ദലിത് പാന്തര്‍ പ്രസ്ഥാനത്തിന് കേരളത്തില്‍ തുടക്കമിട്ട് പ്രവര്‍ത്തിച്ച കെ അംബുജാക്ഷന്‍ ‘മറുവാക്കിന്’ അനുവദിച്ച അഭിമുഖത്തില്‍ നിന്ന്
താങ്കള്‍ എങ്ങനെയാണ് ദലിത് രാഷ്ട്രീയത്തിലേക്കും അംബേദ്കറൈറ്റ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തനത്തിലേക്കും എത്തുന്നത്?
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟
സാമൂഹ്യപ്രവര്‍ത്തനത്തിലേക്കുള്ള എന്റെ പ്രവേശനം, പ്രത്യേകിച്ചും ഒരു ദലിത് അംബേദ്കറൈറ്റ് പ്രവര്‍ത്തന മണ്ഡലത്തിലേക്ക് ഞാന്‍ വരുന്നത് വിദ്യാര്‍ത്ഥി കാലഘട്ടത്തിലാണ്. 1981-82ല്‍ എന്റെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പഠനത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ കോഴിക്കോട് ജില്ലയിലെ വടകരയില്‍ എത്തുന്നത്. അതുവരെ പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഉള്ള ജൂനിയര്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ ടെക്‌നിക്കല്‍ വിദ്യാഭ്യാസമാണ് ഞാന്‍ നേടിയത്. അതിന്റെ തുടര്‍ച്ച എന്നോണം വൊക്കേഷണല്‍ വിദ്യാഭ്യാസം ഞാന്‍ ആഗ്രഹിച്ചു. ഇലക്ട്രോണിക്‌സ് പഠിക്കാനുള്ള എന്റെ ആഗ്രഹം വീട്ടില്‍ പങ്കുവച്ചു. അങ്ങനെ അച്ഛന്‍ എന്നെ വടകരയിലെ ജെടിഎസില്‍ ചേര്‍ത്തു. അങ്ങനെയാണ് ഞാന്‍ പന്തളത്തുനിന്നും വടകരയില്‍ എത്തുന്നത്. സ്‌കൂളില്‍ ഹോസ്റ്റല്‍ സംവിധാനമൊന്നുമില്ല. സാധാരണ അതാത് പ്രദേശങ്ങളിലെ കുട്ടികളാണ് പഠിക്കാനെത്തുക. വടകരക്കാരന്‍ അല്ലാതെ അത്രയും ദൂരെ നിന്ന് അവരോടൊപ്പം പഠിക്കുന്ന ഒരേയൊരു വിദ്യാര്‍ത്ഥി ഞാനായിരുന്നു. കേരളത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഫസ്റ്റ് ബാച്ചാണ് വടകരയിലെ ജെടിഎസില്‍ ഉള്ളത്. ഈ ഫസ്റ്റ് ബാച്ചിലാണ് ഞാന്‍ പഠിക്കുന്നത്.
ഞാന്‍ ജനിച്ചുവളര്‍ന്ന തിരുവിതാംകൂറിന്റെ ഭാഗമായ പന്തളം മേഖലയിലെ എന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമായ സാമൂഹ്യാനുഭവങ്ങളാണ്, ജീവിതാനുഭവങ്ങളാണ് എനിക്ക് മലബാര്‍, പ്രത്യേകിച്ചും, വടകര സമ്മാനിക്കുന്നത്. മനുഷ്യനെക്കുറിച്ച്, വ്യക്തിബന്ധങ്ങളെക്കുറിച്ച്, സമൂഹത്തെക്കുറിച്ചൊക്കെ എന്റെ ബാല്യകാലം മുതലുള്ള, ഞാന്‍ അനുഭവിച്ചു വന്നതും അതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതുമായ ചിന്തകളെ, ഇളക്കി മറിക്കുന്ന വ്യത്യസ്തമായ ഒരു അനുഭവലോകമാണ് ആ കാലഘട്ടം എനിക്ക് സമ്മാനിക്കുന്നത്. എന്റെ ബാല്യകാലം ഒരു ഐഡിയല്‍ ഹിന്ദു ഗ്രാമത്തിലാണ്. ഞാന്‍ ജനിച്ചത് പന്തളത്തിനടുത്ത് കുരുമ്പാല എന്ന ഗ്രാമത്തിലാണ്. ജാതിവ്യവസ്ഥ അതിന്റെ ഫുള്‍ സ്വിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹൈന്ദവ ഗ്രാമമായിരുന്നു അത്. ക്ഷേത്രവും അതിനെ ചുറ്റിപ്പറ്റി ബ്രാഹ്മണരായിട്ടുള്ള പുരോഹിതന്‍മാരും അവര്‍ക്ക് തൊട്ടുചേര്‍ന്ന് ക്ഷേത്രത്തിന്റെ മറ്റു ജോലികള്‍ ചെയ്യുന്ന, ചെണ്ടകൊട്ടുന്ന മാരാര്‍ കമ്മ്യൂണിറ്റി, ബ്രാഹ്മണരെ സേവിച്ചുകൊണ്ട് ക്ഷേത്രത്തിന്റെ മറ്റുകാര്യങ്ങള്‍ നിര്‍വഹിക്കുന്ന നായര്‍, ശൂദ്ര വിഭാഗങ്ങളും, കൂടാതെ മറ്റ് പലതരം ജാതി തൊഴിലുകള്‍ ചെയ്യുന്ന മറ്റു വിഭാഗങ്ങളുമാണ്. ഈഴവസമൂഹത്തിനും അവരുടെ കുലത്തൊഴിലും മറ്റുകാര്യങ്ങളുമായി അവിടെ സാന്നിധ്യമുണ്ട്. അതിനും താഴെ ആശാരി, മൂശാരി, തട്ടാന്‍ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങള്‍ അടങ്ങിയ എല്ലാ ജാതി തൊഴിലുകളും ചെയ്യുന്ന ഒരു ഗ്രാമസമ്പ്രദായം. കൂട്ടത്തില്‍, വയലിന്റെ കരയ്ക്കും ആതിരമല എന്ന് പറയുന്ന ഒരു വലിയ മലയുടെ താഴ്‌വരയിലുമാണ് പാടത്തിറങ്ങി പണിയെടുക്കാന്‍ പറ്റുന്ന രീതിയില്‍ ഞങ്ങളെ വിന്യസിച്ചിരിക്കുന്നത്. അങ്ങനെ ഒരു ദലിത് ലോകമുണ്ട്.

ബാല്യകാലം മുതല്‍ ഈ ജാതി നിയമങ്ങള്‍ക്ക് അകത്താണ് യഥാര്‍ത്ഥത്തില്‍ ഞാന്‍ ജീവിച്ചത്. ഞാന്‍ പുലയ സമുദായത്തില്‍ പെട്ട ഒരാളാണ്. സഹപാഠികള്‍ക്കൊപ്പം പല സന്ദര്‍ഭങ്ങളിലും ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോള്‍, നഗരത്തിലെ റോഡില്‍, പള്ളിക്കൂടത്തില്‍, ക്ലാസ് റൂമില്‍ ഒക്കെയും ജാതിയുടെ അടിസ്ഥാനത്തിലുള്ള പലതരം വേര്‍തിരിവുകളും വിവേചനങ്ങളും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഓരോ ജാതിയും ജാതിയുടെ കോംപ്ലക്‌സിറ്റിയും പുസ്തകവായനയിലൂടെ മനസ്സിലാക്കിയ ആളല്ല ഞാന്‍. പകരം ജീവിതത്തിലെ ബാല്യകാലം മുതലുള്ള പൊള്ളുന്ന, നൊമ്പരപ്പെടുത്തുന്ന തീക്ഷ്ണമായ അനുഭവങ്ങളാണ് ജാതി എന്താണെന്ന് എന്നെ പഠിപ്പിക്കുന്നത്. പുലയര്‍, പറയര്‍, കുറവര്‍ എന്ന മൂന്ന് പ്രധാനപ്പെട്ട സബ് കാസ്റ്റുകളിലാണ് ദലിതരെ അവിടെ വിഭജിച്ച് നിര്‍ത്തിയിരിക്കുന്നത്. ഇവരെല്ലാം ഏതാണ്ട് ഏറിയും കുറഞ്ഞും ഒരേ തൊഴില്‍ ചെയ്യുന്നവരും ഒരേ സ്റ്റാറ്റസ് ഉള്ളവരും ആണെങ്കിലും ഐക്യപ്പെടാതിരിക്കാന്‍ അറകളിലാക്കി നിര്‍ത്തിയിരിക്കുന്ന ഒരു ജാതി സമ്പ്രദായമാണ് അവിടെ നമ്മള്‍ കാണുന്നത്. ഈ ജാതികളില്‍ പെടുന്ന ഞങ്ങളെപ്പോലുള്ള കുട്ടികള്‍ പുറത്തേക്ക് വന്നാല്‍ ആരും ഇങ്ങോട്ട് അഭിസംബോധന ചെയ്യാറില്ല. അതായത് ഒരു വ്യക്തി എന്ന നിലയില്‍ സാധാരണ ചെയ്യുന്ന അഭിവാദന രീതികള്‍ ഉണ്ട്. ഒന്നുകില്‍ നമസ്‌കാരം പറയുക അല്ലെങ്കില്‍ വിഷ് ചെയ്യുക, ഒന്ന് ഉരിയാടുക എന്നിങ്ങനെ. എന്നാല്‍ ഗ്രാമത്തിലെ ആരും എന്നെപ്പോലെയുള്ള ഒരാളോട് എനിക്ക് മുകളിലുള്ള ഒരു ജാതിയില്‍പ്പെട്ടവര്‍, ഒരിക്കലും അങ്ങനെ ചെയ്യാറില്ല. പകരം പലപ്പോഴും അവരുടെ വിലക്കുകളാണ് നമ്മളെ അഭിസംബോധന ചെയ്യുക. എന്തിനാണ് അവിടെ കയറിയത്? എന്തിനാണ് ഇതുവരെ വന്നത്? എന്നൊക്കെ ചോദിക്കുന്ന ഇത്തരം വിലക്കുകളാണ് ഇതര ജാതികളില്‍ നിന്ന് എനിക്ക് ലഭിക്കുന്നത്.
കൂട്ടുകാരോടൊപ്പം കളിക്കാനവസരമുണ്ട്. ബാല്യത്തിന്റെ ഒരു അനുഗ്രഹം ജാതിയെക്കുറിച്ച് അധികം ജാതിബോധമില്ലാത്ത കുട്ടികള്‍ക്കിടയില്‍ കളിക്കാന്‍ കഴിയുന്നു എന്നതാണ്. ആ സമയം ഒരല്‍പ്പം ഇഗാലിറ്റേറിയന്‍ ആണെന്ന് പറയാം. കാരണം ജാതിബോധം അധികം കുത്തിവയ്ക്കപ്പെടുകയും ജാതിയുടെ അടിസ്ഥാനത്തില്‍ പെരുമാറ്റ മര്യാദകളെ സ്വയം നിയന്ത്രിക്കാന്‍ പരിശീലിക്കപ്പെടുകയും ചെയ്യാത്ത ഒരു സമയമാണ് അപ്പര്‍െ്രെപമറി കാലം. ഒന്നിച്ച് പന്ത് കളിക്കുമ്പോഴും ഒന്നിച്ച് സാറ്റ് കളിക്കുമ്പോഴും പലവിധ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴുമുള്ള സൗഹൃദമുണ്ട്. അത് എവിടെ വരെ എന്ന് ചോദിച്ചാല്‍ കൂട്ടുകാരനോടൊപ്പം കളിച്ച് ഓടി അവന്റെ വീടിന്റെ മുറ്റത്ത് എത്തുന്നത് വരെ. അവിടെ എത്തിയാല്‍ ബാരിക്കേഡുകള്‍ ഉണ്ടാവും. അവിടെയാണ് ഒരു ചോദ്യം ഉള്ളില്‍ വരിക, അപ്പോഴാണ് അങ്ങോട്ട് പ്രവേശനം ഇല്ലാത്ത, ഒരു അയോഗ്യത എന്തോ എന്നില്‍ ഉണ്ട് എന്ന ഒരു തോന്നല്‍ വരുന്നത്. കളികളുടെ ഭാഗമായി കുട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുമ്പോള്‍ ശിക്ഷിക്കപ്പെടുന്നത് എപ്പോഴും എന്നെപ്പോലുള്ള ദലിത് കുട്ടികളായിരിക്കും. ആറ്, ഏഴ് ക്ലാസുകളിലെത്തുമ്പോഴേക്കും കുട്ടികളുടെ അഭിസംബോധനാ രീതി മാറും. നീ പുലയനാണ്, നിങ്ങള്‍ താണവരാണ് എന്നൊക്കെ പറയുന്ന രീതിയില്‍ അവരുടെ വീട്ടുകാര്‍ പഠിപ്പിച്ചു കൊടുത്തിരിക്കണം. മുലപ്പാലിനോടൊപ്പം ചെലുത്തിക്കൊടുക്കുന്ന ഒന്നാണ് ജാതിബോധം. ഈ ബോധം കിട്ടുന്നതിനനുസരിച്ച് കൂട്ടുകാര്‍ വളരുന്നതോടെ പെരുമാറ്റത്തില്‍, അഭിസംബോധനയില്‍, പറയുന്ന വാക്കുകളില്‍ ഒക്കെ മാറ്റങ്ങള്‍ വന്നു തുടങ്ങി. അതുവരെ ഒന്നിച്ചു കളിച്ചു നടന്നിരുന്നവര്‍, പെട്ടെന്ന് നിങ്ങള്‍ പുലയന്‍ ആണെന്നോ നിങ്ങള്‍ ദലിതനാണ് എന്നൊക്കെ പറയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നമുണ്ട്. ഇത് പലപ്പോഴും ക്ലാഷ് ആയി മാറും. കുറച്ചുകൂടി കാസ്റ്റ് കോണ്‍ഷ്യസ് ആയിമാറുന്നതോടെ കളിക്കുമ്പോള്‍ എന്നെപ്പോലുള്ളവരെ മാറ്റിനിര്‍ത്താന്‍ തുടങ്ങി.

