Skip to main content

ഈ വ്യഥിതപോരാളിയോടൊപ്പം നില്‍ക്കുക

‘എന്റെ കുട്ടിയെ ആരാണ് മഴയത്തു നിര്‍ത്തിയത്?’ കേരളീയ മനസ്സാക്ഷിയെ വേട്ടയാടിയ ഈ ചോദ്യം ഇന്നും അന്തരീക്ഷത്തില്‍ തന്നെയുണ്ട്. മകന്റെ മൃതശരീരം കൂടി കാണാനാവാതെ വര്‍ഷങ്ങളോളം ഉഴറി നടന്ന ആ മനുഷ്യന്‍ ഇന്നില്ല. ‘എന്റെ കുട്ടിയെ ആരാണ് ചാലിയാര്‍ പുഴയുടെ തണുപ്പില്‍ അര്‍ദ്ധനഗ്‌നയായി കിടക്കാന്‍ വിട്ടത്’ എന്ന തേങ്ങലുമായി നമുക്കിടയില്‍ ജീവസ്സോടെ നില്‍ക്കുന്നത് ഒരച്ഛനോ അമ്മയോ അല്ല. അവരൊക്കെ ആ മരണമേല്‍പ്പിച്ച ആഘാതത്തില്‍ ഭയചകിതരോ മൗനികളോ ആയപ്പോള്‍ ഇരുപത്തഞ്ചു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയാണ് വാത്സല്യത്തിന്റെയും തീരാനഷ്ടത്തിന്റെയും വൃഥയുമായി ഈ ചോദ്യമുയര്‍ത്തി നമുക്കിടയില്‍ ഓടിപ്പാഞ്ഞു നടക്കുന്നത്. നമ്മുടെ അപരപ്രിയത്തിന്റെ വ്യാജ മുഖംമൂടികളില്‍ നഖം കൊണ്ടു പോറലേല്‍പ്പിക്കുന്നത്! ‘ചാലിയാര്‍ പെണ്‍കുട്ടി’ യുടെ മൂത്ത സഹോദരിയായ ഇവള്‍ തന്റെ ഭാവി സ്വപ്‌നങ്ങളും യൗവന വര്‍ണങ്ങളും രണ്ടു വര്‍ഷമായി നിശ്ചയ ദാര്‍ഢൃത്തോടെ മാറ്റിവെച്ച് അകാലത്തില്‍ തല്ലിക്കെടുത്തപ്പെട്ട പൊന്നനിയത്തിയുടെ സ്വപ്‌നങ്ങളുടെ പുറകെ അലയുകയാണ്. അവള്‍ക്കറിയണം, ആര്, എന്തിന് ആ പതിനേഴുകാരി അനിയത്തിക്കുട്ടിയെ ഇല്ലാതാക്കിയെന്ന് !

എന്താണ് പുരുഷന്‍മാരിങ്ങനെ, ലോകമിങ്ങനെ എന്നുപോലും ചിന്തിക്കാനാവാത്ത കാലമാണിത്. എപ്സ്റ്റീന്‍ഫയലുകള്‍ പുറത്തു വന്നപ്പോള്‍ സ്വന്തം കുഞ്ഞനിയത്തിയെ എപ്സ്റ്റീന്‍ റാക്കറ്റിന് എറിഞ്ഞു കൊടുത്ത് യുനൈറ്റഡ് നേഷന്‍സില്‍ സ്ത്രീകളുടെ നന്‍മയ്ക്കായി നിലനില്‍ക്കുന്ന വിഭാഗത്തില്‍ ജോലി സമ്പാദിച്ച അറബ് വംശജയെപ്പറ്റി നമ്മള്‍ വായിച്ചറിയുകയാണല്ലോ! ആണധികാര വിപണിത്തെരുവിലെ ഉപഭോക്താക്കളായി സ്ത്രീകളുള്‍പ്പെടെ മനസ്സറപ്പില്ലാതെ, ഞാന്‍ ഞാനെന്ന മട്ടില്‍ മുന്നോട്ടുവരികയാണ്. എനിക്കും കിട്ടണം പണം,അധികാരം, അന്യരെ അസൂയപ്പെടുത്തുന്ന സ്ഥാനമാനങ്ങള്‍! അന്താരാഷ്ട്രമര്യാദകളുടെയും ആധുനിക ലോകധാര്‍മ്മികതയുടെയും കാവല്‍ക്കാര്‍ എന്നു കരുതപ്പെടുന്ന യുനൈറ്റഡ് നേഷന്‍സ് എന്ന അന്താരാഷ്ട്ര ബോഡിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന പത്തോളം പേര്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തു വന്നതോടെ സംശയനിഴലിലാണ്. മറ്റെന്തു പറയാന്‍!

❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്
Google Pay / UPI
9400058466
Maruvakku Monthly A/C
A/C: 38213106039
IFSC: SBIN0070576
Puthiyara, Kozhikode

🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

സെക്‌സിനെ ഒരു ബയോളജിക്കല്‍ ആവശ്യമായി പരസ്പരസമ്മതത്തോടെ നടത്താവുന്ന കര്‍മ്മം എന്ന നിലയിലോ സ്ത്രീ പുരുഷപ്രണയത്തിന്റെ ഉജ്ജ്വലമായ പൂര്‍ത്തികരണം എന്ന നിലയിലോ നിരുപദ്രവമായി കരുതിയിരുന്ന കാലം അസ്തമിച്ചുവോ? കൗമാര കൗതുകമായോ നിഗൂഢമായ ആഹ്ലാദമായോ ലൈംഗികതയെ ഒളിപ്പിച്ചു വെച്ചിരുന്ന കാലവും കഴിഞ്ഞു കാണണം. ലൈംഗികത പിന്നെപ്പിന്നെ, ആഘോഷമായി. കമ്പോളത്തിമര്‍പ്പായി. പിന്നെയും ചെന്നപ്പോള്‍ സെക്‌സ് കാഴ്ചവസ്തുവായി. പുരുഷനും പണമുണ്ടാക്കാനുള്ള മാര്‍ഗമായി. പഴയ കൂട്ടിക്കൊടുപ്പുകാരന്റെ ചില്ലറ സമ്പാദൃത്തില്‍ നിന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാനാവുന്ന ഓണ്‍ലൈന്‍ പോണ്‍ ബിസിനസായി. പങ്കാളി വെറും ഇര മാത്രമായി. ഇഷ്ടമില്ലാത്ത തുടര്‍ ലൈംഗികതക്കുള്ള ടൂള്‍ മാത്രമായി വീഡിയോ ചെയ്യപ്പെട്ട അവളുടെ ശരീരത്തിന്റെ ജൈവികത.

ഇന്ന് ആത്മീയ കച്ചവടകേന്ദ്രങ്ങളില്‍ ഭക്തിലഹരിയിലെത്തിപ്പെടുന്നവരും അല്ലാത്തവരുമായ പെണ്‍കുട്ടികള്‍ നിഗൂഢമാംവിധം ചൂഷണത്തിനിരകളാവുന്നുണ്ട്. തുറന്നു പറച്ചിലുകള്‍ക്ക് മുതിരുമെന്നു ഭയന്നോ ലൈംഗിക ക്രൂരതകള്‍ക്കടിപ്പെട്ടതിന്റെ ഫലമായോ ഈ ഭൂമിയില്‍ നിന്നു തന്നെ അപ്രതൃക്ഷരാക്കപ്പെടുന്നവരുടെ കഥകളും ധാരാളം.

