Skip to main content

പോരാട്ടത്തിന്റെ ചിറകുകള്‍

തടിച്ചു കൂടിനില്‍ക്കുന്ന മനുഷ്യര്‍ക്കിടയിലൂടെ എന്തൊക്കെയോ ചിന്തിച്ചു ബഷീര്‍ മുല്ല നടക്കുകയായിരുന്നു. പുഷ്പങ്ങള്‍ വിതറിക്കിടന്ന വീഥിയിലൂടെ ഒരു മനുഷ്യനെ പിടിച്ചുകൊണ്ടു പോകുന്നതുനോക്കി അയാള്‍ ചോദിച്ചു. ”ആരാണയാള്‍? എവിടേക്കാണ് അയാളെ കൊണ്ടുപോകുന്നത്?”

”ഒരു നക്സല്‍ബാരിയെ തൂക്കാന്‍ കൊണ്ടുപോകുകയാണ്.” കേട്ടുനിന്ന ഒരാള്‍ സങ്കടത്തോടെപറഞ്ഞു. മുല്ലയുടെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു. അയാള്‍ ഏതാനും അടി പിറകോട്ടുനിന്നു. അതുകേട്ടിട്ടും മുല്ല ഒന്നും പറയാതിരുന്നപ്പോള്‍ അയാള്‍ ഇത്രയും കൂടി പറഞ്ഞു. ‘നല്ലൊരു മനുഷ്യനായിരുന്നു.’എന്നാല്‍ ഞാനെന്തിനാണ് ആ വക വിഷയങ്ങളില്‍ തലയിടാന്‍ പോകുന്നത് എന്ന് സ്വയം ചോദിക്കുകയല്ലാതെ മുല്ല ഒന്നും പറഞ്ഞില്ല. ഒരിക്കല്‍ കുത്തിപ്പിളര്‍ത്തിയ ഒരു പെണ്‍കുട്ടിയുടെ ശവം കണ്ടിട്ടുപോലും അനക്കമില്ലാത്ത മനസ്സായിരുന്നു മുല്ലയുടേത്. ആ സങ്കടക്കാഴ്ചയുടെ എരിച്ചിലില്‍ ആളുകള്‍ നീറുമ്പോള്‍ സ്വന്തം മകള്‍ക്കുള്ള മാലയും വളയും വാങ്ങി അയാള്‍ നടക്കുകയായിരുന്നു. ഇയാളെന്താ ഇങ്ങനെ? ഒരു മനസ്സാക്ഷിയില്ലാതെ? ആളുകള്‍ ചോദിച്ചു.

❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്
Google Pay / UPI
9400058466
Maruvakku Monthly A/C
A/C: 38213106039
IFSC: SBIN0070576
Puthiyara, Kozhikode

🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

”കാഴ്ച വിഷമിപ്പിക്കുന്നുവെങ്കിലും അതിലൊന്നും കുടുങ്ങിക്കിടക്കാന്‍ ഞാനില്ല.” മുല്ല പറഞ്ഞു. മറ്റുള്ളവരില്‍നിന്ന് അകന്നായിരുന്നു മുല്ല ജീവിച്ചിരുന്നത്. അയാളുടെ വിശേഷങ്ങള്‍ ആരെങ്കിലും ചോദിച്ചാല്‍ ഒട്ടും സംഭവബഹുലമല്ലാത്ത ഇടത്തരം ജീവിതമെന്നേ ആരും പറയൂ. പാരമ്പര്യമായ സ്വത്തുണ്ടെങ്കിലും ഇസ്‌ലാമിക ശാസ്ത്രങ്ങള്‍ പഠിച്ചതുകൊണ്ടും പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേത്യത്വം നല്‍കുന്നതുകൊണ്ടും മുല്ലയെന്ന് അറിയപ്പെടുന്നു.

