Justice P.K. Shamsudheen
നമ്മുടെ ജനാധിപത്യം വലിയ പ്രതിസന്ധിയിലാണെന്ന വിധത്തില്‍ വോട്ട് ചോരീ പ്രശ്‌നം ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നു. തൃശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നടത്തിയ വോട്ട് കൊള്ളയ്ക്ക് ധാരാളം തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. അതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടികള്‍ സാധ്യമാണോ?
അതെ. നമ്മുടെ ജനാധിപത്യം വലിയ പ്രതിസന്ധികളെ നേരിടുന്നു. നമ്മുടെ സിസ്റ്റംതന്നെ ധാരാളം കള്ളത്തരങ്ങള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണുള്ളത്. വാസ്തവത്തില്‍ നിലവിലുള്ള സംഘപരിവാരഭരണകൂടം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കുമേലും പിടിമുറുക്കിയിരിക്കുകയാണ്. അതില്‍ കുറച്ചെങ്കിലും ഭേദം പൂര്‍ണമായല്ല, സുപ്രിംകോടതിയാണ്. ഒരുപാടാളുകള്‍ അവര്‍ പറയുന്നതുപോലെ എഴുതിക്കൊടുക്കുന്നവരാണ്. പലരും അവര്‍ക്കൊപ്പം പോയിരിക്കുന്നു. ജുഡീഷ്യറി ഒരിക്കലും അങ്ങനെയാവാന്‍ പാടില്ലാത്തതാണ്. മറ്റെല്ലാം അവര്‍ക്ക് കീഴടങ്ങിയിരിക്കുന്നു. ഇങ്ങനെപോയാല്‍ ജുഡീഷ്യറിയും തകരും എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. കൊളീജിയത്തിന് ഇപ്പോള്‍ത്തന്നെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്ന അവസ്ഥയാണുള്ളത്. അവര്‍ക്ക് കീഴടങ്ങാത്തവരെ അവര്‍ മാറ്റിനിര്‍ത്തുകയാണ് ചെയ്യുന്നത്. പിന്നെ ഇലക്ഷന്‍ കമ്മീഷന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഇലക്ഷന്‍ കമ്മീഷനെ സംബന്ധിച്ച് അടുത്തകാലത്ത് സുപ്രിംകോടതിയുടെ ഒരു വിധിയുണ്ടായിരുന്നു. പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ മൂന്നുപേരും ഉള്‍പ്പെടുന്ന സ്വതന്ത്രമായ ഒരു സമിതിയുടെ നിയന്ത്രണത്തിലായിരിക്കണം തിരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കേണ്ടത് എന്നായിരുന്നു ആ വിധി. പക്ഷേ, അത് അട്ടിമറിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും പൂര്‍ണമായും കേന്ദ്രഗവണ്‍മെന്റിന് കീഴടങ്ങിയ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇപ്പോഴത്തെ ഇലക്ഷന്‍ കമ്മീഷണറാണ് അതില്‍ ഏറ്റവും മുന്നില്‍. ടി എന്‍ ശേഷനെ പോലുള്ളവരുടെ കാലമൊന്നും ഇനി സ്വപ്‌നം കാണാന്‍ കഴിയുകയില്ല. അദ്ദേഹമായിരുന്നു ഇലക്ഷന്‍ കമ്മീഷന്റെ അധികാരത്തെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിയത്. അക്കാലവും ഇപ്പോഴത്തെ അവസ്ഥയും കൂട്ടിവായിക്കുമ്പോള്‍ എങ്ങനെ നമുക്ക് ജനാധിപത്യത്തിനെതിരായ ഈ വെല്ലുവിളി തരണംചെയ്യാനാവും എന്നു പറയാനാവില്ല. കാരണം അന്വേഷണ ഏജന്‍സികളുടെമേലുള്ള സ്വാധീനം ദുരുപയോഗം ചെയ്ത് ആളുകളെ കുടുക്കിയും ഭീഷണിപ്പെടുത്തിയും ബിജെപിയോടും സംഘപരിവാരത്തോടും ചേര്‍ക്കുക എന്നതാണ് അവര്‍ തുടര്‍ന്നുവരുന്നത്. അവരോടൊപ്പം കൂടിയാല്‍ പിന്നെ റെയ്ഡും കേസുമെല്ലാം ഒഴിവാക്കപ്പെടും. അങ്ങനെയാണ് അവര്‍ ആളുകളെയൊക്കെ കൂടെക്കൂട്ടുന്നത്. ഇതെല്ലാം ഭരണഘടനാവിരുദ്ധമാണ്.
