കേരളം ഇന്ന് എത്തിനില്‍ക്കുന്ന സാമൂഹിക രാഷ്ട്രീയ സന്ദര്‍ഭത്തെ മനസ്സിലാക്കുന്നതിന് രാഷ്ട്രീയം എന്ന സംവര്‍ഗത്തിന്റെ സംക്ഷിപ്തമായ ഒരു ചരിത്രം സഹായകരമാകും എന്ന ആലോചനയില്‍ നിന്നാണ് ഈ ചെറുകുറിപ്പ് രൂപം കൊള്ളുന്നത്. ഇത് വിശദമായ ഒരു പഠനം അല്ല. രാഷ്ട്രീയം എന്ന മലയാളപദത്തിനും politics എന്ന ഇംഗ്ലീഷ് പദത്തിനും നിരവധി നൂറ്റാണ്ടുകളുടെ ചരിത്രം ഉണ്ടെങ്കിലും കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ മലയാളത്തില്‍ ഈ സംവര്‍ഗത്തിന് വന്ന രൂപഭേദങ്ങളെയും അതിനോട് ബന്ധപ്പെട്ട സാമൂഹിക പ്രക്രിയകളെയും മാത്രമാണ് ഇവിടെ പരിശോധിക്കുന്നത്.
വിദേശ ബ്രാഹ്മണര്‍ക്ക് തിരുവിതാംകൂര്‍ ഭരണത്തിലുള്ള അമിത പ്രാതിനിധ്യത്തിനെതിരേ 10,028പേര് ഒപ്പിട്ട് 1891, ജനുവരി ഒന്നാം തിയ്യതി സമര്‍പ്പിച്ച മലയാളീ മെമ്മോറിയല്‍ ആണ് കേരളത്തില്‍ ആധുനിക രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് എന്ന് പല ചരിത്രകാരന്മാരും പറയാറുണ്ട്. ഇവിടെ രാഷ്ട്രീയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രണ്ടു കാര്യങ്ങളെ പ്രധാനമായും സൂചിപ്പിക്കുന്നതിനാണ്. ഒന്ന് ഭരണകൂടവുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തി ആണത്. രണ്ടാമത് ‘ജനങ്ങള്‍’ അതിന്റെ ഭാഗം ആണ്. എന്നാല്‍ മൂന്നാമത് ഒരു മുന്‍ധാരണ കൂടി ഇതിന് പിന്നില്‍ ഉണ്ട്. കേരളത്തിലെ കീഴാള വിഭാഗങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിവിധ ദശകങ്ങളില്‍ നടത്തിയ സമരങ്ങള്‍ ആധുനിക രാഷ്ട്രീയത്തിന്റെ ഭാഗമല്ല, അവ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ഭാഗമാണ് എന്നതാണ് അത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മാറുമറയ്ക്കല്‍ അവകാശത്തിനായി ചാന്നാര്‍ സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍, ആ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മലബാറിലെ മുസ്ലിംകള് ബ്രിട്ടീഷ് സര്‍ക്കാരിനെതിരേ നടത്തിയ പോരാട്ടങ്ങള്‍ എന്നിവയെ ആധുനിക രാഷ്ട്രീയത്തിന്റെ തുടക്കമായി കാണാത്തത് എന്തുകൊണ്ട് എന്ന് ആലോചിക്കേണ്ടതുണ്ട്. ഡോ. പല്പ്പുവിനെ ഈഴവ മെമ്മോറിയലിന്റെ നേതൃത്വത്തില്‍ മാത്രം ചുരുക്കുന്ന ആദ്യകാല ചരിത്രങ്ങളുടെയും യുക്തി ഇത് തന്നെ ആണ്. ആധുനിക രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് മേല്‍ജാതി മലയാളി പുരുഷന്മാര് ആണ് എന്ന മുന്‍ധാരണ മാത്രമല്ല ഇവിടെ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയം എന്നാല്‍ എന്ത് എന്നതിന്റെ നിര്‍വചനപരമായ പ്രശ്നം കൂടിയാണത്.