മതപഠനത്തിനിടയില്‍ രണ്ടുതരത്തിലുള്ള മനുഷ്യരെ മുല്ല ചൂണ്ടിക്കാണിക്കും. ചില വിഡ്ഢികള്‍ സ്വര്‍ഗത്തിലേക്കുള്ള വഴി നിരപരാധികളെ കൊന്നൊടുക്കുക എന്നു വിശ്വസിക്കുന്നവരാണ്. എന്നാല്‍, അവര്‍ക്കിടയില്‍ നമ്മള്‍ വ്യത്യസ്ത സമീപനം കൈക്കൊള്ളുന്നു. കാരണം സ്വര്‍ഗത്തിലേക്കുള്ള നമ്മുടെ വഴി നന്‍മയും പ്രാര്‍ത്ഥനയും ദാനശീലവും എല്ലാത്തിനെയും സൃഷ്ടിച്ച ദൈവം ഒന്നാണെന്നും വിശ്വസിക്കുക എന്നതാണ്. പ്രത്യാശയാണ് വിശ്വാസത്തിന്റെ മുഖമുദ്ര. അല്ലാതെ നിരപരാധികളെ കൊന്നൊടുക്കലല്ല. തീവ്രവാദത്തിനെതിരേ മുല്ല തെരുവിലും പ്രസംഗിക്കും. തെറ്റിദ്ധരിക്കേണ്ട, രാജ്യത്തിന്റെ നിര്‍ണായക നഗരങ്ങളില്‍ മതത്തിന്റെ പേരും പറഞ്ഞ് കൊലകള്‍ നടത്തുന്നവരെ കുലംകുത്തികളെന്നുതന്നെയാണ് മുല്ല ഉദ്ദേശിച്ചത്. സംശയമുള്ളവരോട് ആ നാട്ടിലെ വിശ്വാസികള്‍ പറയും.

സന്ധ്യയായപ്പോഴേക്കും ടിവി മുഴുവന്‍ കഴുവിലേറ്റിയ നക്സല്‍ബാരിയുടെ ജീവിതമായിരുന്നു. അയാള്‍ ഒരു അദ്ധ്യാപകനായിരുന്നു. തികഞ്ഞ ഗാന്ധിയന്‍, ഖാദിവസ്ത്രധാരി. വിദ്യാര്‍ത്ഥികള്‍ അയാള്‍ക്ക് ജീവനായിരുന്നു. മക്കളോടെന്നവണ്ണം ആര്‍ദ്രമായിരുന്നു അവരോടുള്ള പെരുമാറ്റം. ഒരു ദിവസം, സ്‌കൂളില്‍നിന്നും കാണാതായ മൂന്നു പെണ്‍കുട്ടികളുടെ മൃതദേഹം ഒരുപാട് തിരച്ചിലുകള്‍ക്കൊടുവില്‍ കൂട്ടബലാത്സംഗം ചെയ്ത നിലയില്‍, കമ്പോസ്റ്റ് വളമാക്കി മാറ്റുന്ന കോമ്പൗണ്ട് മതില്‍ക്കെട്ടിനുള്ളില്‍നിന്നും കണ്ടെടുത്തു. ആ കാഴ്ച ആരെയും വേദനിപ്പിക്കും. കലി ബാധിച്ചവനെപ്പോലെ മാസ്റ്റര്‍ജി അലറി. പിന്നെയെപ്പഴോ തളര്‍ന്നുവീണു. പെണ്‍കുട്ടികളുടെ ചോര വീണു വീണ് കറുത്ത ചുടുകാട്ടില്‍ വെള്ളപുതച്ച മൂന്നു ശരീരങ്ങള്‍ കൂടി തീ വിഴുങ്ങുന്നതു നോക്കി മാസ്റ്റര്‍ജി പതുക്കെ പറഞ്ഞു,’കൊല്ലണം അവരെ.’ ഒരു സിംഹം അലറുന്നപോലെയായിരുന്നു ആ ശബ്ദം.

രാഷ്ട്രീയസ്വാധീനമുള്ള ചെറുപ്പക്കാരാണ് ആ നിഷ്ഠുരമായ കൊലയ്ക്കു പിറകില്‍. ഒരുപറ്റം വിദ്യാര്‍ത്ഥികളുടെ ശബ്ദം മുന്നോട്ടുവന്നു. പകയുടെ കൊടുവാള്‍ എല്ലാവരുടെ മുഖത്തുമുണ്ട്. ഒന്നും മിണ്ടാതെ നിന്നവര്‍ പോലും പൊടുന്നനേ ആവേശഭരിതരായി. ‘കൊല്ലണം അവരെ’ എന്ന് അവര്‍ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. ആ രാത്രി മുഴുവന്‍ മാസ്റ്റര്‍ജി ഉറങ്ങിയതേയില്ല. കണ്ണടച്ചാല്‍ ആ കുട്ടികളുടെ രൂപമാണു തെളിയുക. ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ ഒച്ചവയ്ക്കുന്നതും കേള്‍ക്കാം.

