ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ മാഘ മഹോത്സവം അഥവാ കേരള കുംഭമേള നടക്കുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സന്യാസി സംഘങ്ങളില്‍ ഒന്നായ ജുന അഖാഡയുടെ നേതൃത്വത്തിലാണ് ഇത് നടന്നത്. ബ്രാഹ്മണിക്കല്‍ ഹൈന്ദവ സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തിന്റെ പ്രതീകമായിട്ടാണ് കുംഭമേളകള്‍ കൊണ്ടാടപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആത്മീയോത്സവമായി ഇത് കണക്കാക്കപ്പെടുന്നു. പ്രയാഗ് രാജിലും ഹരിദ്വാറിലും ഉജ്ജൈയിനിയിലും നാസിക്കിലും നടക്കാറുള്ള കുംഭമേളയുടെ ഒരു പതിപ്പ് തിരുനാവായയിലും ഉയര്‍ത്തിക്കൊണ്ടു വരാനാണ് ഈ ആഘോഷങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ്സും വിശ്വഹിന്ദു പരിഷത്തും സേവാഭാരതിയും ശ്രമിക്കുന്നത്. ആദ്യകാലത്ത് തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ തേടി ആളുകള്‍ അങ്ങോട്ട് സഞ്ചരിച്ചിരിക്കുകയായിരുന്നെങ്കില് ഇന്ന് തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ജനങ്ങളെതേടി സഞ്ചരിക്കുകയാണ്. വടക്ക് നിന്ന് തെക്കോട്ട്.
ജുന അഖാഡയുടെ മഹാമണ്ഡലേശ്വര്‍ ആനന്ദഭവനം ഭാരതിയാണ് കേരള കുംഭ മേളയുടെ നായകസ്ഥാനം വഹിച്ചത്. ഉത്തരേന്ത്യന്‍ ശൈവവൈഷ്ണവ അഖാഡകളുടെ സംയുക്ത വേദിയാണ് അഖില്‍ ഭാരതീയ പരിഷത്ത്. ഇതില്‍ ജുന അഖാഡ എന്ന് പറയുന്ന അഖാഡയ്ക്ക് ഉന്നതമായ സ്ഥാനമുണ്ട്. ആനന്ദഭവനം ഭാരതി പൂര്‍വ്വാശ്രമത്തില്‍ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു. കേരളത്തിലെ കുംഭമേളയ്ക്ക് വേണ്ടി കാര്യങ്ങളെല്ലാം നടത്തിയത് മോഹന്‍ജി ഫൗണ്ടേഷനാണ്. കേരള കുംഭമേള മഹോത്സവത്തിന്റെ സംഘാടക സമിതി ചെയര്മാന് കൂടിയായിരുന്നു അദ്ദേഹം. സംഘാടക സമിതിയുടെ കോ-ഓഡിനേറ്റര്‍ ശൈവ നാഗ അഖാഡകളില്‍ ഏറ്റവും ശക്തമെന്ന് മുകളില്‍ സൂചിപ്പിച്ച ജുന അഖാഡയുടെ മഹാമണ്ഡലേശ്വര്‍ ചെയര്‍മാനായിട്ടുള്ള കലാപീഠം ട്രസ്റ്റിന്റെ സ്ഥാപകാംഗം കൂടിയായ കെ കേശവദാസ് ആണ്. അടുത്ത കാലം വരെ ആര്‍എസ്എസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ആളാണദ്ദേഹം. ഈ അടുത്ത കാലത്ത് സിപിഎം അദ്ദേഹത്തിന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് കൊടുക്കുകയുണ്ടായി. മാഘമകോത്സവത്തിന്റെ രക്ഷാധികാരികളില്‍ ഒരാള്‍ അമൃതാനന്ദമയിയും മറ്റൊരാള്‍ ദേവസ്വം മന്ത്രി വാസവനുമാണ്. മഹാമണ്ഡലേശ്വര്‍ സ്ഥാനം വഹിക്കുന്ന സന്യാസി