ചോദ്യം ഉത്തരം തേടി ചെല്ലാത്ത
വാതിലുകളില്ല.
കയറിയിറങ്ങാത്ത പടികളില്ല.
മേല്‍ക്കൂരയോളം ഏന്തിവലിഞ്ഞും
പാദകത്തോളം കുനിഞ്ഞും
ഇടം വലം നോക്കിയും
മുന്നോട്ടാഞ്ഞും
ചോദ്യം
ഉത്തരം തിരഞ്ഞുകൊണ്ടിരുന്നു.
വായ്ത്തല തേഞ്ഞും
തുരുമ്പെടുത്തും
ഓരോ മേശപ്പുറവും കയറി
മുകളിലെത്തുമ്പോള്‍
ഉത്തരം മോന്തായത്തിലിരുന്ന്
മീശ പിരിക്കുന്നുണ്ടായിരുന്നു.
നേരുള്ളൊരുത്തരത്തിന്റെ
അവകാശബോധത്തില്‍
ചോദ്യം രാകിയണച്ച
മുഴക്കത്തിനു നേരെ
ഉത്തരം മുരണ്ടു.
മൂലകൂട്ടിയ പട്ടികയില്‍
ചോദ്യത്തിന്റെ വാളം തട്ടിയപ്പോള്‍
കഴുക്കോലൂരിയ കണക്കുകളില്‍ നിന്ന്
ചിതല്‍ കൊഴിഞ്ഞു.
താങ്ങിനിന്നതിന്റെ ഓര്‍മ്മയില്‍
തൂങ്ങി നിന്നൊരു പല്ലിവാല്‍
ഉത്തരം വിട്ട്
നിലത്തുവീണു പിടഞ്ഞു.
കള്ളപ്പണിയില്‍ കൂട്ടുകേറിയ
വിട്ടം വിറകൊണ്ടു.
ഉത്തരം കുരച്ച് കുരച്ച്
പടി തടഞ്ഞപ്പോള്‍
ചോദ്യം വീശിയെറിഞ്ഞ വീതുളി
മോന്തായത്തില്‍ തറഞ്ഞു.
ഏച്ചു കൂട്ടിയ പട്ടികകളുടെ
എണ്ണത്തിലും ചതുരത്തിലും
മുഴക്കോലളവുകളിലും
ഉത്തരത്തിന് ഉറച്ചിരിക്കാനായില്ല.
ഉത്തരം പിഴച്ചാല്‍
അമ്പത്താറും പിഴയ്ക്കുമെന്ന
നാട്ടറിവില്‍
മോന്തായം വളഞ്ഞു കുത്തി.
ചോദ്യത്തിനു മുമ്പില്‍
മുട്ടുകുത്തുമ്പോഴും
ഉത്തരം കൊഞ്ഞനംകുത്താന്‍
മറന്നിരുന്നില്ല.
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

No Comments yet!