ലെനിനിസത്തിന്റെ വിമര്‍ശനത്തിന് മുതിരുന്നവര്‍ ആദ്യം ഉയര്‍ത്തുന്ന പേരുകളില്‍ ഒന്ന് റോസ ലക്സംബര്ഗിന്റെയാണ്. റോസയുടെ ലെനിന് വിമര്‍ശനത്തിന്റെ ആഴവും ഗൗരവവും തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. എന്നാല്‍ ആ ചര്‍ച്ച നടന്നിട്ട് ഒന്നേകാല്നൂറ്റാണ്ടായി എന്നത് അവഗണിക്കാന്‍ കഴിയില്ല. ഇത്രയും കാലത്തെ വിപ്ലവാനന്തര അനുഭവങ്ങള്‍ ഏത് തരത്തിലുള്ള സമവായങ്ങളും സമന്വയങ്ങളുമാണ് സാധ്യമാക്കുന്നത് എന്ന് ആലോചിക്കേണ്ടതുണ്ട്. ഇവിടെ അത്തരം ചില പ്രാഥമിക ചിന്തകള്‍ മാത്രമാണ് അവതരിപ്പിക്കുന്നത്.
2026 ജനുവരി 15ന് റോസ ലക്സംബര്‍ഗ് കൊല്ലപ്പെട്ടിട്ട് 107 വര്‍ഷങ്ങള്‍ തികഞ്ഞു. അസാധാരണമായ ഔന്നത്യമുള്ള വിപ്ലവചിന്തകയായ റോസ നാല്‍പ്പത്തിയേഴ് വര്‍ഷം മാത്രമേ ജീവിച്ചിരുന്നുള്ളൂ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ജര്‍മ്മനിയുടെ സഹസ്ഥാപക എന്ന നിലയില്‍, ജര്‍മ്മന്‍, അന്താരാഷ്ട്ര സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതില്‍ റോസ ലക്സംബര്‍ഗ് നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു. ചെഗുവേരയുടെ കൊലപാതകത്തിനു സമാനമായ രീതിയില്‍ പരാജയപ്പെട്ട ജര്‍മ്മന്‍ വിപ്ലവക്കാലത്ത് റോസ ലക്സംബര്‍ഗ് പിടിക്കപ്പെടുകയും വിചാരണയില്ലാതെ തത്സമയം വധിക്കപ്പെടുകയുമായിരുന്നു. മര്‍ദ്ദിച്ചു അവശയാക്കിയ റോസയെ വെടിവച്ച് കൊന്നശേഷം കനാലിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞു. ഇന്നുവരെ, അവരുടെ ഭൗതികാവശിഷ്ടങ്ങള്‍ വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല; അതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ മാത്രമേ നിലനില്ക്കുന്നുള്ളു.
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

David Harvy
ശക്തയായ സൈദ്ധാന്തികയും, പ്രതിബദ്ധതയുള്ള വിപ്ലവകാരിയും, രക്തസാക്ഷിയും, ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകയും ആയിരുന്നിട്ടും, ചെഗുവേരയ്ക്ക് പൊതുസ്മരണയില്‍ ലഭിക്കുന്ന തരത്തിലുള്ള ആദരവ് റോസ ലക്സംബര്‍ഗിന് ലഭിച്ചിട്ടില്ല. സൈദ്ധാന്തിക ദാര്‍ഢ്യവും അക്ഷീണമായ വിപ്ലവപ്രയോഗവും സംയോജിപ്പിച്ച ഉന്നത ബുദ്ധിജീവിയും രാഷ്ട്രീയ വ്യക്തിത്വവുമായിരുന്നു റോസ. അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ശ്രദ്ധേയമായ പ്രത്യയശാസ്ത്ര വ്യക്തത, ധൈര്യം, സ്ഥിരത എന്നിവയോടെ അവര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു.
റോസ ലക്സംബര്‍ഗ് എഴുതിയ The Accumulation of Capital എന്ന കൃതിയില്‍, മാര്‍ക്സ് ഉന്നയിച്ച മൂലധനസഞ്ചയത്തിന്റെ പ്രശ്നത്തെ ലക്സംബര്‍ഗ് തികഞ്ഞ സൈദ്ധാന്തിക വ്യക്തതയോടെ സമീപിക്കുന്നുവെന്നതും അതിന്റെ ആശയപരമായ വ്യാപ്തിയെ ഗണ്യമായി വികസിപ്പിക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. മാര്‍ക്സിന്റെ ‘മൂലധനം’ എന്ന കൃതിക്കൊപ്പം ഈ കൃതി വായിക്കാതിരിക്കുന്നത് ഗുരുതരമായ വീഴ്ചയായിരിക്കും. ആഗോളവല്‍ക്കരണത്തിന്റെ സമകാലിക ചലനാത്മകതയും മുതലാളിത്തത്തിന്റെ വികാസയുക്തിയും മനസ്സിലാക്കാന്‍ സഹായിക്കുന്ന ഉള്‍ക്കാഴ്ചകള്‍ നല്കുന്ന ലക്സംബര്‍ഗിന്റെ വിശകലനം പില്ക്കാല മുതലാളിത്ത വളര്‍ച്ചയുടെ ചില സവിശേഷതകള്‍ മുന്കൂട്ടിക്കാണുന്നതായിരുന്നു.

Nikolai Bukharin
മുതലാളിത്തം ഒരു സമഗ്ര ഉല്‍പ്പാദന സമ്പ്രദായമായി (mode of production) വികസിച്ചുതുടങ്ങിയ ഘട്ടത്തില്‍ ഗ്രാമങ്ങളില്‍നിന്നുള്ള കര്‍ഷകജനതയുടെ നിഷ്കാസനങ്ങള്ക്ക് (ഡേവിഡ് ഹാര്‍വി ചൂണ്ടിക്കാണിക്കുന്ന dispossession) കാരണമായ അപരിഷ്കൃത/ആദിമസഞ്ചയത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ വിശകലനത്തെ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള വലിയ സൈദ്ധാന്തിക ചര്‍ച്ചക്കുള്ള ആരംഭമാക്കിക്കൊണ്ടാണ് ലക്സംബര്‍ഗ് തന്റെ പഠനം രൂപപ്പെടുത്തുന്നത്. രണ്ട് കാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട് ഒന്ന്, പാളിച്ചകളും പരിമിതികളും ഏറെയുള്ളതാണ് ലക്സംബര്‍ഗിന്റെ പഠനമെന്ന് വിമര്‍ശനം ഉണ്ടായിട്ടുണ്ട്. രണ്ട്, മാര്‍ക്സിന്റെ നിരീക്ഷണങ്ങളില്‍ ചിലത് തിരുത്താനുള്ള ശ്രമങ്ങള്‍ പാളിപ്പോയി എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, മൂലധനം ഒന്നും രണ്ടും വാള്യങ്ങള്‍ പഠിക്കുന്നവര്‍ക്ക് ഉപരിചര്ച്ചകള്ക്ക് ഉപയോഗിക്കാവുന്ന സാങ്കേതികമായ നിരവധി പ്രശ്നങ്ങള്‍ ലക്സംബര്‍ഗിന്റെ വിമര്‍ശനത്തില്‍ അടങ്ങിയിട്ടുണ്ട്. മാര്‍ക്സിന്റെ മൂലധനത്തെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയില്‍ പ്രസക്തമായ മൗലിക നിരീക്ഷണങ്ങളാണ് റോസ നടത്തുന്നത് എന്നതിനാല്‍ത്തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുക സാധാരണമാണ്. നോണ്മാര്ക്സിസ്റ്റുകളെക്കാള് കൂടുതല്‍ മാര്‍ക്സിസ്റ്റ് വിമര്‍ശനം മാര്‍ക്സിസ്റ്റുകള്‍ സ്വയം നടത്താറുണ്ട്. അതിനാല്‍ ഈ പഠനത്തില്‍ കണ്ടെത്താവുന്ന പരിമിതികള്ക്കുപരി സൂക്ഷ്മമായ ഉള്ക്കാഴ്ചകള്കൊണ്ടു സമ്പന്നമാണ് ലക്സംബര്‍ഗിന്റെ പുസ്തകം എന്ന് നിസ്സംശയം പറയുവാന്‍ സാധിക്കും.