അംബുജാക്ഷന്‍ സഖാവ് ചന്ദ്രശേഖര്‍ ആസാദിനൊപ്പം
എന്റെ ക്ലാസ് ടീച്ചര്‍ ലക്ഷ്മിക്കുട്ടി ‘നായര്‍’ സമുദായത്തില്‍പ്പെട്ട, എന്റെ നാട്ടുകാരിയാണ.് പലപ്പോഴും ഉത്തരം പറയാനായി ഞാന്‍ ചാടി എഴുന്നേല്‍ക്കുമ്പോള്‍ ‘നിന്നോട് ചോദിച്ചില്ല’ എന്ന് പറയുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഇത് വലിയ ഇന്‍സള്‍ട്ട് ആവാറുണ്ട്.
എന്റെ അമ്മ റവന്യൂ ഉദ്യോഗസ്ഥയാണ്. അന്നത്തെ കാലത്ത് ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാ ജാതികളില്‍പ്പെട്ടവരിലും വച്ച് ബി എ വരെ പഠിച്ചത് അമ്മ മാത്രമാണ്. അങ്ങനെയുള്ള ഒരു അമ്മയുടെ പശ്ചാത്തലമാണ് എനിക്കുണ്ടായിരുന്നത്. അച്ഛന്‍ വിദ്യാഭ്യാസമുള്ള ആളാണ്. അതുപോലെ അച്ഛന്റെ അനിയന്‍ പത്തനംതിട്ട ജില്ലയിലെ ആദ്യകാല എംബിബിഎസ് ഡോക്ടര്‍മാരില്‍ ഒരാളായിരുന്നു. തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലെ റസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ ആയി റിട്ടയര്‍ ചെയ്തു. ഇളയച്ഛന്റെ ഭാര്യ അണ്ടര്‍ സെക്രട്ടറി ആയി സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തയാളാണ്. ദലിതരില്‍ ആദ്യ തലമുറയിലെ വിദ്യാഭ്യാസം കിട്ടിയവരുടെ ഒരു കുടുംബ പശ്ചാത്തലമാണ് എനിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് പട്ടിണിയില്‍ നിന്നല്ല എന്റെ ദലിത് ബോധം വന്നിട്ടുള്ളത്. ഞാന്‍ പട്ടിണി അനുഭവിച്ചിട്ടില്ല. അമ്മയ്ക്ക് കൊയിലാണ്ടി താലൂക്കിലാണ് ആദ്യം ജോലി കിട്ടിയത്. അമ്മയുടെ ജീവിതത്തില്‍ കുറെക്കാലം മലബാറിലാണ് ഉണ്ടായിട്ടുള്ളത്. നല്ല ശമ്പളം കിട്ടുന്നതുകൊണ്ട് അമ്മ നല്ല ഭക്ഷണവും വിലകൂടിയ വസ്ത്രങ്ങളും വാങ്ങി തന്നിരുന്നു. ആ റെഡിമെയ്ഡ് ഡ്രസ്സൊക്കെ ധരിച്ച് വളരെ ഡീസന്റായിട്ടുള്ള ഒരു പാറ്റേണില്‍ ആണ് ഞാന്‍ സ്‌കൂളില്‍ ചെല്ലാറുള്ളത്. സ്വാഭാവികമായും എന്റെ ഗ്രാമത്തിലെ സമാന എസ്‌സി വിഭാഗത്തില്‍പ്പെട്ട പല കുട്ടികളും കൂലിവേലക്കാരായ മാതാപിതാക്കളുടെ മക്കളാണ്. വസ്ത്രധാരണത്തിലും മറ്റും ഈ ദൈന്യത അവരില്‍ വരുമ്പോള്‍ അതില്‍നിന്ന് ഭിന്നമായി ഈ പറയുന്ന ജാതിമേധാവികളായ കുട്ടികളോടൊപ്പം അവരെക്കാള്‍ മെച്ചപ്പെട്ട ഡ്രസ്സും, അന്നത്തെ കാലത്തെ സ്യൂട്ട്‌കേസ് പോലുള്ള പെട്ടിയുമൊക്കെ പിടിച്ചാണ് ഞാന്‍ പോകുന്നത്. ഒരു ദിവസം വെല്‍ഡ്രസ്സു ചെയ്ത് പെട്ടിയുമായി പോയ എന്നോട് ടീച്ചര്‍ ചോദിക്കുന്നത് ‘എവിടുന്ന് മോഷ്ടിച്ചതാണ് ഈ ഡ്രസ്സ്’ എന്നാണ്. എന്നെപ്പോലുള്ള ഒരാളുടെ ശരീരത്തില്‍ അത്തരം വസ്ത്രം ചെറുപ്പകാലത്ത് സ്ഥാനം പിടിക്കണമെങ്കില്‍ മോഷ്ടിച്ചതാകണം എന്ന ഒരു ബോധമാണ് അവര്‍ക്ക്. അവര്‍ക്ക് അറിഞ്ഞുകൂടാത്തതല്ല, എന്റെ പശ്ചാത്തലം. എങ്കിലും പരസ്യമായിട്ട് അങ്ങനെയാണ് പറയുന്നത്. ഈ രീതിയില്‍ ഇന്‍സള്‍ട്ടഡ് ആവുന്നു.
നാട്ടില്‍ ഇറങ്ങി കളിച്ചു നടക്കുമ്പോള്‍ പരിക്ക് പറ്റുകയോ ഇങ്ങോട്ട് ഇടി കിട്ടുകയോ ചെയ്താലും, സ്വാഭാവികമായിട്ടും അതിനെല്ലാം സവര്‍ണരായിട്ടുള്ള സഹപാഠികളുടെ രക്ഷിതാക്കള്‍ പിടിച്ചുനിര്‍ത്തുകയും, കുട്ടികള്‍ തമ്മിലുള്ള കളികളിലെ തോല്‍വിയ്ക്ക് മുതിര്‍ന്നവരായ സവര്‍ണര്‍ എന്നെ വിചാരണ ചെയ്യുകയും ചെയ്യുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിയ്യെന്തിനാണ് അവനെ അത് ചെയ്തത് എന്നു ചോദിക്കും. അത് പാടില്ല എന്നുള്ളതാണ്. ചെറുപ്പത്തില്‍ത്തന്നെ ജാതിയുടെ പേരില്‍ തോറ്റു കൊടുക്കപ്പെടേണ്ടവരാണ് എന്നെപ്പോലുള്ളവര്‍. അങ്ങനെ തോറ്റു കൊടുക്കേണ്ടതിനുള്ള ന്യായം വിശ്വാസപരമായി മനസ്സിലാവാനുള്ള പ്രായവും ആയിരുന്നില്ല. അങ്ങനെ അതിനെ അംഗീകരിക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് തന്നെ ഞാന്‍ അതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ തുടങ്ങി. അതിന് ഗ്രാമത്തില്‍ പറയുക അനുസരണക്കേട് എന്നാണ്. അഹങ്കാരിയാണ് എന്ന രീതിയിലുള്ള മുദ്രകള്‍ വീഴാന്‍ തുടങ്ങി. മറ്റ് കുട്ടികള്‍ ഇന്‍സള്‍ട്ട് ചെയ്യുമ്പോള്‍ ഞാന്‍ പ്രതികരിക്കും നിങ്ങളും മോശമാണെന്ന് പറയും. അത് ഫിസിക്കലായി എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുന്ന അവസ്ഥ വരെയെത്തി. തിരികെ ഞാനും പ്രതികരിക്കും. അത് ദലിതരെ സംബന്ധിച്ചിടത്തോളം വളരെ സ്വാഭാവികമാണ്. ഇന്‍സള്‍ട്ട് സഹിക്കാന്‍ പറ്റില്ല. മുതിര്‍ന്നവരുടെ പിന്തുണയോടെ അവര്‍ ചെയത മോശമായ പെരുമാറ്റ രീതികളും പുറത്തു വരാതിരിക്കുകയും അതിനെതിരേ കലഹിച്ചുകൊണ്ട് ഞാന്‍ പ്രതികരിച്ച കാര്യങ്ങളെ പെരുപ്പിച്ചു കാണിക്കുകയും ചെയ്തു. ഞാന്‍ അങ്ങനെ അപരാധി ആവുകയും ചെയ്തു. അങ്ങനെ എന്നെ സ്‌കൂളില്‍ അസംബ്ലി നടക്കുമ്പോള്‍ പരസ്യമായി, നൂറു കണക്കിന് കുട്ടികളുടെ മുമ്പില്‍വെച്ച് സവര്‍ണനായിട്ടുള്ള അധ്യാപകന്‍ ചൂരല്‍ വടി കൊണ്ട് വളരെ ക്രൂരമായി മര്‍ദ്ദിച്ചു. കാരണം നാട്ടിലെ പ്രമാണിമാരുടെ മക്കളെ അവര്‍ ഇടിക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് വേദനിക്കുന്ന രീതിയില്‍ തിരിച്ചിടിച്ചു, അവരോട് ഫൈറ്റ് ചെയ്തു എന്നുള്ളതുമായിരുന്നു ഞാന്‍ ചെയ്ത കുറ്റം. സവര്‍ണ്ണ ശരീരങ്ങളെ നോവിച്ചതിന് എന്റെ ഗ്രാമത്തിലെ സ്‌കൂളായ കൊടശനാട് സ്‌കൂളില്‍ നിന്നും അവിടെ പഠനം തുടരാന്‍ യോഗ്യനല്ല എന്നു പറഞ്ഞ് ആറാം ക്ലാസില്‍ വച്ച് പുറത്താക്കി. പിന്നെ തൊട്ടടുത്ത് സ്‌കൂളില്ല. അതൊരു വലിയ പണിഷ്‌മെന്റായിരുന്നു. പിന്നീട് മൂന്നര നാല് കിലോമീറ്റര്‍ ദൂരെ പെരുമ്പിളിക്കല്‍ എന്ന് പറയുന്ന സ്ഥലത്താണ് മറ്റൊരു സ്‌കൂള്‍ ഉള്ളത്. വിദൂരമായ ഗ്രാമത്തില്‍ കൊണ്ടുപോയി അമ്മയ്ക്ക് എന്നെ ചേര്‍ക്കേണ്ടി വന്നു. അപ്പോള്‍ മുതല്‍ എന്റെ ഉള്ളില്‍ വലിയ നൊമ്പരങ്ങള്‍ ഉണ്ട്. ആ സംഭവങ്ങള്‍ക്കെതിരേ വലിയ പ്രതിഷേധങ്ങള്‍ എന്റെ മനസ്സിലുണ്ട്. പക്ഷേ, ഇതിനൊന്നും ഒരു കിടപ്പോ ന്യായമോ എന്തുകൊണ്ട് എന്ന് ചോദ്യത്തിന് വ്യക്തമായ ഉത്തരങ്ങള്‍ എനിക്കില്ലാത്ത ഒരു കാലമാണ.് ബോധമില്ലാത്ത ഒരു കാലമാണ്. പലപ്പോഴും അതിന്റെ പൊരുളുകള്‍ കൃത്യമായി പഠിപ്പിച്ചു തരാനും മാതാപിതാക്കള്‍ ശ്രമിക്കാറില്ല. കാരണം കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് കൂടുതല്‍ കാര്യങ്ങള്‍ പകരാതെയും അറിയാതെയും, അതൊക്കെ പൊറുത്തു കളയുക, പഠിക്കാന്‍ നോക്കുക എന്നതാണ് അവരുടെ സമീപനം.

ഒരു കാര്യം കൂടി ഞാന്‍ പറയാം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍, വര്‍ഷാവസാന പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്ന സമയമാണ്. കൂട്ടുകാരുണ്ട്. ഇതൊക്കെ ഉള്ളപ്പോഴും അല്ലാത്തപ്പോഴും ഞാന്‍ എല്ലാ കുട്ടികളുമായി കൂട്ടുകൂടുന്നുണ്ട്. നായര്‍ സമുദായത്തിലെ കുട്ടികളെല്ലാം പറയുന്ന ഒരു കാര്യമുണ്ട്. അവരൊക്കെ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചിട്ടാണ് പരീക്ഷ എഴുതാന്‍ വരാറുള്ളത്. അങ്ങനെ ചെയ്താല്‍ പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് കിട്ടുമെന്ന ഒരു വിശ്വാസം ഉണ്ട്. എന്നോട് വരുന്നോ എന്നു ചോദിച്ചു. എനിക്ക് സ്ഥിരമായി അമ്പലത്തില്‍ പോകുന്ന ശീലമൊന്നും ഇല്ല. ഞാനും ആ വര്‍ഷാവസാന പരീക്ഷയ്ക്ക് അമ്പലത്തില്‍ പോവണമെന്നാഗ്രഹിച്ചു. അതിന് മുമ്പായി അമ്പലക്കുളത്തില്‍ കുളിക്കാന്‍ തോര്‍ത്തുമുടുത്ത് മറ്റു കുട്ടികളോടൊപ്പം ഞാന്‍ പോകുന്നു. എന്റെ നാട്ടിലെ പെരുമ്പാലൂര്‍ ഭഗവതി ക്ഷേത്രമാണ്. നായര്‍ ക്ഷേത്രമാണത്. പൂജചെയ്യുന്നത് നമ്പൂതിരിമാരാണ്. ക്ഷേത്രക്കുളത്തിലേക്ക് മറ്റു കുട്ടികളോടൊപ്പം എടുത്തുചാടി കുളിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ബ്രാഹ്മണനായ പുരോഹിതന്‍, പ്രായമുള്ള ഞങ്ങളുടെ നാട്ടിലെ പൂജാരി അദ്ദേഹവും കുളിക്കാന്‍ എത്തിയ സമയമായിരുന്നു. ആ സമയത്ത് ഒരിക്കല്‍പോലും നായര്‍ പുരുഷന്‍മാര്‍ക്ക് പോലും അവിടെ കുളിക്കാന്‍ അനുമതിയില്ല. തീണ്ടാന്‍ പാടില്ല. അവര്‍ കുളിച്ചു കൊണ്ടിരുന്നാല്‍ പോലും കരയ്ക്ക് കയറി നില്‍ക്കണം. എതിര്‍വശത്തെ കടവില്‍ സ്ത്രീകള്‍ക്ക് മാത്രം കുളിക്കാം. കൗപീന വസ്ത്രധാരിയായിട്ടാണ് ഈ പൂജാരി കുളിക്കുക. ഈ നിയമങ്ങളെക്കുറിച്ചും ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ പാപമാണെന്ന ബോധം ഒന്നും എനിക്കില്ല. അതുകൊണ്ട് ഞാന്‍ എടുത്തുചാടുകയും പ്രകോപിപ്പിക്കുകയും ചെയ്തു. അത് വലിയ ഒരു െ്രെകം ആയി മാറിയ നിലയ്ക്ക് എന്നെ അപമാനിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അന്ന് വൈകുന്നേരം അമ്പലത്തിലെ പ്രധാനപ്പെട്ടവര്‍ വീട്ടില്‍ വന്ന് പറഞ്ഞു പൂജാരി കുളിക്കുമ്പോള്‍ പുലയനായ നിങ്ങളുടെ മകന്‍ തീണ്ടാന്‍ പാടില്ലായിരുന്നു എന്ന.് പറയുന്നത് എന്താണെങ്കിലും മനസ്സിലേറ്റ ഏറ്റവും വലിയ മുറിവാണത.് ഞാന്‍ അന്ന് നിര്‍ത്തിയതാണ് ഹൈന്ദവക്ഷേത്രത്തില്‍ പോയി തൊഴുന്നത്. എന്റെ അമ്പലവിശ്വാസം കളഞ്ഞ അനുഭവമായതുകൊണ്ട് ഒരര്‍ത്ഥത്തില്‍ നൊമ്പരവും ഉണ്ട്. ഇന്ന് നോക്കുമ്പോള്‍ അതൊരു അനുഗ്രഹമായാണ് ഞാന്‍ കരുതുന്നത്. എന്തായാലും പരീക്ഷ എഴുതി പാസായി. ഇത്തരം അനുഭവങ്ങളിലൂടെയാണ് ഞാന്‍ വളര്‍ന്നത്.