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന മറ്റൊരു പ്രശ്‌നം മതപരമായ വേട്ടയാടലാണ്. ഹിന്ദുയിസം എന്നു പറഞ്ഞാല്‍ വളരെ വിശാലമായിട്ടുള്ളൊരു മതമാണ്. എല്ലാ മതങ്ങളും മനുഷ്യനെ നന്മയിലേക്ക് നയിക്കാനായി രൂപംകൊണ്ടതാണ്. ഒരു മതവും ചീത്തയായൊരു കാര്യവും പറയുന്നില്ല. ജാതി സൃഷ്ടിച്ചതൊക്കെ പുരോഹിതവര്‍ഗമാണ്. ജാതിയൊന്നും ഹിന്ദൂയിസത്തിന്റെ സ്പിരിറ്റിന് പറ്റിയതല്ല. മനുവൊക്കെ സൃഷ്ടിച്ച നിയമങ്ങളാണ് ഈ രാജ്യത്തെ ജാതീയതയ്‌ക്കൊക്കെ അടിമപ്പെടുത്തിയത്. അംബേദ്കറും അയ്യന്‍കാളിയുമൊക്കെ അതിനെതിരായി പോരാടി ഒരു പരിധിവരെ വിജയിക്കുക തന്നെ ചെയ്തു. എന്നാല്‍ പിന്നീട് അതെല്ലാം അട്ടിമറിക്കപ്പെട്ടു. ഒരു ആദിവാസി സ്ത്രീയെ രാഷ്ടപതിയാക്കി നിയമിച്ചു. ഇവര്‍ പറയുന്നതെല്ലാം ചെയ്യുന്നതിനു വേണ്ടിയാണ് അങ്ങനെ ചെയ്തത്. മാധ്യമങ്ങളെ മുഴുവന്‍ അവര്‍ വിലയ്ക്കുവാങ്ങി. സിദ്ധാര്‍ത്ഥവരദരാജനെയും കിരണ്‍ഥാപ്പറെയും പോലുള്ള, ഭരണകൂടത്തെ വിമര്‍ശിക്കുന്ന, സ്വതന്ത്ര നിലപാടുള്ള മാധ്യമപ്രവര്‍ത്തകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കാനുള്ള നീക്കത്തിലാണ്.
ഇലക്ഷന്‍ കമ്മീഷന്‍ ഒരു തെറ്റുചെയ്താല്‍, അതായത് തൃശൂരിലും കര്‍ണാടകയിലെ മഹാദേവപുരയിലുമൊക്കെ നടന്ന വോട്ട് ചോരിക്കുള്ള അവസരം ഒരുക്കിക്കൊടുത്ത കലക്ടറും അതിനു താഴെയുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍വരെയുള്ളവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമോ? കോടതിയില്‍ ഇതിനെതിരേ കേസുമായി പോകാനാവുമോ? നിയമനടപടിക്കുള്ള സാധ്യതയുണ്ടോ? ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍തന്നെ ഇതിനെതിരേ പരാതി കൊടുത്തിട്ടുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളും പരാതിപ്പെട്ടിട്ടുണ്ട്. സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുക്കുന്നതായി കാണുന്നില്ല. ഭരണഘടനാപരമായി നിയമനടപടി സാധ്യമാണോ?
