Skip to main content

അസം: ഹിന്ദുത്വ വംശവെറിയുടെ പരീക്ഷണശാല

രണകൂട അതിക്രമങ്ങള്‍ക്ക് ഇരയാവുകയും കുടിയിറക്കപ്പെടുകയും ചെയ്ത കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ അസമിലെത്തിയ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാടിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെ ഭാഗമായ ലേഖകന്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

 

❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്
Google Pay / UPI
9400058466
Maruvakku Monthly A/C
A/C: 38213106039
IFSC: SBIN0070576
Puthiyara, Kozhikode

🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

2025 ജൂലൈ 12. അസമിലെ ‘ഗോള്‍പാറ’ ജില്ലയിലെ ‘അഷുഡുബി’ വില്ലേജിലേക്ക് നൂറുകണക്കിന് പോലിസ് സേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും കടന്നുവരുന്നു. നിമിഷങ്ങള്‍ക്കകം ഏക്കര്‍ കണക്കിന് പ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്ന വീടുകള്‍ക്ക് മേല്‍ ബുള്‍ഡോസറുകള്‍ കയറിയിറങ്ങുന്നു. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ കഴിയാതെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഏതാനും മണിക്കൂറുകള്‍ കൊണ്ട് വഴിയാധാരമായത്. രാജ്യംകണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് അസമിലെ മുസ്ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ സാക്ഷ്യംവഹിച്ചത്. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം പതിനായിരത്തോളം മനുഷ്യര്‍ ഒറ്റയടിക്ക് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു. തൊട്ടടുത്ത ദിവസങ്ങളില്‍ സമീപപ്രദേശങ്ങളിലേക്കും ബുള്‍ഡോസറുകള്‍ കയറിയിറങ്ങി.

ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകി തുടര്‍ച്ചയായി പ്രയാസങ്ങള്‍ സൃഷ്ടിക്കുമെങ്കിലും പച്ചപ്പും പ്രകൃതി സൗന്ദര്യം കൊണ്ടും അനുഗ്രഹീതമായ മണ്ണാണ് അസം. മറ്റൊരു കേരളമെന്നു വിശേഷിപ്പിച്ചാലും തെറ്റാവില്ല. എന്നാല്‍, അസം കുറെ നാളുകളായി പ്രതിസന്ധിയുടെ മുള്‍മുനയിലാണ്. വടക്കു-കിഴക്കന്‍ ഇന്ത്യയില്‍ ഹിന്ദുത്വയുടെ പരീക്ഷണശാലയായി അസം മാറിയിട്ട് കാലം കുറച്ചായി. പൗരത്വ നിയമ ഭേദഗതിക്ക് മുമ്പുതന്നെ, ന്യൂനപക്ഷങ്ങളുടെ പൗരത്വം വലിയ സമസ്യയായി കൊണ്ടുനടക്കുന്ന സംസ്ഥാനംകൂടിയാണ് അസം. പൗരത്വ പട്ടികയുടെ കുരുക്കില്‍പ്പെട്ട് ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. അതിന്റെ കൂടെയാണ് ഇപ്പോള്‍ നടക്കുന്ന വ്യാപകമായ കുടിയൊഴിപ്പിക്കലും.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് അസം വീണ്ടും വാര്‍ത്തകളില്‍ സജീവമായത്. ‘കുടിയേറ്റം, അനധികൃതം, വനം കൈയേറ്റം’ തുടങ്ങിയ ന്യായങ്ങള്‍ പറഞ്ഞു 48 മണിക്കൂറിനുള്ളില്‍ ഒഴിയണമെന്ന പൊതു അറിയിപ്പിന്റെ പുറത്ത് പതിനായിരങ്ങളുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി. ഒറ്റ രാത്രി കൊണ്ട് 33,000ത്തില്‍പരം മുസ്‌ലിംകളെയാണ് വിവിധയിടങ്ങളിലായി കുടിയൊഴിപ്പിച്ചത്.