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

‘ആധുനിക രാഷ്ട്രീയം’ രൂപപ്പെട്ടു വന്നതിനെക്കുറിച്ച് പഠിച്ചവര്‍ സൂചിപ്പിക്കുന്ന ചില പ്രധാന വാദങ്ങള്‍ ഇവിടെ പ്രസക്തമാണ്. പൊതു/സ്വകാര്യം എന്ന വിഭജനവും രാഷ്ട്രീയത്തെ പൊതു ഇടത്തില്‍ പ്രതിഷ്ഠിക്കലും ആണ് ഇതില്‍ ഒന്നാമത്തേത്. ഭൗതികവും സാമ്പത്തികവുമായ വിഷയങ്ങള്‍, വിദ്യാഭ്യാസം, ഭരണ സമ്പ്രദായങ്ങള്‍ തുടങ്ങിയവയെ ആണ് പൊതുവില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരുന്നത്. ജാതി, മതം, ലിംഗപദവി, ഭക്ഷണം, വസ്ത്രം, വിവാഹം തുടങ്ങിയവയെ ഒക്കെ സ്വകാര്യത്തിലേക്ക് മാറ്റി നിര്‍ത്തി അവയെ സാമൂഹികം എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് രാഷ്ട്രീയത്തെക്കുറിച്ചുള്ള ഈ സങ്കല്‍പ്പം രൂപം കൊള്ളുന്നത്. രണ്ടാമത് രാഷ്ട്രീയം എന്നത് അധികാരത്തോട് ബന്ധപ്പെട്ട പ്രവൃത്തിയാണ് എന്നതാണ്. എന്നാല്‍ രാഷ്ട്രീയം എന്ന വാക്ക് സൂചിപ്പിക്കുന്നത് പോലെ ഇവിടെ അധികാരം എന്നത് രാഷ്ട്രവുമായി, അഥവാ ഭരണകൂടവുമായി ബന്ധപ്പെട്ട അധികാര പ്രയോഗങ്ങളെ മാത്രമേ ഈ നിര്‍വചനത്തില്‍ ഉള്‍ക്കൊള്ളുന്നുള്ളൂ.
സാമൂഹികം/ രാഷ്ട്രീയം എന്ന വിഭജനം ഇന്ത്യയില്‍ രൂപപ്പെട്ടു വരുന്നതിന്റെ സൂചനകള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ തന്നെ കാണാം. 1857ലെ കലാപത്തിന് ശേഷം ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍നിന്ന് ബ്രിട്ടീഷ് രാജ്ഞി ഭരണം ഏറ്റെടുത്തതോടെ ഇന്ത്യക്കാരുടെ മതപരവും ജാതിപരവും ലിംഗപരവുമായ വിഷയങ്ങളില്‍ കാര്യമായി ഇടപെടേണ്ടതില്ല എന്നൊരു തീരുമാനം ബ്രിട്ടീഷ് സര്‍ക്കാര്‍ എടുക്കുകയുണ്ടായി. ഒരു തരത്തില്‍ സാമൂഹിക വിഷയങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കേണ്ടതല്ല എന്ന കാഴ്ചപ്പാടായിരുന്നു ഇത് എന്നു പറയാം. സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് നിയമങ്ങള്‍ ഉണ്ടാക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഒക്കെ ഇന്ത്യയില്‍ നിലനിന്നിരുന്ന സാമ്പ്രദായിക നിയമങ്ങളെ അതേപടി ബ്രിട്ടീഷ് നിയമ വ്യവസ്ഥയ്ക്ക് അകത്തേക്ക് കൊണ്ടുവരിക എന്നതായിരുന്നു പൊതുവേ സ്വീകരിച്ചിരുന്ന സമീപനം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സാമൂഹിക അധികാര ബന്ധങ്ങളില്‍ സജീവമായി ഭരണകൂടം ഇടപെടേണ്ടതില്ല എന്നായിരുന്നു സമീപനം. സാമൂഹിക വിഷയങ്ങളെ പൊതുവില്‍ നിന്നു മാറ്റി നിര്‍ത്തുന്ന സമീപനം ആയിരുന്നു ഇത് എന്നും ഇതിനെ വിഖ്യാനിക്കാം.