കര്ഷകസമൂഹങ്ങളുടെ ഹിംസാത്മകമായ നിഷ്കാസനങ്ങളിലൂടെയാണ് ആദിമ സഞ്ചയത്തിന്റെ ചരിത്രം മുതലാളിത്ത സാമ്പത്തികവ്യവസ്ഥയെ രൂപപ്പെടുത്തിയതെന്ന മാര്‍ക്സിന്റെ നിരീക്ഷണം ലക്സംബര്‍ഗ് വിപുലീകരിക്കുന്നു. ചരിത്രപരമായി പൂര്‍ത്തിയായ ഒരു പ്രക്രിയയായി മാര്‍ക്സ് ഇതിനെ കണക്കാക്കുമ്പോള്‍, കാലക്രമേണ മുതലാളിത്തത്തിന്റെ വികസനത്തിന്റെ തുടര്‍ച്ചയായതും ഘടനാപരവുമായ ഒരു സവിശേഷതയായി ഇത് തുടരുന്നു എന്ന് ലക്സംബര്‍ഗ് പറയുന്നു. മാര്‍ക്സ് നടത്തുന്നത് മുതലാളിത്തം എന്ന ഉല്‍പ്പാദന രീതിയുടെ അമൂര്‍ത്ത മാതൃകയുടെ വിശദീകരണമാണ്. റോസ അത് വിപുലീകരിക്കുന്നത് സമാനമായ പ്രക്രിയ മൂന്നാം ലോക രാജ്യങ്ങളില്‍ സംഭവിക്കുന്ന ചരിത്ര പ്രക്രിയ സൈദ്ധാന്തികമായി വിശദീകരിച്ചുകൊണ്ടാണ്. അതുകൊണ്ടു ചിലര്‍ കാണുന്ന വലിയ പൊരുത്തക്കേട് ഞാന്‍ ഇതില്‍ കാണുന്നില്ല. മുതലാളിത്ത സമൂഹങ്ങളിലെ കര്‍ഷക സമൂഹങ്ങളെ മാത്രമല്ല, അസംസ്കൃത വസ്തുക്കളുടെ സ്രോതസ്സുകളായും വിപണികളായും കോളനികളിലെ കാര്‍ഷിക സമ്പദ്വ്യവസ്ഥകളെയും മുതലാളിത്തവും മുതലാളിത്തമല്ലാത്തതും ചൂഷണം ചെയ്തുകൊണ്ട് മാത്രമേ മുതലാളിത്തത്തിന് സ്വയം നിലനിര്‍ത്താന്‍ കഴിയൂ എന്ന റോസയുടെ നിഗമനം പില്ക്കാലത്ത് സമീര്‍ അമീന് തുടങ്ങിയ മാര്‍ക്സിസ്റ്റ് ചിന്തകരുടെയും ധാരണകളുടെ അടിസ്ഥാനമാകുന്നുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ വിശകലനം, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്ത്യന്‍ അവസ്ഥയുടെ വിശകലനമെന്നിവയില് ഈ ഉള്‍ക്കാഴ്ച ശക്തമായി കടന്നുവന്നിട്ടുണ്ട്. ദേശീയ ജനാധിപത്യം, ജനകീയ ജനാധിപത്യം, പുത്തന്‍ജനാധിപത്യ വിപ്ലവം തുടങ്ങിയ പാര്‍ട്ടി പരിപാടികളില്‍ വ്യത്യസ്തമായ രാഷ്ട്രീയ സമീപനങ്ങള്‍ ഉണ്ടെങ്കിലും ഫാസിസത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും യോജിച്ച പരിപാടികളും ഐക്യമുന്നണിയും സാധ്യമാവുന്നത് റോസയും അമീനും മറ്റ് മാര്‍ക്സിസ്റ്റുകളും സൂചിപ്പിക്കുന്ന അടിസ്ഥാന പ്രമേയം ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരിപാടികളില്‍ അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ടാണ്. ഇന്ത്യയിലിപ്പോള്‍ ഈ ഐക്യസാധ്യത സജീവമായി നിലനില്ക്കുന്നു.

Vladmir Illich Lenin
ഈ പശ്ചാത്തലത്തില്‍, നിരവധി പ്രധാന കാര്യങ്ങളില്‍ ലക്സംബര്‍ഗ് മാര്‍ക്സിയന്‍ നിലപാട് കൂടുതല്‍ വിശദമാക്കുന്നുണ്ട്. കോളനികളിലെ കാര്‍ഷിക ജീവിതത്തെ അടിസ്ഥാനപരമായി പുനഃസംഘടിപ്പിക്കുകയും ഗ്രാമീണ ജനതയുടെ വലിയൊരു വിഭാഗത്തെ കൂലിത്തൊഴിലാളികളാക്കി മാറ്റുകയും ചെയ്യുന്ന അധിനിവേശ രാഷ്ട്രീയം ബാഹ്യമോ അസാധാരണമോ ആയ പ്രതിഭാസമല്ലെന്നും മറിച്ച് മുതലാളിത്തം സ്വന്തം പുനരുല്‍പ്പാദനം ഉറപ്പാക്കുന്ന ഒരു കേന്ദ്ര സാമ്പത്തിക പ്രവര്‍ത്തനമാണെന്നും റോസ പറയുന്നുണ്ട്. സാമ്രാജ്യത്വത്തെ മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടമായിരിക്കുമ്പോള്ത്തന്നെ, മുതലാളിത്ത വ്യവസ്ഥയുടെ തുടക്കംമുതല്‍ തന്നെ അതിന്റെ അടിസ്ഥാനപരവും തുടര്‍ച്ചയായതുമായ ഭരണയുക്തിയായി ഇതിനെ കൂടുതല്‍ കൃത്യമായി കാണാന്‍ കഴിയുമെന്ന നിലപാടാണ് റോസ മുന്നോട്ടുവക്കുന്നത്.
നേരത്തെ സൂചിപ്പിച്ചതുപോലെ ലക്സംബര്‍ഗ് ഈ വാദത്തെ കേവലം ഒരു ചരിത്രപരമായ ചോദ്യമായി മാത്രമല്ല മുന്നോട്ടുവയ്ക്കുന്നത്. മറിച്ച്, ഒരു സാമ്പത്തിക വ്യവസ്ഥയെന്ന നിലയില്‍ മുതലാളിത്തത്തിന്റെ അടിസ്ഥാന അവസ്ഥയായും, മിച്ചമൂല്യത്തിലൂടെയുള്ള പുനരുല്‍പ്പാദന പ്രക്രിയയ്ക്ക് ആവശ്യമായ ഒരു മുന്വ്യവസ്ഥയായും അവര്‍ ഇതിനെ മനസ്സിലാക്കുന്നു. ഈ കാഴ്ചപ്പാടില്‍, ആദിമ സഞ്ചയവുമായി ബന്ധപ്പെട്ട മൂലധന ഹിംസകള്‍ ഒരു അവിചാരിത എപ്പിസോഡിക് ഘട്ടമല്ല, മറിച്ച് മുതലാളിത്ത വികാസത്തിന്റെ നിലനില്‍പ്പിന്റെ ഘടനാപരമായ ആവശ്യകതയാണ്. നിക്കോളായ് ബുഖാരിന് തുടങ്ങിയ ചിന്തകര്‍ ഈ നിലപാട് അമിതമായി കര്‍ക്കശമാണെന്ന് വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മുതലാളിത്തം ഒരു ലോകവ്യവസ്ഥയായി ഉയര്‍ന്നുവരാനും ഏകീകരിക്കാനും സഹായിച്ച നിരവധി നിര്‍ണായക വിച്ഛേദങ്ങള്‍ തിരിച്ചറിയുന്നതില്‍ ലക്സംബര്‍ഗിന്റെ ഈ നിലപാട് സഹായകമാണ്.