വീട്ടകങ്ങളുടെ ഇരുളില്‍ നിന്നു രക്ഷപ്പെട്ട്, വിദ്യാഭൃാസത്തിനും കലാപരിശീലനങ്ങള്‍ക്കും, സ്‌പോര്‍ട്ട്‌സിനും പെണ്‍കുട്ടികള്‍ക്ക് പ്രത്യക്ഷത ലഭിച്ചു തുടങ്ങിയതോടെ ചൂഷകര്‍ ഗുരു പരിവേഷങ്ങളോടെ അവതാരമെടുക്കാന്‍ തുടങ്ങി. കരാട്ടേ മാഷിന് അനുജത്തിക്കുട്ടി ഉള്‍പ്പെടെയുള്ള കരാട്ടേ വിദ്യാര്‍ത്ഥിനികളുടെ മനസ്സിലും ഗുരുപരിവേഷമാണ്, ആദ്യഘട്ടത്തിലെങ്കിലും ഉണ്ടാകാറത്രെ! മാനസികമായ അത്തരം വിധേയത്വം ഉണ്ടാക്കിയെടുത്ത് പരിശീലനത്തിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് പതുക്കെപ്പതുക്കെ അവരെ ലൈംഗികതയിലേയ്ക്കടുപ്പിക്കുക എന്ന തന്ത്രം! അതിരുവിടുമ്പോള്‍ ചിലര്‍ക്കൊക്കെ സംശയങ്ങള്‍, പരസ്പരം മന്ത്രിക്കല്‍.. ചാലിയാര്‍ പെണ്‍കുട്ടി (സങ്കടകരമായ പ്രയോഗമെങ്കിലും അങ്ങനെയല്ലാതെ നിവൃത്തിയില്ലല്ലോ ഇപ്പോള്‍) ബുദ്ധിമതിയും ആത്മ ബോധമുള്ളവളുമായിരുന്നതിനാല്‍ പ്രതികരിച്ചു. തന്നെ മനസ്സിലാക്കുന്ന സഹോദരിയുള്‍പ്പെടെയുളള വീട്ടുകാരോട് സത്യം തുറന്നുപറഞ്ഞു. അതിന്റെ പ്രതിഫലനം കരാട്ടേ മാഷില്‍ മാത്രമല്ല സഹപഠിതാക്കളിലുമുണ്ടായി. പല പെണ്‍കുട്ടികളില്‍ നിന്നും തുറന്നു പറച്ചിലുകളുണ്ടായി. പതുക്കെപ്പതുക്കെ പുറത്തേക്ക് രഹസ്യങ്ങള്‍ അരിച്ചിറങ്ങാന്‍ തുടങ്ങി. സമുദായത്തിലും പ്രാദേശിക മതസ്ഥാപനത്തിലും, സമ്പാദ്യത്തിന്റെ പങ്കു പററുന്നതു കൊണ്ടാവാം, വലിയ സ്വാധീനമുള്ളയാളായിരുന്നു വിദ്ദീഖ് അലി എന്ന ഈ കരാട്ടേ പരിശീലകന്‍ എന്നും കേട്ടു. നിജസ്ഥിതി ഉറപ്പില്ലെങ്കിലും അതൊരു സ്വാഭാവികതയാണല്ലോ ഇക്കാലത്ത്. പീഡകന് ആള്‍ബലം കൂട്ടുന്നു ഇത്. ആരോപണങ്ങള്‍ ചെറുക്കേണ്ടത് പലരുടെയും ആവശ്യമായിത്തീരുന്നു.