Dr. B.R. Ambedkar
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ശക്തിപ്പെടുന്ന ദേശീയ പ്രസ്ഥാനവും ഈ വിഭജന സമീപനത്തെ പിന്തുടരുക ആയിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനങ്ങളില്‍ രണ്ടു പ്രത്യേകം പ്രത്യേകം സഭകള്‍ ആയാണ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്: രാഷ്ട്രീയ വിഷയങ്ങളും സാമൂഹിക വിഷയങ്ങളും എന്ന രീതിയില്‍. എന്നാല്‍ ബാല ഗംഗാധര തിലകനെ പോലുള്ള ജാതിവാദികള്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ എത്തിയതോടെ, ‘സോഷ്യല്‍ കോണ്‍ഫറന്‍സ്’ പതിയെ ഇല്ലാതായി. ഇതിനെക്കുറിച്ച് അംബേദ്കര്‍ ‘ജാതി ഉന്മൂലനം’ എന്ന ലേഖനത്തില്‍ വിശദമായി പരിശോധിക്കുന്നുണ്ട്. സാമൂഹ്യ രംഗത്തെ അധികാരത്തെ കോണ്‍ഗ്രസ്സ് കണക്കിലെടുക്കാത്തതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ഈ ലേഖനത്തില്‍. അതേ സമയം രാഷ്ട്രീയം എന്നതിനെ സാമൂഹികതയില്‍ നിന്ന് വ്യത്യസ്തമായിത്തന്നെയാണ് അംബേദ്കര്‍ അടയാളപ്പെടുത്തിയത്. എന്നാല്‍ ഇന്ത്യയില്‍ രാഷ്ട്രീയാധികാരം സമൂഹികാധികാരത്തിന് കീഴ്പ്പെട്ട് നില്‍ക്കുകയാണെന്നും അതുകൊണ്ടുതന്നെ ഒരു സാമൂഹിക വിപ്ലവത്തിലൂടെ മാത്രമേ ജാത്യധികാരം ഇല്ലാതാക്കാന്‍ കഴിയൂ എന്നും അദ്ദേഹം കരുതി. ഭരണഘടന നിര്‍മാണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുകയും നിയമ മന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അവയിലൂടെ ഒരു സാമൂഹ്യ മാറ്റം ഉണ്ടാക്കാന്‍ ആയിരുന്നു അംബേദ്കറുടെ ശ്രമം.
എന്നാല്‍ ഭരണഘടന നിലവില്‍ വന്ന് അധികം താമസിയാതെ തന്നെ ബിബിസിക്കു നല്കിയ ഒരഭിമുഖത്തില്‍ അദ്ദേഹം ഈ പ്രതീക്ഷ കൈവിടുന്നുണ്ട്. ഇന്ത്യയില്‍ ജനാധിപത്യം സാധ്യമാവുമോ എന്ന ചോദ്യത്തിന് നിലവില്‍ വന്ന സംവിധാനങ്ങള്‍ വച്ച് സാധ്യമല്ല എന്ന മറുപടിയാണ് അദ്ദേഹം നല്‍കുന്നത്. സാമൂഹ്യ മാറ്റത്തിന് ശക്തമായ പരിപാടികള്‍ ഒന്നും സര്‍ക്കാരിനില്ല എന്നും അതുകൊണ്ടുതന്നെ ഇത് ഉള്ളു പൊള്ളയായ രാഷ്ട്രീയ ജനാധിപത്യം മാത്രമാണെന്നും അദ്ദേഹം ഈ അഭിമുഖത്തില്‍ വിശദീകരിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം രാഷ്ട്രീയപ്പാര്‍ട്ടികള്‍ സാമൂഹിക മാറ്റത്തെ കൈയൊഴിയുന്നതിനെയാണ് അംബേദ്കര്‍ ഇവിടെ വിമര്‍ശിക്കുന്നത്.