വ്യക്തിപരമായി ആര്‍എസ്എസ് ബന്ധം ഉള്ള ആളല്ലെന്ന് പറയപ്പെടുന്നു. എന്നാല്‍ ജുന അഖാഡയ്ക്ക് ആധുനിക ഹിന്ദുത്വയുടെ രാഷ്ട്രീയരൂപമായ ആര്‍എസ്എസ്സുമായും ഭരണകൂടവുമായും അവിശുദ്ധ ബന്ധമുണ്ട്. മാത്രമല്ല, കാലങ്ങളായി ഇവ തമ്മിലുള്ള സംയോജനം ഉണ്ടായിട്ടുണ്ടെന്നു റിപോര്‍ട്ടുകളുണ്ട്. അതിനാല്‍ സംഘാടക സമിതിയില്‍ വന്നവര്‍ ആരും തന്നെ യാദൃച്ഛികമായി വന്നതാകാന്‍ വഴിയില്ല. ഉത്തരേന്ത്യന്‍ അഖാഡ രാഷ്ട്രീയത്തിന് കേരളത്തിന്റെ ആത്മീയ രംഗത്ത് സാധൂകരണം നേടിയെടുക്കാനുള്ള ആസൂത്രിത നീക്കമാണിതെല്ലാം. മാത്രമല്ല, പൊതുവില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന ‘ഇടത്’ ബോധത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുഗുണമായി പിടിച്ചെടുക്കുക എന്നത് കൂടിയാണ് ഇതിന്റെ പ്രകട സന്ദേശം. സംഘാടകസമിതിയുടെ ചേരുവകള്‍ തന്നെ ശ്രദ്ധിച്ചാല്‍ അത് ബോധ്യമാകും.
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

Mahamandaleswar Aanandabhavanam Bharati
തിരുനാവായയില്‍ നടന്ന കേരള കുംഭമേള കേവലം മതാചാരപരമായ ആത്മീയോത്സവമല്ല. അതിലുപരി ബ്രാഹ്മണിയസത്തിന്റെ വര്‍ണ-ജാതി അധികാര ഘടനകള്‍ പുനഃസ്ഥാപിക്കാനുള്ള പരീക്ഷണം കൂടിയാണ്. അതോടൊപ്പം കേരളത്തിന്റെ ഭക്തിപാരമ്പര്യത്തിലെ ബഹുസ്വരതയേയും അബ്രാഹ്മണ ഭക്തിയുടെ വ്യാപനത്തെയും നിര്‍വീര്യമാക്കി ഹൈന്ദവ മതാചാരങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും കൂടുതല്‍ ദൃശ്യതയും ആധിപത്യവും ഉറപ്പാക്കുക എന്നതുകൂടിയാണ് ലക്ഷ്യംവക്കുന്നത്. അതിലൂടെ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വയെ നോര്‍മലൈസ് ചെയ്യാനും ഉറപ്പിച്ചെടുക്കാനും കഴിയുമെന്ന് ഹിന്ദുത്വവാദികള്‍ കരുതുന്നു. കേരളത്തിലേക്ക് കുംഭമേള ഇറക്കുമതി ചെയ്യുമ്പോള്‍ അത് ഭക്തിയുടെ സ്വാഭാവികമായ ഒന്നായി കാണുന്നത് തന്നെ അബദ്ധമായിരിക്കും. ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നതാരെന്നും ഇതിന് പിന്നില്‍ പ്രവര്ത്തിക്കുന്നതാരെന്നുമൊക്കെ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. കുംഭമേളയുടെ കേന്ദ്ര ശക്തികള്‍ എന്ന് പറയുന്നതും അതിന് നേതൃത്വം കൊടുക്കുന്നതും അഖാഡകളാണ്. സൈനികവല്‍ക്കരിക്കപ്പെട്ട സന്യാസി സംഘങ്ങളാണ് അഖാഡകള്‍. പൊതുവില്‍ സന്യാസമെന്ന് പറയുന്നത് ത്യജിക്കലിന്റെതാണെങ്കില് ഇവിടെ സായുധ സംഘാടനവും ജാതി മേധാവിത്വവുമൊക്കെയാണ് സന്യാസത്തിന്റെ അന്തഃസത്ത.