സ്ഥാപനത്തിലെ ദുരൂഹതകളും ലൈംഗിക ചൂഷണങ്ങളുമുള്‍പ്പെടുത്തി പതിനാലു പേജുളള പരാതി പീഡിതയായ പെണ്‍കുട്ടി തന്നെ എഴുതിയുണ്ടാക്കി പോലീസില്‍ സമര്‍പ്പിച്ചിരുന്നു. പക്ഷേ എഫ്.ഐ.ആര്‍. ഇടുന്നതിന്റെ തൊട്ടുമുമ്പായിരുന്നു അവളുടെ തിരോധാനവും രണ്ടു മണിക്കൂറുകള്‍ക്കുള്ളിലെ പുഴക്കടവിലെ ജീവനറ്റ കിടപ്പും. അര്‍ദ്ധനഗ്‌നയായി.. എന്നാല്‍ കാലിലെ ചെരുപ്പുമാത്രം ഊരിപ്പോകാത്തനിലയില്‍.. മുങ്ങി മരിച്ച് ഒഴുക്കില്‍പ്പെട്ടു വന്നടിഞ്ഞതെന്നു കരുതാനാവാത്ത വിധം തെളിവുകളേറെ അവശേഷിപ്പിച്ച് …. അവളുടെ സഹോദരിയ്ക്കുറപ്പാണ്. നാട്ടുകാരിലേറെപ്പേര്‍ക്കും. അവള്‍ സ്വയം മരണം വരിച്ചതല്ല. ആരോ അവളെ ഇല്ലാതാക്കിയതാണ്… ആരാണവര്‍? ആര്‍ക്കാണ് അവള്‍ ജീവിച്ചിരിക്കുന്നത് ഭീഷണിയാവുന്നത്?കുറ്റാന്വേഷണവകുപ്പ് കണ്ടെത്തേണ്ടതാണ് അത്? പോക്‌സോ കേസ് ചുമത്തി സിദ്ദീഖ് അലിയെ ജയിലിലേക്കയച്ചിട്ടുണ്ട്. പക്ഷേ മരണം ആത്മഹത്യയായി പോലീസ് എഫ് ഐ.ആറില്‍ ! അങ്ങനെ മാത്രം ആയിരിക്കാന്‍ ആരൊക്കെയോ സമ്മര്‍ദ്ദം ചെലുത്തിയോ? സഹോദരിയുടെ സംശയം അതാണ്. പൊതു സമൂഹത്തിന്റെയും.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍ശരീരം തേടിയുളള പുരുഷയാത്രയുടെ പ്രധാനഘട്ടം എച്ച് ഐ വി വ്യാപന ഭീതിയുടെ ഘട്ടമായിരുന്നിരിക്കണം. (പീഡോഫീലിയക്കാര്‍ മനോഘടനാ വൈകല്യമായി ഇത്തിരിക്കുഞ്ഞുങ്ങളെ എന്നുമെപ്പോഴും തേടിപ്പോ യിരുന്നുവെങ്കിലും). ഇന്ന്, പരിധിവിട്ട ആഘോഷപരതയുടെ പുതുകാലത്ത്, ഇളം ശരീരങ്ങളില്‍ മാംസഭക്ഷണക്കൊതിക്കു സമാനമായ ആവേശത്തോടെ അവര്‍ കടന്നുകയറുകയാണ്. ഇവിടെ പങ്കാളി അതീവ ദുര്‍ബല, ലൈംഗികകാര്യങ്ങളില്‍ ഒരു പക്ഷേ തീര്‍ത്തും നിരക്ഷര . പരിചയമുള്ള ‘മാമ’ന്റെ സ്‌നേഹലാളനകളായി ലൈംഗികാസക്തിയെ കരുതാന്‍ മാത്രം നിഷ്‌കളങ്ക . പ്രതിരോധിച്ചാല്‍ ആക്രമണത്തിന്റെ കീഴടക്കലിന്റെ ആംഘാഷപരതയുടെ ആനന്ദത്തോടെ മാംസഭക്ഷണവിരുന്നാഘോഷിക്കുന്നവരായി അവര്‍ മാറുന്നു. ഇരയെ മുറിവേല്‍പ്പിക്കല്‍ പോലും ആഹ്ലാദമാവുന്നു.