കുടിയിറക്കപ്പെട്ട കുടുംബങ്ങളെ സന്ദര്‍ശിക്കാനും അവര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാനും മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മയുടെ നേതൃത്വത്തില്‍ നടക്കുന്ന വംശഹത്യാ പദ്ധതിയുടെ ആഴം നേരിട്ട് മനസ്സിലാക്കാനുമാണ് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാടിന്റെ നേതൃത്വത്തില്‍ സെക്രട്ടറിമാരായ ഷബീര്‍ കൊടുവള്ളിയും, ഈയുള്ളവനും അസമിലേക്ക് പോയത്. പ്രധാനമായും കുടിയൊഴിപ്പിക്കല്‍ നടന്ന ധുബ്രി, ഗോള്‍പാറ, ലഖിംപൂര്‍, നല്‍ബാരി ജില്ലകള്‍ സന്ദര്‍ശിക്കലായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഗുവാഹട്ടിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ദുബ്രിയിലെത്തി അവിടന്ന് ബസ് മാര്‍ഗം ബിലാസിപാറയിലേക്കാണ് ആദ്യമായി ഞങ്ങള്‍ പോയത്.

യാത്രയ്ക്കിടയില്‍ കണ്ട റിക്ഷക്കാരുമായും സാധാരണക്കാരുമായുമൊക്കെ അസമിലെ നിലവിലെ അവസ്ഥയെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചുമൊക്കെ പരമാവധി സംസാരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. തിളച്ചുമറിയുന്ന തീക്ഷണമായ നിരവധി അനുഭവങ്ങള്‍ അവര്‍ക്ക് പറയാനുണ്ടെന്ന് അവരുടെ മുഖങ്ങളില്‍ നിന്ന് വ്യക്തമാണ്. പക്ഷെ, അപരിചിതരായ വ്യക്തികള്‍ക്ക് മുന്നില്‍ അനുഭവങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ തുറക്കാന്‍ അവരുടെ ഉള്ളിലെ ഭയം അനുവദിക്കുന്നുണ്ടായിരുന്നില്ല. ഭരണകൂടത്തിന്റെ ചാരക്കണ്ണുകള്‍ അവര്‍ക്കിടയിലുണ്ടെന്ന ബോധ്യമാവാം അതിനു കാരണം. കുടിയൊഴിപ്പിക്കല്‍ പ്രദേശങ്ങളിലേക്ക് പോവുന്നതിനു മുമ്പ് തന്നെ അസമിലെ വ്യത്യസ്ത സാമൂഹിക യുവജന സംഘടനകളുടെ നേതാക്കളെ കാണാനും വിശദമായി സംസാരിക്കാനും കഴിഞ്ഞു. ന്യൂനപക്ഷങ്ങളുടെ സ്ഥിതി വളരെയധികം ദയനീയമാണെന്നും ജനാധിപത്യത്തിന്റെ നുറുങ്ങുവെട്ടംപോലും ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിക്കാന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം അനുവദിക്കുന്നില്ലെന്നാണ് അവരൊക്കെ അടിവരയിടുന്നത്.

ധുബ്രി, ഗോള്‍പാറ ജില്ലയിലേക്കാണ് ഞങ്ങള്‍ സന്ദര്‍ശനത്തിനായി പോയത്. രണ്ടായിരത്തോളം കുടുംബങ്ങളെയാണ് ധുബ്രി ജില്ലയില്‍ നിന്നും കുടിയൊഴിപ്പിച്ചത്. ജില്ലയില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് തടയുന്ന നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. മാത്രവുമല്ല കുടിയൊഴിപ്പിക്കല്‍ പ്രദേശങ്ങളിലേക്ക് പുറത്ത് നിന്ന് ഒരാളെയും പ്രവേശിപ്പിക്കാതിരിക്കാനും ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അസമില്‍ നടക്കുന്നത് പുറത്ത് ചര്‍ച്ചയാകരുത് എന്നതാണ് ഭരണകൂടം ഉദ്ദേശിക്കുന്നത്. ഇരകളുമായി പുറംലോകത്തു നിന്ന് ആരെയും ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ല. അങ്ങോട്ട് പോകുന്നവരെയെല്ലാം പോലിസ് തടങ്കലിലേക്ക് മാറ്റുന്നു. അസമിന് പുറത്തുള്ള ഒരാളെയും അവിടേക്ക് അടുപ്പിക്കില്ലെന്നും വന്നാല്‍ വച്ചുപൊറിപ്പിക്കില്ലെന്നുമുള്ള സൂചന കഴിഞ്ഞമാസം അസം മുഖ്യമന്ത്രി പുറപ്പെടുവിച്ചിരുന്നു. ആ ഭീഷണിയെ വകവയ്ക്കാതെത്തന്നെയാണ് അസമിലേക്ക് ഞങ്ങള്‍ യാത്രതിരിച്ചത്.