Dr. Palppu
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിന്തുടര്ച്ചക്കാര് തങ്ങളാണെന്ന് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒരുപോലെ അവകാശപ്പെടാറുണ്ട്. എന്നാല്‍ എന്താണ് നവോത്ഥാനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നും പിന്തുടര്ച്ചയില് എന്താണ് സംഭവിക്കുന്നത് എന്നും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഒന്നാമതായി, ജാത്യധികാരത്തെ ഇല്ലായ്മ ചെയ്യുന്നതിന് ശ്രമിച്ച കീഴാള ജാതി മത പ്രക്ഷോഭങ്ങളും ജാതിയെ കൊളോണിയല്ബ്രാഹ്മണിക്കല് രീതിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ച മേലാള ജാതിപരിഷ്കരണവും ഒരേ സംവര്‍ഗത്തിന് അകത്ത് വിശദീകരിക്കുന്നത് തന്നെ പ്രശ്നമാണ്. അവയുടെ ഉദ്ദേശ ലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും അവയുടെ ഫലങ്ങളും വ്യത്യസ്തമാണ്. മേലാള ജാതി പരിഷ്കരണത്തിന്റെ പരിമിതികളെക്കുറിച്ച് വിശദമായ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ പരിഷ്കരണവും, പത്തൊമ്പതാം നൂറ്റാണ്ടില്‍ ഹിന്ദുമത രൂപീകരണവും ഇരുപതാം നൂറ്റാണ്ടിലെ ദേശീയ പ്രക്ഷോഭങ്ങളും തുടര്‍ന്ന് ഉണ്ടായി വരുന്ന മത നിരപേക്ഷത എന്ന സങ്കല്‍പ്പവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഈ പഠനങ്ങള്‍ വിശദമാക്കുന്നുണ്ട്.
കൊളോണിയല്‍ ഇടപെടലിനെത്തുടര്‍ന്നു തങ്ങളുടെ അധികാരം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ എല്ലായിടത്തും പല രൂപത്തില്‍ ജാതിയെ പുനര്‍ക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഇന്ത്യയിലുള്ളത് നിയമരഹിത ബ്രാഹ്മണാധിപത്യമാണെന്നും, നിയമ വാഴ്ച നടപ്പാക്കുകയാണ് ബ്രിട്ടീഷ് ഭരണം ചെയ്യുന്നത് എന്നുമുള്ള അവകാശ വാദത്തോടുള്ള പ്രതികരണമായാണ് ഹിന്ദുമതം രൂപം കൊള്ളുന്നത്. സെമെറ്റിക് മതങ്ങളെന്ന പോലെത്തന്നെ ഫലത്തില്‍ ഏകദൈവ വിശ്വാസവും പുസ്തകം അടിസ്ഥാനപ്പെടുത്തി ആചാര വിശദീകരണവും കൊണ്ടുവന്നു കൊണ്ട് ജാതിയില്ലാത്ത ഹിന്ദുമതം സാധ്യമാണ് എന്നു മേലാള ജാതി പരിഷ്കരണവാദികള്‍ അവകാശപ്പെടുന്നതിന്റെ ചരിത്ര സന്ദര്‍ഭം ഇതാണ്. എന്നാല്‍ തങ്ങള്‍ ഒരു പുതിയ മതത്തിന് രൂപം നല്കുകയാണെന്നായിരുന്നില്ല പരിഷ്കരണവാദികളുടെ അവകാശ വാദം. ഒരിക്കല്‍ നിലനിന്നിരുന്നതും പിന്നീട് ജാതിയുടെ ഇടപെടല്‍ കാരണം അപചയം സംഭവിച്ചതുമായ ഒന്നിനെ വീണ്ടെടുക്കുകയാണ് തങ്ങള്‍ ചെയ്യുന്നത് എന്നായിരുന്നു ഇവരുടെ വ്യാഖ്യാനം. കൊളോണിയല്ഓറിയന്റലിസ്റ്റ് ചരിത്രാഖ്യാനത്തെ പിന്തുടര്ന്നുകൊണ്ടാണ് അവര്‍ ഇങ്ങനെയൊരു വ്യാഖ്യാനം ചമച്ചിരുന്നത്.