കാര്‍ഷികവിഭവങ്ങള്‍ മോഷണം പോകുന്നത് ഗ്രാമത്തില്‍ പതിവാണ്. ആ മോഷണത്തില്‍ എല്ലാ ജാതിയിലുംപെട്ട ചെറുപ്പക്കാര്‍ അന്ന് ഉണ്ടായിരുന്നു. അന്ന് പലരും കൈയില്‍ പണം ഇല്ലാതെ വരുമ്പോള്‍ കള്ളുകുടിക്കാനും സിനിമ കാണാനും പണം കണ്ടെത്തുന്നത് ഇത്തരം ചില മോഷണങ്ങളിലൂടെ ആയിരുന്നു. പക്ഷേ ഇത് പിടിക്കപ്പെട്ടാല്‍, മോഷ്ടിക്കപ്പെട്ടു എന്നൊരു ആരോപണം വന്നാല്‍ ആ നാട്ടിലെ ദലിത് ചെറുപ്പക്കാരുടെ മേലേക്കാണ് സംശയത്തിന്റെ നിഴല്‍ വീഴുന്നതും വേട്ടയാടപ്പെടുന്നതും. എന്റെ അമ്മാവന്റെ മകന്‍ സോമന്‍ എന്നൊരാളുണ്ട്. ഒരു നായര്‍ യുവാവ് മോഷ്ടിച്ചതിന്റെ പഴി സോമന്റെ പേരില്‍ ആരോപിക്കപ്പെട്ടു. ശിക്ഷ വിധിക്കാന്‍ ഗ്രാമീണ സമ്പ്രദായത്തില്‍ ഞങ്ങളുടെ നാട്ടിലെ ഒരു പ്രമാണിയായ നായര്‍ ഉണ്ടായിരുന്നു. അയാള്‍ സോമനെ മരത്തില്‍ കെട്ടിയിട്ട് ഭീകരായി മര്‍ദ്ദിക്കുന്നത് കാണേണ്ടിവന്നു. അതിനോടൊക്കെ എനിക്ക് ഭയങ്കരമായ ദേഷ്യമുണ്ടായിരുന്നു. ഇത്തരം ബാല്യകാലാനുഭവങ്ങള്‍ ഞാന്‍ പറഞ്ഞത് ഞാന്‍ വടകര വന്നപ്പോള്‍ പരിചയപ്പെട്ട എന്റെ സുഹൃത്തുക്കളാരും അത്ര ജാതി കോണ്‍ഷ്യസ് അല്ല എന്ന വസ്തുതയാണ് എന്നെ ഏറ്റവും കൂടുതല്‍ അതിശയപ്പെടുത്തിയത.് വ്യത്യസ്ത ജാതികളില്‍ ഉള്ള നായന്‍മാരുണ്ട്, ക്രിസ്ത്യന്‍ ഉണ്ട്, മുസ്‌ലിമുണ്ട്. ഞങ്ങളുടെ ഇടയില്‍ ഓരോ വ്യക്തി ഏതു ജാതിയില്‍പെട്ടതാണ് എന്ന് പറയുന്ന ഒരു പ്രശ്‌നം ഗൗരവതരമായി വടകര ജെടിഎസിലെ കാലഘട്ടത്തില്‍ എനിക്ക് അനുഭവിക്കേണ്ടി വന്നില്ല. ഇത് 198182 കാലഘട്ടമാണ്. ഈ കാലത്ത് എന്റെ നാട്ടില്‍ ഇങ്ങനെയല്ല. ഇവിടെ എനിക്ക് കൂട്ടുകാരുണ്ടായി. വളരെ ഇന്റിമേറ്റ് ഫ്രണ്ട്‌സ് ഉണ്ടായത് വടകര വന്നപ്പോഴാണ്. നാട്ടില്‍ ഇന്റിമസിക്ക് ജാതി ഒരു തടസ്സമായിരുന്നു, ഇവിടെ ആ തടസ്സം ഉണ്ടായില്ല. പിന്നെ സി എച്ച് കണാരന്‍ സഖാവിന്റെ മകന്‍ ശശി സാറിന്റെ ചേട്ടന്റെ ലൈബ്രറി, ഇത് മനീഷാ കോളജിന്റെ ലൈബ്രറിയാണ്. പിന്നെ വടകര ടൗണില്‍ വരുമ്പോള്‍ ഒരു ലൈബ്രറിയുണ്ട്. അപ്പോള്‍ ഗ്രന്ഥശാലയിലേക്ക് വലിയ നിലയില്‍ പ്രവേശനം കിട്ടുന്നു. റാഷണലിസ്റ്റ് മൂവ്‌മെന്റിന്റെ വലിയൊരു സ്വാധീനവും അവിടെയുണ്ട്. ഇടതുപക്ഷ രാഷ്ട്രീയവും യുക്തിവാദപ്രസ്ഥാനങ്ങളുടെ വിപുലമായ സാന്നിദ്ധ്യം ഇതൊക്കെ ഉള്ള ഒരു സ്ഥലമാണ് വടകര എന്നു മനസ്സിലായി. വായിക്കാന്‍ എന്തുകിട്ടിയാലും എല്ലാം വായിക്കുന്ന ആ കാലത്ത് വടകര ടൗണിലൂടെ നടക്കുമ്പോള്‍ ബുക്ക് സ്റ്റാളില്‍ തൂക്കിയിട്ടിരിക്കുന്ന, ‘യുക്തിവാദി’ എന്ന പ്രസിദ്ധീകരണം കണ്ടു. അത് തൃശ്ശൂരില്‍ നിന്ന് പബ്ലിഷ് ചെയ്യുന്നതാണ്. അതിന്റെ എഡിറ്റര്‍ ഉണ്ണി കാക്കനാടാണ്. യു കലാനാഥന്റെ ‘യുക്തിരേഖ’ വരുന്നത് അതിനുശേഷമാണ്. യുക്തിവാദി സാഹിത്യത്തിലാണ് ഒരു ജാതിവിമര്‍ശനം വരുന്നത്. ആകെയുള്ള വിശ്വാസം ഹിന്ദുത്വം ആണ് അതുപോകുമ്പോള്‍ പിന്നെ ഒരു വിശ്വാസവും ഇല്ലാതാകുന്നു. അപ്പോള്‍ ആ വിശ്വാസം പോകുന്നിടത്ത് പിന്നെ ബദലായി വരുന്നത് ശാസ്ത്രചിന്തകളും യുക്തിചിന്തകളും ആണ്.
അത് വികസിക്കാനുള്ള സാഹിത്യം ഞാന്‍ കണ്ടെത്തുന്നത് സ്വാഭാവികമായിട്ടും ഉണ്ണി കാക്കനാടന്റെ യുക്തിവാദിയിലാണ്. ആ വായന പിന്നീട് മുന്നോട്ടുപോകുന്നത് വടകര ഞങ്ങളുടെ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നാണ്. ‘നെസസിറ്റി ഓഫ് എത്തിയിസം’, ബെര്‍ട്രാന്‍ഡ് റെസ്സലിന്റെ ‘വൈ ഐയാം നോട്ട് എ ക്രിസ്ത്യന്‍’ എന്നീ പുസ്തകങ്ങള്‍ വായിച്ചത് വടകര ആയതു കൊണ്ടായിരിക്കാം. ഇത് സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് കിട്ടി. ഗോറയുടെ പുസ്തകം വായിക്കുന്നുണ്ട്. എ ടി കോവൂരിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ വായിക്കുന്നു. ഇടമറുകിന്റെ ‘ഞാന്‍ എന്തുകൊണ്ട് ക്രിസ്ത്യാനിയല്ല’ എന്ന പുസ്തകം വായിക്കുന്നു. ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരിക്കുന്നില്ല എന്നുള്ളത് വായിക്കുന്നു. കലാനാഥന്‍, പവനന്‍ അവരെയൊക്കെ വായിക്കുന്നു. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ അനുഭവിക്കുന്ന വിവേചനത്തിനും ജാതിക്കും ആ നിലയ്ക്കുള്ള കാര്യങ്ങളുടെ എല്ലാം മറുപടികളും അതിനെ ഞാന്‍ വെറുക്കുന്ന സംഗതികളോടുള്ള വിമര്‍ശനങ്ങളും എനിക്ക് കാണാന്‍ കഴിയുന്നു അത്തരം കൃതികളില്‍. അത് എന്നെ വളരെയധികം ആകര്‍ഷിച്ചു. പിന്നീട് ഞാന്‍ കൂട്ടുകാരോടൊപ്പം മറ്റു വീടുകളില്‍ പോകാന്‍ തുടങ്ങി. വീടുകളില്‍ പോകുമ്പോള്‍ ഏത് വീട്ടില്‍ ചെന്നാലും പെട്ടെന്ന് വീട്ടില്‍ പ്രവേശനം കിട്ടുന്നു. അവിടെ എന്റെ കറുത്ത കളര്‍, അന്നും ഇന്നും ഞാന്‍ എന്റെ നിറത്തില്‍ അഭിമാനിക്കുന്ന കൂട്ടത്തിലാണ്. നിറം എന്റെ ഗ്രാമത്തില്‍ അകറ്റിനിര്‍ത്താനുള്ള അയോഗ്യതയാണെങ്കില്‍ ആ നിറവുമായി വടകര, ഓര്‍ക്കാട്ടേരി, കുറ്റിയാടി ഒക്കെ പോകുമ്പോള്‍, അങ്ങനെയൊരു അയോഗ്യതയില്ല. അത് മാറ്റിനിര്‍ത്താനുള്ള ഒരു ഐഡന്റിറ്റി ആയിരുന്നില്ല. ഈ മണ്ണ് കുറച്ചുകൂടി സമത്വാധിഷ്ഠിതമായ സമഭാവനയുടെ ഒരു സംസ്‌കാരം എനിക്ക് സമ്മാനിക്കുന്നു. പഞ്ചസാര കലക്കി ഉള്ളി അരിഞ്ഞിട്ട വെള്ളം സമൃദ്ധമായി ഓരോ വീടുകളില്‍ നിന്ന് കുടിക്കുകയാണ.് എന്നിലും ഇങ്ങനെ അംഗീകരിക്കപ്പെടാനും സ്‌നേഹിക്കപ്പെടാനും അയല്‍ക്കാരാല്‍ സ്വീകരിക്കപ്പെടാനും കഴിയുന്ന ഒരു പേഴ്‌സണാലിറ്റി, ഒരു ഐഡന്റിറ്റി എന്നില്‍ ഉണ്ട് എന്ന ബോധമാണ് ഇവിടെ വന്നപ്പോള്‍ എനിക്ക് ഉണ്ടായത്. ഇത് എനിക്ക് അവിടെയും ഉണ്ടായിരുന്നല്ലോ അപ്പോള്‍ എന്റെ കുഴപ്പമല്ല എന്നോട് അങ്ങനെ പെരുമാറിയിരുന്നവരുടെ പ്രശ്‌നമാണ് എന്നുള്ള ഒരു ബോധ്യമാണ് ആദ്യത്തെ പാഠമായി എനിക്കുണ്ടാകുന്നത്. ഞങ്ങള്‍ക്ക് സ്വന്തമായി അധ്യാപകര്‍ ഇല്ലായിരുന്നു. അധ്യാപകരുടെ ഡെപ്യൂട്ടേഷന്‍ ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ അധ്യാപകരാണ് ഞങ്ങള്‍ക്ക് ഡെപ്യൂട്ടേഷനില്‍ ക്ലാസ്സ് എടുത്തിരുന്നത്. ഞാനിന്നും അവരോട് കടപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ചും കടത്തനാട് നാരായണന്‍ സാറിനോട്. അദ്ദേഹത്തെ പോലത്തെ ഒരു സാഹിത്യപ്രതിഭ, അദ്ദേഹം ഞങ്ങളുടെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. അതുപോലെ ബാലന്‍ സാറ് മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ അധ്യാപകനാണ്. രാഷ്ട്രീയം കൊണ്ട് ഇന്ന് നോക്കുമ്പോള്‍ ഞാന്‍ ഇടതുപക്ഷമാണ്. ആ ഇടതുപക്ഷം എന്ന് പറയുന്നത് എന്നെപ്പോലുള്ളവരുടെ അനുഭവത്തില്‍ വളരെ ക്രിട്ടിക്കല്‍ പെര്‍സ്‌പെക്റ്റീവായിരുന്നു. നമ്മള്‍ പില്‍ക്കാലത്ത് വിമര്‍ശനാത്മക ബോധത്തോടുകൂടി കാര്യങ്ങളെ കാണണം, പഠിക്കണം എന്ന് പറയുമ്പോള്‍ ഈ അധ്യാപകര്‍ അത്തരത്തില്‍ ഒരു പെര്‍സ്‌പെക്റ്റീവ് ക്ലാസ്സ് തരുന്നവരായിരുന്നു. ക്ലാസ്‌റൂം പാഠങ്ങള്‍ക്കപ്പുറം ഒരുപാട് കാര്യങ്ങള്‍, സാമൂഹ്യ വിമര്‍ശനങ്ങള്‍ ഇതൊക്കെ അടങ്ങിയ കാര്യങ്ങള്‍ ആയിരുന്നു കടത്തനാട് നാരായണന്‍ സാറില്‍ നിന്നൊക്കെ കിട്ടിയത്. അത്തരം ഒരു സാഹിത്യപരമായ സ്പര്‍ശനം ഈ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന, മുതലാളിത്തത്തെ ചോദ്യം ചെയ്യുന്ന, ജാതിക്കെതിരായ, അന്ധവിശ്വാസങ്ങളെ വിമര്‍ശിക്കുന്ന ഒരു ബോധന രീതിശാസ്ത്രം കൂടിയുള്ള ക്ലാസ്സുകള്‍ എന്നിലെ സോഷ്യല്‍ പെര്‍സ്‌പെക്റ്റീവ് ഡെവലപ്പ് ചെയ്യുന്നതിന് സഹായിച്ചു.

