Skip to main content

കീഴാള രാഷ്ട്രീയവും ഇടതുപക്ഷവും-വഞ്ചിക്കപ്പെടുന്ന വിശ്വാസവും ഉണരുന്ന ‘പ്രതികാരയുക്തി’യും

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പരാജയകാരണങ്ങള്‍ തേടിയുള്ള നെട്ടോട്ടത്തിലാണ് സിപിഎം. പിഎംശ്രീ പദ്ധതി മുതല്‍ അയ്യപ്പന്റെ സ്വര്‍ണക്കവര്‍ച്ച വരെയുള്ള ഉപരിപ്ലവമായ കാരണങ്ങള്‍ പാര്‍ട്ടി നിരത്തിയെങ്കിലും, പരാജയത്തിന്റെ യഥാര്‍ത്ഥ പ്രഭവകേന്ദ്രം കണ്ടെത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതല്ലെങ്കില്‍, ആ സത്യത്തെ തുറന്നുപറയാന്‍ അവര്‍ ഭയപ്പെടുന്നു. ഉറക്കം നടിക്കുന്നവരെ വെള്ളം തളിച്ചുണര്‍ത്തുക എന്നത് ഒരു രാഷ്ട്രീയ ധര്‍മമായതുകൊണ്ട് ആ സത്യം പറയാതിരിക്കാനാവില്ല: കേരളത്തിലെ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയുടെ മുഖ്യകാരണം, ദലിത് കീഴാള ജനതയില്‍ ഉണര്‍ന്നുവന്ന രാഷ്ട്രീയമായ ‘പ്രതികാരയുക്തി’യാണ് (Politics of Range). കേരളത്തിലെ ദലിത് പിന്നാക്ക ജനവിഭാഗങ്ങള്‍ എന്നും ഇടതുപക്ഷത്തെ കണ്ടിരുന്നത് തങ്ങളുടെ വിമോചനത്തിന്റെ ചാലകശക്തിയായാണ്. സവര്‍ണ തറവാടുകളുടെ അകത്തളങ്ങളില്‍ നിന്ന് വിപ്ലവം പറഞ്ഞുവന്ന ‘ബുദ്ധിരാക്ഷസന്‍മാരെക്കാള്‍’, പിണറായി വിജയന്‍ എന്ന നേതാവില്‍ കീഴാള ജനത അര്‍പ്പിച്ച വിശ്വാസം വലുതായിരുന്നു. അദ്ദേഹം തങ്ങളില്‍ ഒരാളാണെന്ന ആത്മബന്ധമായിരുന്നു ആ വിശ്വാസത്തിന് ആധാരം. എന്നാല്‍ ഇന്ന് ആ വിശ്വാസം കടുത്ത നിരാശയിലേക്കും രാഷ്ട്രീയമായ വിപ്രതിപത്തിയിലേക്കും വഴിമാറിയിരിക്കുന്നു.

ഭൂപരിഷ്‌കരണം മുതല്‍ കോളനികള്‍ വരെ

❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്
Google Pay / UPI
9400058466
Maruvakku Monthly A/C
A/C: 38213106039
IFSC: SBIN0070576
Puthiyara, Kozhikode

🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

ഇടതുപക്ഷം അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടുന്ന ഭൂപരിഷ്‌കരണത്തില്‍ നിന്നുതന്നെ ഈ വഞ്ചനയുടെ വേരുകള്‍ തുടങ്ങുന്നുണ്ട്. ‘ഭൂമി ഉഴുതവന്’ എന്ന് മുദ്രാവാക്യം വിളിച്ചപ്പോള്‍, വലിയ പ്രതീക്ഷകള്‍ ലഭിച്ച, നൂറ്റാണ്ടുകളായി മണ്ണില്‍ പണിയെടുത്ത ദലിതന് ലഭിച്ചത് കേവലം പത്തു സെന്റും ഒരു കുടിലുമായിരുന്നു. പാട്ടക്കര്‍ഷകരായ മധ്യവര്‍ത്തി ജാതിക്കാര്‍ ഭൂവുടമകളായി മാറിയപ്പോള്‍, യഥാര്‍ത്ഥ കര്‍ഷകത്തൊഴിലാളികള്‍ ലക്ഷംവീട് കോളനികളിലെ തടവുകാരായി തീര്‍ന്നു. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ദലിതര്‍ ഇന്നും ‘കോളനിവാസികള്‍’ എന്ന ലേബലില്‍ കഴിയേണ്ടി വരുന്നത് ഇടതുപക്ഷ ഭാവനയുടെ പരാജയമാണ്. ഉല്‍പ്പാദന ഉപാധികളില്‍ നിന്ന് കീഴാളരെ അകറ്റിനിര്‍ത്തി, അവരെ കേവലം വോട്ടുബാങ്കുകളായി മാത്രം കണ്ടു എന്നതാണ് സിപിഎം ചെയ്ത ചരിത്രപരമായ പിശക്. ആ പഴയ ‘കീഴാള അടിമത്തം’ ക്രമേണ പാര്‍ട്ടി വിധേയത്വമായി പരിണമിക്കുകയായിരുന്നു. എന്നാല്‍ പുതിയ തലമുറയിലെ ദലിത് യുവാക്കള്‍ ഈ വിരോധാഭാസത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