മാര്ക്സിനെത്തന്നെ അടിസ്ഥാനമാക്കിയാണ്, ആദിമസഞ്ചയത്തിന് അടിത്തറയിടുന്ന സാമ്പത്തിക, രാഷ്ട്രീയ ഹിംസകളെ മുതലാളിത്തത്തിന്റെതന്നെ അനിവാര്യമായ ആന്തരിക പ്രക്രിയയായി റോസ ലക്സംബര്‍ഗ് വ്യാഖ്യാനിക്കുന്നത്. ഇംഗ്ലണ്ടിലെ മൂലധനസഞ്ചയത്തിന്റെ ആദ്യ ഘട്ടം, കാര്‍ഷിക സമൂഹങ്ങളുടെയും ചെറുകിട ഉല്‍പ്പാദകരുടെയും ഏതാണ്ട് പൂര്‍ണ്ണമായ നാശത്തിലേക്ക് നയിച്ചത്; തദ്ദേശീയ ജനതയെ ഉന്മൂലനം ചെയ്യുന്നതില്‍ കലാശിച്ച അമേരിക്ക പോലുള്ള കുടിയേറ്റ സമൂഹങ്ങളുടെ കോളനിവല്‍ക്കരണം; ആഫ്രിക്കന്‍ ജനതയെ അടിമകളാക്കി മാറ്റിയ കൊളോണിയല്‍ അധിനിവേശം; ഇന്ത്യ, ചൈന, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നേരിട്ടുള്ള സൈനിക ഇടപെടലിലൂടെ നടപ്പിലാക്കിയ ലജ്ജാരഹിതമായ ചൂഷണ ഭരണകൂടങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ലക്സംബര്‍ഗിനെ സംബന്ധിച്ചിടത്തോളം, സാമ്പത്തിക, രാഷ്ട്രീയ ഹിംസയുടെ ഈ രൂപങ്ങള്‍ വ്യതിയാനങ്ങളോ യാദൃശ്ചികമോ കേവലമായ അര്‍ത്ഥത്തില്‍ അതിരുകടന്ന അക്രമമോ അല്ല, മറിച്ച് മുതലാളിത്തത്തിന്റെ ചരിത്രപരമായ മൂലധന സഞ്ചയത്തിന്റെയും പുനരുല്‍പ്പാദനത്തിന്റെയും യുക്തിയിലെ ഘടനാപരമായ അനുസ്യൂതിയാണ്.

Leon Trodsky
ഇപ്പോള്‍ സാമ്രാജ്യത്വ അജണ്ടയില്‍ കടന്നുവന്നിട്ടുള്ള വെനെസ്വേല, ഇറാന്, ഗ്രീന്‍ലാന്‍ഡ് പ്രശ്നങ്ങളിലേക്കുള്ള ഉള്‍ക്കാഴ്ച നല്‍കിക്കൊണ്ട് മാര്‍ക്സ് പറയുന്നത് ഇങ്ങനെയാണ്: The discovery of gold and silver in America, The extirpation, enslavement and entombment in mines of the indigenous population of that continent, The beginings of the conquest and plunder of India, and the conversion of Africa into a preserve for the commercial hunting of blackskins, are all things which characterize the dawn of the era of capitalist production. These idyllic proceedings are the chief moments of primitive accumulation (മൂലധനം വാല്യം 1, അധ്യായം 31). കൂടാതെ ”capital comes dripping from head to foot, from every pore, with blood and dirt” (‘മൂലധനം കടന്നുവരുന്നത് കേശാദിപാദം ഓരോ ജീവസുഷിരത്തില് നിന്നും രക്തവും മാലിന്യവും ഇറ്റിച്ചുകൊണ്ടാണ്’) എന്നുകൂടി ഈ ആദ്യകാലത്തെ സൂചിപ്പിച്ചുകൊണ്ട് ഇതേ അദ്ധ്യായത്തില്‍ മാര്‍ക്സ് പറയുന്നുണ്ട്. ഇതേ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ലക്സംബര്‍ഗ് പറയുന്നു: ‘Sweating blood and filth with every pore from head to toe’ characterises not only the birth of capital but also its progress in the world at every step, and thus capitalism prepares its own downfall under ever more violent contortions and convulsions (അദ്ധ്യായം 31, പേ. 433).ചോരയും അഴുക്കും മേലാകെ പുരണ്ടു മൂലധനം നില്‍ക്കുന്നത് ആദിമസഞ്ചയത്തിന്റെ തുടക്കത്തില്‍ മാത്രമല്ല. മുതലാളിത്തവളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഈ ഹിംസ ആവര്‍ത്തിക്കപ്പെടുന്നു.
ലിയോണ്‍ ട്രോട്സ്കി (The War and the International, 1914), നിക്കോളായ് ബുഖാരിന് (Imperialism and the World Economy,1915), വഌഡിമിര്‍ ഇലിച്ച് ലെനിന് (Imperialism: The Highest State of Capitalism,1916) തുടങ്ങിയ കമ്മ്യൂണിസ്റ്റ് ചിന്തകരുടെ പ്രധാന സൈദ്ധാന്തിക ഇടപെടലുകള്‍ക്ക് മുമ്പാണ് ലക്സംബര്‍ഗിന്റെ സാമ്രാജ്യത്വവിശകലനം ഉണ്ടാവുന്നത്. ഈ അര്‍ത്ഥത്തില്‍, ഒന്നാം ലോകമഹായുദ്ധസമയത്ത് വികസിച്ച സാമ്രാജ്യത്വത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് ചര്‍ച്ചയുടെ തുടക്കക്കാരില്‍ ഒരാളായി ലക്സംബര്‍ഗിനെ കാണാം. കാള്‍ കൗട്സ്കിയുടെ ഫ്യൂഡല്‍ ബന്ധങ്ങളുടെ അതിജീവനത്തിലൂടെ കൊളോണിയലിസത്തെ വിശദീകരിക്കാന്‍ ശ്രമിച്ച സമീപനം മുതല്‍ റുഡോള്‍ഫ് ഹില്ഫെര്ഡിംഗിന്റെ ഫിനാന്‍സ് മൂലധനത്തെക്കുറിച്ചുള്ള വിശകലനം (Rudolf Hilferding, 1910, ‘Finance Capital’) വരെ അക്കാലത്തെ സൈദ്ധാന്തിക സംവാദങ്ങളോടുള്ള നേരിട്ടുള്ള പ്രതികരണമായാണ് ‘The Accumulation of Capital’ റോസ എഴുതിയത് എന്നതിനാല്‍ത്തന്നെ ലക്സംബര്‍ഗിന്റെ ഇടപെടല്‍ മാര്‍ക്സിസ്റ്റ് സിദ്ധാന്തചരിത്രത്തില് ഒരു നിര്‍ണായകസ്ഥാനം വഹിക്കുന്നതാണ്. സാമ്രാജ്യത്വത്തെ ഒരു ദ്വിതീയമായ അല്ലെങ്കില്‍ വ്യുല്‍പ്പന്നമായ പ്രതിഭാസമായിട്ടല്ല, മറിച്ച് മുതലാളിത്ത സഞ്ചയത്തിന്റെതന്നെ ഘടനാപരമായ ആവശ്യകതയായി സ്ഥാപിക്കുന്നതാണ് റോസയുടെ വിശകലനം.