ഇന്ത്യയില്‍ അനേകം അഖാഡകള്‍ ഉണ്ട്. ശൈവ അഖാഡ കളും വൈഷ്ണവ അഖാഡക ളും ഉണ്ട്. അഖാഡകള്‍ ഒരോന്നിലും ആയിരക്കണക്കിന് സന്യാസിമാരുണ്ടാകും. ശൈവ വിഭാഗത്തിന്റെ ഒരോ അഖാഡയ്ക്കും മണ്ഡലേശ്വരന്മാരും മഹാ മണ്ഡലേശ്വരന്മാരും ഉണ്ടാകും. ഇതിനൊക്കെ മുകളിലാണ് മഹന്തുക്കളുടെ സ്ഥാനം. അഖാഡകളുടെ സമ്പത്തിന്റേയും അധികാരത്തിന്റേയും നിയന്ത്രണം മഹന്തുക്കള്ക്കാണ്. വൈഷ്ണവ അഖാ ഡകള്ക്ക് മഹാമണ്ഡലേശ്വരന്മാരും മണ്ഡലേശ്വരന്മാരും അതേ സമയം സര്‍വ്വാധികാരങ്ങളും കൈയാളുന്ന മഹന്തുക്കളും ഉണ്ട്. മഹന്തുക്കളാണല്ലോ ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന ആഖ്യാനത്തിന് വിശ്വാസത്തിന്റെ അടിത്തറ നല്കിയതും അവകാശവാദം ഉന്നയിച്ചതും. അതിനെ ഹൈന്ദവരുടെ ധര്‍മ്മ യുദ്ധമാക്കി മാറ്റിയതും മഹന്തുക്കളായിരുന്നു. അവരുടെ ഇടപെടലില്ലെങ്കില്‍ ബാബറി മസ്ജിദ് ഒരു പക്ഷെ, തകര്ക്കാനാവുമായിരുന്നില്ല. ഇത് ഒരു നിഴല്ഭരണകൂടം പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. അഖാഡകളില്‍ ശ്രേണിബദ്ധമായ ജാതി മേധാവിത്വ പാരമ്പര്യം നിലനിര്‍ത്തി പോരുന്നുണ്ട്. കുംഭമേള പോലുള്ള സ്ഥലങ്ങളിലും ജാതി പ്രവര്‍ത്തിക്കുന്നുണ്ട്. നദീതീരത്തിന്റെ ഭൗമശാസ്ത്രം തന്നെ ജാതിപരമത്രെ. സുരക്ഷിതവും ആഴം കുറഞ്ഞതുമായ ഭാഗങ്ങള്‍ അഖാഡകള്‍ക്ക്. പിന്നിലെ സ്ഥലം സാധാരണ ഭക്തര്‍ക്ക്. വേലി തിരിച്ച് പ്രവേശനം നിയന്ത്രിച്ചുകൊണ്ടാണ് ഇവിടെ ജാതി പ്രവര്‍ത്തിക്കുന്നത്. ബ്രാഹ്മണ ക്ഷത്രിയ മേല്കോയ്മയുള്ള അഖാഡകളാണ് ആദ്യം സ്നാനം ചെയ്യുക. ഈ സമയത്ത് സാധരണക്കാര്‍ക്ക് കടുത്ത നിയന്ത്രണം ഉണ്ടാകും. ഏറ്റവും ശുദ്ധിയുള്ള ജലം ഇവര്‍ക്ക്. ഇതൊന്നും തുറന്ന് പറയില്ല. നിയന്ത്രണമുള്ളതുകൊണ്ട് സാധാരണക്കാര്‍ക്ക് അത് മനസ്സിലാവുകപോലുമില്ല.