വ്യക്തികളുടെ ആഘോഷപരതയ്ക്കും, സാമ്പത്തിക ലാഭത്തിനുമപ്പുറം അന്താരാഷ്ട്ര തലത്തില്‍, രാജ്യാന്തരബന്ധങ്ങളെ സ്വാധീനിക്കും വിധം സെക്‌സ് റാക്കറ്റിന്റെ അതിഭീതിത ശൃംഖല വ്യാപിച്ചു കിടക്കുന്നു എന്നു ഞെട്ടലോടെ നമ്മളിന്നറിയുന്നു. വംശീയ ഉന്‍മൂലനങ്ങള്‍, യുദ്ധങ്ങള്‍, ജൈവായുധ നിര്‍മ്മാണ ഗവേഷണങ്ങള്‍, മരുന്നുകള്‍, വാക്‌സിന്‍ നിര്‍മ്മാണം എന്നിവയിലൊക്കെ സെക്‌സിന്റെ കറുത്ത കൈകള്‍ പ്രവര്‍ത്തിക്കുന്നുവത്രെ. എപ്സ്റ്റീന്‍ഫയലുകളിലൂടെ പുറത്തുവന്ന സത്യങ്ങള്‍ പലതില്‍ ചിലതു മാത്രം എന്നും കേള്‍ക്കുന്നു. ഉന്നതര്‍ക്കും ഭരണാധികാരികള്‍ക്കും ലൈംഗികാഘോഷങ്ങള്‍ക്കായി കരീബിയന്‍ കടലില്‍ ചെറുതും വലുതുമായ ദ്വീപുകള്‍, അവിടേയ്ക്ക് കടത്തപ്പെടുന്ന കിളുന്തു പെണ്‍കുട്ടികള്‍, പീഡനാഹ്ലാദങ്ങള്‍, കൊലകള്‍, മനുഷ്യമാംസഭക്ഷണ വിരുന്നുകള്‍!

ഭരണാധികാരികള്‍, നയതന്ത്രജ്ഞര്‍, മരുന്നു വ്യവസായികള്‍, അതിസമ്പന്നര്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെ , ഈ ആസംബരദ്വീപുകളിലേക്കും ആകാശനൗകകളിലേയ്ക്കും എത്തിപ്പെടുന്നു. ഡീലുകള്‍ ഉറപ്പിക്കപ്പെടുന്നു.വേണ്ടിവന്നാല്‍ ബ്ലാക് മെയിലിംഗ് തന്ത്രം പ്രയോഗിക്കാന്‍ എല്ലാ കാമകേളികളും റെകോഡ് ചെയ്യപ്പെടുന്നു…ടി.ഡി.രാമകൃഷ്ണന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ എന്ന നോവലിലൂടെ പറഞ്ഞു വെച്ച ഉറക്കം കെടുത്തുന്ന ഭീകരതകളൊന്നും ഭാവനയായിരുന്നില്ല എന്നറിയുമ്പോള്‍ ഞെട്ടുന്നു, വിറങ്ങലിച്ചു പോവുന്നു!