Bal Gangadar Tilak
ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാര, ഈ കോളണീയബ്രാഹ്മണീയ ചിന്തയെയാണ് ദേശീയതയിലേക്കും പിന്നീട് മതേതരത്വത്തിലേക്കും എഴുതിച്ചേര്‍ത്തത്. അതുകൊണ്ടുതന്നെ പല പഠിതാക്കളും സൂചിപ്പിച്ചതുപോലെ ഇന്ത്യയിലെ മതേതരത്വം എന്നത്, സവര്‍ണ്ണ താല്‍പ്പര്യങ്ങളെ ദേശീയതയായി വായിക്കുന്ന ഒന്നും, ന്യൂനപക്ഷ കീഴാള താല്‍പ്പര്യങ്ങളെ വര്‍ഗീയത ആയും ജാതീയത ആയും കണക്കാക്കുന്ന ഒന്നുമാണ്. കേരള രൂപീകരണത്തിനു ശേഷം, ഇവിടെ ഉയര്‍ന്നുവന്ന മതേതര സങ്കല്‍പ്പവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. രാഷ്ട്രീയത്തിന്റെ നിര്‍വചനം ചുരുക്കപ്പെടുന്നു എന്നത് മാത്രമല്ല ഇവിടെ വിഷയം. സാമൂഹ്യ വിഷയങ്ങളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള കീഴാള ശ്രമങ്ങളെ അസാധുവാക്കാന്‍ കൂടി മതേതരത്തം സഹായകമാകുന്നു എന്നതാണ് ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടത്.
ഇതിനേക്കാള്‍ പ്രധാനമായ മറ്റൊരു കാര്യം, ജാതിവിരുദ്ധ സമരങ്ങള്‍ നയിച്ച സാമൂഹ്യ സംഘടനകള്‍ തന്നെ കേരള രൂപീകരണത്തിന് ശേഷം സാമൂഹ്യ വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി എന്നുള്ളതാണ്. രാഷ്ട്രീയത്തിന്റെ നിര്‍വചനത്തില്‍ മാന്യതയുള്ള ഭൗതിക വിഷയങ്ങളില്‍ ആണ് പിന്നീട് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേടിയെടുക്കുക, വിവിധ തരം സ്ഥാപനങ്ങളില്‍ പ്രാതിനിദ്ധ്യം വര്‍ദ്ധിപ്പിക്കുക, തുടങ്ങിയ തരം വിഷയങ്ങളാണ് ഇതില്‍ പ്രാധാന്യം. ഇവ നിര്ണായകമായിരിക്കെത്തന്നെ, കുടുംബം, സമുദായം, തുടങ്ങി നവോത്ഥാനത്തിന്റെ വിമര്‍ശന ലക്ഷ്യങ്ങള്‍ ആയിരുന്ന ഇടങ്ങളിലെ അധികാര ബന്ധത്തെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നും കാര്യമായ പ്രാധാന്യം ലഭിച്ചില്ല.
പിന്നീട് 1980കളില്‍ ആണ് സാമൂഹ്യ വിഷയങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. സ്ത്രീവാദ സംഘടനകളും ദലിത് മുസ്ലിം സംഘടനകളും ഉയര്‍ത്തിയ നിരവധി വിഷയങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കാവുന്നത്. സ്ത്രീധനവും ശാരീരിക പീഡനവും ഉള്‍പ്പെടെയുള്ള വിവാഹബന്ധങ്ങളിലെ പ്രശ്നങ്ങള്‍, കുടുംബം, ലൈംഗികത, തുടങ്ങിയ വിഷയങ്ങള്‍, പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലും തുടരുന്ന വിവിധ തരം ജാതിഅക്രമങ്ങള്, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍നിന്നും ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ സാമൂഹ്യ രംഗത്ത് നിലനില്‍ക്കുന്ന അധികാരത്തെ തുറന്നു കാട്ടുകയും അവയ്ക്കെതിരായ സമരങ്ങള്‍ക്ക് സാധ്യത തുറക്കുകയും ചെയ്തു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ കഴിയാവുന്നിടത്തോളം ഇവയെ അവഗണിക്കുകയും അതിനു സാധിക്കാതെ വരുമ്പോള്‍ അതിനെ പൈശാചികവല്‍ക്കരിക്കുകയും ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ അവയെ ഏറ്റെടുക്കുകയും ചെയ്തു.