ട്രോട്സ്കിയുടെ ദീര്‍ഘകാല സെക്രട്ടറിയും മാര്‍ക്സിസ്റ്റ് ചിന്തകയുമായ റയ ദുനയേവ്സ്കയ എഴുതിയ Rosa Luxemburg, Women’s Liberation, and Marx’s Philosophy of Revolution (1982)എന്ന കൃതി എടുത്തുപറയേണ്ട പ്രാധാന്യമുള്ളതാണ്. റോസ ലക്സംബര്‍ഗ് ചിന്തകളുമായുള്ള നിരന്തരമായ ഇടപെടലിലൂടെ, മാര്‍ക്സിസത്തെക്കുറിച്ചുള്ള ഏറ്റവും ഉദാത്തമായ ചില ഉള്‍ക്കാഴ്ചകള്‍ വ്യക്തമാക്കാനും മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തെക്കുറിച്ചു തന്നെ ഉയര്‍ന്ന തലത്തിലുള്ള ധാരണ മുന്നോട്ടുവയ്ക്കാനും ദുനയേവ്സ്കയ ശ്രമിക്കുന്നു. ഈ പുസ്തകം ലക്സംബര്‍ഗിനെ സൈദ്ധാന്തികയായും രാഷ്ട്രീയപ്രവര്‍ത്തകയായും പ്രതിബദ്ധതയുള്ള അന്താരാഷ്ട്രവാദിയായും അടയാളപ്പെടുത്തുന്നു. മൂലധനം, ദേശീയപ്രശ്നം, സാമ്രാജ്യത്വം, വിപ്ലവത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍, പാര്‍ട്ടി സംഘടനാരൂപങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവരുടെ നിലപാടുകളെക്കുറിച്ച് വിശദമായ ചര്‍ച്ച ഈ പുസ്തകത്തിലുണ്ട്. മാര്‍ക്സിസത്തിന്റെ വികാസത്തിന് അവര്‍ നല്കിയ രാഷ്ട്രീയസംഭാവനയെ സൂക്ഷ്മമായി വിലയിരുത്തുകയും മാര്‍ക്സിന്റെ മുമ്പ് പ്രസിദ്ധീകരിക്കാത്ത നരവംശശാസ്ത്ര കൈയ്യെഴുത്തുപ്രതികളുടെ പ്രസിദ്ധീകരണം സാധ്യമാക്കിയ സൈദ്ധാന്തിക പുരോഗതിയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടത്തുകയും ചെയ്യുന്നു. എന്റെ പുസ്തകമായ ‘നരവംശശാസ്ത്ര കുറിപ്പുകളിലെ കാള്‍മാര്‍ക്സ്’ (പ്രോഗ്രസ് ബുക്സ്, കോഴിക്കോട്) ഈ പഠനവും പരാമര്‍ശിക്കുന്നുണ്ട്.

Rosa Luxemburg
ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തനരീതിയുമായി ബന്ധപ്പെട്ട് ലെനിന് ആവിഷ്കരിച്ച കേന്ദ്രീകൃത ജനാധിപത്യം എന്ന സങ്കല്പ്പനത്തെക്കുറിച്ചുള്ള ലക്സംബര്‍ഗിന്റെ വിമര്‍ശനം. ലെനിന് What Is To Be Done? (1902) എന്ന ലഘുലേഖയില്‍
റഷ്യയിലെ സാറിസ്റ്റ് അടിച്ചമര്‍ത്തലിന്റെയും സ്വതസിദ്ധമായ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെ ബലഹീനതയുടെയും സാഹചര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അതിലെ കാതലായ വാദം വിപ്ലവം നടക്കുന്നതിനു സ്വയമേവയുള്ള, അനൈച്ഛികമായ (spontaneous) തൊഴിലാളി സമരങ്ങള്മാത്രം മതിയാവില്ല എന്നതായിരുന്നു. അത്തരം തൊഴിലാളി സമരങ്ങള്‍ വിപ്ലവകരമായ സോഷ്യലിസ്റ്റ് അവബോധമല്ല, കേവലമായ ട്രേഡ് യൂണിയന് അവബോധം മാത്രമേ സൃഷ്ടിക്കൂ എന്ന് അദ്ദേഹം കരുതി. അദ്ദേഹം ഇങ്ങനെ എഴുതി: ‘തൊഴിലാളികള്‍ക്കിടയില്‍ സാമൂഹിക ജനാധിപത്യബോധം സ്വയം ഉണ്ടാകുമായിരുന്നില്ല എന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് പുറത്തുനിന്ന് അവരിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. എല്ലാ രാജ്യങ്ങളുടെയും ചരിത്രം കാണിക്കുന്നത് തൊഴിലാളിവര്‍ഗത്തിന്, സ്വന്തം പരിശ്രമത്തിലൂടെ മാത്രം, ട്രേഡ് യൂണിയന് അവബോധം, അതായത്, യൂണിയനുകളില്‍ ഒന്നിക്കുക, തൊഴിലുടമകളോട് പോരാടുക, ആവശ്യമായ തൊഴില്‍ നിയമങ്ങള്‍ പാസാക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കാന്‍ ശ്രമിക്കുക എന്നിവ ആവശ്യമാണെന്ന ബോധ്യം മാത്രമേ വികസിപ്പിക്കാന്‍ കഴിയൂ എന്നാണ്. സ്വത്തവകാശമുള്ള വര്‍ഗങ്ങളിലെ വിദ്യാസമ്പന്നരായ പ്രതിനിധികളായ ബുദ്ധിജീവികള്‍ വികസിപ്പിച്ച ദാര്‍ശനിക, ചരിത്ര, സാമ്പത്തിക സിദ്ധാന്തങ്ങളില്‍ നിന്നാണ് സോഷ്യലിസത്തിന്റെ സിദ്ധാന്തം വളര്‍ന്നത്. ആധുനിക ശാസ്ത്രീയ സോഷ്യലിസത്തിന്റെ സ്ഥാപകരായ മാര്‍ക്സും ഏംഗല്‍സും ബൂര്‍ഷ്വാ ബുദ്ധിജീവികളില്‍ പെട്ടവരായിരുന്നു. അതുപോലെ, റഷ്യയില്‍, തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ സ്വതഃസിദ്ധമായ വളര്‍ച്ചയില്‍ നിന്ന് സ്വതന്ത്രമായിട്ടാണ് സാമൂഹിക ജനാധിപത്യത്തിന്റെ സൈദ്ധാന്തിക സിദ്ധാന്തം ഉയര്‍ന്നുവന്നത്. വിപ്ലവകാരികളായ സോഷ്യലിസ്റ്റ് ബുദ്ധിജീവികള്‍ക്കിടയില്‍ ചിന്തയുടെ വികാസത്തിന്റെ സ്വാഭാവികവും അനിവാര്യവുമായ ഫലമായി അത് ഉയര്‍ന്നുവന്നു’. പരിശീലനം ലഭിച്ച മാര്‍ക്സിസ്റ്റ് ബുദ്ധിജീവികളാണ് വിപ്ലവ സിദ്ധാന്തം പുറത്തുനിന്ന് അവതരിപ്പിക്കേണ്ടത്. ഇതിനായി ഒരു മുന്‍നിര പാര്‍ട്ടി രൂപീകരിക്കേണ്ടതുണ്ട്. പ്രൊഫഷണല്‍ വിപ്ലവകാരികളുടെ കര്‍ശനമായ സംഘടിതവും അച്ചടക്കമുള്ളതുമായ ഒരു മുന്‍നിര പാര്‍ട്ടിയാണ് അദ്ദേഹം ഇതിനായി മുന്നോട്ടുവച്ചത്. വിപ്ലവബോധത്തിന്റെ വാഹകമായി ഈ പാര്‍ട്ടി പ്രവര്‍ത്തിക്കും. വലിയ സ്വേച്ഛാധിപത്യങ്ങളുടെ മുന്നില്‍ ഫലപ്രദമായ പോരാട്ടത്തിന് കര്‍ശനമായ കേന്ദ്രീകരണം, ഇച്ഛാശക്തിയുടെ ഐക്യം, താഴെയുള്ള പാര്‍ട്ടി ഘടകങ്ങള്‍ ഉയര്‍ന്ന ഘടകങ്ങള്‍ക്കു കീഴ്പ്പെടല്എന്നിവ ആവശ്യമാണ്.ആന്തരിക ജനാധിപത്യം അനുവദനീയമാണ്, എന്നാല്‍ തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞാല്‍, പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണ്ണ ഐക്യം നിര്‍ബന്ധമാണ്.
