ട് ജാതീയമായ ചൂഷണത്തിന്റെ നിഷ്ഠുരാവസ്ഥ തുറന്നുകാട്ടുകയും പിന്നാക്ക ജാതികള്ക്കുകൂടി സംവരണത്തിന്റെ ആനുകൂല്യം നല്കാന് നിര്‍ദ്ദേശിക്കുകയും ചെയ്തപ്പോള്‍, അതിനെതിരെ കാവിവല്‍ക്കരണത്തിനായുള്ള രഥയാത്രയുമായി ആര്‍എസ്എസ്, ബിജെപി ശക്തികള്‍ രാഷ്ട്രീയരംഗത്ത് പിടിമുറുക്കാന്‍ തുടങ്ങി.

Charu Majumdar
ഈ ഗുരുതരാവസ്ഥ തിരിച്ചറിയാതെ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി അവസരവാദ രാഷ്ട്രീയത്തിലും, അധികാരത്തില്‍ വന്നിടത്തൊക്കെ ‘ചങ്ങാത്ത മുതലാളിത്ത’ നയങ്ങള്‍ നടപ്പിലാക്കുന്നതിലും മുഴുകി. ഇതിനോടകം നിരവധി ഗ്രൂപ്പുകളായി ശിഥിലമായിരുന്ന നക്സലൈറ്റുകളിലും പല ചേരിതിരിവുകളുമുണ്ടായി. വലതുപക്ഷ സ്വാധീനത്തില്പ്പെട്ടവര് പൊതുവില്‍ സിപിഎം മുന്നണിയുടെ സഹയാത്രികരായി. ഇടത് തീവ്രവാദ കാഴ്ചപ്പാടിലേക്ക് എത്തിയിരുന്ന മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും പീപ്പിള്‍സ് വാര് ഗ്രൂപ്പും, സിപിഐ (എംഎല്) പാര്‍ട്ടി യൂണിറ്റിയും ലയിച്ച് 2004ല്‍ സിപിഐ (മാവോയിസ്റ്റ്) രൂപീകരിച്ചു.
ലിന് ബിയാവോയുടെ പേര് ഉപയോഗിച്ചില്ലെങ്കിലും അവര്‍ പിന്തുടര്ന്നത് അടിസ്ഥാനപരമായും ആ ലൈന്‍ ആയിരുന്നു. 1980 കളുടെ അവസാനം തെക്കേ അമേരിക്കയിലെ പെറുവില്‍ ‘ഷൈനിങ് പാത്ത്’ എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ ചെയര്മാന് ഗോണ്‍സാലോ, ‘മാവോ ചിന്ത’കളുടെ സ്ഥാനത്ത് ‘മാവോയിസം’ എന്ന പദം ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് യുഎസിലെ ആര്‍സിപി (ഞഇജ) മുന്‍കൈയെടുത്ത് രൂപീകരിച്ച റെവല്യൂഷണറി ഇന്റര്‍നാഷണലിസ്റ്റ് പ്രസ്ഥാനവും (ഞകങ) പുതിയ യുഗത്തിലെ മാര്‍ക്സിസം ലെനിനിസമായി മാവോയിസം ഉപയോഗിക്കാന്‍ തുടങ്ങി.
സമകാലീന ലോകസാഹചര്യവും സ്വന്തം രാജ്യത്തെ സമൂര്‍ത്ത സാഹചര്യവും വിലയിരുത്തി വിപ്ലവലൈന്‍ ആവിഷ്കരിക്കുന്നതിനു പകരം മാവോയിസ്റ്റുകള്‍, സായുധസമരത്തെ ഏകമാത്ര സമരരൂപമായി അംഗീകരിച്ചുകൊണ്ട്, ചൈനയുടെ സവിശേഷ സാഹചര്യത്തില്‍ 193040 കളില്‍ മാവോ പിന്തുടര്‍ന്ന സൈനിക ലൈന്‍ യാന്ത്രികമായി പിന്തുടരുന്നു; മാവോയുടെ സാംസ്കാരിക വിപ്ലവം ഉള്‍പ്പെടെയുള്ള സംഭാവനകളും ബഹുജന ലൈനും അവഗണിക്കുന്നു. 196772 കാലത്തുണ്ടായ തിരിച്ചടികളെ വിലയിരുത്തി തന്റെ അവസാന ലേഖനത്തില്‍ സി.എം. നല്കിയ നിര്‍ദ്ദേശങ്ങളും മാവോയിസ്റ്റുകള്‍ തിരസ്കരിച്ചു.
ചങ്ങാത്ത മുതലാളിത്തത്തിന്റെ പാതയില്‍ ഒരു വന്‍ സാമ്പത്തിക ശക്തിയായി മാറിയ രാജ്യമാണ് 140 കോടിയിലേറെ ജനങ്ങള്‍ അധിവസിക്കുന്ന വര്‍ത്തമാന ഇന്ത്യ. ഒരു പതിറ്റാണ്ടിലേറെ കാലമായി ആര്‍എസ്എസ് നയിക്കുന്ന ഹിന്ദുത്വകോര്‍പറേറ്റ് ഫാസിസം സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിന് അനുസൃതമായി പാര്‍ട്ടി ലൈന്‍ ആവിഷ്കരിച്ച്, എല്ലാ സമരരൂപങ്ങളും ഉപയോഗപ്പെടുത്തി, വിശാല ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് അണിനിരത്തി മുന്നോട്ടുപോവുക എന്ന വെല്ലുവിളിയാണ് കമ്മ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെയുള്ള എല്ലാ പുരോഗമന ശക്തികളും ഇന്ന് നേരിടുന്നത്.