ജെഫ്രി എപ്സ്റ്റീന്റെ പീഡോഫീലിക് ഐലന്റുകളെപ്പറ്റി ആദൃമായി പുറംലോകത്തെ അറിയിച്ചതും ധീരയായ ഒരു ചെറുപ്പക്കാരിയായിരുന്നു. അവള്‍,വിര്‍ജീനിയ ഗിഫ്‌റെ, പതിനാലാം വയസ്സില്‍ വീടുവിട്ടിറങ്ങിയവളാണ്. കലുഷിതമായ കുടുംബാന്തരീക്ഷമാണ് അവളെ അതിനു പ്രേരിപിച്ചത്. ആദ്യം ഒരു മനഷ്യക്കടത്തുകാരന്റെ ചതിക്കുഴിയില്‍ വീണുവെങ്കിലും രക്ഷപ്പെട്ട് തന്റെ പിതാവിന്റെ സംരക്ഷണയില്‍ തിരിച്ചെത്തി, അയാളുടെ സഹായത്തോടെ ജോലി സമ്പാദിക്കുന്നു. അതു എവിടെയായിരുന്നു എന്നതും പ്രധാനം. ഇന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടു സ്ഥാനത്തിരുന്ന് ലോകനാശത്തിനു ചുക്കാന്‍ പിടിക്കുന്ന ട്രംപിന്റെ ഫ്‌ലോറിഡയിലെ റിസോര്‍ട്ടില്‍ ! സ്പാ അറ്റന്ററായി. അവിടെ വെച്ച് അവളെ കണ്ടെത്തുന്നതും കൂടുതല്‍ നല്ല ജോലിക്കും ജീവിതത്തിനുമായി പ്രലോഭനം കൊടുത്ത് കൂട്ടിക്കൊണ്ടുപോവുന്നതും എപ്സ്റ്റീന്‍ എന്ന വമ്പന്‍ ലൈംഗിക കുററവാളിയുടെ പങ്കാളി ഗിസ് ലെയിന്‍ മാക് വെല്‍. അങ്ങനെ അവള്‍ എപ്സ്റ്റീന്റെ പാമ ബീച്ചിലെ വസതിയില്‍, പിന്നെ വമ്പന്‍മാരുടെ വസതികളിലേക്ക്, അവസാനം പാപങ്ങളുടെ ദ്വീപിലേയ്ക്ക് ! വര്‍ഷങ്ങള്‍ നീണ്ട മഹാപീഡകള്‍ക്കും ലൈംഗിക അടിമത്തത്തിനും ശേഷം അവള്‍ രക്ഷപ്പെടുന്നു. പതുക്കെ സാധാരണക്കാരിയുടെ ജീവിതം കെട്ടിപ്പടുത്തു തുടങ്ങുന്നു. ഭര്‍ത്താവും കുഞ്ഞുങ്ങളുമുണ്ടാവുന്നു. പക്ഷേ അവള്‍ക്ക് അടങ്ങിയിരിക്കാനാവുമായിരുന്നില്ല. 2011 ല്‍ അവരുടെ തുറന്നു പറച്ചിലിന്റെ പുസ്തകം (Nobody’s Girl) പുറത്തുവരുന്നു. പിന്നാലെ കേസുകള്‍, ഗിസ്‌ലെയിന്‍ മാക് വെല്ലിനെതിരെ , എപ്സ്റ്റീന്റെ ലൈംഗിക ഉപഭോക്താവായി വന്ന് തന്നെ പീഡിപ്പിച്ച ബ്രിട്ടീഷ് രാജകുമാരനായ ആന്‍ഡ്രുവിനെതിരെ . നഷ്ടപരിഹാരമായി കിട്ടിയ വന്‍തുകകള്‍ അവര്‍ ആഡംബര ജീവിതത്തിനല്ല ഉപയോഗിച്ചത്. അതിനവര്‍ക്കാവുമായിരുന്നില്ല. ലൈംഗികപീഡനത്തിനിരയാവുന്നവരെ നിയമപരമായും അല്ലാതെയും സഹായിക്കാനായി Speak Out, Act, Reclaim (SOAR) എന്ന സംഘടന തുടങ്ങുന്നു അവര്‍. തന്നാലാവുന്ന സഹായങ്ങള്‍ പീഡിതര്‍ക്കായി ലോകമനസ്സാക്ഷിക്കായി സമര്‍പ്പിച്ച ധീരയായ വിര്‍ജിനിയക്കും മരണത്തിന്റെ ലോകത്തേയ്ക്ക് സ്വയമിറങ്ങിപ്പോവേണ്ടി വന്നു! തുറന്നു പറച്ചിലുകള്‍ വൃക്തിപരമായ നഷ്ടങ്ങള്‍ അവള്‍ക്ക് തീര്‍ച്ചയായും ഉണ്ടാക്കിക്കാണണം.