പ്രതീക്ഷിച്ച പോലെ കുടിയൊഴിപ്പിക്കല്‍ പ്രദേശത്തേക്കുള്ള പ്രവേശന വഴിയില്‍ നിറയെ പോലിസ് തമ്പടിച്ചിരിക്കുന്നു. പോലിസ് സാന്നിധ്യം കുറവാകുമെന്ന പ്രതീക്ഷയില്‍ രാവിലെ കുറച്ചു നേരത്തെ തന്നെ ഞങ്ങളവിടേക്ക് തിരിച്ചിരുന്നു. എന്നാല്‍, സായുധ വിഭാഗമടക്കമുള്ള വലിയൊരു പോലിസ് സന്നാഹത്തെയാണ് ഞങ്ങളവിടെ കണ്ടത്. അവിടേക്ക് പോവുന്ന ഓരോ വാഹനവും അവര്‍ പരിശോധിക്കുന്നുണ്ട്. ആളുകളുടെ രേഖകള്‍ പരിശോധിക്കുകയും പ്രദേശവാസിയല്ലാത്ത ഒരാളെയും കടത്തിവിടാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങളുടെ വാഹനം കണ്ടതും തടഞ്ഞു. കേരളത്തില്‍ നിന്നും വന്നതാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടന്ന് വന്ന കുടിയൊഴിപ്പിക്കല്‍ വാര്‍ത്തകളുടെ നിജസ്ഥിതി അറിയാന്‍ വന്നതാണെന്നും പറഞ്ഞപ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ആര്‍ക്കും അവിടേക്ക് പ്രവേശനമില്ലെന്ന് പറഞ്ഞു ഞങ്ങളെ തടഞ്ഞു. ശേഷം ഉന്നത ഉദ്യോഗസ്ഥനെ ആരെയോ ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഇരുപത് കിലോമീറ്റര്‍ അപ്പുറമുള്ള ചാപ്പര്‍ പോലിസ് സ്റ്റേഷനിലേക്ക് ഞങ്ങളെ കൊണ്ടുപോവുകയും ചെയ്തു.