സാമൂഹിക മാധ്യമങ്ങളുടെ രംഗപ്രവേശമാണ് മറ്റൊരു പ്രധാന ചരിത്ര സന്ദര്‍ഭം. സ്വകാര്യമെന്ന് വേര്‍തിരിക്കപ്പെട്ട വിഷയങ്ങള്‍ക്ക് പൊതുവേദിയില്‍ വലിയ പ്രാധാന്യം ലഭിക്കാന്‍ തുടങ്ങിയ സന്ദര്‍ഭത്തില്‍ മുമ്പ് സൂചിപ്പിച്ച പല വിഷയങ്ങളും രാഷ്ട്രീയത്തിന് അവഗണിക്കാന്‍ ബുദ്ധിമുട്ടായി. ലിംഗവാദ വിഷയങ്ങള്‍ക്കാണ് ഇതില്‍ കുറഞ്ഞ അയിത്തം ഉണ്ടായിരുന്നത്. മുസ്ലിം സംഘാടനത്തിനാണ് ഏറ്റവും കുറവ് സ്വീകാര്യത ഉണ്ടായത്. ഇസ്ലാമോഫോബിയയുടെ ശക്തി കൂടി വരുന്നതിന്റെ ഒരു കാരണവും ഇത് തന്നെയാണ്.
അവസാനമായി ഒരു കാര്യം സൂചിപ്പിക്കാനുള്ളത് സമൂഹികതയെ സംബന്ധിക്കുന്ന ഹിന്ദുത്വസമീപനത്തെക്കുറിച്ചാണ്. എല്ലാക്കാലത്തും മേല്‍ജാതി പുരുഷാധികാരത്തെ നിലനിര്‍ത്തുന്നതിനും മുസ്ലിംകള്ക്ക് എതിരായ വെറുപ്പ് സംഘടിപ്പിക്കുന്നതിനും സാമൂഹ്യരംഗത്ത് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഹിന്ദുത്വ ശക്തികള്‍ എക്കാലവും ശ്രദ്ധിച്ചിരുന്നു. ഇതിനെ അവഗണിച്ചുകൊണ്ട് അവരുടെ രാഷ്ട്രീയരംഗത്തെ പ്രവര്‍ത്തനങ്ങളെ മാത്രം എതിര്‍ക്കുന്ന സമീപനമാണ് ഇടത്, ലിബറല്‍ രാഷ്ട്രീയം കൈക്കൊണ്ടിരുന്നത്. കേരളത്തില്‍ ബിജെപി തിരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം നടത്തുന്നില്ല എന്ന് ആശ്വസിക്കുമ്പോള്‍ സാമൂഹ്യ രംഗത്ത് നടക്കുന്ന ഹിന്ദുവല്‍ക്കരണമാണ് കാണാതെ പോകുന്നത്.
അംബേദ്കര്‍ സൂചിപ്പിക്കുന്നതുപോലെ സാമൂഹിക തുല്യതയില്ലാത്ത ഒരു സമൂഹത്തില്‍ അര്‍ത്ഥപൂര്‍ണമായ ജനാധിപത്യം സാധ്യമല്ലെന്ന കാര്യം ഏറ്റവുമധികം ഓര്‍മിക്കേണ്ട ചരിത്ര സന്ദര്‍ഭമാണിത്.

No Comments yet!