പിറ്റേന്ന് കൊലചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ സ്‌കൂള്‍മുറ്റത്തു വന്ന് തലതല്ലിക്കരയാന്‍ തുടങ്ങി. എന്തൊരു സങ്കടക്കാഴ്ച. എല്ലാവരും വിതുമ്പി നിന്നു. അമ്മമാരെയും കൂട്ടി പൊലിസ് സ്റ്റേഷനില്‍ എത്തിയ മാസ്റ്റര്‍ജിയില്‍നിന്ന് വാക്കുകള്‍ പ്രവഹിച്ചു. ആരുകേള്‍ക്കാന്‍? കോണ്‍സ്റ്റബിള്‍ മാസ്റ്റര്‍ജിയെ തള്ളിപ്പുറത്താക്കി. മാസ്റ്റര്‍ജി പൊലിസ് സ്റ്റേഷന്റെ പടിക്കല്‍ നിരാഹാരം കിടന്നു.

”ഓ… ഇതൊരു തലവേദനയാണല്ലോ.” സി ഐ പറഞ്ഞു. പിന്നെ ഫോണെടുത്ത് ആര്‍ക്കോ ഡയല്‍ ചെയ്തു. അടുത്ത ദിവസം മാസ്റ്റര്‍ജി ആക്രമിക്കപ്പെട്ടു. കൈയും കാലും ഒടിഞ്ഞ നിലയിലായിരുന്നു കണ്ടുകിട്ടിയത്. നാട്ടില്‍ മുഴുവന്‍ ഭീതി തിണര്‍ത്തുകിടന്നു. ഒന്നും മിണ്ടാതെയും ആരായാതെയും വീടും നാടും മാസ്റ്റര്‍ജി ഉപേക്ഷിച്ചു. പോകുന്ന പോക്കില്‍ ഖാദിത്തുണികളും, ഗാന്ധി പുസ്തകങ്ങളും കൂട്ടിയിട്ട് കത്തിച്ചിരുന്നു.

ഒരു ദിവസം മദ്യശാലയുടെ മങ്ങിയ വെളിച്ചത്തില്‍ ആരോ അദ്ദേഹത്തെ കണ്ടു. ഉടനെ മുഖം മറച്ച് ഇരുട്ടിലൂടെ നടന്നു. കൂട്ടിന് വേറേയും ആളുകള്‍ ഉണ്ടായിരുന്നത്രേ.

കൂരിരുട്ട് കൊടികുത്തിയ ഒരു രാത്രിയായിരുന്നു അന്ന്. ആ രാത്രി ഏഴുകൊലകള്‍ നടന്നു. ഏഴു ചെറുപ്പക്കാരെ വെട്ടിനുറുക്കിയ നിലയില്‍ സ്‌കൂളിനു മുന്നിലെ ചെമ്മണ്‍പാതയില്‍ നിരത്തിയിട്ടിരിക്കുന്നു. ആളുകള്‍ക്കിടയില്‍ ആകപ്പാടെ ഒരു സന്തോഷം. തമാശ പറഞ്ഞും ചിരിച്ചും ചിരിപ്പിച്ചും അവര്‍ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. നമ്മള്‍ ചെയ്യേണ്ടത് ആരോ ചെയ്തു. എല്ലാത്തിനും പിറകില്‍ മാസ്റ്റര്‍ജി എന്നായിരുന്നു പൊലിസ് റിപോര്‍ട്ട്. നക്സല്‍ബാരികളുടെ സഹായം ഉണ്ടായിരുന്നെന്നുമാണ് സാക്ഷിമൊഴികള്‍. അടുപ്പിച്ച് രണ്ടുമൂന്നു ദിവസം മാസ്റ്റര്‍ജിക്കൊപ്പം ഏതാനുംപേര്‍ നാട്ടില്‍ തമ്പടിച്ചിരുന്നു. കണ്ടാല്‍ നാടോടിസംഘങ്ങള്‍ എന്നു തോന്നും.