ഇങ്ങനെ എത്രയെത്ര സ്ത്രീജന്‍മങ്ങള്‍, ബാല്യങ്ങള്‍, പൂക്കള്‍ കൊഴിയും പോലെ വീണടിഞ്ഞും തല്ലിക്കൊഴിച്ചും ചവുട്ടിയരച്ചും ഇല്ലാതായി കാണണം! ചിലര്‍ മാത്രം ധീരതയോടെ നിവര്‍ന്നു നിന്ന് തങ്ങള്‍ക്കേറ്റ മഹാ പീഡകള്‍ എന്തായിരുന്നു എന്ന്, പീഡകര്‍ ആരായിരുന്നു എന്ന് വിളിച്ചു പറയും. പല മുഖംമൂടികളും അഴിഞ്ഞു വീഴും. അവരുടെ മനസ്സിലെ വലിയ സ്വപ്‌നങ്ങളും, ജീവിതത്തില്‍ കയറേണ്ടിയിരുന്ന പടവുകളും ലോകത്തിനു നല്‍കേണ്ടിയിരുന്നവയൊക്കെയും മണല്‍ക്കോട്ടകളായി ആരുമറിയാതെ തകര്‍ന്നടിയും . ലോകം ഇങ്ങനെയൊക്കെത്തന്നെ മതിയോ എന്ന ചോദ്യം അപ്പോഴും നമുക്കു ചുറ്റും മുഴങ്ങും. ആധുനികരെന്നഭിമാനിച്ച് മനുഷ്യരുണ്ടാക്കിയ അന്താരാഷ്ട്ര മനുഷ്യാവകാശക്കരാറുകളും സ്ത്രീസുരക്ഷാ ഉത്തരവാദിത്തക്കരാറുകളും നമ്മെ നോക്കി പല്ലിളിക്കും.

ഇരതേടി തിന്നും കുടിച്ചും മാത്രം കഴിഞ്ഞിരുന്ന കൂട്ടങ്ങളില്‍ നിന്ന് മനുഷ്യന്‍ എന്ന സങ്കല്‍പ്പത്തിലേക്ക് നാമെത്തിച്ചേര്‍ന്നിട്ട് അധികമായിട്ടില്ല. നീതി, സ്വാതന്ത്ര്യം, സമഭാവന, അപരപ്രിയം എന്നിവ മനുഷ്യരെ മനുഷ്യരാക്കുന്നു എന്നു വിശ്വസിക്കാന്‍ തുടങ്ങിയ ഘട്ടങ്ങളിലാണ് രാഷ്ട്രസങ്കല്‍പ്പങ്ങളും രാഷ്ട്രാന്തര മര്യാദകളും ബഹുസ്വര സംസ്‌കൃതികളെ അംഗീകരിക്കുന്ന അവസ്ഥയും ലിംഗാതീത സമഭാവനയുടെ സൗന്ദര്യമുള്‍ക്കൊണ്ടു കൊണ്ടുള്ള കരാറുകളും ഭരണഘടനകളും ഒക്കെ ഉണ്ടായി വന്നത്. ഇന്ന് നാം തിരികെ നടക്കുകയാണോ? പ്രാകൃതാവസ്ഥകളിലേക്ക്? ആക്രമിച്ചും കൊന്നും തിന്നും പരസ്യലൈംഗിക കേളികളാടിയും ഇനി കഴിയാമെന്നോ? സ്ത്രീകളെ വെറും ഉപഭോഗവസ്തുക്കളാക്കി ഉപയോഗിച്ച് വലിച്ചെറിയാമെന്നോ? എങ്കില്‍ വലിയ ദുരന്തമാണ് മനുഷ്യകുലത്തെ കാത്തിരിക്കുന്നത്. കാരണം മനുഷ്യര്‍ തന്നെ വളര്‍ത്തിയെടുത്ത ശാസ്ത്രനേട്ടങ്ങളും അതിന്റെ സര്‍വ്വനശീകരണ സാധ്യതകളും ഇന്ന് ആകാശം മുട്ടേ വളര്‍ന്നിരിക്കുന്നു. മനുഷ്യമനസ്സിന്റെ കാടത്തത്തിലേക്കുള്ളയാത്ര, ശാസ്ത്രത്തിന്റെയും സമാനയാത്രയാകും. നാമാര്‍ജ്ജിച്ച സംസ്‌കൃതികളെ, മാനവികചിന്തകളെ, കലകളെ സാഹിത്യത്തെ എല്ലാം ചുട്ടെരിച്ചു കൊണ്ടു തന്നെ.