ദലിത് ആശയത്തിലേക്ക് വരുന്ന ഒരു വഴി എന്നു പറയുന്നത് വടകര കോട്ടപ്പുറത്തെ ഒരു ബുക്ക് സ്റ്റാളില്‍ ഒരു ഇംഗ്ലീഷ് പുസ്തകം തൂങ്ങിക്കിടന്നിരുന്നു. ചെറിയ മാസികയാണ്. വലിയ കെട്ടും മട്ടും ഒന്നുമില്ലാത്ത ഒരു പുസ്തകം. ‘ദലിത് വോയ്‌സ്’ എന്നായിരുന്നു അതിന്റെ പേര്. വി ടി രാജശേഖരനാണ് എഡിറ്റര്‍. ഒരു രൂപ 25 പൈസയേ അതിന് അന്ന് വിലയുള്ളൂ. കൗതുകം കൊണ്ട് അത് വാങ്ങുന്നു, വായിക്കുന്നു. വി ടി ആറിനെ അങ്ങനെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. പിന്നീട് ‘ദലിത് വോയിസ്’ കണ്ടിട്ട് അതുപോലുള്ള കുറെ സാഹിത്യങ്ങള്‍ കൊണ്ടുവന്ന് വായിക്കുന്നു. അതില്‍ ഒന്ന് പരിഭാഷ ചെയ്തത് ഗോപിനാഥ് മേപ്പയില്‍ ആണ് എന്ന് ഞാന്‍ മനസ്സിലാക്കി. ഗോപിനാഥ് സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. അദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടു. ഞാനും എന്റെ സുഹൃത്തുക്കളുമായി മേപ്പയൂരിലെ ഗോപിനാഥന്റെ വീട്ടില്‍ ചെല്ലുമ്പോഴാണ് ദലിത് സാഹിത്യങ്ങളുടെ ഒരു വലിയ കലവറ തന്നെ അവിടെ കാണുന്നത.് അദ്ദേഹം യുക്തിവാദി പ്രസ്ഥാനത്തിന്റെ ആള്‍ കൂടിയായിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന റോബര്‍ട്ട് ഇംഗര്‍സോളിന്റെ എഴുത്തും പ്രസംഗങ്ങളും യുക്തിരേഖയ്ക്കു വേണ്ടി വിവര്‍ത്തനം ചെയ്തത് ഗോപിനാഥ് ആണ്. ബാബാസാഹേബിന്റെ തടിച്ച പുസ്തകങ്ങള്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഇറക്കുന്നതിനുമുമ്പ് സുപ്രീംകോടതി വക്കീലായ ഭഗവന്‍ ദാസ് ഇറക്കിയിരുന്നു. ഭഗവന്‍ദാസിന്റെ ആ പരമ്പര ഗോപിനാഥന്റെ വീട്ടില്‍ ഉണ്ടായിരുന്നു. ആ കാഴ്ച ഒരു വലിയ ആയുധപ്പുരയിലേക്കാണ് എന്നെ എത്തിക്കുന്നത്.
രണ്ടാമത് ഞാന്‍ കണ്ടെത്തുന്ന വ്യക്തി കേരള യുക്തിവാദി പ്രസ്ഥാനത്തിന്റെ തന്നെ വക്താവായ ഇത്തരം സാഹിത്യങ്ങളുടെ പ്രതിനിധിയായ വി പ്രഭാകരനാണ.് നമ്മള്‍ കൊണ്ടുനടക്കുന്ന എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരവും നമ്മള്‍ കൊണ്ടുനടക്കുന്ന സംശയങ്ങള്‍ക്കുള്ള മറുപടിയുമായാണ് പ്രഭാകരന്‍ വരുന്നത.് പരിചയം വടകരയില്‍ നിന്ന്. കോഴിക്കോട് എന്‍ജിനീയറിങ് കോളജില്‍ പഠിക്കാന്‍ വരുന്നതിനു മുമ്പ് തന്നെ കോഴിക്കോട് ചിന്താവളപ്പിലെ പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ പ്രഭാകരന്റെ വീട്ടില്‍വച്ചാണ്. പ്രഭാകരന്റെ ഭാര്യ പൊലിസ് ഉദ്യോഗസ്ഥയായിരുന്നു. അത് വേറൊരു വിജ്ഞാനകേന്ദ്രം ആയിരുന്നു. വടകരയിലെ എന്റെ ടെക്‌നിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ അതിന്റെ തുടര്‍ച്ചയായിട്ട് എന്‍ജിനീയറിങ്ങിന് പഠിക്കാനാണ് ആഗ്രഹിച്ചത.് അങ്ങനെയാണ് കോഴിക്കോട് എന്‍ഐടിയില്‍ (അന്നത്തെ ആര്‍ഇസിയില്‍) അപേക്ഷിക്കുന്നതും 1986ല്‍ ബിടെക്കിന് പഠിക്കുന്നത്. അത് മറ്റൊരു ഘട്ടത്തിലേക്കുള്ള പ്രവേശനമായിരുന്നു.
ആ കാലഘട്ടത്തില്‍ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഒരു അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി സംഘടന കേരളത്തില്‍ രൂപീകരിക്കപ്പെടുന്നത്. താങ്കളുടെ നേതൃത്വത്തില്‍. വിശദീകരിക്കാമോ?
അതെ കേരളത്തില്‍ ആദ്യമായി ഒരു അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി യൂണിയന്‍ രൂപീകരിക്കപ്പെടുന്നത് കോഴിക്കോട് ആര്‍ഇസിയിലാണ്. വടകരയിലെ പഠനകാലം എന്നെ രൂപപ്പെടുത്തിയ, എന്റെ വ്യക്തിത്വത്തെ വീണ്ടെടുത്ത, ജാതി സമ്മാനിച്ച അപകര്‍ഷതയെ മറികടന്ന് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു പുതിയ ലോകം എനിക്ക് സമ്മാനിച്ച ഒന്നാണ്. ആദ്യ ബാച്ചായതു കാരണം മൂന്നുവര്‍ഷംഎടുത്തിട്ടാണ് അത് പൂര്‍ത്തിയാക്കിയത്. ഈ മൂന്നുവര്‍ഷം വടകരയുടെ മണ്ണില്‍ ജീവിക്കാന്‍ കിട്ടിയ ഭാഗ്യമാണ് എന്നിലെ സാമൂഹ്യപ്രവര്‍ത്തകനെ യഥാര്‍ത്ഥത്തില്‍ നിര്‍മിച്ചത.് മലബാറിന്റെതായിട്ടുള്ള ഇഗാലിറ്റേറിയന്‍ കള്‍ച്ചറാണ്, ആ സാഹചര്യമാണ് എനിക്ക് സഹായകമായത്. ആര്‍ഇസി എനിക്ക് സമ്മാനിക്കുന്നത് ഒരു ഇന്ത്യന്‍ അനുഭവമാണ്. കാരണം ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് കൂട്ടുകാര്‍ ഉണ്ടാവുന്നു. അതില്‍ സ്വാഭാവികമായിട്ടും ദലിത് വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. പ്രത്യേകിച്ച് കര്‍ണാടക, തമിഴ്‌നാട,് മഹാരാഷ്ട്ര പിന്നെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നൊക്കെയുള്ള ദലിത്ഒബിസി സ്റ്റുഡന്‍സിനോടൊപ്പം പഠിക്കാന്‍ പറ്റി. ഇതില്‍ രണ്ട് സംഗതിയുണ്ട്, ഒന്ന് ഹോസ്റ്റല്‍ ജീവിതത്തില്‍ ബിഹാര്‍, യുപി, മധ്യപ്രദേശില്‍ നിന്നൊക്കെയുള്ള ജന്‍മികുടുംബത്തിലെ സവര്‍ണ വിദ്യാര്‍ത്ഥികളുടെ ഒരുതരം പെരുമാറ്റ രീതി, ഇപ്പുറത്ത് സമാനമായി സാമൂഹ്യാനുഭവങ്ങളുള്ള ദലിത് വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങളുമുണ്ട്. ആ അനുഭവത്തില്‍ നിന്നാണ് അംബേദ്കറൈറ്റ് കോണ്‍ഷ്യസ്‌നസ് അടുത്തൊരു ഘട്ടത്തിലേക്ക് നമ്മളില്‍ ഉണ്ടാകുന്നത്. പ്രധാനമായും മഹാരാഷ്ട്രയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ധാരാളം ദലിത് ലിറ്ററേച്ചര്‍ കൊണ്ടുവന്നിരുന്നു. അര്‍ജുന്‍ ഡാങ്ക്‌ളെ, ശരണ്‍കുമാര്‍ ലിബാളെ, അരുണ്‍ കാംപ്ലേ, അവനി കാംപ്ലെ തുടങ്ങിയവരുടെ. എഴുപതുകളില്‍ മഹാരാഷ്ട്രയില്‍ രൂപപ്പെട്ടുവന്ന ദലിത് പാന്തര്‍ പ്രസ്ഥാനം, അമേരിക്കന്‍ ബ്ലാക്ക് പാന്തര്‍ പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചയാണ്. ബ്ലാക്ക് അമേരിക്കന്‍ റെവല്യൂഷണറി മൂവ്‌മെന്റ് ആണ് ബ്ലാക്ക് പാന്തേര്‍സ്. ബ്ലാക്ക് പാന്തര്‍ പ്രസ്ഥാനത്തിന്റെ ഇന്‍ഫഌവന്‍സില്‍ ആണ് എഴുപതുകളില്‍ മഹാരാഷ്ട്രയില്‍ ദലിത് പാന്തേര്‍സ് ഉണ്ടാവുന്നത്. ഈ പാന്തറിന്റെ പശ്ചാത്തലത്തില്‍ വന്ന കുട്ടികളാണ് ആര്‍ഇസിയില്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകരായി വരുന്നത്. അവരില്‍ നിന്നും ധാരാളം ദലിത് സാഹിത്യം ലഭിച്ചു. അതൊരു പുതിയ അനുഭവമായിരുന്നു.

അംബേദ്കര്‍ ആശയങ്ങളെ ശരിയായ തലത്തില്‍ മനസ്സിലാക്കിക്കൊണ്ട് ജാതിക്കെതിരേയുള്ള വിമോചന പ്രസ്ഥാനത്തിന് രൂപം നല്‍കുക എന്നതാണ് ചെയ്യാനുള്ളത് എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. ഇനി ദലിത് യുവതലമുറയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതും സ്വാശ്രയമാക്കാവുന്നതും വിമോചനത്തിന് ആശ്രയിക്കാവുന്നതുമായിട്ടുള്ളത് അംബേദ്കറുടെ ചിന്താ പദ്ധതിയാണ് എന്നൊരു ബോധ്യം ഞങ്ങളുടെ അസോസിയേഷന്‍ ഉണ്ടാക്കുന്നുണ്ട്. 1986ല്‍ ആര്‍ഇസിയില്‍ ഇന്ത്യയിലെ വിവിധ സ്‌റ്റേറ്റുകളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ കൂടിയിരിക്കുകയും അങ്ങനെ അംബേദ്കറൈറ്റ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (ASMI) എന്ന സംഘടനയ്ക്ക് രൂപംനല്‍കുകയും ചെയ്തു. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ അംബേദ്കറൈറ്റ് എന്ന് സ്വയം അഭിസംബോധന ചെയ്യാനുള്ള ഒരു അനുഭവം ഉണ്ടായി. ഞാന്‍ ആദ്യമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ‘അസ്മി’യാണ്. ഞാന്‍ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിട്ടില്ല, കെഎസ്‌യുവില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. ആദ്യമായി ഒരു സംഘടനയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നത് ഞാന്‍ കൂടി ഉള്‍പ്പെട്ട് രൂപീകരിച്ച അസ്മിയിലാണ്. ഇടയ്‌ക്കൊക്കെ ഞങ്ങളുടെ കൂട്ടായ്മയിലേക്ക് പ്രഭാകരേട്ടന്‍ വരുന്നുണ്ട.് ഏതാണ്ട് അത്തരത്തിലുള്ള ഞങ്ങളുടെ ചര്‍ച്ചകളും ഞങ്ങളുടെ സാഹിത്യ വായനയും മൊത്തത്തില്‍ ഇന്ത്യാ ചരിത്രത്തെക്കുറിച്ചും കേരളത്തിലെ ചരിത്രത്തെക്കുറിച്ചുമൊക്കെയുള്ള വ്യത്യസ്തമായ ഒരു പക്ഷം രൂപപ്പെട്ടു. അതുവരെ ചരിത്രത്തില്‍ ഇടതുപക്ഷ ചരിത്ര വായനയും മറ്റൊന്ന് സവര്‍ണപക്ഷ ചരിത്ര വായനയുമാണ്. ഇത് രണ്ടും അല്ലാത്ത ഒരു അവര്‍ണപക്ഷ ഒരു അംബേദ്കറൈറ്റ് പക്ഷ ചരിത്രാവബോധം രൂപപ്പെട്ടുവന്നത് ആ കാലഘട്ടത്തിലാണ്. ഇതിന് വി പ്രഭാകരനെ പോലുള്ള ആളുകള്‍ സഹായിച്ചു.