ഞങ്ങളവിടെയെത്തിയപ്പോഴേക്കും ജില്ലാ പോലിസ് മേധാവിയടക്കം അവിടെ എത്തിയിട്ടുണ്ടായിരുന്നു. ഞങ്ങളുടെ മൊബൈലും ഐഡി കാര്‍ഡുകളുമടക്കം അവര്‍ വാങ്ങിവച്ചു. പിന്നീട് പോലിസ് മേധാവിയുടെ സാന്നിധ്യത്തില്‍ മറ്റു രണ്ട് ഉന്നത പോലിസ് ഉദ്യോഗസ്ഥരടങ്ങുന്ന ടീം ഞങ്ങളെ തലങ്ങും വിലങ്ങും ചോദ്യം ചെയ്യുകയായിരുന്നു. എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ഞങ്ങള്‍ പഠിച്ച സ്‌കൂള്‍ മുതല്‍ സംഘടനയുടെ പ്രവര്‍ത്തനരീതികള്‍ വരെയുണ്ടായിരുന്നു. എന്തിനിവിടേക്ക് വന്നുവെന്നും, ആരാണ് ഇവിടേക്ക് നിങ്ങളെ ക്ഷണിച്ചതെന്നും, കുടിയൊഴിപ്പിച്ചുവെന്ന വാര്‍ത്ത നിങ്ങള്‍ക്കെവിടെ നിന്നാണ് കിട്ടിയതെന്നുമായിരുന്നു ചോദ്യങ്ങളുടെ മര്‍മം. കേരളത്തിലെ മാധ്യമങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ വാര്‍ത്ത വന്നുവെന്നത് ഒരുതരത്തിലും അവര്‍ വിശ്വസിക്കുന്നുണ്ടായിരുന്നില്ല. അങ്ങനെയൊരു വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിട്ടില്ലെന്നാണ് അവരുടെ വാദം. വാര്‍ത്തകള്‍ പുറംലോകം അറിയാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും അവര്‍ സ്വീകരിക്കുന്നുവെന്ന് ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാവുന്നതാണ്.
2024 ജൂലൈയില്‍ ഫ്രണ്ട്‌ലൈന്‍ റിപോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം ഒന്നര ലക്ഷം വീടുകളാണ് അതുവരെ ഹിന്ദുത്വ ഭരണകൂടം ബുള്‍ഡോസറാല്‍ തകര്‍ത്ത് തരിപ്പണമാക്കിയത്. 7,38,000 പേരാണ് ഭവനരഹിതരാക്കപ്പെട്ടത്. അതില്‍ ചുരുക്കം ചിലത് മാറ്റി നിര്‍ത്തിയാല്‍, ഭൂരിഭാഗവും മുസ്‌ലിംകളാണ്. ഹിന്ദുത്വ ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ ഭീകരതയുടെ ഈ കണക്കുകള്‍ക്ക് ഒരു വര്‍ഷത്തെ പഴക്കമുണ്ട്.

ഗോള്‍പാറ ജില്ലയിലെ ഹസീല ബീലില്‍ നിന്നും ഭവനരഹിതരായ മുന്‍ താമസക്കാര്‍ പറഞ്ഞത്, ജൂണ്‍ 13 വെള്ളിയാഴ്ച പൊതു അറിയിപ്പുകളും ബാനറുകളും വഴി 48 മണിക്കൂറിനുള്ളില്‍ വീടുകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടുവെന്നാണ്. തിങ്കളാഴ്ച ജില്ലാ ഭരണകൂടം ബലമായി പൊളിച്ചുനീക്കല്‍ നടപടി നടത്തുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തു. താമസക്കാര്‍ക്ക് വ്യക്തിഗത നോട്ടീസുകള്‍ നല്‍കുകയോ, ഭൂമിയില്‍ തുടരാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍ ഹാജരാകാന്‍ അവസരം നല്‍കുകയോ ചെയ്തില്ല. 1948 മുതല്‍ തങ്ങള്‍ ഈ ഭൂമിയില്‍ താമസിക്കുന്നു എന്ന് തെളിയിക്കുന്ന ഭൂമി രേഖകള്‍, 1951ലെ എന്‍ആര്‍സി, 1950കളിലെയും 1970കളിലെയും വോട്ടര്‍ പട്ടികകള്‍, വിവിധ ഭൂമി നികുതി രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, 2019ലെ എന്‍ആര്‍സിയിലെ അവരുടെ പേരുകള്‍ തുടങ്ങിയ രേഖകളൊക്കെ അവരുടെ കൈവശമുണ്ടായിരുന്നെങ്കിലും അതുപരിശോധിക്കാനോ അന്വേഷിക്കാന്‍ പോലുമോ ഭരണകൂടം തയ്യാറായില്ല. രസകരമായ സംഗതിയെന്തെന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ തന്നെ നിര്‍മിച്ച പ്രൈമറി സ്‌കൂളുകളും അങ്കണവാടികളും ഈ ഭൂമിയിലുണ്ടായിരുന്നു എന്നതാണ്.