Former Minister V.N. Vasavan
ഗുപ്ത കാലഘട്ടത്തോടെ ബുദ്ധമതം തകര്‍ക്കപ്പെടുകയും ദുര്‍ബ്ബലമാവുകയും ചെയ്തു. ഇക്കാലത്ത് ബ്രഹ്മണ്യം പുനഃരുജ്ജീവനം നേടുകയും വര്‍ണ- ജാതിവ്യവസ്ഥ കൂടുതല്‍ കര്ക്കശ്ശമാകുകയും ചെയ്തു. ഗുപ്താനന്തര കാലത്തോടെ അതായത് ആറാം നൂറ്റാണ്ടു മുതല്‍ തന്നെ ഇന്നത്തെപ്പോലെ സംഘടിതമല്ലെങ്കിലും സായുധ സന്യാസി സംഘങ്ങള്‍ രൂപംകൊണ്ടിരുന്നു. നാം ഇന്ന് കാണുന്ന സുസംഘടിത രീതിയിലുള്ള അഖാഡകള്‍ രൂപം കൊള്ളുന്നത് മുഗള്‍ ഭരണകാലത്താണ്. ആറ്-എട്ട് നൂറ്റാണ്ടുകളില്‍ തന്നെ ക്ഷേത്ര-തീര്‍ത്ഥ സംവിധാനങ്ങള്‍ സാമൂഹികരാഷ്ട്രീയ ആധിപത്യഘടനയായി മാറിയിരുന്നു.
ഒരേ ഹൈന്ദവ വിഭാഗങ്ങള്‍ ആയിരിക്കുമ്പോള്‍ തന്നെ ശൈവ സന്യാസിമാരും വൈഷ്ണവ സന്യാസിമാരും ആദ്യ സ്നാനത്തിന് വേണ്ടിയും അധികാരാവകാശങ്ങള്‍ക്ക് വേണ്ടിയും തുറന്ന സംഘര്ഷങ്ങളിലേര്പ്പെട്ടിരുന്നു. ഷാഹി സ്നാന് തന്നെ ഒരു സൈനിക ശൈലിയിലുള്ള പരേഡ് ആണ്. കുംഭമേളകള്‍ പോലുള്ള വലിയ തീര്‍ത്ഥങ്ങളില്‍ ശൈവ-വൈഷ്ണവ അഖാഡകള്‍ തമ്മില്‍ ആധിപത്യത്തിന് വേണ്ടി ചോരപ്പുഴയൊഴുക്കിയതിന്റെ തെളിവുകള്‍ മുഗള്‍, ബ്രിട്ടീഷ് രേഖകളില്‍ കാണാം. 1760ല്‍ ഹരിദ്വാറില്‍ ഉണ്ടായ ശൈവ-വൈഷ്ണവ സംഘര്‍ഷത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേരാണ് മരിച്ചത്. കുംഭമേളയെ ഇന്നത്തെ രൂപത്തിലേക്ക് മാറ്റിയതും അഖാഡകളാണ്. ആത്മീയതയ്ക്കൊപ്പം അത് അധികാരത്തിന്റെ അരങ്ങായി കൂടി മാറ്റപ്പെട്ടിട്ടുണ്ട്.
വേദകാലത്തോ, ഉപനിഷദ് കാലത്തോ തീര്‍ത്ഥസ്നാനങ്ങള്‍ ഉണ്ടായിരുന്നില്ല. അന്ന് യാഗങ്ങളും യജ്ഞങ്ങളുമാണ് ഉണ്ടായിരുന്നത്. കുംഭമേള, പുണ്യസ്നാനം, മോക്ഷസ്നാനം എന്നിങ്ങനെയുള്ള ആശയങ്ങളും ഇല്ലായിരുന്നു. സ്നാനം ഉണ്ടെങ്കിലും അത് പക്ഷെ, ആചാരപരമായ ശുദ്ധി സങ്കല്‍പ്പമായിരുന്നില്ല. ജ്യോതിഷ ചക്രങ്ങളെ ആശ്രയിച്ചുള്ള തീര്‍ത്ഥസ്നാനങ്ങള്‍ ഗുപ്തകാലം മുതലാണ് ആരംഭിച്ചതെന്ന് അക്കാലത്തെ ദാനരേഖകളെ ഉദ്ധരിച്ചുകൊണ്ട് റോമില ഥാപ്പറും ഡി സി സിര്‍കാറും ചൂണ്ടികാട്ടിയിട്ടുണ്ട്. ഗുപ്തകാലത്ത് ഹൈന്ദവാധിപത്യം പുനഃസ്ഥാപിച്ചതിന് ശേഷമാണ് ബ്രാഹ്മണ്യം ക്ഷേത്രങ്ങളിലേക്കും വിഗ്രഹാരാധനയിലേക്കും തിരിഞ്ഞത്. ഇക്കാലം മുതലാണ് പുരാണങ്ങള്‍ രചിക്കാന്‍ തുടങ്ങുന്നതും. എല്ലാ ആചാരങ്ങളേയും പൗരാണിക മിത്തുമായി ബന്ധിപ്പിക്കുക എന്നതും ബ്രാഹ്മണ്യം എക്കാലത്തും ഉപയോഗിക്കുന്ന തന്ത്രമാണ്. യാഥാര്‍ത്ഥ്യങ്ങളെ മറക്കാന്‍ അവര്‍ മിത്തുകളെ ഉപയോഗിക്കുകയും അതിനെ ചരിത്രമായി മഹത്വവല്‍ക്കരിക്കുകയും ചെയ്യും. കുംഭമേളയെ പാലാഴി മഥനവുമായി അവര്‍ ബന്ധിപ്പിച്ചിരിക്കുന്നത് കാണാം. സമുദ്ര മഥനത്തിനിടക്ക് ലഭിച്ച അമൃത കുംഭം ദേവ-അസുര പോരാട്ടത്തിനിടയില്‍ നാലുതുള്ളികളായി ഭൂമിയില്‍ വീണെന്ന കഥയുമായി ബന്ധിപ്പിച്ചാണ് പ്രയാഗ് രാജിലും ഹരിദ്വാറിലും ഉജ്ജൈയിനിയിലും നാസിക്കിലുമായി നാലു സ്ഥലങ്ങളില്‍ കുംഭമേള അരങ്ങേറ്റുന്നത്. അങ്ങനെ ബ്രാഹ്മണവാദികള്‍ ആചാരങ്ങള്‍ക്ക് ഒരു സാംസ്കാരിക തുടര്‍ച്ച ഉണ്ടാക്കിയെടുക്കുകയും പാരമ്പര്യത്തിന്റെ കുത്തകാവകാശം സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. പാലാഴി മഥനം കുംഭമേളയെ വിശദമാക്കാന്‍ എഴുതപ്പെട്ടതല്ല. കുംഭമേളയെ സാധൂകരിക്കാന്‍ റീഎന്‍ജിനീയറിങ് ചെയ്തതാണെന്നതാണ് വാസ്തവം.

കുംഭമേളയെ വെറും ആത്മീയ ഉത്സവം എന്ന നിലയില്‍ കാണരുത്. അങ്ങനെ വന്നാല്‍ അതിന്റെ സമകാലിക രാഷ്ട്രീയ രൂപാന്തരങ്ങളെ നാം മറച്ച് പിടിക്കുകയായിരിക്കും ചെയ്യുക. ഇന്ന് കുംഭമേള കേവലം തീര്‍ത്ഥാടനമല്ല. ആചാരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ദൃശ്യപ്രകടനം കൂടിയാണ്. ഷാഹി സ്നാനം മുതല്‍ അഖാഡകളുടെ വിന്യാസം വരെ ഓരോന്നും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തി പ്രകടനമാകുന്നു.
ഡോ. അംബേദ്കര്‍ കുംഭമേളകള്‍ പോലുള്ള ഉത്സവങ്ങളും തീര്‍ത്ഥാടനങ്ങളും സാമൂഹ്യ സമത്വത്തിനല്ല വര്‍ണാശ്രമ ധര്‍മം പുനഃരുല്പ്പാദിപ്പിക്കാനുള്ള യത്നങ്ങളാണെന്നാണ് പറഞ്ഞത്. സാമൂഹ്യ സമത്വമില്ലാത്ത ആത്മീയ ഐക്യം സേച്ഛാധിപത്യമാണെന്നും ഹൈന്ദവ മതം ഒരു മതമല്ലെന്നും ജാതി മേധാവിത്വപരമായ ആത്മീയതയാല്‍ പവിത്രീകരിക്കപ്പെട്ട ഒരു സാമൂഹ്യക്രമമാണെന്നും അംബേദ്കര്‍ പറയുകയുണ്ടായി. നമ്മെത്തന്നെ അശുദ്ധരാക്കുന്ന സാമൂഹ്യക്രമം നിലനിര്‍ത്തുന്ന ഉത്സവങ്ങളാണ് കുംഭമേളകളെന്നും അംബേദ്കര്‍ ചൂണ്ടിക്കാട്ടി. ആത്മീയത വിമോചനാത്മകമായിരിക്കണം എന്നും അംബേദ്കര്‍ പറഞ്ഞു.