നടപടിയെടുക്കാന്‍ പറ്റാത്തതുകൊണ്ടൊന്നുമല്ല. നടപടിയെടുക്കുന്നില്ലെന്നേയുള്ളൂ. ഇതൊക്കെ കേന്ദ്രസര്‍ക്കാരിന്റെ ജൂറിസ്ഡിക്ഷന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. നമ്മുടെ ഫെഡറല്‍ സിസ്റ്റം നന്നായി പ്രവര്‍ത്തിക്കുമെന്ന ധാരണയായിരുന്നു ഭരണഘടനാ നിര്‍മാണ സമയത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് വന്നിട്ടുള്ള അമെന്റ്‌മെന്റിലൂടെ കേന്ദ്രത്തിന്റെ കണ്‍കറന്റ് ലിസ്റ്റില്‍ പലതും ഉള്‍പ്പെടുത്തി. ഉദാഹരണമായെടുത്താല്‍ വിദ്യാഭ്യാസം. നാട്ടിലെ വിദ്യാഭ്യാസമേഖലായാകെ അലങ്കോലപ്പെടുത്തപ്പെട്ടിരിക്കുന്നു. ചരിത്രവും മറ്റെല്ലാ വൈജ്ഞാനികമേഖലയാകെയും കുട്ടിച്ചോറാക്കുന്ന കാഴ്ചയാണ് ഇന്ന് കാണാനാവുന്നത്. നമ്മുടെ കുട്ടികള്‍ ഇനി പഠിക്കാന്‍ പോവുന്നത് വ്യാജമായെഴുതിയുണ്ടാക്കിയ ചരിത്രമായിരിക്കും. ഏറ്റവും വലിയ ആപത്തായിട്ട് വരാന്‍ പോവുന്നത് അതാണ്. നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയില്‍ അബുള്‍ കലാം ആസാദ്, ഹസ്‌റത്ത് മൊഹാനി, അന്‍സാരി തുടങ്ങിയ മുസ്‌ലിം നേതാക്കള്‍ തന്നെ നിന്നിട്ടുണ്ട്. പൂര്‍ണസ്വാതന്ത്ര്യം വേണമെന്നുള്ള പ്രമേയം കൊണ്ടുവന്നതുതന്നെ മൊഹാനിയായിരുന്നു. ജിന്നയടക്കമുള്ളവര്‍ ഹോംറൂള്‍ പ്രസ്ഥാനത്തിന് മുന്നില്‍ നിന്നവരായിരുന്നു. സരോജിനി നായിഡു ജിന്നയെക്കുറിച്ച് കവിതതന്നെ എഴുതിയിരുന്നു. ഹിന്ദുമഹാസഭയുമായിരുന്നു ദ്വിരാഷ്ട്രവാദം ആദ്യം കൊണ്ടുവരുന്നത്. അതോടെയാണ് ലീഗും ജിന്നയുമൊക്കെ അതേറ്റുപിടിക്കുന്നത്.
ഇക്കാര്യത്തില്‍ അംബേദ്കര്‍ക്ക് വീഴ്ച സംഭവിച്ചു ഏന്നാണോ? ഫെഡറല്‍ സിസ്റ്റം പരാജയപ്പെട്ടു എന്നു പറയാമോ?
ഫെഡറല്‍ സിസ്റ്റത്തിന് വലിയ തളര്‍ച്ചവന്നു എന്നുതന്നെയാണ് പറയാനുള്ളത്. യൂനിറ്ററി സിസ്റ്റത്തിലേക്ക് ഏറെക്കുറെ മാറിക്കഴിഞ്ഞു. ഈ പരിമിതികള്‍ ആദ്യം തന്നെയുണ്ടായിരുന്നു. കേന്ദ്രത്തില്‍ കൂടുതല്‍ അധികാരകേന്ദ്രീകരണം തുടക്കം മുതല്‍തന്നെയുണ്ട്. ഇന്ത്യയുടെ ഐക്യം കൂട്ടാന്‍വേണ്ടിയായിരുന്നു അന്ന് അംബേദ്കറൊക്കെ അങ്ങനെ ചെയ്തത്. എന്നാല്‍ ഇന്നത് പൂര്‍ണമായും യൂനിറ്ററി സിസ്റ്റത്തിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്യുന്നത്. അമേരിക്കയിലൊക്കെ കൂടുതല്‍ അധികാരം സ്റ്റേറ്റുകള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ഇവിടെ നേരെ മറിച്ചാണ്. അന്നേ അതങ്ങനെ ചെയ്യണമായിരുന്നു.





No Comments yet!