പ്രധാനപ്പെട്ട ഒരു കാര്യം കൂടി ഈയവസരത്തില്‍ പറയാനുണ്ട്. 1985-86 കേരള യുക്തിവാദി സംഘത്തിന്റ ജില്ലാ സമ്മേളനം കോഴിക്കോട് ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്നു. ആ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വരുന്നത് കര്‍ണാടക റാഷണലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റായിട്ടുള്ള വി ടി രാജശേഖര്‍ ആയിരുന്നു. അദ്ദേഹം ‘ദലിത് വോയ്‌സി’ ന്റെ എഡിറ്ററുമായിരുന്നു. അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നു. ഞാനും അനില്‍കുമാര്‍ തുടങ്ങിയ സുഹൃത്തുക്കളും ഒരു സംഘമായി സമ്മേളനം കാണാന്‍ പോയി. വിടിആറിന്റെ പ്രസംഗം കേട്ടു. ആ പ്രസംഗം പിന്നീട് പുസ്തക രൂപത്തില്‍ ‘വിപ്ലവത്തിന് ഒരു കുറിപ്പടി’ എന്ന പേരില്‍ മലയാളത്തില്‍ വി പ്രഭാകരന്‍ പുറത്തിറക്കിയിട്ടുണ്ട്. കൃത്യമായ ഒരു റവല്യൂഷണറി ഔട്ട്‌ലുക്ക് ആ പ്രസംഗത്തിലൂടെ കിട്ടി. ആ യുക്തിവാദി സമ്മേളനത്തില്‍ ‘ഇന്ത്യന്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍’ എന്ന തലക്കെട്ടില്‍ ഉള്ള ഒരു സംവാദമുണ്ടായിരുന്നു. ഞങ്ങള്‍ അത് കേള്‍ക്കാന്‍ തീരുമാനിച്ചു. ആ സംവാദത്തില്‍ പങ്കെടുത്ത ഒരാളുടെ പേര് ടി കെ നാരായണന്‍ എന്നാണ്. അദ്ദേഹം തിരുവനന്തപുരം പട്ടത്തെ ചിത്രാനഗര്‍ കോളനിയില്‍ നിന്നാണ് വരുന്നത്. സെക്കുലറിസം, ഡമോക്രസി, ഡെമോക്രസിയുടെ അമേരിക്കന്‍ ഹിസ്റ്ററി, തോമസ് ജഫേഴ്‌സനെയും ജെയിംസ് മാഡിസനെയുമൊക്കെ ക്വോട്ട് ചെയ്തിട്ട് പാശ്ചാത്യ ജനാധിപത്യത്തെയും ഇന്ത്യന്‍ ഡെമോക്രസിയുടെ ആവിര്‍ഭാവത്തെയും അതിന്റെ ചലഞ്ചുകളെയുമൊക്കെ സമര്‍ത്ഥമായി ഡിബേറ്റ് ചെയ്യുന്ന ടി കെ നാരായണനെ കേള്‍ക്കുന്നു. അതെന്നെ വളരെയധികം ആകര്‍ഷിച്ചു. അദ്ദേഹം വളരെ ബ്ലാക്ക് ആയിട്ടുള്ള ഒരു പേഴ്‌സണാലിറ്റി ആണ്. ഒരു ദലിത് പശ്ചാത്തലമുണ്ട്. വളരെ ആവേശത്തോടുകൂടി ഞാന്‍ ഇദ്ദേഹത്തെയും, വിടിആറിനെയും പരിചയപ്പെട്ടു. ടികെ നാരായണന്‍ സാര്‍ ബാബാസാഹേബ് അംബേദ്ക്കറുടെ അവസാന നാളുകളില്‍ ഡല്‍ഹി സെന്‍ട്രല്‍ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്ത മലയാളിയായ ദലിതനാണ്. കേരളത്തിലെ പുലയസമുദായത്തില്‍പ്പെട്ട ആദ്യത്തെ ബിഎക്കാരനാണ്. അക്കാലത്ത് അദ്ദേഹം ബിഎ സര്‍ട്ടിഫിക്കറ്റുമായി ചെന്നപ്പോള്‍ തിരുവനന്തപുരത്ത് സവര്‍ണനായ രാജാവിനാല്‍ ഇന്‍സള്‍ട്ട് ചെയ്യപ്പെട്ടിട്ട് ഡല്‍ഹിയിലേക്ക് പോയി ജോലി സമ്പാദിക്കുകയായിരുന്നു. കെ എന്‍ രാജിനെ കണ്ട് കത്തുകൊടുക്കുകയാണ് ചെയ്തത്. സ്വാതന്ത്ര്യത്തിനു മുമ്പാണ് അദ്ദേഹം എത്തുന്നത്. ബാബാ സാഹേബ് അംബേദ്കറെ നേരിട്ട് കാണുന്നതിനും വീട്ടില്‍ പോകാനും ഇടപഴകാനും അവസരം കിട്ടിയ ഒരാള്‍ എന്ന നിലയില്‍ അദ്ദേഹമാണ് എന്നില്‍ അംബേദ്കറൈറ്റ് ചിന്തകള്‍ സ്വാധീനിക്കാന്‍ കാരണമായ വലിയ ഘടകം. അംബേദ്കറൈറ്റ് ചിന്തകള്‍ എന്നില്‍ സ്വാധീനമുറപ്പിക്കാന്‍ സഹായിച്ച അധ്യാപകരുടെ കൂട്ടത്തില്‍ ഗോപിനാഥന്‍ മേപ്പയിലും വി പ്രഭാകരനും ടി കെ നാരായണനും വിടിആറും രാജുതോമസുമാണ് പ്രധാനപ്പെട്ട വ്യക്തികള്‍. രാജു തോമസ് മദ്രാസില്‍ നിന്നുള്ള ഒരു അംബേദ്കറിസ്റ്റാണ്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തിയ ആളാണ്. ഇവരുടെയൊക്കെ തണലില്‍ ആണ് ദലിത് പാന്തര്‍ മൂവ്‌മെന്റിന്റെ കേരളീയമായ ഒരു പ്രഖ്യാപനം 1988ല്‍ വരുന്നത്. ആര്‍ഇസിയിലാണ് ഈ മൂവ്‌മെന്റിന്റെ ആദ്യ ഘടകത്തിന്റെ രൂപീകരണം നടക്കുന്നത്. ആര്‍ഇസിയില്‍ നിന്നും ഞങ്ങള്‍ ഇറങ്ങി മണാശ്ശേരി കോളജിലേയും മമ്പാട് എംഇഎസ് കോളജിലേയും ഗുരുവായൂരപ്പന്‍ കോളജിലേയും മലബാര്‍ ക്രിസ്ത്യന്‍ കോളജിലേയും/ഫാറൂഖ് കോളജിലേയും ദലിത് വിദ്യാര്‍ത്ഥികളെ കാണുകയും അവരുമായി അംബേദ്കര്‍ ചിന്തകള്‍ പങ്കുവയ്ക്കുകയും ചെയ്തു. അത് വിശാലമായ ഒരു മൂവ്‌മെന്റായി മാറിയാണ് കേരളത്തിലെ ദലിത് പാന്തര്‍ പ്രസ്ഥാനത്തിലേക്ക് എത്തുന്നത്.
ആരൊക്കെയായിരുന്നു അന്നതിന്റെ നേതാക്കന്‍മാര്‍?
ആര്‍ഇസിയിലെ സഹപാഠികളാണ് അതിന് രൂപം കൊടുക്കുമ്പോള്‍ എന്നോടൊപ്പം വരുന്നത്. അതിലൊരാള്‍ കോട്ടയം സ്വദേശിയായ ഗിരീഷ് കുമാറാണ്. കോട്ടയത്തെ ഒരു ദലിത് കുടുംബത്തില്‍ നിന്നുള്ള അദ്ദേഹം അവിടുന്ന് പഠനം പൂര്‍ത്തിയാക്കി ഇംഗ്ലണ്ടിലൊക്കെ ജോലി ചെയ്ത് തിരിച്ചുവന്ന് ഇപ്പോഴും കേരളത്തില്‍ പ്രസ്ഥാനത്തിന്റെ പ്രസീഡിയം സീനിയര്‍ ലെവല്‍ കമ്മിറ്റി അംഗമാണ്. മറ്റൊന്ന് വടകര എന്റെ സഹപാഠിയായിരുന്ന അനില്‍കുമാര്‍. തിയ്യകുടുംബത്തില്‍പ്പെട്ട ആളാണ്. ഹോമിയോ ഡോക്ടര്‍ ആണ്. ദലിത് പാന്തര്‍ പ്രസ്ഥാനം രൂപീകരിച്ചപ്പോള്‍ ആദ്യത്തെ അഞ്ച് വര്‍ഷക്കാലം അതിന്റെ സ്‌റ്റേറ്റ് പ്രസിഡന്റ് ആയിരുന്നു. പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ജാതി അല്ലായിരുന്നു ഞങ്ങളുടെ മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനം അംബേദ്കര്‍ ചിന്തകളായിരുന്നു. അതുകൊണ്ട് അതിനകത്ത് നോണ്‍ ദലിത്,
ഒബിസി, മുസ്‌ലിം മെമ്പര്‍മാര്‍ ഉണ്ടായിരുന്നു. ചില ഒറ്റപ്പെട്ട സവര്‍ണന്‍മാരും ഉണ്ടായിരുന്നു. ചില നായര്‍ ചെറുപ്പക്കാര്‍ അംബേദ്കര്‍ ഐഡിയോളജി ഇഷ്ടപ്പെട്ടത് കൊണ്ട് കെഡിപിയില്‍ അംഗത്വം എടുത്ത ചരിത്രമുണ്ട്. ഇപ്പോഴും അത്തരം അനുഭാവികളുള്ള ഒരു പ്രസ്ഥാനമാണിത്
മഹാരാഷ്ട്രയിലെ ദലിത് പാന്തര്‍ പ്രസ്ഥാനവുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത്?