ഒരു ദിവസം ആഹാരം ചോദിച്ച് മൂന്നുപേര്‍ ഹെഡ്മിസ്ട്രസിന്റെ വീട്ടിലെത്തി. ഒരാളുടെ കൈയിലുണ്ടായിരുന്ന തോക്കുകണ്ട് അദ്ധ്യാപിക ഭയന്ന് അകത്തേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും, കൂട്ടത്തില്‍ മാസ്റ്റര്‍ജിയെ കണ്ടപ്പോള്‍ അവര്‍ പുഞ്ചിരിച്ചു. പണ്ടത്തെ ചിരിയും മുഖശോഭയുമില്ല. പകരം കറുത്ത വലിയ കട്ടിമീശയുടെ ഗൗരവം. ആഹാരം നിറച്ച പൊതി നല്‍കുന്നതിനിടെ സുഖാണോ മാഷേ എന്ന് അദ്ധ്യാപിക ചോദിച്ചെങ്കിലും ആഹാരവും വാങ്ങി ഒരക്ഷരം മിണ്ടാതെ മൂവരും ഇരുട്ടിലേക്ക് മറഞ്ഞു. അന്നുതന്നെ ഒരു പറ്റം പോലിസ് ഹെഡ്മിസ്ട്രസിന്റെ വീട്ടിലെത്തി. ‘ടീച്ചറിന് എന്ത് തോന്നുന്നു അത് മാസ്റ്റര്‍ജിയാണോ?’ ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. അവര്‍ തലയാട്ടുകമാത്രം ചെയ്തു. ഹെഡ്മിസ്ട്രസ് ആയിരുന്നു മാസ്റ്റര്‍ജിയുമായി അടുത്തിടപഴകിയ ഒരാള്‍. ഇന്‍സ്‌പെക്ടറിന് അതറിയാം. അതൊന്ന് സ്ഥിരീകരിക്കാനാണ് അവര്‍ വന്നത്. ഒരു ക്ഷോഭവും പ്രദര്‍ശിപ്പിച്ചിരുന്നില്ല. അദ്ദേഹവും സംഘവും എന്തോ ഉദ്ദേശിച്ചപോലെ അവിടെനിന്നും ഇറങ്ങി. കവലകളില്‍ മാസ്റ്റര്‍ജിക്കു വേണ്ടിയുള്ള ലൂക്ക് ഔട്ട് നോട്ടീസ് കണ്ട് നാട്ടുകാര്‍ക്ക് ദേഷ്യമായിരുന്നു തോന്നിയത്. വലിച്ചും കീറിയും കത്തിച്ചും അവരതെല്ലാം നശിപ്പിച്ചു. അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. അടുത്ത ദിവസം മാസ്റ്റര്‍ജി പിടിക്കപ്പെട്ടു.

”നിങ്ങള്‍ ഇത്രയും ക്രൂരനാണോ? എങ്ങനെ സാധിക്കുന്നു കൗമാരം പോലും വിടാത്ത ആ കുട്ടികളെ വെട്ടി നുറുക്കാന്‍?” വിധി പറയുന്ന ദിവസം ജഡ്ജി ചോദിച്ചു. മാസ്റ്റര്‍ജി ചിരിച്ചു. പെട്ടെന്ന് ഒരു ഗൗരവം അദ്ദേഹത്തിന്റെ മുഖത്തേക്ക് വന്ന് ചുമന്നു. ”ഒരു നൂറുപേരുണ്ട് എന്റെ ഹിറ്റ് ലിസ്റ്റില്‍. പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ലക്ഷ്യം കാണുമായിരുന്നു.” മാസ്റ്റര്‍ജിയുടെ വാക്കുകള്‍ മുറിയില്‍ മുഴങ്ങി. ജഡ്ജിയുടെ മുഖത്ത് പുച്ഛം നിറഞ്ഞ ഒരു ചിരിയുണ്ടായിരുന്നു. വളരെ സാവകാശം ജഡ്ജി ശിക്ഷ വായിച്ചു. മരണം വരെ തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടും മാസ്റ്റര്‍ജി ചിരിച്ചു. എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് ആ നേരവും മാസ്റ്റര്‍ജിയുടെ മുഖത്ത് കണ്ടില്ല. ഒരു നിമിഷത്തിനു ശേഷം തന്നോടെന്നപോലെ പറഞ്ഞു. ‘ഇത്രവേഗം പിടിക്കപ്പെടുമെന്ന് കരുതിയില്ല. അല്ലെങ്കില്‍ ആ രാത്രി തന്നെ…’