Gonzalo
പക്ഷേ, ഇന്ത്യന്‍ ഭരണകൂടത്തോട് യുദ്ധം പ്രപിച്ചുകൊണ്ട് സിപിഐ (മാവോയിസ്റ്റ്) ചെയ്യുന്നതോ? മനുവാദി ജാതിവ്യവസ്ഥയെന്ന സവിശേഷതയോടുകൂടിയ, ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ഈ വിശാലമായ ബഹുദേശീയ രാജ്യത്തെ സങ്കീര്‍ണ്ണമായ സമൂര്‍ത്ത സാഹചര്യം വിലയിരുത്താതെ, ചൈനീസ് സാഹചര്യത്തില്‍ പ്രയോഗിച്ച സൈനിക ലൈന്‍ യാന്ത്രികമായി പിന്തുടര്ന്നുകൊണ്ട്, 10 ശതമാനം വരുന്ന ആദിവാസികള്‍ അധിവസിക്കുന്ന പ്രദേശങ്ങളെ മുഖ്യമായും കേന്ദ്രീകരിച്ച്, സായുധസമര പാത മാത്രം ഉപയോഗിച്ച് താവള പ്രദേശങ്ങള്‍ സൃഷ്ടിക്കാമെന്നും അങ്ങനെ ഇന്ത്യയെ വിമോചിപ്പിക്കാമെന്നും സ്വപ്നം കാണുന്നു! സാര്‍വദേശീയ യാഥാര്‍ത്ഥ്യങ്ങള്‍ക്കും നമ്മുടെ രാജ്യത്തെ സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കും വിരുദ്ധമായ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സുദീര്‍ഘ അനുഭവങ്ങളോട് പൊരുത്തപ്പെടാത്ത കേവലമായ ഒരു കാല്‍പ്പനിക വീക്ഷണം. അതിന്റെ പരിണിതഫലമോ? ആ സംഘടന ഏതാണ്ട് തകര്‍ക്കപ്പെട്ടിരിക്കുന്നു.
അതുകൊണ്ട്, ജനകീയ ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും പരിസ്ഥിതി സൗഹൃദമായ സുസ്ഥിര വികസന പാതയില്‍ മുന്നേറാന്‍ ശ്രമിക്കുന്ന, അതിനായി ബഹുജന ലൈനില്‍ ഊന്നുന്ന ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവര്‍, വലതുപക്ഷ അവസരവാദത്തിനെതിരെ എന്നപോലെ ഇടത് തീവ്രവാദ, അരാജകവാദ കാഴ്ചപ്പാടുകള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ സൈദ്ധാന്തിക സമരം തുടരേണ്ടതുണ്ട്. അതേസമയം, തീവ്രവാദ വ്യതിയാനത്തിന്റെ സ്വാധീനത്തില്‍പ്പെട്ടുപോയ സഖാക്കളോടുള്ള സമീപനം, ലെനിന് നരോദനിക് സ്വാധീനത്തില്‍പ്പെട്ട് രക്തസാക്ഷിയായ തന്റെ ജ്യേഷ്ഠന് അലക്സാണ്ടറോട് സ്വീകരിച്ച സമീപനം തന്നെയായിരിക്കണം

No Comments yet!