ഞങ്ങള്‍ക്ക ദലിത് പാന്തര്‍ മൂവ്‌മെന്റ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒരു അംഗീകാരം കിട്ടണമല്ലോ. അരുണ്‍ കംബ്ലെ എന്ന ദലിത് സാഹിത്യകാരന്‍ അന്നത്തെ ഇന്ത്യന്‍ ദലിത് പാന്തേഴ്‌സ് മൂവ്‌മെന്റിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. അരുണ്‍ കാംബ്ലെ 1988ല്‍ കേരളത്തില്‍ എത്തി. അദ്ദേഹം സാഹിത്യപരമായ ഒരു സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയപ്പോള്‍ ഞങ്ങള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം കേരളത്തില്‍ പാന്തേഴ്‌സ് മൂവ്‌മെന്റ് ആരംഭിക്കാന്‍ രേഖാമൂലമുള്ള അനുമതി തരികയും അതിന്റെ സ്ഥാപക കണ്‍വീനറായി എന്നെ നോമിനേറ്റ് ചെയ്യുകയും ചെയ്തു. അങ്ങനെ മഹാരാഷ്ട്ര ദലിത് പാന്തേഴ്‌സ് മൂവ്‌മെന്റുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ദലിത് പാന്തേഴ്‌സ് മൂവ്‌മെന്റ് തുടങ്ങുന്നത്. ദലിത് ആക്ടിവിസം പാന്തേഴ്‌സ് രീതിയിലുള്ള ഒരു പ്രതിരോധ പ്രവര്‍ത്തനമാണ്. രണ്ടു കാര്യങ്ങളാണ് അതില്‍ പ്രധാനം. അതുവരെ കേരളത്തില്‍ പട്ടികജാതി പട്ടികവര്‍ഗ സമൂഹത്തിന്റെ ഇടയില്‍ സാമൂഹ്യ സംഘടനകള്‍ ഉണ്ട്, എസ്‌സി എസ്ടി സംഘടനകള്‍ ഉണ്ട്, ജാതിസംഘടനകള്‍ ഉണ്ട്. പക്ഷേ പാന്തര്‍ മൂവ്‌മെന്റ് വന്നതോടുകൂടിയാണ് ഇന്ത്യയില്‍ എവിടെയും ഒരു പ്രത്യയശാസ്ത്ര അടിത്തറയുള്ള ആന്റി കാസ്റ്റ് എന്ന നിലയിലും ആന്റി ബ്രാഹ്മണിക് എന്ന നിലയിലും ഹിന്ദുത്വ ചിന്താഗതിയെ തിരസ്‌കരിച്ചുകൊണ്ടുള്ള ലിബറേറ്റീവ് സ്വഭാവത്തിലുള്ള ഒരു മോഡേണ്‍ സോഷ്യല്‍ മൂവ്‌മെന്റ് രൂപപ്പെടുന്നത്. പാന്തര്‍ പ്രസ്ഥാനമാണ് അത്തരത്തില്‍ അവതരിപ്പിക്കുന്നത.് അംബേദ്കറിസത്തെ ഒരു കോംപ്രിഹെന്‍സീവ് ഐഡിയോളജി എന്ന നിലയ്ക്ക് പാന്തര്‍ പ്രസ്ഥാനം പരിചയപ്പെടുത്തുന്നുണ്ട്. പിന്നെ രണ്ടാമത്തെ കാര്യം ദലിത് ഐഡന്റിറ്റി എന്നു പറയുന്നത് അത്തരത്തില്‍ മോശപ്പെട്ട ഒരു ഐഡന്റിറ്റി അല്ല എന്നും പകരം ജാതിയെ അപനിര്‍മിക്കുകയും ഇന്ത്യന്‍ ഡെമോക്രസിയെ പുനര്‍ നിര്‍ണയിക്കുകയും ചെയ്യുന്ന ഒരു റവല്യൂഷണറി ഐഡന്റിറ്റിയാണ് എന്ന ധാരണ ഉറപ്പിക്കാനുമായി. അതൊരു കാസ്റ്റ് ഐഡന്റിറ്റി അല്ല അതൊരു റവല്യൂഷണറി ആയിട്ടുള്ള ഒരു ഐഡന്റിറ്റിയാണ് എന്ന ഒരു കാഴ്ചപ്പാടാണ് ഈ ദലിത് സാഹിത്യം തന്നത്. മൂന്നാമതായി, ജാതീയമായ അസമത്വങ്ങളോടും അനീതികളോടും സന്ധി ചെയ്യുകയോ അത് പരിഹരിക്കാന്‍ വേണ്ടി അത് പുലര്‍ത്തുന്ന വ്യക്തികളോട് അപേക്ഷിക്കുകയോ ചെയ്യുകയല്ല, മിറച്ച് അതിശക്തമായ പ്രത്യാക്രമണവും പ്രതിരോധവുമാണ് വേണ്ടത് എന്നൊരു കാഴ്ചപ്പാടുമുണ്ടായി. പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും വലിയ വിപ്ലവാത്മകമായ ഉള്ളടക്കമുള്ള ഒരു പ്രൊട്ടസ്റ്റന്റ് മൂവ്‌മെന്റായിട്ടാണ് കേരളത്തിലെ പാന്തര്‍ പ്രസ്ഥാനം മഹാരാഷ്ട്ര ദലിത് പ്രസ്ഥാനത്തിന്റെ മാതൃകയില്‍ രൂപം കൊണ്ടത്.

അക്കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍, അതുപോലെ അധഃസ്ഥിത നവോത്ഥാന മുന്നണി, സാമുദായിക സംഘടനകള്‍ തുടങ്ങിയവയുമായി സംവാദങ്ങള്‍ സാധ്യമായിരുന്നുവോ?
നേരിട്ടുള്ള സംവാദങ്ങള്‍ക്കപ്പുറം പലപ്പോഴും സമീപനങ്ങള്‍ തമ്മിലുള്ള വ്യത്യസ്തകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. വീക്ഷണപരമായ ഭിന്നതകളെ സ്വാഭാവികമായും സംവാദ സ്വഭാവത്തില്‍ കാണാം. ഒന്നാമതായി അംബേദ്കറിസം എന്ന് പറയുന്ന ഒരു ഐഡിയോളജിയെ സ്വീകരിക്കാന്‍ അതുവരെ നിലനിന്നിരുന്ന പട്ടികജാതി സംഘടനകളോ പട്ടിക ജാതിക്കാരില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകരായി വന്നിട്ടുള്ളവരോ തയ്യാറായിരുന്നില്ല. 1970മുതല്‍ 8090കള്‍ വരെ ദലിത് പാന്തര്‍ പ്രസ്ഥാനം കേരളത്തില്‍ സജീവമാകുന്നതുവരെ നമ്മള്‍ കാണുന്നത്, ദലിത് സമൂഹത്തില്‍ നിന്നുള്ള ചെറുപ്പക്കാര്‍ സ്വാഭാവികമായി ജാതി വ്യവസ്ഥയ്‌ക്കെതിരേയുള്ള വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരെ സ്വാധീനിക്കുന്നത് കൂടുതലായി മാര്‍ക്‌സിസമാണ് എന്നതാണ്. മാര്‍ക്‌സിസ്റ്റ് ഐഡിയോളജിയും, വലിയ മാറ്റം ആഗ്രഹിക്കുന്ന തീവ്രയൗവനങ്ങളെ മാവോയിസ്റ്റ് ആശയങ്ങളും സ്വാധീനിച്ച ഒരു കാലമാണ്. അതിന് അവരെ കുറ്റം പറയാന്‍ പറ്റില്ല, കാരണം സിസ്റ്റത്തെ ചലഞ്ച് ചെയ്യാനും അവരുടെ ഉള്ളിലുള്ള വിമോചനാത്മകമായ അഭിലാഷങ്ങള്‍ക്ക് സ്വാഭാവികമായി സംതൃപ്തി കൊടുക്കാനും കഴിയുന്ന ഒരു സ്‌കൂള്‍ ഓഫ് തോട്ട് എന്ന നിലയില്‍ മുമ്പിലുള്ളത് ഇടതുപക്ഷ മാര്‍ക്‌സിസ്റ്റ് മാവോയിസ്റ്റ് ആശയധാരകളാണ്. അങ്ങനെയാണ് അന്നത്തെ യുവാക്കളൊക്കെ അതില്‍ എത്തുന്നത്. പക്ഷേ പാന്തര്‍ മൂവ്‌മെന്റ് വരുമ്പോള്‍ പ്രത്യേകിച്ചും തുടക്കത്തില്‍ അല്‍പ്പം മാര്‍ക്‌സിസവും കൂടുതല്‍ അംബേദ്കറിസവും അതിനോടൊപ്പം കുറച്ച് ബുദ്ധിസ്റ്റ് വിചാരങ്ങളും കൂടി ചേര്‍ന്നതാണ് മഹാരാഷ്ട്രയിലെ പാന്തര്‍ മൂവ്‌മെന്റ് ഐഡിയോളജി എന്നു പറയുന്നത്. അതില്‍ മാര്‍ക്‌സിസത്തിന്റെ ഇന്‍ഫഌവന്‍സുണ്ട്. ക്ലാസ് സ്ട്രഗിളിന്റെയും ക്ലാസ് അനാലിസിന്റെയും ഒരു ഘടകമുണ്ട്. 25 ശതമാനം ക്ലാസ് സ്ട്രഗിള്‍, ഒരു 50 ശതമാനം കാസ്റ്റ് സ്ട്രഗിള്‍, 20 ശതമാനം ബുദ്ധിസ്റ്റ് ഓറിയന്റേഷന്റേയും, ചിന്താഗതിയുടെയും സ്വാധീനവുമുണ്ട്. ഇതാണ് പാന്തര്‍ മൂവ്‌മെന്റ് എന്നു പറയുന്നത്. പക്ഷേ കേരളത്തിലേക്ക് വന്നപ്പോഴുള്ള പ്രശ്‌നമെന്ന് പറയുന്നത് നമുക്ക് കുറച്ചുകൂടി സിസ്റ്റമാറ്റിക്കായിട്ട് ടി കെ നാരായണനെപ്പോലുള്ള, വി പ്രഭാകരനെപ്പോലുള്ള പ്രത്യേകിച്ചും വി ടി രാജശേഖറെപ്പോലുള്ള വ്യക്തി മഹാരാഷ്ട്രയിലെ പാന്തര്‍ പ്രസ്ഥാനത്തിന്റെയപ്പുറത്തേക്ക് ദലിത് വ്യവഹാരങ്ങളെ കുറച്ചുകൂടി വികസിപ്പിക്കുകയുണ്ടായി. ഏറ്റവും ആധുനികമായ ദലിത് മുസ്‌ലിം സൗഹൃദത്തിന്റെ, ഒബിസി, ദലിത്, എസ്‌സി/എസ്ടി എന്നു പറയുന്ന ഒരു മൈനോറിറ്റി ഫോര്‍മുലയുണ്ടല്ലോ ആ രീതിയിലുള്ള ബഹുജന്‍ പെര്‍സ്‌പെക്ടീവിനെ ആശയപരമായി വളര്‍ത്തിയെടുത്ത ആളാണ് വി ടി രാജശേഖര്‍. അപ്പോള്‍ പാന്തര്‍ പ്രസ്ഥാനം എത്തിനില്‍ക്കുന്നത് ക്ലാസ്, കാസ്റ്റ് സ്ട്രഗിളിലാണ്. അതില്‍ നിന്ന് കുറച്ചുകൂടി വ്യക്തമായ കാസ്റ്റ് സ്ട്രഗിളിലേക്ക്, വിടിആറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ പ്രധാന തടസ്സം പ്രിന്‍സിപ്പല്‍ കോണ്‍ട്രഡിക്ഷന്‍ സമ്പത്തല്ല. അപ്പോള്‍ മാര്‍ക്‌സിസം വിഭാവനം ചെയ്യുന്നത് സാമ്പത്തിക അധോഘടനയും സാമൂഹികമായ ഉപരിഘടനയുമാണ്. ഈ സാമ്പത്തികമായ അധോഘടന ഇന്‍ഫ്‌റാസ്ട്രക്ച്ചര്‍ തകര്‍ന്നാല്‍ സ്വാഭാവികമായി സാമൂഹിക സൂപ്പര്‍ സ്ട്രക്ച്ചര്‍ താനെ തകര്‍ന്നുവീഴുമെന്നുള്ള സിദ്ധാന്തത്തെ നിരാകരിക്കുകയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അടിസ്ഥാനഘടന സാമ്പത്തികമല്ല അതിനേക്കാളധികം ജാതിയാണ്, സാമൂഹ്യമാണ്. അതുകൊണ്ട് ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ പ്രധാന തടസ്സം ബ്രാഹ്മണിസമാണെന്നുള്ള കൃത്യതയോടുള്ള കാഴ്ച്ചപ്പാടാണ് വി ടി ആര്‍ തരുന്നത്. അത് പാന്തറില്‍ നിന്നും കുറച്ചുകൂടി ഡെവലപ്പ്ഡ് സ്‌റ്റേജാണ്. പാന്തര്‍ ഐഡിയോളജി മാര്‍ക്‌സിസവുമായി കണക്ടഡാണെങ്കിലും, മാര്‍ക്‌സിസ്റ്റ് ഇന്‍ഫഌവന്‍സ് കൂടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നമുണ്ട്. ജാതി എന്ന യാഥാര്‍ത്ഥ്യത്തെ വേണ്ടത്ര മനസ്സിലാക്കുന്നതിലും ജാതിപരമായ യാഥാര്‍ത്ഥ്യങ്ങളെ വിശകലനം ചെയ്യുന്നതിലും അതിനെ അഭിസംബോധന ചെയ്യുന്നതിലും ജാതിവിരുദ്ധവും ആന്റി ബ്രാഹ്മണിക്കലുമായിട്ടുള്ള തിയോളജിയെ തിരസ്‌കരിച്ച് തനതായ ഒരു ഓര്‍ഗാനിക്ക് ഐഡിയോളജിയെ പ്ലെയ്‌സ് ചെയ്യുന്നതിനും ഈ ക്ലാസ് ഇന്‍ഫഌവന്‍സുള്ള സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും മുന്നോട്ട് പോകുവാന്‍ കഴിയില്ല. അങ്ങനെ വന്നപ്പോള്‍ ഐഡിയോളജിക്കല്‍ കണ്‍ഫ്യൂഷന്‍ വന്നു. വേണ്ടത് ക്ലാസ് സ്ട്രഗിളാണോ കാസ്റ്റ് സ്ട്രഗിളാണോ? അതുവരെ അംബേദ്ക്കറുടെ സ്വാധീനമാണ് ഈ സംഘടനകള്‍ക്ക് ഉണ്ടായിരുന്നത്. അതായത് മാര്‍ക്‌സിസത്താല്‍ സ്വാധീനിക്കപ്പെടുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ചെന്നുപെടുകയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കകത്ത് പക്ഷേ ജാതിയുടെ പേരില്‍ പുറംബഞ്ചില്‍ ഇരിക്കേണ്ടിവരികയും ചെയ്തവരാണവര്‍. ഉപരികമ്മിറ്റിയിലേക്ക് പ്രവേശനം ഇല്ലാതിരിക്കുകയും പൊളിറ്റ് ബ്യൂറോ തൊട്ട് സംസ്ഥാന കമ്മിറ്റി, ജില്ലാകമ്മിറ്റികളില്‍ സ്ഥാനം കിട്ടാതിരിക്കുകയും ചെയ്യുന്നു. അതിനുശേഷം അവര്‍ സിപിഐഎംഎല്ലില്‍ ചെല്ലുന്നു. പക്ഷേ അതിതീവ്ര മാര്‍ക്‌സിയന്‍ വ്യാഖ്യാനങ്ങളും വിപ്ലവപരിപാടികളും പറയുമ്പോഴും ജാതിയുടെ പേരില്‍ അവിടെയും തിരസ്‌കരിക്കപ്പെടുന്നുണ്ടല്ലോ. പൊടിക്കല്‍ ചെല്ലപ്പയുടെ ഒരു അനുഭവമുണ്ട്, അദ്ദേഹം നക്‌സലൈറ്റായിരുന്നു. സിപിഐ(എംഎല്‍)ല്‍ പ്രവര്‍ത്തിച്ച പൊടിക്കല്‍ ചെല്ലപ്പ സഹപ്രവര്‍ത്തകരായ കേഡര്‍മാരോടൊപ്പം അറസ്റ്റ്‌വരിക്കുന്നു. അറസ്റ്റ് വരിക്കപ്പെട്ട് സഹതടവുകാര്‍ക്കൊപ്പം കന്യാകുമാരി ജയിലില്‍ കഴിയുന്നു. അപ്പോള്‍ കമ്മ്യൂണിസ്റ്റ്കാരായ സഹതടവുകാര്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അനുഭവം പറയുന്നുണ്ട്. ഒരു ദിവസം ഉച്ചയ്ക്ക് സഹതടവുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന സമയത്ത് പൊടിക്കല്‍ ചെല്ലപ്പയെന്ന പറയന്റെ പേരെഴുതിയ പ്ലേറ്റ് മാറി അതിലാണ് സഹതടവുകാരനായ ഒരു സവര്‍ണസമുദായക്കാരനായ നക്‌സലൈറ്റ് ഭക്ഷണം കഴിച്ചത്. ഒരു സവര്‍ണസമുദായക്കാരന്റെ പ്ലേറ്റില്‍ ചെല്ലപ്പ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. പാത്രം കഴുകുന്ന സമയത്താണ് ഇത് കണ്ടത്. താന്‍ ഒരു പറയന്റെ പ്ലേറ്റിലാണ് ഭക്ഷണം കഴിച്ചത് എന്ന് മാവോയിസ്റ്റ്കാരനായ സഹതടവുകാരന്‍ പറയുകയും ആ പ്ലേറ്റ് കൊണ്ട് പറയന്റെ തലയ്ക്കടിക്കുകയും ചെയ്തു. അപ്പോള്‍ പറയനായ സഖാവ് പറയുകയാണ് ഇന്ത്യയില്‍ ക്ലാസല്ല, കാസ്റ്റാണ് റിയാലിറ്റിയെന്ന്. ഇന്ത്യയിലെ യഥാര്‍ത്ഥ പ്രശ്‌നം ആ സഖാവ് പഠിപ്പിച്ചു.