ജനാധിപത്യ കേന്ദ്രീകരണം എന്നാല്‍ ആന്തരികമായി സംവാദം നടത്തുക. പ്രശ്നം ഉള്ളില്‍ പരിഹരിച്ചുകഴിഞ്ഞാല്‍, ഏകീകൃതവും അച്ചടക്കമുള്ളതുമായ രീതിയില്‍ പ്രവര്‍ത്തിക്കുക. വിപ്ലവവിജയത്തിനുള്ള ഒരു മുന്‍വ്യവസ്ഥയായി ഈ സംഘടനാ ഐക്യം കണക്കാക്കപ്പെടുന്നതാണ് ലെനിനിസ്റ്റ് പാര്‍ട്ടി തത്വം.
റോസ ലക്സംബര്‍ഗ് Organizational Questions of the Russian Social Democracy (1904) എന്ന ലഘുലേഖ ലെനിന് മറുപടിയായി എഴുതിയതാണ്. ലെനിന്റെ സംഘടനാ മാതൃകയെക്കുറിച്ചുള്ള ലക്സംബര്‍ഗിന്റെ വിമര്‍ശനവും നിരാകരണവും അതിലുണ്ട്. സംഘടനയുടെ ആവശ്യകതയെ ലക്സംബര്‍ഗ് അംഗീകരിക്കുന്നു, പക്ഷേ ലെനിന്റെ മാതൃക യാന്ത്രികവും സ്വേച്ഛാധിപത്യപരവുമായി മാറുമെന്ന് റോസ വിമര്‍ശിക്കുന്നു. റോസയുടെ പ്രധാന വാദം, വിപ്ലവബോധം പോരാട്ടത്തില്‍ നിന്നാണ് ഉയര്‍ന്നുവരുന്നത് എന്നതാണ്. സോഷ്യലിസ്റ്റ് ബോധം പുറത്തു നിന്ന് കുത്തിവയ്ക്കണം എന്ന ആശയം ലക്സംബര്‍ഗ് നിരസിക്കുന്നു. ജനകീയ സമരങ്ങള്‍ തന്നെയാണ് വിപ്ലവ ബോധത്തിന്റെ പ്രാഥമിക ഇടം. ലെനിന്റെ മാതൃക പിന്തുടര്ന്നാല് വര്‍ഗത്തിന് പകരം പാര്‍ട്ടിയും, പാര്‍ട്ടിക്കു പകരം കേന്ദ്ര കമ്മിറ്റിയും, കേന്ദ്ര കമ്മിറ്റിയില്‍ത്തന്നെ ഏതാനും നേതാക്കളും പ്രാധാന്യം നേടാന്‍ ഇടയുണ്ട്. ഇത് ഉദ്യോഗസ്ഥ മേധാവിത്വത്തിലേക്ക് നയിച്ചേക്കാമെന്ന് ലക്സംബര്‍ഗ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സ്വാതന്ത്ര്യം വിപ്ലവത്തിന്റെ അനിവാര്യതയാണ് എന്നവര്‍ വിശ്വസിച്ചു. ‘വ്യത്യസ്തമായി ചിന്തിക്കുന്നയാള്ക്കുള്ള സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യം’ എന്ന് റോസ പറയുന്നത് അതുകൊണ്ടാണ്.

Karl Marx
യഥാര്‍ത്ഥ സോഷ്യലിസ്റ്റ് ജനാധിപത്യത്തിന് തുറന്ന സംവാദം, വിയോജിപ്പ്, സ്വയം വിമര്‍ശനം എന്നിവ ആവശ്യമാണ്. അതിനു സംഘടന ജൈവികമായിട്ടാണ് വളരേണ്ടത്. പാര്‍ട്ടി സംഘടന ബഹുജന പ്രസ്ഥാനങ്ങളില്‍ നിന്നാണ് വളരേണ്ടത്, അവയ്ക്ക് മുകളില്ആധിപത്യം സ്ഥാപിക്കരുത്. അമിത കേന്ദ്രീകരണം വര്‍ഗസമരത്തിന്റെ ചലനാത്മകതയെ മരവിപ്പിക്കുന്നതാണ്. അതിനാല്‍, അധികാരം നേടിക്കഴിഞ്ഞാല്‍, തന്ത്രപരമായി ന്യായീകരിക്കപ്പെട്ടാല് പോലും, കര്‍ക്കശമായ കേന്ദ്രീകരണം സോഷ്യലിസ്റ്റ് ജനാധിപത്യത്തിന് ഘടനാപരമായി എതിരായി മാറുമെന്ന് ലക്സംബര്‍ഗ് പറഞ്ഞിരുന്നു. ഇന്നിപ്പോള്‍ ഈ ചര്‍ച്ചക്ക് വലിയ പ്രസക്തിയില്ല. മിക്കവാറും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉടച്ചുവാര്ക്കപ്പെടുന്നുണ്ട്. പല കേന്ദ്രീകരണ രീതികളും മാറുന്നുണ്ട്. എങ്കിലും ചരിത്രപരമായി വലിയ സാംഗത്യമാണ് ഈ സംവാദത്തിനുള്ളത്. പാര്‍ട്ടി ശക്തമാകാതെ വിപ്ലവങ്ങള്‍ നടക്കുമായിരുന്നോ? കേന്ദ്രീകൃത ജനാധിപത്യം ഇല്ലായിരുന്നെങ്കില്‍ വിപ്ലവങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടവ ആകുമായിരുന്നോ? ഈ കാര്യങ്ങളില്‍ മാര്‍ക്സിസ്റ്റ് വിശകലനങ്ങള്‍ കൂടുതല്‍ ആവശ്യമുണ്ട്. പുറമെ നിന്നുള്ള പ്രത്യയശാസ്ത്ര പ്രേരണയിലൂടെ വളരുന്ന വര്ഗബോധത്തെക്കുറിച്ച് ലെനിന് സംസാരിക്കുമ്പോള്‍ തൊഴിലാളി സമരങ്ങളിലൂടെ രൂപപ്പെടുന്ന വര്‍ഗബോധമെന്ന സങ്കല്‍പ്പമാണ് റോസ പകരം വെക്കുന്നത്. വാന്‍ഗാര്‍ഡ് ആകുന്ന പാര്‍ട്ടി വര്‍ഗത്തെ നയിക്കുന്നുഎന്ന ആശയത്തില്‍ ഊന്നി ലെനിന് തന്റെ നിലപാട് വിശദീകരിക്കുമ്പോള്‍ റോസ ബഹുജന സ്വയം പ്രവര്‍ത്തനം പാര്‍ട്ടിയെ നയിക്കുന്നതാണ് ഉത്തമം എന്ന് കരുതുന്നു. ജനാധിപത്യ കേന്ദ്രീകരണം വിപ്ലവ പാര്‍ട്ടിക്കുള്ള അടിസ്ഥാന സമീപനമായി ലെനിന് കണക്കാക്കുമ്പോള്‍ ജനാധിപത്യത്തെ ഒരു വിപ്ലവ മൂല്യമായി, അതിന്റെ മുന്‍ഉപാധിയായി, റോസ മനസ്സിലാക്കുന്നു. തൊഴിലാളി വര്‍ഗ സമരങ്ങളുടെ നൈസര്ഗികതക്കു മുകളില്‍ അച്ചടക്കം അനിവാര്യമാണ് എന്ന് ലെനിന് കരുതുമ്പോള്‍ നൈസര്ഗികതയുടെ ക്രിയാത്മക വശം അച്ചടക്കത്തിനും മുകളിലായി റോസ പ്രതിഷ്ഠിക്കുന്നു. ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൂടുതലും സ്വീകരിച്ചത് ലെനിനിസ്റ്റ് ചട്ടക്കൂടാണ് എന്നതിനാലും പുതിയ കാലഘട്ടത്തില്‍ ചില വിപ്ലവാനന്തര സമൂഹങ്ങളില്‍ ഒഴികെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടിയന്തിര വിപ്ലവശക്തികളായി നിലനില്ക്കുന്നില്ല എന്നതിനാലും ഇപ്പോള്‍ ഈ ചര്‍ച്ചയുടെ സാംഗത്യം പരിമിതമാണ്. ലെനിനും റോസയും പറയാന്‍ ശ്രമിച്ച കാര്യങ്ങളുടെ കൂടുതല്‍ വിശാലമായ സ്വാംശീകരണമാണ് കൂടുതല്‍ പ്രസക്തമാവുന്നത്, ഇരുവരേയും നേര്‍ക്കുനേര്‍ നിര്‍ത്തി വിചാരണ ചെയ്യുക എന്നതല്ല.
മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിലെ ഏറ്റവും സര്‍ഗാത്മകമായ സംവാദങ്ങളില്‍ ഒന്നായി വഌഡിമിര്‍ ഇലിച്ച് ലെനിനും റോസ ലക്സംബര്‍ഗും തമ്മിലുള്ള അഭിപ്രായഭിന്നത ഇന്നും നിലനില്ക്കുന്നു. റഷ്യന്‍, ചൈനീസ് വിപ്ലവങ്ങള്‍ മുതല്‍ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍, ലാറ്റിന്‍ അമേരിക്കന്‍ ഇടതുപക്ഷ ഗവണ്മെന്റുകള്, സമകാലിക ബഹുജന പ്രസ്ഥാനങ്ങള്‍ വരെയുള്ള വിപ്ലവകരവും വിപ്ലവാനന്തരവുമായ അനുഭവങ്ങളുടെ ഒരു നൂറ്റാണ്ടിലേറെ നീണ്ട അനുഭവങ്ങള്‍ക്ക് ശേഷം, രണ്ട് നിലപാടുകളില്‍നിന്നും കേവലമായ പിടിവാശികളിലേക്ക് വീഴാതെ പഠിക്കാന്‍ കഴിയുന്ന ഒരു നിര്‍ണായക സമന്വയത്തിന്റെ രൂപരേഖ ഇപ്പോള്‍ സാധ്യമാണ് എന്നാണ് ഞാന്‍ കരുതുന്നത്.
ലെനിനില്നിന്നു തുടങ്ങുന്ന സമകാലിക വിപ്ലവ ചരിത്രവും വര്‍ത്തമാനവും ചുരുള്‍നിവരുന്നത്, സാമ്രാജ്യത്വഭരണകൂട സംവിധാനങ്ങളുടെ ആധിപത്യം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആഗോളതലത്തിലുള്ള വിഘടനം, പ്രത്യയശാസ്ത്രപരമായ ബലഹീനതകള്‍ എന്നിവ നേരിട്ടുകൊണ്ടാണ് രാഷ്ട്രീയ സാഹചര്യത്തില്‍, സംഘടന, ഏകോപനം, തന്ത്രപരമായ നേതൃത്വം എന്നിവയുടെ ആവശ്യകത പൂര്‍ണ്ണമായും തള്ളിക്കളയാന്‍ കഴിയില്ല. 1917ലെ ബോള്ഷെവിക്കുകാലം മുതല്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ വരെയുള്ള വിജയകരമായ പ്രസ്ഥാനങ്ങള്‍ തെളിയിക്കുന്നത്, സ്വതഃസിദ്ധമായ കലാപം മാത്രം സ്ഥാപിതമായ അധികാരത്തെ തകര്‍ക്കാന്‍ അപൂര്‍വ്വമായി മാത്രമേ പര്യാപ്തമാകൂ എന്നാണ്. എന്നാല്‍, ലക്സംബര്‍ഗില്‍ നിന്നുള്ള ഉള്‍ക്കാഴ്ചയും പ്രധാനമാണ്. പാര്‍ട്ടിബോധം വര്ഗബോധത്തിന് പകരമെന്ന യാന്ത്രിക കാഴ്ചപ്പാടിലേക്ക് വിപ്ലവപ്രസ്ഥാനം നീങ്ങിയാല്‍ വിപ്ലവാനന്തര സമൂഹങ്ങളുടെ യഥാര്‍ഥമായ ജനാധിപത്യവല്‍ക്കരണം തടസ്സപ്പെടാന്‍ ഇടയുണ്ട് എന്നതും വസ്തുതയാണ്. പാര്‍ട്ടി വര്‍ഗത്തിനുവേണ്ടി നിലകൊള്ളുകയും നേതൃത്വം ബഹുജന ഏജന്‍സിയെ സ്ഥാനഭ്രഷ്ടമാക്കുകയും ചെയ്യപ്പെടാന്‍ ഇടയുണ്ടെന്ന സന്ദേഹമാണ് റോസയുടെ വിമര്‍ശനത്തിന്റെ കാതല്‍. പല സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ഉണ്ടായ വിപ്ലവാനന്തര ഉദ്യോഗസ്ഥവല്‍ക്കരണം അവരുടെ മുന്നറിയിപ്പിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. സംഘടന അനിവാര്യമാണ്, പക്ഷേ അത് വര്‍ഗസമരത്തിന്റെ നൈസര്‍ഗികതക്ക് പകരമാവുമോ എന്നാചോദ്യമാണ് ഈ ഘട്ടത്തില്‍ കൂടുതല്‍ ശക്തമായി ഉയര്‍ന്നു വരേണ്ടത്.

Raya Dunayevskaya
സാമ്പത്തികപ്പോരാട്ടത്തില്നിന്ന് വിപ്ലവബോധം യാന്ത്രികമായി ഉടലെടുക്കുന്നില്ലെന്ന ലെനിന്റെ വാദം പ്രത്യയശാസ്ത്രം, മാധ്യമങ്ങള്‍, ഉപഭോക്തൃ സംസ്കാരം എന്നിവയാല്‍ പൂരിതമായ ഒരു ലോകത്ത് ഭാഗികമായി സാധുവാണ്. രാഷ്ട്രീയ വിദ്യാഭ്യാസം, സിദ്ധാന്തം, എതിര്ആധിപത്യ ആഖ്യാനങ്ങള്‍ എന്നിവ തീര്‍ച്ചയായും പ്രധാനമാണ്. എങ്കിലും, സിദ്ധാന്തപരമായ സംവാദത്തിനപ്പുറം, ജീവിച്ചിരിക്കുന്ന കൂട്ടായ അനുഭവത്തിലൂടെയാണ് ബോധം സൃഷ്ടിക്കപ്പെടുന്നതും രൂപാന്തരപ്പെടുന്നതും എന്ന് ലക്സംബര്‍ഗ് ശരിയായി മനസ്സിലാക്കി. വിപ്ലവബോധം വൈരുദ്ധ്യാത്മകമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതാണ് എന്നത് ഇരുവരും അംഗീകരിക്കുന്ന സമീപനമാണ്. സിദ്ധാന്തം സമരത്തെ ആശയപരമായി ആയുധം അണിയിക്കുന്നു, പോരാട്ടം സിദ്ധാന്തത്തെ പുനര്‍നിര്‍മ്മിക്കുന്നു. ഇവിടെ ‘ബാഹ്യമായ കുത്തിവയ്പ്പോ’ ശുദ്ധമായ നൈസര്‍ഗികതയോ പര്യാപ്തമല്ല. ലെനിന് വിരുദ്ധയായ ഒരു റോസ ലക്സംബര്‍ഗിനെ നിരന്തരം പുന:സൃഷ്ടിക്കുന്ന രാഷ്ട്രീയ വ്യവഹാരം തീര്‍ച്ചയായും വരട്ടുവാദപരമാണ്. അതുപോലെ, റോസയെ അക്ഷരാര്‍ത്ഥത്തില്‍ പിന്തുടര്ന്നിരുന്നെങ്കില് വിപ്ലവലോകം മറ്റൊന്നായേനെ എന്ന് കരുതുന്നതും ചരിത്രശൂന്യമായ ഒരു വാദമായാണ് അനുഭവപ്പെടുന്നത്. അത്ര നിസ്സാരമായ പ്രതിസന്ധികളല്ല ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇരുപതാം നൂറ്റാണ്ടില്‍ നേരിട്ടിരുന്നത്.