നക്‌സലൈറ്റിന്റെ പഴയ കഥകള്‍ കേട്ടിട്ടൊന്നും യാതൊരു ഭാവപ്പകര്‍ച്ചയും മുല്ലയുടെ മുഖത്ത് കണ്ടില്ല. മുല്ല ടിവി ഓഫ് ചെയ്തു. ഭാര്യ ഐഷയ്ക്ക് മാസ്റ്റര്‍ജിയെക്കുറിച്ചുള്ള കഥകള്‍ ഇനിയും കേള്‍ക്കേണ്ടതുണ്ടായിരുന്നു. അവരതുപറയുകയുംചെയ്തു. എന്നാല്‍ അയാള്‍ അതിനൊരുക്കമല്ലായിരുന്നു. മുഷിപ്പിന്റെ മുഖാവരണം മുഖത്തു പിടിപ്പിച്ച് ലോകത്ത് അങ്ങനെയും നടക്കുന്നു എന്ന് ഭാര്യയും മകളും കേള്‍ക്കെ മുല്ല പറഞ്ഞു. ”ദേഷ്യോം സങ്കടോം അടച്ചുപൂട്ടിയ മനസ്സുള്ള വാപ്പയ്ക്ക് എന്തു കണ്ടാലും എന്താ?” ഭര്‍ത്താവിന്റെ സംസാരം പിടിക്കാതെ ഐഷ മകളോട് പറഞ്ഞു. പോലിസിനും നിയമത്തിനും ഇല്ലാത്ത ഒന്ന് നമ്മളെന്തിനാ ചുമക്കുന്നതെന്നായിരുന്നു മുല്ലയുടെ സംശയം.

ഒരു വെള്ളിയാഴ്ച, ജുമാ നിസ്‌കാരം കഴിഞ്ഞു വരുന്ന മുല്ലയുടെ മുന്നിലേക്ക് ഐഷ ഓടിവന്നു. ”നമ്മുടെ മകള്‍ ഇതുവരെ സ്‌കൂളില്‍ എത്തിയിട്ടില്ല. ഞാന്‍ എല്ലായിടത്തും അന്വേഷിച്ചു.” പറഞ്ഞു തീരുംമുമ്പ് അവര്‍ കുഴഞ്ഞുവീണു. ഇത്തവണ മുല്ലയുടെ സമനില തെറ്റി. പടച്ചോനേ എന്ന് അയാള്‍ ഉറക്കെ വിളിച്ചു.

മകളെ തിരഞ്ഞുപോയവര്‍ നിരാശയോടെ മടങ്ങിവന്നു. അന്ന് വെളുത്തത് മുല്ലയുടെ മകളുടെ മൃതദേഹം കുന്നില്‍മുകളില്‍ കണ്ടുവെന്ന വാര്‍ത്തയുമായിട്ടായിരുന്നു. മുല്ല കരഞ്ഞില്ല. സങ്കടവും ക്രോധവും അടച്ചുപൂട്ടി ഒരു മൗനിയെപ്പോലെ ആരോടും ഒന്നും പറയാതെ ഇറങ്ങിനടന്നു.

”നില്‍ക്കൂ.” പിറകില്‍ ഐഷയുടെ ശബ്ദംകേട്ട് അയാള്‍ നിന്നു. അറ്റം വളഞ്ഞ ഒരു വാക്കത്തി അവര്‍ അയാളുടെ കൈകളില്‍ വച്ചുകൊടുത്തു.

‘വെട്ടിനുര്‍ക്കണം അവരെ.’ ശരിയായ ഉത്തരം തെളിഞ്ഞുകിട്ടി മുല്ല ചിരിച്ചു.

”നക്സലുകള്‍ ജനിച്ചുകൊണ്ടിരിക്കും.” ആരോ പറയുന്നത് കേട്ടു. കാഴ്ചക്കാരായി എത്തിയ മനുഷ്യര്‍ക്കിടയിലൂടെ നക്സല്‍ ഗൗരവംകൊണ്ട് മുല്ല നടന്നു.

 

No Comments yet!

Your Email address will not be published.



Related Articles