ഇവിടെ ജാതീയമായ പ്രശ്‌നമുണ്ട്. ഞാന്‍ ആരുടെയും പേരൊന്നും എടുത്തുപറയുന്നില്ല. ആന്ധ്രയില്‍ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള എംഎല്‍ പ്രസ്ഥാനങ്ങളിലും കേരളത്തിലെ എംഎല്‍ പ്രസ്ഥാനങ്ങളിലും ദലിത് പ്രസ്ഥാനങ്ങളിലുള്ളവര്‍ മാര്‍ജിനലൈസ് ചെയ്യപ്പെടുകയോ തിരസ്‌കരിക്കപ്പെടുകയോ ചെയ്തു. അതിന്റെ ഫലമായാണ് കേരളത്തില്‍ കെ എം സലീംകുമാര്‍, കെ കെ കൊച്ച്, സണ്ണി എം കപിക്കാട് തുടങ്ങിയ ദലിത് ചിന്തകന്‍മാര്‍ ഉയര്‍ന്നു വരുന്നത്. അവരും സംഘടനാരംഗത്ത് ഇടപെടുന്നുണ്ട്. പക്‌ഷേ ഒരു പ്രശ്‌നമുള്ളത് കുറച്ചുകൂടി സമഗ്രതയുള്ള ഒരു ഐഡിയോളജി എന്ന നിലയില്‍ സാമൂഹ്യപ്രശ്‌നത്തെയോ രാഷ്ട്രീയപ്രശ്‌നത്തെയോ പരിഹരിക്കാന്‍ കഴിയുന്ന പൂര്‍ണ്ണതയുള്ള, കോബ്രിഹെന്‍സീവായ ഉള്ളടക്കമുള്ള ഒരു പ്രത്യയശാസ്ത്രമായി അംബേദ്ക്കര്‍ ചിന്തയെ മനസ്സിലാക്കുന്നതിനും അതിനെ സ്വീകരിക്കുന്നതിനും അവര്‍ക്ക് കാലതാമസം വന്നു. അതുകൊണ്ടുതന്നെ ഞാനൊരു അംബേദ്കറൈറ്റ് ആണ് എന്നു പറയാനുള്ള ഒരു ബോള്‍ഡ്‌നസ് അന്നവര്‍ക്ക് ഉണ്ടായില്ല. അംബേദ്കര്‍ അവരിലുണ്ടായിരുന്നു. ഭരണഘടനാശില്പി, മനുസ്മൃതി കത്തിച്ച വ്യക്തി എന്ന നിലകളില്‍, ജാതിവ്യവസ്ഥയെ ചാലഞ്ച് ചെയ്ത വ്യക്തി എന്ന നിലയില്‍, അനിഹിലേഷന്‍ ഓഫ് കാസ്റ്റിന്റെ ശില്‍പ്പി എന്ന നിലകളില്‍ അംബേദ്കര്‍ ഒരു സ്വാധീനമാണ്. പക്ഷേ, തോട്ട്‌സ് ഓഫ് അംബേദ്ക്കര്‍ എന്നു പറയുന്നത് കുറച്ചുകൂടി വായനയിലൂടെയോ അനാലിസിസിലൂടെയോ ബോദ്ധ്യപ്പെടേണ്ടതായിരുന്നു. ആ തരത്തിലുള്ള ഒരു സിസ്റ്റമാറ്റിക്കായിട്ടുള്ള ട്രെയിനിങ്ങ് അവര്‍ക്ക് കിട്ടിയില്ല. അവിടെ ഞങ്ങള്‍ പറയുന്ന ഒരു കാര്യം പാന്തര്‍ പ്രസ്ഥാനത്തിന്റെ തുടക്കക്കാരന്‍ എന്ന നിലയില്‍ We are mearely not the product of Ambedkar rather we are product of thoughts of Ambedkar. ഞങ്ങള്‍ക്ക് അംബേദ്ക്കറെ വായിക്കാനുള്ള അവസരം ലഭിച്ചു. അനിഹിലേഷന്‍ ഓഫ് ദി കാസ്റ്റ് ഒരു തുടക്കമാണ്. ഒരു എന്‍ട്രി പോയിന്റാണ്. അതിനപ്പുറത്തേയ്ക്ക് അദ്ദേഹത്തിന്റെ വിപുലമായ രചനകളെല്ലാം വായിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ലഭിച്ചു. അതില്‍ നിന്നാണ് കേരള ദലിത് പാന്തര്‍ പ്രസ്ഥാനത്തിന്റെ ഒരു റെവല്യൂഷന്‍ ഉണ്ടാകുന്നത്. അപ്പോള്‍ മഹാരാഷ്ട്രാ പാന്തറില്‍ നിന്നും തമിഴ്‌നാട് പാന്തറില്‍ നിന്നും, ഗുജറാത്ത് പാന്തറില്‍ നിന്നും കെഡിപിയെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം കുറച്ചുകൂടി ഇന്‍ഡെപ്തായി അംബേദ്കറുടെ ഫണ്ടമെന്റലിസത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നതാണ്. അതുകൊണ്ട് ഞങ്ങളെ സംബന്ധിച്ചിടത്തോളം ക്ലാസ്സ് എന്നു പറയുന്ന ഒരു പ്രശ്‌നം മുമ്പിലേയില്ല. ക്ലാസ്സ് ഒരു ഇല്യൂഷന്‍ ആണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഏതു കാലത്തും ഇന്ത്യയില്‍ ജാതിവ്യവസ്ഥയെ, ബ്രാഹ്മണമേല്‍ക്കോയ്മയെ, ബ്രാഹ്മണിക്ക് പ്രത്യയശാസ്ത്രത്തെ ചാലഞ്ച് ചെയ്തുവന്നിട്ടുള്ള ചരിത്രത്തിലെ എല്ലാ ജനകീയ നവോത്ഥാനമുന്നേറ്റങ്ങളെയും അതിന്റെ മുനയൊടിക്കാന്‍ ബ്രാഹ്മണിക്ക് ഇന്‍ഫില്‍ട്രേഷന്‍, ഉണ്ടായിട്ടുണ്ട്. നേതൃത്വം എന്ന നിലയിലും, കേഡര്‍ഷിപ്പ് എന്ന നിലയിലും, ഐഡിയോളജിയുടെ വക്താക്കള്‍ എന്ന നിലയിലും എല്ലാ തലങ്ങളിലും ഈ പറയുന്ന ബ്രാഹ്മണിക്ക് ഇന്‍ഫില്‍ട്രേഷന്‍ ചരിത്രത്തില്‍ ഉടനീളം കാണാം. ഇന്ത്യന്‍ ബ്രാഹ്മണ്യത്തെ ഏറ്റവും ശക്തമായ രീതിയില്‍ വെല്ലുവിളിച്ച ഐഡിയോളജി ബുദ്ധിസമാണ്. പക്‌ഷേ അശോകന്റെ കാലത്ത് ലക്ഷക്കണക്കിന് ബുദ്ധിസ്റ്റുകളായി വേഷംകെട്ടിയ കപടബുദ്ധിസ്റ്റ് ഭിക്ഷുക്കളെ റെയ്ഡ് ചെയ്ത് പിടികൂടി എന്നാണല്ലോ പറയുന്നത്. റെയ്ഡ് ചെയ്തപ്പോള്‍ അവര്‍ ബ്രാഹ്മണരാണ്. അങ്ങനെ ബുദ്ധിസത്തെ വളച്ചൊടിക്കുകയാണ് അവര്‍ ചെയ്യുന്നത്.

മഹാരാഷ്ട്ര ദലിത് പാന്തര്‍ പ്രസ്ഥാനവുമായി കെഡിപിക്കുള്ള ബന്ധത്തെക്കുറിച്ച് വിശദമാക്കാമോ?
് കേരളത്തിലെ ദലിത് പാന്തര്‍ പ്രസ്ഥാനത്തിന് മഹാരാഷ്ട്രയിലെ പ്രസ്ഥാനത്തേക്കാള്‍ ആശയവ്യക്തത ഉണ്ടായിരുന്നു. അതുകൊണ്ട് ഐഡിയോളജിയുടെ കാര്യത്തില്‍ വെള്ളം ചേര്‍ക്കാനോ ഏതെങ്കിലും അര്‍ത്ഥത്തില്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്യാനോ കേരളത്തില്‍ ഞങ്ങള്‍ അനുവദിച്ചിട്ടില്ല. മഹാരാഷ്ട്രക്കാരുമായി പ്രാക്ടീസിന്റെ കാര്യത്തില്‍ നല്ല ബന്ധമുണ്ട്. കാരണം ഒരു റെവല്യൂഷണറി ജാതിവിരുദ്ധ പോരാട്ടത്തിന്റെ ആധുനികമായ ഒരു പ്രതിരോധമാതൃകയില്‍, സാഹിത്യം ഒരു പ്രധാനപ്പെട്ട ഘടകമാണ്. ലിറ്ററേച്ചറില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുന്നോട്ട് പോയത് മഹാരാഷ്ട്രയാണ്. ഇതിനുകാരണം ബാബാസാഹേബ് അംബേദ്കറുടെ സ്വാധീനമാണ്. ഡോക്ടര്‍ അംബേദ്കറുടെ ജന്‍മനാട് എന്ന നിലയിലും അദ്ദേഹത്തിന്റെ സമരോത്സുകമായ ജീവിതത്തിന്റെ മണ്ഡലം എന്ന നിലയിലും അംബേദ്കര്‍ ചിന്തകളും ഇടപെടലുകളും അവിടത്തെ മനുഷ്യരുടെ ആലോചനയിലും ചിന്തയിലും കവിതയിലും നോവലുകളിലും കഥകളിലും ആഖ്യാനങ്ങളിലുമെല്ലാം സ്വാധീനിക്കുമ്പോഴാണ് ദലിത് സാഹിത്യം പിറവിയെടുക്കുന്നത്. ആ ഒരു ദലിത് സാഹിത്യപ്രപഞ്ചം മഹാരാഷ്ട്രയില്‍ നിന്നാണ് വന്നത്. സ്വാഭാവികമായി അത് ഞങ്ങളെയും സ്വാധീനിച്ചു. ഞാന്‍ 1989ല്‍ മഹാരാഷ്ട്രയിലെ സാംഗ്ലി, കോലാപ്പൂര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പാന്തര്‍ യൂണിറ്റുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, എങ്ങനെയാണ് കേഡര്‍വല്‍ക്കരണം നടക്കുന്നത്, കേഡര്‍ റിക്രൂട്ട്‌മെന്റ് എങ്ങനെയാണ് നടക്കുന്നത്, ലീഡര്‍ഷിപ്പ് ട്രെയിനിങ്, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, മാര്‍ഷ്യല്‍ ആര്‍ട്‌സ് ട്രെയിനിങ് ഇതെല്ലാം പോയി കാണുകയും അതിന്റെ ഭാഗഭാക്കാകുകയും ചെയ്തിട്ടാണ് ഇവിടെ വന്നത്.
മഹാരാഷ്ട്രയിലെ സാഹിത്യത്തെ ദലിത് പാന്തര്‍ പ്രസ്ഥാനങ്ങള്‍ വലിയതോതില്‍ സ്വാധീച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ കൊച്ചേട്ടനെ പോലുള്ളവരൊക്കെ ധാരാളം എഴുതിയിട്ടുണ്ടെങ്കിലും ഇവിടത്തെ സാഹിത്യത്തെ ദലിത് പാന്തര്‍ പ്രസ്ഥാനം സ്വാധീനിച്ചതായി കാണാന്നില്ല. എന്തുകൊണ്ടാവാം?