ഭക്തിപ്രസ്ഥാന നായകരായ ബസവണ്ണയും തുക്കാറാമും കബീറും രവിദാസും ജ്ഞാനേശ്വര്‍ മുതല്‍ അക്കാ മഹാദേവിയും മീരാഭായുമൊക്കെ ബ്രാഹ്മണാചാരങ്ങളെയും തീര്‍ത്ഥസ്നാന ങ്ങളേയും എതിര്‍ത്തവരും കളിയാക്കിയവരുമാണ്. ഗംഗയില്‍ കുളിച്ചാല്‍ മോക്ഷം കിട്ടുമെങ്കില്‍ മത്സ്യങ്ങള്‍ ആദ്യം സ്വര്‍ഗത്തില്‍ എത്തുമല്ലോ എന്നാണ് കബീര്‍ ചോദിച്ചത്. മോക്ഷം വെള്ളത്തിലല്ല ആചാരത്തിലുമല്ല അധികാരത്തേയും കപട ധര്‍മത്തെയും ചോദ്യം ചെയ്യുന്ന ഹൃദയത്തിലാണെന്നും കബീര്‍ പറയുന്നുണ്ട്. ഹൃദയത്തിലെ അഴുക്ക് നദി എങ്ങനെയാണ് ശുദ്ധമാക്കുക എന്നാണ് നമദേവ് ചോദിച്ചത്. ഭക്തി പ്രസ്ഥാനം ഉയര്‍ത്തിവിട്ട പരിഹാസമായിരുന്നു ഇതെല്ലാം. ബ്രാഹ്മണാചാരങ്ങളെ എതിരിടാനാവാതെ വന്നപ്പോള്‍ ബ്രാഹ്മണിസം ഭക്തി പ്രസ്ഥാനത്തെ തന്നെ സാംശീകരിക്കുകയായിരുന്നു. ഒരിക്കല്‍ ബ്രാഹ്മണാധികാരത്തെ ചോദ്യം ചെയ്തിരുന്ന ആചാരനിഷ്ഠമല്ലാത്ത വിമര്‍ശനാത്മക ഭക്തി പാരമ്പര്യം പിന്നീട് അഖാഡമഠസംഘടനാ അധികാരങ്ങളുടെ ചട്ടക്കൂട്ടില്‍ അടയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെ വിശ്വാസം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും, ആത്മീയത സൈനികവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. ഹിന്ദുത്വരാഷ്ട്രീയം ഭക്തിയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. അതിനെ ചോദ്യം ചെയ്യുന്നവരെ ദേശവിരുദ്ധരും വിശ്വാസത്തിനെതിരേ നില്ക്കുന്നവരുമായി മുദ്രകുത്തുകയും ചെയ്യുന്നു. അതിനാല്‍, കുംഭമേളയെ വിമര്‍ശിക്കുന്നത് ഹിന്ദുമതത്തെ നിഷേധിക്കലല്ല മറിച്ച്, മതത്തിന്റെ പേരില്‍ നടപ്പാക്കപ്പെടുന്ന ബ്രാഹ്മണാചാരങ്ങളേയും ഹിന്ദുത്വ രാഷ്ട്രീയവല്ക്കരണത്തേയും ചോദ്യം ചെയ്യുക എന്നതാണ്. ഇന്ന് കുംഭമേളകളെ ഹിന്ദുത്വഭരണകൂടം ടൂറിസവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ആത്മീയത എന്നത് സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും വിമര്ശനത്തിന്റേതുമാകണം. ഈ അര്‍ത്ഥത്തില്‍ വേണം കുംഭമേളയെ നാം നോക്കിക്കാണാന്‍.

No Comments yet!