രൂക്ഷമായ ഏറ്റുമുട്ടലുകളുടെയും ഭരണകൂടത്തകര്ച്ചയുടെയും സന്ദര്‍ഭങ്ങളില്‍ കേന്ദ്രീകരണത്തിന് ലെനിനിസ്റ്റ് ഊന്നല്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്. പക്ഷെ പാര്ട്ടിരാഷ്ട്രങ്ങളുടെ ദീര്‍ഘകാല അനുഭവം, വിപ്ലവാനന്തര പാര്ടിഘടനയില് ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് നിരവധി ഉള്‍കാഴ്ചകള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ പലതും റോസയുടെ നിലപാടുകള്‍ക്ക് സമാനമാണ്. അമിതകേന്ദ്രീകരണം എങ്ങനെയാണ് സ്വേച്ഛാധിപത്യത്തിലേക്ക് മാറുന്നതെന്ന് പലപ്പോഴും നാം കണ്ടിട്ടുണ്ട്. സ്വാതന്ത്ര്യം, വിയോജിപ്പ്, ആഭ്യന്തര ജനാധിപത്യം എന്നിവയെക്കുറിച്ചുള്ള ലക്സംബര്‍ഗിന്റെ നിര്‍ബന്ധങ്ങള്‍ ഈ പരാജയങ്ങളെ ശ്രദ്ധേയമായ വ്യക്തതയോടെ മുന്‍കൂട്ടി കണ്ടു എന്നതിനാല്‍ പാര്‍ട്ടി ഘടനയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവുക എന്നത് അനിവാര്യമാണ് എന്ന നിലപാടിലേക്ക് പല പാര്‍ട്ടികളെയും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെയും എത്തിക്കുന്നുണ്ട്.
കേന്ദ്രീകരണം ഒരു ശാശ്വത മൂല്യമല്ല. അത് സാഹചര്യാധിഷ്ഠിതവും സംവാദബദ്ധവുമായിരിക്കണം എന്നതാണ് പ്രധാനം. വിപ്ലവകരമായ സമ്മര്‍ദ്ദത്തിന് കീഴില്‍ പോലും ജനാധിപത്യ നടപടിക്രമങ്ങള്‍, വിയോജിപ്പ്, ബഹുസ്വരത എന്നിവ ഘടനാപരമായി സംരക്ഷിക്കപ്പെടണം.
ലോക വിപ്ലവപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ വിരുദ്ധാനുഭവങ്ങളില്നിന്ന് പലതും പഠിക്കാനുണ്ട്. ജനകീയ പ്രസ്ഥാനങ്ങളില്‍ നിന്ന് വേര്‍പെട്ട പാര്‍ട്ടികള്‍ ഉദ്യോഗസ്ഥതലത്തിലേക്ക് ചുരുങ്ങുകയും, എന്നാല്‍ സംഘടനാപരമായ തുടര്‍ച്ചയില്ലാത്ത പ്രസ്ഥാനങ്ങള്‍ പലപ്പോഴും ഇല്ലാതാകുകയും ചെയ്യുന്നുവെന്ന് ചരിത്രാനുഭവങ്ങള്‍ കാണിക്കുന്നു. ഇത് അവഗണിക്കാന്‍ കഴിയുന്ന അനുഭവചരിത്രമല്ല. ലെനിന് പാര്‍ട്ടിക്ക് പ്രത്യേക പരിഗണന നല്കി; ലക്സംബര്‍ഗ് ബഹുജന പ്രസ്ഥാനത്തിന് പ്രത്യേക പരിഗണന നല്കി. ഈ രണ്ട് സമീപനങ്ങളും കയ്യൊഴിയുന്നതു രണ്ടു വ്യത്യസ്ത രീതികളില്‍ നിഷേധാത്മകമാവുന്നു എന്നത് നല്കുന്ന സൈദ്ധാന്തിക പാഠം പ്രധാനമാണ്. ഒരു നൂറ്റാണ്ടിന്റെ വിപ്ലവാനുഭവം സൂചിപ്പിക്കുന്നത്, സംഘടനയുടെയും തന്ത്രത്തിന്റെയും ആവശ്യകതയെക്കുറിച്ച് ലെനിന് പറഞ്ഞത് ശരിയാണെന്നാണ്. അതേസമയം ജനാധിപത്യം, സ്വാതന്ത്ര്യം, ബഹുജന സര്‍ഗാത്മകത എന്നിവയെക്കുറിച്ച് ലക്സംബര്‍ഗ് പറഞ്ഞത് തള്ളിക്കളയുന്നത് പാര്‍ട്ടിയെ ഒരു വരേണ്യനേതൃത്വത്തിന്റെ അധികാരോപകരണം മാത്രമായി അധ:പതിപ്പിക്കും. സംഘടിതവും എന്നാല്‍ സ്വേച്ഛാധിപത്യപരമല്ലാത്തതും, അച്ചടക്കമുള്ളതും എന്നാല്‍ ഉദ്യോഗസ്ഥവൃന്ദമില്ലാത്തതും, സൈദ്ധാന്തികമായി കര്ശനമായതും എന്നാല്‍ ബഹുജന സര്‍ഗാത്മകതയ്ക്ക് വഴിതുറക്കുന്നതും, പാര്‍ട്ടിക്കെതിരെയുള്ള വിട്ടുവീഴ്ചയായിട്ടല്ല, മറിച്ച് ജനാധിപത്യപരമായ ഒരു വിപ്ലവ രാഷ്ട്രീയത്തിന്റെ അടിത്തറയായി വേണം കാണേണ്ടത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെ പുനര്‍വിചിന്തനം ചെയ്യുന്നതിനുള്ള പാതകളില്‍ ഒന്ന് അത്തരമൊരു സമന്വയം വാഗ്ദാനം ചെയ്യുന്നു മുന്നണി സിദ്ധാന്തത്തിനും പ്രസ്ഥാനവാദ റൊമാന്റിസിസത്തിനും അപ്പുറം.

Karl Kautsky
മാര്‍ക്സിസത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയയായ വ്യക്തിത്വങ്ങളില്‍ ഒരാളായി റോസ ലക്സംബര്‍ഗ് നിലകൊള്ളുന്നു. അവര്‍ വിപ്ലവപ്രയോഗം, രാഷ്ട്രീയ സമ്പദ്വ്യവസ്ഥ, ദാര്‍ശനിക പ്രതിഫലനം എന്നിവ ഏകീകരിച്ച അസാമാന്യമായ വിശകലനങ്ങള്‍ ഉയര്‍ത്തിയത് യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ് സമീപനത്തിലൂടെയാണ്. വിപ്ലവകാരിയും രക്തസാക്ഷിയുമായ അവരുടെ ജീവിതവും മരണവും വിമോചനത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ്. ബഹുജന പങ്കാളിത്തം, ജനാധിപത്യ പോരാട്ടം, വിപ്ലവബോധം എന്നിവയിലൂടെ മാത്രമേ സോഷ്യലിസം സാക്ഷാത്കരിക്കാന്‍ കഴിയൂ എന്ന് കടുപ്പിച്ചുകൊണ്ട് ലക്സംബര്‍ഗ് അവസരവാദത്തെയും സ്വേച്ഛാധിപത്യത്തെയും ഒരുപോലെ നിരാകരിച്ചു. 1919ലെ ജര്‍മ്മന്‍ വിപ്ലവത്തിനിടെ അവരുടെ കൊലപാതകം ഒരു വ്യക്തിയുടെ നിശബ്ദത മാത്രമായിരുന്നില്ല ലക്ഷ്യംവച്ചത്, മറിച്ച് സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ സോഷ്യലിസത്തിന്റെ സമൂലമായ ബദല്‍ ദര്‍ശനത്തെ ഇല്ലാതാക്കാനുള്ള അക്രമാസക്തമായ ശ്രമമായിരുന്നു.