ഇനിയും തിരുത്തലുകള്‍ക്ക് ശ്രമിച്ചു കൂടേ? സമാധാനത്തിന്റെ തുരുത്തെന്നഭിമാനിക്കുന്ന നമ്മുടെ കേരളത്തിലെങ്കിലും? മനുഷ്യരായി ജീവിച്ചിരിക്കുന്നു എന്നതിന്റെ അടയാളമായി നീതിബോധത്തിന്റെ അവസാനത്തെ തിരിനാളത്തെ നമുക്ക് ജ്വലിപ്പിച്ചു നിര്‍ത്തിക്കൂടേ? പിന്നാലെ വരുന്ന തലമുറകള്‍ക്ക് അല്‍പ്പം കൂടി നല്ല ജീവിതം? അതിനു വേണ്ടി നമ്മുടെ അധികാരികള്‍, നീതിന്യായ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ പ്രേരണയാവട്ടെ ഇന്നും ബാക്കിയുള്ള നല്ല മനുഷ്യരുടെ ഇടപെടലുകള്‍. രണ്ടു വര്‍ഷമായി, പ്രതിഭാശാലിയായിരുന്ന ആ പതിനേഴുകാരി , നമുക്കിടയില്‍ നിന്ന്, ജീവിതത്തിന്റെ അനന്തസാധ്യതകളില്‍ നിന്ന് നിഷ്‌കാസിതയായിട്ട്. ഓരോ ചരമദിനത്തിലും വ്യഥിതയായ സഹോദരിയോടൊപ്പം , പ്രതിബദ്ധതയോടെ കുറച്ചു ഫെമിനിസ്റ്റുകളും അവരുടെ പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ അല്‍പ്പം ചില പുരുഷന്‍മാരും ഒന്നിച്ചു കൂടി അവളെ സ്മരിക്കുന്നു. നിയമം നടത്തേണ്ടവരുടെ കണ്ണു തുറപ്പിക്കാനായി പ്രതിഷേധ മുദ്രാവാകൃങ്ങളുയര്‍ത്തുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 19 നും അവര്‍ ഒരുമിച്ചു കൂടി.

ചാലിയാര്‍ പെണ്‍കുട്ടിക്ക് മരണാനന്തരമെങ്കിലും നീതി വേണം അവളുടെ പ്രിയപ്പെട്ടവരുടെ അശാന്തമായ മനസ്സുകള്‍ക്ക് നീതിയുടെ ഇത്തിരി തണപ്പെങ്കിലും കിട്ടണം. അതിനു വേണ്ടി മിണ്ടാനായില്ലെങ്കില്‍ നമ്മളും ആ പിന്നോട്ടു നടത്തക്കാരുടെ അണിയില്‍ തന്നെയാണോ എന്ന് ആത്മപരിശോധന നടത്തേണ്ടി വരും.

2024 ഫെബ്രു 19 ന് ചാലിയാര്‍ മുട്ടിങ്ങല്‍ കടവില്‍ സംശയാസ്പദമായ നിലയില്‍ കാണപ്പെട്ട 17 കാരി പെണ്‍കുട്ടിയുടെ ജഡത്തെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ തീരുന്നില്ല. ഓര്‍മ്മ സമരായുധമാണ് എന്ന പേരില്‍ നീതിക്കായി പ്രതിഷേധസംഗമം ഇക്കഴിഞ്ഞ ഫെബ്രു. 17 നും നടന്നു.

 

No Comments yet!

Your Email address will not be published.