അഷുഡുബി ഗ്രാമത്തിലെ ഭവനരഹിതരായ താമസക്കാര്‍ക്കും പറയാനുണ്ടായിരുന്നത് സമാനമായ അനുഭവങ്ങള്‍ തന്നെയായിരുന്നു. ജമീന്ദാരി നിര്‍ത്തലാക്കുന്നതിന് മുമ്പ് ഭൂമി പൈകാന്‍ ബിജ്‌നി ജമീന്ദാറിന്റെ ഭാഗമായിരുന്നു എന്നും അവര്‍ 60 വര്‍ഷത്തിലേറെയായി അവിടെ താമസിക്കുന്ന അവര്‍ക്ക് 1962 മുതലുള്ള പട്ടയവും ഭൂമി രേഖകളടക്കം കൈവശമുണ്ടായിരുന്നു. 2025 ജൂലൈ 17ന്, പോലിസ്- വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സംയുക്ത സംഘം അഷുഡുബിയിലേക്കുള്ള പ്രധാന റോഡ് തടയുകയും ഗ്രാമത്തിലെ ആയിരത്തിലധികം കുടുംബങ്ങളുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്തു. പ്രതിഷേധിച്ചപ്പോള്‍ പോലിസ് ലാത്തിച്ചാര്‍ജ് ചെയ്യുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ഈ വെടിവയ്പില്‍ 19 വയസ്സുകാരനായ സക്കോവര്‍ അലി കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വളരെ അടുത്ത് നിന്ന് നെറ്റിയില്‍ വെടിവച്ചാണ് പോലിസ് അലിയെ കൊന്നതെന്നാണ് നാട്ടുകാര്‍ ആരോപിച്ചത്. സക്കോവര്‍ അലിയുടെ മരണത്തെക്കുറിച്ചോ പോലിസിന്റെ ബലപ്രയോഗത്തെക്കുറിച്ചോ ഒരു അന്വേഷണവും ഇതുവരെ ആരംഭിച്ചിട്ടില്ല.

വീടുകള്‍ നിലംപരിശാക്കിയതിന് ശേഷവും ജൂലൈ മാസത്തിലെ കടുത്ത ചൂടില്‍ വീടിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് പലരും അന്ന് അന്തിയുറങ്ങിയത്. ചിലര്‍ക്ക് ഒരു ടാര്‍പോളിന്‍ ഷീറ്റ് മാത്രമാണുള്ളത്. വൈദ്യുതി ലൈനുകള്‍ മുഴുവനായും മുറിച്ച് കളഞ്ഞു. ജലവിതരണ പൈപ്പുകള്‍ തകര്‍ത്തു. കിണറുകള്‍ മണ്ണിട്ട് മൂടി, അങ്ങേയറ്റം കരളലയിപ്പിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളുമാണ് ഹിന്ദുത്വ സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജിലൂടെ പുറത്ത് വന്നത്. കഴിഞ്ഞകാലങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ബുള്‍ഡോസര്‍ രാജിന്റെയും മുസ്ലിം വംശഹത്യയുടെയും തുടര്‍ച്ചതന്നെയാണിത്. മുമ്പ് ബുള്‍ഡോസര്‍ രാജിന് തടയിട്ട സുപ്രീം കോടതി നിര്‍ദേശത്തിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്.

കോടതി ഉത്തരവുകള്‍ക്കും സ്ഥാപിതമായ നടപടിക്രമങ്ങള്‍ക്കും വിരുദ്ധമായി, ഭവനരഹിതരായ കുടുംബങ്ങളുടെ പുനരധിവാസത്തിനായി ജില്ലാ ഭരണകൂടം ഒരു ക്രമീകരണവും ചെയ്തിട്ടില്ല. ഇപ്പോള്‍ ഈ ഭവനരഹിതരായ കുടുംബങ്ങള്‍ മണ്‍സൂണ്‍ മഴയില്‍ നാല് വ്യത്യസ്ത സ്ഥലങ്ങളിലായി ക്യാന്‍വാസ് ഷീറ്റുകള്‍ക്ക് കീഴില്‍ താമസിക്കുന്നു. അവര്‍ അയല്‍വാസികളുടെ കാരുണ്യത്തിലും സഹായത്തിലുമാണ് പ്രധാനമായും കഴിയുന്നത്. സംസ്ഥാന സര്‍ക്കാര്‍ അവരുടെ പുനരധിവാസത്തിനായി ഒരു ബദല്‍ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടില്ല, കൂടാതെ അവരുടെ ഭക്ഷണത്തിനോ, താമസത്തിനോ, ആരോഗ്യ സംരക്ഷണത്തിനോ, കുട്ടികളുടെ വിദ്യാഭ്യാസത്തിനോ യാതൊരു വ്യവസ്ഥയും ചെയ്തിട്ടില്ല, ഒഴിപ്പിക്കല്‍ കാരണം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയിരിക്കുകയാണ്.