്അതെ. ഇവിടയൊരു പ്രശ്‌നമുണ്ട്. കേരളത്തില്‍ ഇപ്പോഴും ഒരു പൊട്ടന്‍ഷ്യല്‍ ദലിത് ലിറ്ററേച്ചര്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം ഇല്ല എന്നാണ്. ഇവോള്‍വ് ചെയ്തു വരുന്നതേയുള്ളു. ഇവിടെ ചുവടുമാറ്റമാണ് നടന്നുവന്നത്. ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ നിന്നുള്ള തിരസ്‌കാരമോ, അല്ലെങ്കില്‍ സ്വാഭാവികമായ തിരിച്ചറിവിലൂടെയോ പുറത്തുവരുന്നവര്‍ അവരുടെ ബോധ്യങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയ സംവാദങ്ങളുടെ ആഖ്യാനങ്ങളാ രേഖപ്പെടുത്തലുകളോ ആയിട്ടാണ് കേരളത്തില്‍ ദലിത് സാഹിത്യം വന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ എഴുതപ്പെട്ട കൃതികളില്‍ പോലും അംബേദ്കര്‍ ചിന്തയുടെ കൃത്യമായ വിശകലനത്തിന്റെ കാര്യത്തിലും, അതിനെ വ്യാഖ്യാനിക്കുന്ന കാര്യത്തിലും, അതിനെ കാലാനുസൃതമായി പുതുക്കുന്ന കാര്യത്തിലും, പുനര്‍വായനയുടെ കാര്യത്തിലും വലിയ ആശയപരിമിതി നമുക്ക് കാണാന്‍ കഴിയും. ആ പരിമിതി ഉള്ളതുകൊണ്ടുതന്നെ കേരളത്തിലെ ദലിത് പാന്തര്‍ മൂവ്‌മെന്റിനെ ഏതെങ്കിലും അര്‍ത്ഥത്തില്‍ സ്വാധീനിക്കാനോ അതിനെ മുന്നോട്ടു കൊണ്ടുപോകാനോ ദലിത് സാഹിത്യം എന്ന നിലയ്ക്ക് കേരളത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് എന്റെ അനുഭവം. അത്തരത്തില്‍ എന്റെ ബോധ്യങ്ങളെ കുറച്ചുകൂടെ രാകിമിനുക്കാന്‍ കഴിയുന്നതോ, ഞാന്‍ വായിച്ച ഇംഗ്ലീഷ് സാഹിത്യങ്ങളില്‍ നിന്നോ, മറാത്തി സാഹിത്യങ്ങളില്‍ നിന്നോ എന്റെ ബോധ്യത്തെ മുന്നോട്ടുകൊണ്ടുപോകുന്ന തരത്തിലുള്ള ദലിത് സാഹിത്യം ഇവടെ ഉണ്ടായിട്ടില്ല. ദലിത് സാഹിത്യം എന്ന രൂപത്തില്‍ വന്ന പലതും പരിമിതികള്‍ ഉള്ളവയായിരുന്നു. പക്ഷേ ഇപ്പോള്‍ പുതിയ തലമുറയില്‍ ദലിത് സാഹിത്യം കുറച്ചുകൂടി വ്യക്തമായി കാണാന്‍ കഴിയും. പിന്നെ മുമ്പുപറഞ്ഞ ഒരു കാര്യമുണ്ടല്ലോ പാന്തര്‍ മൂവ്‌മെന്റ് അവിടെ വന്നത് ദലിത് സാഹിത്യത്തിന്റെ വിപുലമായ തണലിലാണെന്ന്, പക്ഷേ ഇവിടെ അങ്ങനെയല്ല. വര്‍ഗപ്രശ്‌നത്തിനാണ് ഇവിടെ പ്രാമുഖ്യംലഭിച്ചിരുന്നത്. സ്വാഭാവികമായും കര്‍ണാടകയിലെ വിടിആര്‍ സാഹിത്യമാണ് ഞങ്ങളെ സ്വാധീനിച്ചത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ആദ്യകാല നേതാക്കള്‍, സംഘാടകര്‍ സ്വാംശീകരിച്ച ആശയങ്ങളെ വാചികമായി അവതരിപ്പിക്കുകയാണ് ചെയ്യുക. അപ്പോള്‍ കേരളത്തില്‍ പാന്തര്‍ മൂവ്‌മെന്റിന്റെ ഡിസ്‌കോഴ്‌സുകള്‍ സ്വാഭാവികമായും ഉല്‍പ്പാദിപ്പിച്ചത് വെര്‍ബല്‍ ലിറ്ററേച്ചറാണ്. അത് ഇപ്പോഴും റിക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. അത് ഒരു പ്രശ്‌നമാണ്. ഒരു പക്ഷേ, നിങ്ങളെപോലുള്ളവരുടെ മുമ്പില്‍ ഇത് പറയാന്‍ കിട്ടുന്ന അവസരം പോലും ഇപ്പോഴാണ്. എന്തുകൊണ്ടോ കേരളത്തിന്റെ മാധ്യമ രംഗത്തോ, എഴുത്തുകാരുടെ ലോകേത്താ ഒരു മോഡേണ്‍ സോഷ്യല്‍ മൂവ്‌മെന്റ് എന്ന രീതിയില്‍ കേരളത്തിലെ ദലിത് പാന്തര്‍ പ്രസ്ഥാനത്തെ വിശകലനം ചെയ്യാനോ, അടയാളപ്പെടുത്താനോ കഴിഞ്ഞിട്ടില്ല. കെഡിപിയുടെ തുടക്കം തന്നെ ഞങ്ങളില്‍ നിന്നാണ്. ഞങ്ങളെ ഏറ്റവും സ്വാധീനിച്ചത് വിടിആറാണ്, വി പ്രഭാകരനാണ്, രാജു തോമസാണ്.

ദലിത് സാമൂഹ്യ മുന്നേറ്റത്തിനും ജാതിക്കും ബ്രാഹ്മണിസത്തിനും എതിരായ പോരാട്ടത്തിലും ഏറ്റവുമധികം ദലിതര്‍ക്ക് കൂടെ നില്‍ക്കാന്‍ കഴിയുന്ന സാഹോദര്യം പുലര്‍ത്തുന്ന സാമൂഹ്യവിഭാഗം മുസ്‌ലിംകളാണ് എന്ന ബോധ്യം ഞങ്ങളിലേക്ക് എത്തുന്നത് വിടിആറിന്റെ ശക്തമായ സ്വാധീനത്തില്‍ നിന്നാണ്. വിടിആറിനെ കൂടുതല്‍ വായിച്ചപ്പോള്‍ മനസ്സിലായ ഒരു കാര്യം ജാതിവിരുദ്ധ പോരാട്ടത്തില്‍ ജാതിയുടെ സ്വാധീനത്തില്‍ നില്‍ക്കുന്നവരെക്കാള്‍ ജാതിയുടെ സ്വാധീനം ഇല്ലാത്ത മനുഷ്യര്‍ക്കാണ് കൂടുതല്‍ അതിനെ പിന്തുണയ്ക്കാന്‍ പറ്റുക എന്നതാണ്. ദലിതര്‍ ജാതിയുടെ ഇരകളാണ്, എന്ന രീതിയില്‍ ജാതിവ്യവസ്ഥയ്‌ക്കെതിരായി നടക്കുന്ന പോരാട്ടത്തില്‍ ജാതിയുടെ സ്വാധീനം ഇല്ലാത്ത ഒരു നോണ്‍ ബ്രാഹ്മണിക്കല്‍ കമ്മ്യൂണിറ്റി എന്ന നിലയില്‍ മുസ്‌ലിം സാഹോദര്യത്തിന് കൂടുതല്‍ ഈ മൂവ്‌മെന്റിനെ സഹായിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ദലിത്മുസ്‌ലിം സാഹോദര്യം പ്രധാനപ്പെട്ട ഘടകമാണ്. മറ്റൊന്ന് ബാബാ സാഹേബ് അംബേദ്ക്കര്‍ തന്നെ അദ്ദേഹത്തിന്റെ വിവാദമായ ‘ജമസെേശമി ീൃ ജമൃശേശേീി ീള കിറശമ’ എന്ന പുസ്തകത്തില്‍ പറയുന്ന ഭാഗമുണ്ട്. ‘നൂറ്റാണ്ടുകളായി വര്‍ണ ജാതി വ്യവസ്ഥയുടെ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടുകഴിയുന്ന ഇന്ത്യയിലെ ദലിതര്‍ ആഗ്രഹിക്കുന്നത് തങ്ങളെ അടിച്ചമര്‍ത്തിയ സവര്‍ണരോടൊപ്പം ചേരുന്നതിനേക്കാള്‍, തങ്ങളെപോലെ സമാനമായി നീതി നിഷേധിക്കപ്പെട്ട ഇന്ത്യയിലെ മുസ്‌ലിംകളോടൊപ്പം കൈകോര്‍ക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം’ എന്നാണത്. ഇത് ഉണ്ടായിട്ടുണ്ട്, മാത്രമല്ല മലബാറിലാണല്ലോ പാന്തര്‍ പ്രസ്ഥാനം തുടക്കം കുറിച്ചത്. അത് തിരുവിതാംകൂറിലേക്ക് പോകുകയാണ് ചെയ്തത്. നവോത്ഥാന പ്രസ്ഥാനത്തിന്റെ ആരംഭം തിരുവിതാംകൂറിലാണ്. അത് പിന്നെ മലബാറിലേക്ക് സഞ്ചരിക്കുകയായിരുന്നു ഇതാണ് കേരളചരിത്രത്തിന്റെ ഒരു വഴി. എന്നാല്‍ അംബേദ്കറൈറ്റ് മൂവ്‌മെന്റിന്റെ കാര്യത്തില്‍ പാന്തര്‍ പ്രസ്ഥാനം മലബാറില്‍ ആരംഭിച്ച് തിരുവിതാംകൂറില്‍ പ്രചരിച്ചു. ഒരു പ്രധാന കാര്യം, മലബാറില്‍ ഈ പ്രവര്‍ത്തനവുമായി ഞങ്ങള്‍ ഇറങ്ങിയ സമയത്ത് ആര്‍എസ്എസില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു എന്നതാണ്. കെഡിപി അഥവാ പാന്തര്‍പ്രസ്ഥാനത്തിന് ധാരാളം അനുഭവങ്ങളുണ്ട്. മലബാറില്‍ ആര്‍എസ്എസ്, കെഡിപിയെ ശക്തമായി തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ ശാരീരികമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു. അങ്ങനെ അഞ്ച് തവണ വധശ്രമം നേരിട്ടയാളാണ് ഞാന്‍. 1990ല്‍ മാര്‍ച്ച് 3ന് വടകര പാലൊളിപ്പാലത്ത് നാഷണല്‍ ഹൈവേയുടെ സൈഡില്‍ ഒരു വലിയ പ്രതിഷേധയോഗത്തില്‍ ഞാന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ മനുസ്മൃതിയെ വിമര്‍ശിച്ച സമയത്താണ് ഒരു വലിയ ആര്‍എസ്എസ് സംഘം വരികയും എന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. മാരകമായ ആക്രമണത്തില്‍ പരിക്കേറ്റ എന്നെ വടകര ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 1990 മാര്‍ച്ച് 3ന് ഈ ആക്രമണം നടക്കുകയും മാര്‍ച്ച് 4 ലെ മാധ്യമം ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ഈ ആക്രമണത്തെപറ്റി വാര്‍ത്തവരികയും ചെയ്തു. പിന്നീട് പാന്തര്‍ പ്രസ്ഥാനം മലപ്പുറം ജില്ലയിലേക്ക് അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അപ്പോള്‍ അരീക്കോട്, എടവണ്ണ, മഞ്ചേരി, കുന്നമംഗലം ഈ മേഖലകളിലെല്ലാം ഞങ്ങള്‍ക്ക് പ്രവര്‍ത്തനം ഉണ്ടായിരുന്നു. പക്ഷേ അവിടെയൊക്കെ മുസ്‌ലിം ഭൂരിപക്ഷമേഖലയാണ്. അവിടെ ദലിതര്‍ ഞങ്ങളുടെ ആള്‍ക്കാരാണെന്ന രീതിയില്‍ ഉടമസ്ഥത കൊണ്ടുനടക്കുന്നത് സംഘപരിവാറാണ്. അതില്‍ നിന്ന് വ്യതിചലിച്ച് മുസ്‌ലിം ഭൂരിപക്ഷമേഖലയില്‍ ദലിതര്‍ സ്വയം സംഘടിച്ചുവന്ന സമയത്ത് വലിയനിലയ്ക്ക് ആക്രമണങ്ങള്‍ ഉണ്ടായി. ബോംബേറ് പോലും ഉണ്ടായി. 1989 ആഗസ്റ്റ് 10ന് മലപ്പുറം ജില്ലയില്‍ അരീക്കോട് ഞങ്ങള്‍ക്ക് ഒരു ഓഫീസ് ഉണ്ടായിരുന്നു. ഞാനടക്കമുള്ളവര്‍ ഇരിക്കുമ്പോള്‍ ആ ഓഫീസിനുനേരെ ആര്‍ എസ് എസുകാരുടെ ബോംബാക്രമണം ഉണ്ടാകുന്നു. മുസ്‌ലിം സഹോദരന്‍മാര്‍ സംഘടിച്ചുവന്ന് ഞങ്ങള്‍ക്ക് വലിയ സംരക്ഷണം തന്നു. ജാതിയുടെ പേരില്‍ ഞങ്ങളുടെ മുമ്പില്‍ വച്ച് ദലിതരെ അടിച്ചമര്‍ത്താനും ആക്രമിക്കാനും സമ്മതിക്കില്ല എന്നവര്‍ ശക്തമായി പറഞ്ഞു. ആ രീതിയില്‍ സംഘടനകള്‍ക്കതീതമായി ഒരു ഫ്രറ്റേണിറ്റിയും, ഐക്യദാര്‍ഢ്യവും മുസ്‌ലിം സഹോദരങ്ങള്‍ കാണിച്ചു. ഇത് വേറിട്ടൊരു അനുഭവമാണ്. നമ്മുടെ ക്ലാസ്സ് എക്‌സ്പീരിയന്‍സില്‍ നിന്ന് വ്യത്യസ്തമായ ഒരു കമ്മ്യൂണിറ്റി ഫ്രണ്ട്ഷിപ്പിന്റെ വേറൊരു അനുഭവമാണത്. ദലിത് പാന്തര്‍ പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ തന്നെ ദലിത് മുസ്‌ലിം ഐക്യത്തിന്റെ കാഴ്ചപ്പാട് ഉണ്ടായിരുന്നു.

No Comments yet!