രണ്ട് കാര്യങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്: ഒരു രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞയെന്ന നിലയില്‍, മാര്‍ക്സിന്റെ മൂലധനസഞ്ചയത്തെക്കുറിച്ചുള്ള വിശകലനം അതിന്റെ ചരിത്രപരമായ ചട്ടക്കൂടിനപ്പുറം വികസിപ്പിച്ചുകൊണ്ട് ലക്സംബര്‍ഗ് നിര്‍ണായകമായ ഒരു സൈദ്ധാന്തിക ഇടപെടല്‍ നടത്തിയിട്ടുണ്ട്. മൂലധനസഞ്ചയത്തില്‍, മുതലാളിത്തത്തിന്റെ നിലനില്‍പ്പ് കൊളോണിയലിസം, സാമ്രാജ്യത്വം, വ്യവസ്ഥാപരമായ അക്രമം എന്നിവയിലൂടെ മുതലാളിത്തമല്ലാത്ത ഇടങ്ങളിലേക്ക് തുടര്‍ച്ചയായി കടന്നുകയറുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് അവര്‍ തെളിയിച്ചു. ആദിമസഞ്ചയത്തെ ഒരു പൂര്‍ത്തീകരിച്ച ചരിത്രഘട്ടമായിട്ടല്ല, മറിച്ച് ഒരു തുടര്‍ച്ചയായ ഘടനാപരമായ മുതലാളിത്ത അനിവാര്യതയായി കണക്കാക്കിക്കൊണ്ട്, സമകാലിക ആഗോളവല്‍ക്കരണം, സൈനികവല്‍ക്കരിക്കപ്പെട്ട വിപണികള്‍, എക്സ്ട്രാക്റ്റീവ് സമ്പദ്വ്യവസ്ഥകള് എന്നിവ മനസ്സിലാക്കുന്നതിനുള്ള ശ്രദ്ധേയമായ, പ്രസക്തമായ ഒരു വിചാരമാതൃക അവര്‍ മുന്നോട്ടുവച്ചു.
രണ്ട്, ഒരു രാഷ്ട്രീയചിന്തകയെന്നനിലയില്, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം, നൈതികത എന്നിവയെ യാന്ത്രികമായി വേര്‍തിരിക്കാനുള്ള വിസമ്മതത്തിലൂടെ ലക്സംബര്‍ഗിന്റെ മാര്‍ക്സിസ്റ്റ് സമീപനത്തിന്റെ മൗലികത കൂടുതല്‍ സുവ്യക്തമാക്കി. ദേശീയത, സാമ്രാജ്യത്വം, ഉദ്യോഗസ്ഥ സോഷ്യലിസം, കര്‍ക്കശമായ കേന്ദ്രീകൃത പാര്‍ട്ടി സംഘടന, ചില ലെനിനിസ്റ്റ് സമീപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവരുടെ വിമര്‍ശനങ്ങള്‍ മനുഷ്യന്റെ സര്‍ഗാത്മകതയിലും വിപ്ലവകരമായ സ്വയം പ്രവര്‍ത്തനത്തിലുമുള്ള അഗാധമായ വിശ്വാസത്താല്‍ പ്രചോദിതമായിരുന്നു. ‘സ്വാതന്ത്ര്യം എപ്പോഴും വ്യത്യസ്തമായി ചിന്തിക്കുന്നവരുടെ സ്വാതന്ത്ര്യമാണ്’ എന്ന അവരുടെ നിര്‍ബന്ധം റാഡിക്കല്‍ രാഷ്ട്രീയത്തിനുള്ളിലെ ജനാധിപത്യ വിപ്ലവാത്മകതക്കുവേണ്ടിയുള്ള ശക്തമായ നിലപാടായിരുന്നു.
Rudolf Hilferding
ഏറെക്കാലം ട്രോട്സ്കിയുടെ സെക്രട്ടറിയും പ്രമുഖ മാര്‍ക്സിയന്‍ ഫെമിനിസ്റ്റ് ചിന്തകയുമായിരുന്ന റായ ദുനയേവ്സ്കായയുടെ (Raya Dunayevskaya ) പുസ്തകം Rosa Luxemburg, Women’s Liberation, and Marx’s Philosophy of Revolution (1982) ലക്സംബര്‍ഗിന്റെ ആശയങ്ങള്‍ ഫെമിനിസ്റ്റ് കാഴ്ചപ്പാടില്‍ നോക്കിക്കാണുന്ന കൃതിയാണ്. റോസാ ലക്സംബര്ഗിനെക്കുറിച്ചുള്ള വിശദമായ പഠനത്തിലൂടെ മാര്‍ക്സിസവും ഫെമിനിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സുവ്യക്തമായ ചില ധാരണകള്‍ വിശദീകരിക്കുകയും ഉപരിചിന്തകള് ആവിഷ്കരിക്കുകയും ചെയ്യാനാണ് റായ ശ്രമിച്ചിട്ടുള്ളത്. പുസ്തകത്തിന്റെ ഒന്നാംഭാഗത്ത് ലക്സംബര്‍ഗ് എന്ന സൈദ്ധാന്തികയെയും ആക്ടിവിസ്റ്റിനെയും അന്താരാഷ്ട്രവാദിയേയും പരിചയപ്പെടുത്തുന്നു. മൂലധനം, ദേശീയ പ്രശ്നം, സാമ്രാജ്യത്വം, വിപ്ലവത്തിന്റെ വൈരുധ്യാത്മകത, പാര്‍ടി സംഘടനാ രൂപം തുടങ്ങിയ കാര്യങ്ങളില്‍ റോസ സ്വീകരിച്ച ലെനിനിസ്റ്റ് വിരുദ്ധമായ നിലപാടുകള്‍ റായ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. രണ്ടാംഭാഗത്ത് സ്ത്രീവിമോചനപ്രസ്ഥാനവും റോസയുടെ ചിന്തകളും തമ്മിലുള്ള ബന്ധം അപഗ്രഥിക്കുന്നു. മാര്‍ക്സിസത്തെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ റോസ വഹിച്ച പങ്കിനെ രാഷ്ട്രീയമായി മനസ്സിലാക്കാനാണ് ഇവിടെ റായ ശ്രമിക്കുന്നത്. മൂന്നാംഭാഗത്ത് മാര്‍ക്സിന്റെ അപ്രകാശിത കയ്യെഴുത്ത് പ്രതികള്‍ ലഭ്യമായതോടെ ഉണ്ടായ വിശകല തിനായി അവര്‍ രീതിശാസ്ത്രജ്ഞാനശാസ്ത്ര സമീപനത്തില്‍ കൊണ്ടുവന്ന നൂതനത്വവുമാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്.
ആത്യന്തിക വിശകലനത്തില്‍, സിദ്ധാന്തവും പ്രയോഗവും, രാഷ്ട്രീയ സമ്പദ്ശാസ്ത്രവും പ്രത്യയശാസ്ത്രവും, വിപ്ലവവും ജനാധിപത്യവുമൊക്കെ തമ്മിലുള്ള തെറ്റായ വേര്‍തിരിവുകള്‍ നിരസിച്ച ഒരു ചിന്തകയുടെ ധൈഷണിക പാരമ്പര്യമാണ് റോസ ലക്സംബര്‍ഗിന്റേത്. ചരിത്രപരമായ അമൂല്യ പാണ്ഡിത്യമെന്നനിലയില് മാത്രമല്ല, മുതലാളിത്തം, സാമ്രാജ്യത്വം, ആധുനികലോകത്തിലെ മനുഷ്യവിമോചനത്തിന്റെ സാധ്യതകള്‍ എന്നിവ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ഒരു ജീവസ്സുറ്റ ബൗദ്ധികസ്രോതസ്സാണ് റോസ ലക്സംബര്‍ഗിന്റെ ജീവിതവും രചനകളും. വിശേഷിച്ചും ലോകമാര്ക്സിസം പ്രായോഗിക തലത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍.

No Comments yet!