നയങ്ങളിലെ വരേണ്യതയും ‘നാവുപിഴ’യിലെ സത്യവും

ഭരണകൂടത്തിന്റെ നയവൈകല്യങ്ങളാണ് നിലവിലെ അമര്‍ഷത്തിന് വിത്തിട്ടത്. 2019 ഡിസംബര്‍ 31ന് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ ഒരു പരാമര്‍ശം കീഴാള ജനതയ്‌ക്കേല്‍പ്പിച്ച ആഘാതം ചെറുതല്ല. പട്ടികജാതി സംവരണം നീട്ടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ, ‘പട്ടികജാതിക്കാര്‍ക്ക് സംവരണം കൊടുക്കുന്നതിനോട് നമുക്കാര്‍ക്കും യോജിപ്പില്ല’ എന്ന് അഭിനവ ക്യാപ്റ്റന്‍ പറഞ്ഞത് വെറുമൊരു നാക്കുപിഴയായി തള്ളിക്കളയാനാവില്ല.

ഭരണഘടനാപരമായ സംവരണത്തിന്റെ അന്തസ്സത്ത തകര്‍ത്ത്, സാമ്പത്തിക സംവരണം (EWS) ധൃതിപിടിച്ച് നടപ്പാക്കിയ അദ്ദേഹത്തിന്റെ നയങ്ങള്‍ ഇതിനോട് ചേര്‍ത്തുവായിക്കണം. സാമൂഹിക നീതിയേക്കാള്‍ സവര്‍ണ വോട്ടുബാങ്കിനും താല്‍പ്പര്യത്തിനും മുന്‍ഗണന നല്‍കുന്ന ‘സോഷ്യല്‍ എന്‍ജിനീയറിങ്’ ആണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്നത്. ഇഎംഎസ് മുതല്‍ വി.എസ് വരെയുള്ളവര്‍ പുലര്‍ത്തിയ അതേ വരേണ്യ മനോഭാവം അതിന്റെ ഏറ്റവും കര്‍ക്കശമായ രൂപത്തില്‍ പിണറായി വിജയനിലൂടെ ആവര്‍ത്തിക്കപ്പെടുകയായിരുന്നു. നവോത്ഥാന മതില്‍ പണിയുകയും വെള്ളാപ്പള്ളി നടേശനെ മുന്നില്‍ നിര്‍ത്തുകയും ചെയ്തതൊക്കെ ഈ വരേണ്യ അജണ്ട മറയ്ക്കാനുള്ള പുകമറകള്‍ മാത്രമായിരുന്നുവെന്ന് ഇന്ന് പൊതുസമൂഹം തിരിച്ചറിയുന്നു.

ക്യാപ്റ്റനും തകര്‍ക്കപ്പെട്ട ആത്മാഭിമാനവും

അമേരിക്കയിലെ എബ്രഹാം ലിങ്കണെപ്പോലെ ‘ക്യാപ്റ്റന്‍’ എന്ന് വാഴ്ത്തപ്പെട്ട പിണറായി വിജയന്‍, കീഴാള ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമാകേണ്ടതായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ഭരണകാലത്ത് ദലിത് ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കേരളം ഭയപ്പെടുത്തുന്ന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അട്ടപ്പാടിയിലെ മധു മുതല്‍ വയനാട്ടിലെ വിശ്വനാഥന്‍ വരെയുള്ളവരുടെ കൊലപാതകങ്ങളും മരണങ്ങളും ഈ ഭരണത്തിന്റെ തിളക്കം കെടുത്തുന്ന മുറിപ്പാടുകളാണ്.

പോലിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ദലിത് വിരുദ്ധസമീപനങ്ങളും, ലോക്കപ്പ് മരണങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല എന്ന വാദം നിലനില്‍ക്കുന്നതല്ല. ഇതിന്റെ മുഖ്യ ഇരകളും കീഴാളരാണല്ലോ. ജനസംഖ്യയില്‍ വലിയൊരു വിഭാഗമായ ദലിതര്‍ക്ക് മന്ത്രിസഭയില്‍ കേവലമായ ‘ടോക്കണ്‍’ പ്രാതിനിധ്യം മാത്രം നല്‍കിയപ്പോള്‍, സവര്‍ണ സമുദായങ്ങള്‍ക്ക് അധികാരത്തിന്റെ സിംഹഭാഗവും വീതംവെച്ചു നല്‍കി. ഇത് കേവലം പ്രാതിനിധ്യത്തിന്റെ പ്രശ്‌നമല്ല, മറിച്ച് ജനാധിപത്യപരമായ അധികാരപങ്കാളിത്തത്തോടുള്ള പാര്‍ട്ടിയുടെ വിമുഖതയാണ്.

സാമ്പത്തിക അവഗണനയും ജീവിതം വഴിമുട്ടുന്ന ദലിതരും.

കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഏറ്റവും ക്രൂരമായി ബാധിച്ചത് ദലിത് പിന്നാക്ക കുടുംബങ്ങളെയാണ്. ദലിത് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഈ ഗ്രാന്റുകള്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. ഉന്നതവിദ്യാഭ്യാസം സ്വപ്‌നം കാണുന്ന ഒരു ദലിത് യുവാവിനെ സംബന്ധിച്ചിടത്തോളം ഇതിനായുള്ള തുക ജീവിതത്തിന്റെ താളം തെറ്റിക്കുന്നതാണ്. അതിനിടെ ഗ്രാന്റുകള്‍ മുടങ്ങുമ്പോള്‍ അവര്‍ നൈരാശ്യത്തിന്റെ മുള്‍വേലിക്കെട്ടുകളിലേക്ക് എടുത്തെറിയപ്പെടുകയാണ്. പട്ടികജാതി, പട്ടികവര്‍ഗ ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നതും, ലൈഫ് മിഷന്‍ പോലുള്ള പദ്ധതികള്‍ ഭൂരഹിതരായ ദലിതര്‍ക്ക് ലഭിക്കാത്തതും അമര്‍ഷം ഇരട്ടിയാക്കുന്നു. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങുമ്പോഴും, സര്‍ക്കാര്‍ സവര്‍ണ കോര്‍പറേഷനുകള്‍ക്കും വരേണ്യ പ്രീണനങ്ങള്‍ക്കുമായി പണം കണ്ടെത്തുന്നു എന്നതാണ് കീഴാളരെ വല്ലാതെ പ്രകോപിപ്പിക്കുന്നത്.

അന്ധമായ രാഷ്ട്രീയ അടിമത്തത്തിന്റെ അന്ത്യം.

ഇടതുപക്ഷത്തോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും ദലിതര്‍ പുലര്‍ത്തിയിരുന്ന വൈകാരിക ബന്ധം പലപ്പോഴും ഒരു ‘ഏകപക്ഷീയ പ്രണയ’മായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ‘തല്ലുകൊള്ളാനും കൊടിപിടിക്കാനും കീഴാളന്‍ വേണം’, എന്നാല്‍ ‘അധികാരം പങ്കിടാന്‍ വരേണ്യവര്‍ഗം മതി’ എന്ന സിപിഎം തന്ത്രം കാലഹരണപ്പെട്ടിരിക്കുന്നു. ഈ ‘വൈകാരിക അടിമത്തം’ അവസാനിപ്പിക്കുക എന്നതാണ് ദലിതരുടെ പുത്തന്‍ രാഷ്ട്രീയ പ്രബുദ്ധത.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൈക്ക് കെട്ടി വിളിച്ചു പറയാതെതന്നെ അവര്‍ തങ്ങളുടെ രാഷ്ട്രീയ ആയുധം പ്രയോഗിച്ചു. ഇടതുകോട്ടകളായ ദലിത് കേന്ദ്രങ്ങളില്‍ ഉണ്ടായ വന്‍ വോട്ട് ചോര്‍ച്ച പാര്‍ട്ടിക്കേറ്റ രാഷ്ട്രീയ തിരിച്ചടിയാണ്. ഇത് വെറുമൊരു മറുപക്ഷത്തിന് വോട്ട് ചെയ്യലല്ല, മറിച്ച് തങ്ങളെ വഞ്ചിച്ചവരോടുള്ള രാഷ്ട്രീയമായ പകരം ചോദിക്കലാണ്. ദലിതനെ പൂജാരിയാക്കുന്നതോ ദേവസ്വം ബോര്‍ഡില്‍ ഒരു പ്രതിനിധിയെ വെക്കുന്നതോ ആയ ‘ഉപരിപ്ലവമായ’ നടപടികളില്‍ അവര്‍ ഇനി തൃപ്തരാകില്ല. നയരൂപീകരണത്തിലും അധികാരത്തിന്റെ ഉന്നത ശ്രേണികളിലും ആനുപാതികമായ പങ്കാളിത്തമാണ് (Proportional Representation) അവര്‍ ഇന്ന് ആവശ്യപ്പെടുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ

ദേശീയതലത്തില്‍ ഇന്ത്യാ സഖ്യം ജാതി സെന്‍സസ് എന്ന ആവശ്യം ശക്തമായി ഉന്നയിക്കുമ്പോഴും കേരളത്തിലെ സര്‍ക്കാര്‍ കാണിക്കുന്ന ഉദാസീനത സംശയാസ്പദമാണ്. സവര്‍ണ താല്പര്യങ്ങളെ ഭയന്നാണ് ഇടതുപക്ഷം ഇതില്‍ നിന്ന് പിന്നോക്കം പോകുന്നത്. കേന്ദ്രത്തിലെ നരേന്ദ്ര മോദിയും കേരളത്തിലെ പിണറായി വിജയനും തമ്മിലുള്ള രാഷ്ട്രീയ അകലം കുറയുന്നു എന്ന തോന്നല്‍ ദലിത് പിന്നാക്ക വിഭാഗങ്ങളില്‍ ഇന്ന് ശക്തമാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഏകാധിപത്യ ശൈലിയും, സാധാരണക്കാരനില്‍ നിന്നുള്ള അകലവും പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചയാണ്.

ഇതിനെല്ലാം പുറമെയാണ് ‘നവോത്ഥാന നായകന്‍’ എന്ന ലേബലില്‍ സവര്‍ണ പ്രീണനം ഒളിച്ചുകടത്താനുള്ള ശ്രമങ്ങള്‍. എത്ര പുതപ്പിട്ടു മൂടിയാലും സത്യം പുറത്തുവരിക തന്നെ ചെയ്യും.

പിണറായി വിജയനെ ‘ക്യാപ്റ്റന്‍’ എന്ന് ആദരവോടെ ദലിതര്‍ വിളിച്ചത് തങ്ങളെ നയിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ആ ക്യാപ്റ്റന്‍ കപ്പല്‍ നയിക്കുന്നത് വരേണ്യവര്‍ഗത്തിന്റെ തീരത്തേക്കാണെങ്കില്‍, ആ കപ്പലിന്റെ ഗതി മാറ്റാന്‍ യാത്രക്കാര്‍ക്ക് അവകാശമുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും കണ്ടത് ആ ബോധത്തിന്റെ പ്രകടിത രൂപമാണ്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പത്തു വര്‍ഷത്തെ പിണറായി ഭരണത്തിന്റെ വിലയിരുത്തലായി മാറുമ്പോള്‍, ദലിത് അവഗണന ഒരു പ്രധാന ചര്‍ച്ചാവിഷയമായി മാറും. കീഴാള സാമുദായികതയുടെ ഈ ‘പ്രതികാരയുക്തി’യെ തിരിച്ചറിയാനും തിരുത്താനും സിപിഎം തയ്യാറാകാത്ത പക്ഷം, വരാനിരിക്കുന്നത് ചരിത്രപരമായ പതനമായിരിക്കും. അധികാരത്തിന്റെ സോഷ്യല്‍ എന്‍ജിനീയറിങ് തന്ത്രങ്ങള്‍ കൊണ്ട് മാത്രം ഈ രാഷ്ട്രീയ ഉണര്‍വിനെ നേരിടാനാവില്ല. പങ്കാളിത്തമാണ് വേണ്ടത്, പ്രതീകാത്മകതയല്ല. വഞ്ചിക്കപ്പെടുന്ന വിശ്വാസം എന്നെങ്കിലും പ്രതികാരമായി മാറും എന്നത് ചരിത്രസത്യമാണ്. കേരളത്തിലെ കീഴാള രാഷ്ട്രീയത്തിന്റെ ഉണര്‍വ് ആ സത്യത്തിലേക്കുള്ള ദൂരമാണ് വ്യക്തമാക്കുന്നത്.

 

No Comments yet!

Your Email address will not be published.