ഒരു മുഴുദിവസ സ്റ്റേഷന്‍ തടങ്കലിലും ചോദ്യം ചെയ്യലുകള്‍ക്കും ശേഷം പോലിസ് ഞങ്ങളെ പോകാന്‍ അനുവദിച്ചു. അപ്പോഴും അവര്‍ ഞങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത് ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, വനപ്രദേശത്തെ ഏതാനും ചില കൈയേറ്റം ഒഴിപ്പിച്ചതാണെന്നും കുടിയൊഴിപ്പിച്ചവരെ ജില്ലാ ഭരണകൂടത്തിന്റ നേതൃത്വത്തില്‍ പുനരധിവസിപ്പിച്ചുവെന്നുമാണ്. പിടിച്ചുവച്ച ഫോണും ഐഡി കാര്‍ഡുകളും വാങ്ങി തിരിച്ചു പുറപ്പെടവേ അവര്‍ ഞങ്ങളോട് ഒരു കാര്യം കൂടി പറഞ്ഞു. വഴിമധ്യേ ഒരു പോലിസ് ജീപ്പ് കൂടെ വരും. പത്തു മിനിറ്റിനുള്ളില്‍ താമസിക്കുന്ന റൂം ചെക്ക് ഔട്ട് ചെയ്ത് സംസ്ഥാനം വിട്ടു പോവണം. ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര ചെയ്ത് ബംഗാള്‍ അതിര്‍ത്തി കടക്കുന്നതുവരെ പോലിസ് ഞങ്ങളെ പിന്തുടരുന്നു

ഡി ലിമിറ്റേഷനും, വോട്ട്‌ചോരിയും, പൗരത്വ നിഷേധവുമടക്കമുള്ള സംഘ്പരിവാറിന്റെ ഹിന്ദുത്വ വംശീയതയുടെ പരീക്ഷണഭൂമിയാണ് അസം. മനുഷ്യരുടെ മൃതശരീരങ്ങള്‍ക്ക് മേല്‍ നൃത്തം ചവിട്ടുന്ന സംഘ്പരിവാറുകാരുടെ നാട്. പ്രതികാരദാഹിയും ലക്ഷണമൊത്ത വംശവെറിയനുമായ ഒരു മുഖ്യമന്ത്രിയുടെ കീഴില്‍ ഞെരിഞ്ഞമരുന്ന ജനതയാണിന്ന് അസം. രാജ്യത്തുടനീളം വംശീയതയുടെ ഭീകരത നടപ്പാക്കാനാണ് ഹിന്ദുത്വശക്തികളുടെ ശ്രമം. അനീതിക്കെതിരേ എഴുന്നേറ്റ്‌നില്‍ക്കാന്‍ നാം ഇനിയും വൈകിക്കൂടാ. ചെറിയ ലോകത്തിലെ കെട്ടുകാഴ്ചകള്‍ക്കപ്പുറം തീക്ഷണമായ യാഥാര്‍ത്ഥ്യങ്ങള്‍ നമ്മളില്‍ പോരാട്ടത്തിന്റെ കനല്‍ കത്തിക്കും. രാജ്യത്തെ നീതിബോധമുള്ള എല്ലാ മനുഷ്യരും അസമിന് വേണ്ടി ശബ്ദമുയര്‍ത്തണം. രാഷ്ട്രീയക്കാരും സമുദായ നേതാക്കളും സാമൂഹികപ്രസ്ഥാനങ്ങളും അസമില്‍ നടക്കുന്ന വംശഹത്യാ പദ്ധതിക്കെതിരേ രംഗത്തിറങ്ങുകയും രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങള്‍ രൂപപ്പെടുകയും ചെയ്യേണ്ടതുണ്ട്.

(സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

No Comments yet!

Your Email address will not be published.